'ഞങ്ങളുടെ കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുമെന്ന് പറഞ്ഞു, ആ തീയില്‍ എണ്ണയൊഴിക്കാന്‍ നിന്നില്ല'

പ്രിയാമണി | AFP
പ്രിയാമണി | AFP

2003-ല്‍ തെലുഗു സിനിമയിലൂടെയാണ് പ്രിയാമണി അഭിനയരംഗത്തേക്ക് കടന്നത്. തുടര്‍ന്ന് കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തു ദേശീയശ്രദ്ധ നേടി. 2017-ല്‍ നിര്‍മാതാവ് മുസ്തഫ രാജിനെ വിവാഹം ചെയ്തതോടെ പ്രിയാമണിക്ക് നേരെ ഒട്ടേറെ സൈബര്‍ ആക്രമണം നടന്നിരുന്നു. പ്രണയവിവാഹം ആഘോഷിക്കാന്‍ തയ്യാറെടുത്ത ഇരുവരെയും കാത്തിരുന്നത് ട്രോളുകളും കളിയാക്കലുകളുമാണ്.

ഇതരമതക്കാരനെ വിവാഹം ചെയ്തു എന്നതുതന്നെയായിരുന്നു പ്രധാനകാരണം. അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിയ പറഞ്ഞതിങ്ങനെ. 'ഞങ്ങളുടെ വിവാഹം 'ലൗ ജിഹാദ്' ആണെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ട്രോളുകളും ആക്രമണങ്ങളും നടക്കുകയായിരുന്നു അപ്പോള്‍. വിവാഹനിശ്ചയം പ്രഖ്യാപിച്ചപ്പോള്‍ സന്തോഷമുള്ളൊരു കാര്യത്തെപ്പറ്റി എന്നെ സ്‌നേഹിക്കുന്നവരെ അറിയിക്കണമെന്നേ ചിന്തിച്ചിരുന്നുള്ളൂ. പക്ഷേ, എന്തുകൊണ്ടാണ് ഇത്രയും ഹേറ്റ് കാമ്പെയ്ന്‍ നടന്നതെന്ന് എനിക്ക് മനസ്സിലായില്ല.' 

'പിന്നാലെ ലൗ ജിഹാദ് ആരോപണം വന്നു. ഞങ്ങള്‍ക്ക് നാളെ കുട്ടികളുണ്ടായാല്‍ അവര്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്.) ചേരുമെന്നുപോലും അവര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പറയാനുള്ള ആളുകളുടെ പ്രവണതയെപ്പറ്റി അറിയാമെങ്കിലും എന്നെ കമന്റുകള്‍ വളരെയധികം ബുദ്ധിമുട്ടിച്ചു.' 

'ഞാന്‍ സിനിമാ മേഖലയിലുള്ള ആളായതിനാല്‍ നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ അതിന്റെ ഭാഗമല്ലാത്ത ഒരാളെ ആക്രമിക്കുന്നതെന്തിനാണ്? ആ വ്യക്തി ആരാണെന്നുപോലും നിങ്ങള്‍ക്കറിയില്ല. 2-3 ദിവസത്തേക്ക് എനിക്ക് ഒരുപാട് മെസേജുകള്‍ കിട്ടിക്കൊണ്ടിരുന്നു. ഇപ്പോള്‍ പോലും കിട്ടുന്നുണ്ട്, ഞാന്‍ അദ്ദേഹത്തോടൊപ്പം എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍, പത്തില്‍ ഒമ്പത് കമന്റുകളും നമ്മുടെ മതത്തെക്കുറിച്ചോ ജാതിയെക്കുറിച്ചോ ആയിരിക്കും'-അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, താനും ഭര്‍ത്താവും ഇത്തരം കമന്റുകളോട് ഒരിക്കലും പ്രതികരിക്കാറില്ലെന്നും അവരുടെ ഒരു മിനിറ്റ് പ്രശസ്തിക്കുവേണ്ടിയുണ്ടാക്കുന്ന ട്രോളുകളുടെ തീയിലേക്ക് എണ്ണയൊഴിക്കുന്നതില്‍ അര്‍ഥമില്ലെന്നും പ്രിയാമണി പറയുന്നു.

'ഓഫീസേഴ്‌സ് ഓണ്‍ ഡ്യൂട്ടി' ആണ് പ്രിയാമണിയുടേതായി പുറത്തുവന്ന ഒടുവിലത്തെ ചിത്രം. കഴിഞ്ഞവര്‍ഷം തെലുഗുചിത്രമായ ബ്രഹ്മകല്പം-2, ഹിന്ദി ചിത്രം ആര്‍ട്ടിക്കിള്‍ 370 തുടങ്ങിയവയില്‍ വേഷമിട്ടിരുന്നു. സിനിമാരംഗം വിടുന്ന ദളപതി വിജയുടെ അവസാനത്തെ ചിത്രമായ 'ജനനായകനി'ല്‍ പ്രിയാമണിയും അഭിനയിക്കുന്നുണ്ട്.

Content Highlights: priyamanis interfaith marriage to mustafa raj invited lot of trolling on social media