അദ്ഭുതവിജയം; 'ഗരുഡ'ന്റെ സാരഥിക്ക് ലക്ഷങ്ങളുടെ കാര്‍ സമ്മാനിച്ച് നിര്‍മാതാവ്

തിയേറ്ററുകളില്‍ പ്രദര്‍ശനവിജയം നേടിയ സുരേഷ് ഗോപി ചിത്രം 'ഗരുഡ'ന്റെ സംവിധായകന് നിര്‍മാതാവ് ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ സമ്മാനിച്ചു. സംവിധായകന് അരുണ്‍ വര്‍മ്മയ്ക്കാണ് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ വിജയമധുരമായി കിയ സെല്‍റ്റോസ് സമ്മാനിച്ചത്. കോളിവുഡിലും ബോളിവുഡിലും സിനിമ വിജയമായാല്‍ നിര്‍മാതാക്കള്‍ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കുമൊക്കെ കാര്‍ സമ്മാനിക്കുന്നത് പതിവ് കാഴ്ചയാണ്. അടുത്തിടെ ജയിലര്‍ സിനിമയുടെ വിജയത്തെ തുടര്‍ന്ന് നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് രജനീകാന്തിനും സംവിധായകന് നെല്‍സണിനും സംഗീത സംവിധായകന് അനിരുദ്ധിനും ആഡംബര കാറുകള്‍ സമ്മാനിച്ചിരുന്നു. വിക്രം, മാമന്നന് എന്നീ സിനിമകള്‍ വിജയിച്ചപ്പോഴും സമാനമായ മധുര സമ്മാനങ്ങള്‍ നിര്‍മാതാക്കള്‍ നല്‍കിയിരുന്നു. മലയാളത്തില്‍ വളരെ അപൂര്‍വമായി മാത്രമാണ് നിര്‍മാതാക്കള്‍ ഇത്തരത്തില്‍ വാഹനം സമ്മാനമായി നല്‍കാറുള്ളത്.
അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന് മാനുവല്‍ തോമസ് തിരക്കഥയെഴുതിയ ചിത്രമാണ് ഗരുഡന്. സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി വിജയകരമായി രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്. സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തിയ ചിത്രം ഒരു നിയമപോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിദ്ദിഖ്, ജഗദീഷ് ദിലീഷ് പോത്തന്, ദിവ്യാ പിള്ള, അഭിരാമി, തലൈവാസല്‍ വിജയ്, സന്തോഷ് കീഴാറ്റൂര്‍, മേജര്‍ രവി, അര്ജുന് നന്ദകുമാര്‍, ബാലാജി ശര്‍മ്മ, രഞ്ജിത്ത് കാങ്കോല്‍ എന്നിവരും പ്രധാനതാരനിരയിലുണ്ട്.
Content Highlights: Producer listin stephan gifted a Car to Garudan director Arun varma