'ആദ്യകാമുകൻ മരിച്ച സമയത്തായിരുന്നു ആ ഷൂട്ടിങ്; ഓരോ സീനിലും ഞാൻ കരഞ്ഞു'

കഴിഞ്ഞദിവസം എക്‌സിലൂടെ പ്രീതി സിന്റ തന്റെ ആദ്യകാമുകനെക്കുറിച്ച് സംസാരിച്ചിരുന്നു. എക്‌സിലെ ആരാധകരുമായുള്ള 'ക്വസ്റ്റൻ ആൻസർ സെഷനി'ലാണ് പ്രീതി ഇതിനെക്കുറിച്ച് പറഞ്ഞത്.
''കൽ ഹോ ന ഹോ'യിലെ നിങ്ങളുടെ അഭിനയം കണ്ട് ഞാനൊരു കുഞ്ഞിനെ പോലെ കരഞ്ഞു. പ്രണയമെന്നാൽ ചിലപ്പോഴൊക്കെ വിട്ടുകൊടുക്കലുമാണെന്ന് പഠിച്ചത് ആ സിനിമയിലൂടെ ആയിരുന്നുവെന്നും'' ഒരാരാധകൻ പറഞ്ഞു. അതിനുള്ള മറുപടിയായിട്ടാണ് 'കൽ ഹോ ന ഹോ'യുടെ ഷൂട്ടിങ്ങിനിടെയുണ്ടായ തന്റെ വ്യക്തിപരമായ ഒരു നഷ്ടത്തെക്കുറിച്ച് അവർ തുറന്നുപറഞ്ഞത്.
''ആ സിനിമ കാണുമ്പോൾ ഇപ്പോഴും ഞാൻ കരയാറുണ്ട്. ഷൂട്ട് ചെയ്യുമ്പോഴും കരച്ചിൽ തന്നെയായിരുന്നു. എന്റെ ആദ്യപ്രണയം ഒരു കാറപകടത്തിലാണ് മരിക്കുന്നത്. അതുകൊണ്ട് ഈ കഥാപാത്രത്തെ എനിക്ക് മനസ്സിലാക്കാൻ പെട്ടെന്ന് കഴിഞ്ഞു''. പല താരങ്ങളും ഓരോ സീനുകളിലും, ഗ്ലിസറിനൊന്നുമില്ലാതെ, സ്വാഭാവികമായി തന്നെയാണ് കരഞ്ഞതെന്നും പ്രീതി ഓർത്തു. അതിലെ നായകനായ അമൻ മരിക്കുന്ന സീൻ ഷൂട്ട് ചെയ്യുമ്പോൾ, ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള എല്ലാവരേയും അത് കരയിപ്പിച്ചുവെന്നും പ്രീതി പറഞ്ഞു.
2003-ലാണ് 'കൽ ഹോ ന ഹോ' റിലീസായത്. ഷാരൂഖ് ഖാൻ, പ്രീതി സിന്റ, സെയ്ഫ് അലി ഖാൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാരൂഖ് ഖാന്റെ കഥാപാത്രമായ അമൻ അസുഖം മൂലം മരിക്കുന്നതാണ് ക്ലൈമാക്‌സ്. നൈന കാതറിൻ കപൂർ എന്ന കഥാപാത്രത്തെയാണ് പ്രീതി അവതരിപ്പിച്ചത്. അവരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിട്ടാണിത് ഇന്നും കരുതപ്പെടുന്നത്.
'ദിൽ സേ'യിലൂടെയാണ് പ്രീതി സിനിമയിലെത്തിയത്. പിന്നീട് കൽ ഹോ ന ഹോ, വീർ സറ, സലാം നമസ്തെ, കോയി മിൽ ഗയാ, സോൾജ്യർ തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെ തന്റെ സ്ഥാനമുറപ്പിച്ചു. എന്നും ഉറച്ച നിലപാടുകൾക്കൊപ്പം നിന്നിട്ടുള്ള താരമാണവർ. അതിന് പ്രീതി എപ്പോഴും നന്ദി പറയാറുള്ളത് ആർമിയിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛനോടാണ്. എന്നാൽ, പ്രീതിയുടെ 13-ാം വയസ്സിൽ ഒരപകടത്തിൽ അച്ഛൻ മരിച്ചു. ഗുരുതരപരിക്കേറ്റ അമ്മ കിടപ്പിലായി. അതോടെ പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കേണ്ട സാഹചര്യമുണ്ടായി. പന്ത്രണ്ടും പതിനാലും വയസ്സുള്ള സഹോദരൻമാർക്ക് അന്ന് വഴികാട്ടിയായതും പ്രീതി തന്നെ. അതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്നും അവർ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് സിനിമയിൽനിന്ന് അകന്നുനിന്ന പ്രീതി 'ലഹോർ 1947' എന്ന സിനിമയിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്.
Content Highlights: preity zinta talks about a personal link with kal ho naa ho