'അപൂർവരാഗങ്ങൾ' മുതൽ 'കൂലി' വരെ; രജനിയുടെ അഭിനയജീവിതത്തിന് 50 വയസ്സ്

രജനീകാന്ത്‌
രജനീകാന്ത്‌

പെയ്തുതോർന്നെന്നു കരുതിയ മഴ ആർത്തലച്ചെത്തുന്നപോലെ അയാൾ വീണ്ടുമെത്തി, തലൈവർയുഗം കഴിഞ്ഞിട്ടില്ലെന്ന് രജനിയുടെ പ്രഖ്യാപനം. അമ്പത് വർഷമായി ബിഗ് സ്‌ക്രീനിൽ ആ ചിരി മുഴങ്ങികേൾക്കുന്നു. സിനിമയുടെ വിജയപരാജയങ്ങൾക്കപ്പുറത്താണ് പ്രേക്ഷകമനസ്സിൽ രജനിയുടെ സ്ഥാനം. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ കാലിടറിയപ്പോഴും, തുടർപരാജയങ്ങളിലേക്ക് കൂപ്പുകുത്തിയപ്പോഴും സ്റ്റൈൽമന്നൻ ജനമനസ്സുകളിൽനിന്നു മാഞ്ഞുപോയില്ല. പ്രതിസന്ധികളെ അതിജീവിച്ചുള്ള മുന്നേറ്റമായിരുന്നു ആ അഭിനയയാത്ര.

പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും മീതെ ജ്വലിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴെല്ലാം വിമർശനങ്ങൾ ഏറ്റുവാങ്ങി. വെല്ലുവിളികളും തരംതാഴ്ത്തലുകളും വലിയ വാർത്തകളായി. എന്നാൽ തോറ്റുപിൻമാറാൻ തലൈവർ തയാറായിരുന്നില്ല. രജനി അവസാനിച്ചെന്ന് വിധിയെഴുതിയവരുടെ കാതുകളിൽ ആ ശബ്ദം പലതവണ വന്നുപതിച്ചു...''നാൻ വീഴ്‌വേൻയെൻട്ര് നിനൈത്തായാ...?''

അരനൂറ്റാണ്ടിനിപ്പുറവും ഇന്ത്യൻ സിനിമയിൽ തലൈവർ തല ഉയർത്തി നിൽക്കുന്നു, 'അപൂർവരാഗങ്ങ'ളിൽ നിന്ന് 'കൂലി'യിൽ എത്തിനിൽക്കുന്ന സിനിമായാത്ര. 1975-ലാണ് 'അപൂർവരാഗങ്ങൾ' പ്രദർശനത്തിനെത്തിയത്. അമ്പത് വർഷത്തിനിപ്പുറം മറ്റൊരു ഓഗസ്റ്റിൽ 'കൂലി' റിലീസ് ചെയ്യുന്നു. രജനീകാന്തും ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'കൂലി'. രജനിയുടെ 171-ാമത് സിനിമ.

മദിരാശി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയ സംവിധായകൻ കെ.ബാലചന്ദറാണ് ശിവാജിയെന്ന വിദ്യാർത്ഥിയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. ശിവാജിയുടെ കണ്ണിലെ തിളക്കം തിരിച്ചറിഞ്ഞാണ് വേഷം നൽകാൻ തീരുമാനിച്ചതെന്ന് ബാലചന്ദ്രർ തന്നെ പിന്നീട് പറഞ്ഞു. അഭിനയിക്കാനെത്തുമ്പോഴേക്കും തമിഴ് നന്നായി പഠിച്ചിരിക്കണമെന്ന് ബാലചന്ദ്രർ ശിവാജിയെ ഉപദേശിച്ചു. തമിഴകത്ത് ശിവാജിയെന്ന പേരിൽ ഒരു താരം(ശിവാജി ഗണേശൻ) നിലവിൽ ഉള്ളതിനാൽ പുതിയ ശിവാജിക്ക് ബാലചന്ദർ രജനീകാന്തെന്ന് പേര് നൽകി.

ബാലചന്ദറിന്റെ 'അപൂർവ്വരാഗ'ങ്ങളിലൂടെ ഗേറ്റ് തള്ളിത്തുറന്ന് 'ഭൈരവി വീട് ഇതുതാനേ...' എന്ന് ചോദിച്ച് രജനി സിനിമയിലേക്ക് പ്രവേശിച്ചു. 1975-ൽ ടെന്റ് കൊട്ടകയിലെ മണ്ണ് തറയിലിരുന്ന് പ്രേക്ഷകർ ആദ്യമായി ആ ശബ്ദം കേട്ടു, പിന്നീട് രജനിയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല, എസ്.പി. മുത്തുരാമന്റെ 'ഭുവന ഒരു കേൾവിക്കുറി'യിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. 'മുള്ളു മലരും' തമിഴ് സിനിമയിൽ സ്ഥാനം ഉറപ്പിച്ചുനൽകി. 'ഇതെപ്പിടി ഇറ്ക്ക്' എന്ന ഡയലോഗുമായി 'പതിനാറ് വയതിനി'ലെ വില്ലൻ വേഷം, 1978-ൽ ഇരുപത്തിയൊന്ന് സിനിമകളിൽ അഭിനയിച്ചു.

'ഭൈരവി'യിൽ ആദ്യമായി പേരിനുമുന്നിൽ സൂപ്പർസ്റ്റാർ എന്നെഴുതിക്കാണിച്ചു. 'ബില്ല'യായി നഗരത്തിലും 'മുരട്ടുകാളൈ'യായി ഗ്രാമത്തിലും ചുവടുറപ്പിച്ചു. മണിരത്‌നത്തിന്റെ കർണ്ണനായി എത്തിയ 'ദളപതി'യിലെ വേഷം ഇന്ത്യയൊട്ടാകെ സ്വീകര്യതനേടികൊടുത്തു. 'അണ്ണാമലൈ'യിൽ തെളിഞ്ഞ തലൈവരുടെ ടൈറ്റിൽ കാർഡ് ഇന്നും കയ്യടികളോടെയാണ് സ്വീകരിക്കപ്പെടുന്നത്. 'അണ്ണാമലൈ' തീർത്ത ഇളക്കം പതിൻമടങ്ങാക്കി ഉയർത്തിയത് 'ബാഷ'യാണ്. ഡോൺ എന്നാൽ പ്രേക്ഷകർക്കിന്നും മാണിക്ക് ബാഷ തന്നെ. 'പടയപ്പ'യിലൂടെ 'ഏൻ വഴി തനീവഴി'യെന്ന പ്രഖ്യാപനം കേട്ടു. 'മുത്തു'വിലൂടെ രജനി ആരവം ജപ്പാനിലേക്കും പടർന്നു.

'പടയപ്പ'യും 'ചന്ദ്രമുഖി'യും 'ശിവാജി'യും 'യന്തിര'നും 'കബാലി'യും 'കാല'യുമെല്ലാം ആഘോഷിക്കപ്പെട്ട രജനിചിത്രങ്ങളായി. 'ലിംഗ'യും 'അണ്ണാത്ത'യും 'ദർബാറു'മെല്ലാം ബോക്‌സോഫീസിൽ വലിയ ചലനം സൃഷ്ടിക്കാതെ പോയപ്പോൾ പഴയപല്ലവി നാം വീണ്ടും കേട്ടു, രജനിയുഗം അവസാനിച്ചിരിക്കുന്നു. അപ്പോഴാണ് ആ ഡയലോഗുമായി രജനി വീണ്ടുമെത്തിയത്. 'നാൻ വീഴ് വേന്ന് നിനത്തായാ...' 'പേട്ട' ഉണ്ടാക്കിയ ആഘോഷം ചെറുതായിരുന്നില്ല, 'ജയിലറും' 'വേട്ടയ്യാനും' കടന്ന് അയാൾ വീണ്ടും വരുന്നു...'കൂലി'.

ലോകേഷ് കനകരാജിന്റെ രജനീകാന്ത് ചിത്രമായ 'കൂലി'യുടെ ആദ്യപ്രദർശനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഓഗസ്ത് 14-ന് രാവിലെ ആറിന് ആദ്യപ്രദർശനം നടക്കും. കേരളത്തിൽ മാത്രം 500 സ്‌ക്രീനുകളിൽ സിനിമയെത്തും. 350 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രത്തിൽ രജനീകാന്തിനൊപ്പം ബോളിവുഡ് താരം ആമിർഖാനും തെലുങ്ക് താരം നാഗാർജുനയും കന്നഡതാരം ഉപേന്ദ്രയും മലയാളതാരങ്ങളായ സൗബിൻ ഷാഹിറും റെബ മോണിക്ക ജോണും അഭിനയിക്കുന്നു. സത്യരാജും ശ്രുതി ഹാസനുമാണ് മറ്റ് താരങ്ങൾ. പൂജ ഹെഗ്‌ഡെ അതിഥിതാരമായെത്തുന്നു. 

ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലായി ചിത്രീകരിച്ച 'കൂലി'യുടെ ക്യാമറാമാൻ ഗിരീഷ് ഗംഗാധരനാണ്. സൺ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ കലാനിധിമാരൻ നിർമ്മിക്കുന്ന 'കൂലി'ക്കായി സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: celebrating 50 years of superstar rajinikanth`s iconic film career. From his debut in apoorva raagangal to his latest release coolie