‘സൂര്യ കടുത്ത മാനസിക പോരാട്ടങ്ങളിലായിരുന്നു, അതിനെയെല്ലാം മറികടന്നു’- രാധിക ശരത്കുമാർ

സൂര്യ | PTI
സൂര്യ | PTI

വർഷങ്ങളായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് തമിഴ് അഭിനേതാക്കളായ സൂര്യയും രാധിക ശരത്കുമാറും. വർഷങ്ങൾക്കുശേഷം വെങ്കി അറ്റ്‌ലൂരിയുടെ 'വിശ്വനാഥ് & സൺസ്' എന്ന ചിത്രത്തിലൂടെ സൂര്യയും രാധികയും വീണ്ടുമൊന്നിച്ചു. ചിത്രത്തിൽ സൂര്യയുടെ അമ്മയായാണ് രാധികയെത്തുന്നത്. റിലീസ് ചെയ്ത് ആദ്യ ആഴ്ചയ്ക്കുള്ളിൽ തന്നെ ബോക്സ് ഓഫീസിൽ ചിത്രം വിജയം കൈവരിച്ചു. വിജയാഘോഷ ചടങ്ങിൽ, സൂര്യ തന്റെ ജീവിതത്തിലെ വളരെ പ്രയാസമേറിയ ഘട്ടത്തിലൂടെ കടന്നുപോകുന്നതും അതിനെ മനോഹരമായി അതിജീവിച്ചതും താൻ കണ്ടിട്ടുണ്ടെന്ന് രാധിക തുറന്നു പറഞ്ഞു.

ചടങ്ങിൽ സംവിധായകൻ വെങ്കിക്കും മറ്റ് അണിയറപ്രവർത്തകർക്കും രാധിക നന്ദി പറയുകയും ചെയ്തു. ചടങ്ങിൽ സൂര്യയെത്തിയിരുന്നില്ല. എന്നാൽ രാധിക അദ്ദേഹത്തെ പ്രത്യേകം പ്രശംസിച്ചു. "ഞാൻ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും അനുഭവിച്ച വേദനയും കണ്ടിട്ടുള്ളതിനാൽ ഒരു കുടുംബാംഗമെന്ന നിലയിൽ എനിക്കദ്ദേഹത്തോട് കൂടുതൽ അടുപ്പം തോന്നുന്നുണ്ട്. സിനിമകളിൽ ഒരുപാടാളുകൾ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്, എന്നാൽ യഥാർത്ഥ മാനസിക പോരാട്ടങ്ങൾ (deep mental battles) മറ്റൊരു തലത്തിലാണ്. സൂര്യ ആ ബുദ്ധിമുട്ടുകളെ അതിജീവിച്ചു, അദ്ദേഹത്തെ സൂക്ഷ്മമായി നോക്കുമ്പോൾ എനിക്ക് ആത്മാർത്ഥമായി അഭിമാനം തോന്നുന്നു," അവർ പറഞ്ഞു.

തന്റെ വികാരങ്ങളെക്കുറിച്ച് എളുപ്പത്തിൽ സംസാരിക്കാത്ത വ്യക്തിയാണ് സൂര്യയെന്നും രാധിക വിശദീകരിച്ചു. “സൂര്യ അധികം സംസാരിക്കുന്ന ഒരാളല്ല. അദ്ദേഹം അപൂർവ്വമായി മാത്രമേ മനസ്സ് തുറക്കാറുള്ളൂ. വളരെ ചുരുക്കം ചിലരോട് മാത്രമേ നന്നായി സംസാരിക്കാറുള്ളൂ. അതിൽ ഒരാളായിരുന്നു ഞാൻ. അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യൂ എന്നൊക്കെ ഞാൻ സൂര്യയോട് പറയുമായിരുന്നു," അവർ കൂട്ടിച്ചേർത്തു.

സൂര്യ, മമിത, രാധിക എന്നിവർക്ക് പുറമെ രവീണ ടണ്ടൻ, സുധ, രഘു ബാബു, സുനിൽ റെഡ്ഡി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Radhika Sarathkumar praised co-star Suriya at the success meet of Vishwanath & Sons., She revealed that Suriya went through deep mental battles and overcame them., Vishwanath & Sons is directed by Venky Atluri and is a box office success., Suriya plays a professional pistol shooter alongside Mamitha Baiju in the film.