ആ സിനിമയ്ക്കായി 75 തവണ വിദ്യയെ ഓഡിഷൻ ചെയ്തു; ഓരോ തവണയും അവരെ വേണ്ടെന്നുവെച്ചു

2005-ൽ റിലീസായ സിനിമയാണ് 'പരിണീത'. ശരത് ചന്ദ്ര ചതോപാധ്യയുടെ 'പരിണീത' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചത്. ഇന്ത്യൻസിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി ഇന്നും 'പരിണീത' വിലയിരുത്തപ്പെടുന്നു. പ്രദീപ് സർക്കാർ സംവിധാനം ചെയ്ത സിനിമ നിർമിച്ചത് വിധു വിനോദ് ചോപ്രയാണ്. വിദ്യാ ബാലൻ, സെയ്ഫ് അലി ഖാൻ, സഞ്ജയ് ദത്ത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. അത്തവണത്തെ മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചതും 'പരിണീത'യ്ക്ക് തന്നെ. 20-ാം വാർഷികത്തോടനുബന്ധിച്ച് സിനിമ റി-റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 29-നാണ് സിനിമ പുറത്തിറങ്ങുന്നത്.
വിദ്യാ ബാലന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന പ്രത്യേകത 'പരിണീത'യ്ക്കുണ്ട്. അതിനുമുമ്പ് മൂന്ന് മ്യൂസിക് വീഡിയോകളിൽ വിദ്യ അഭിനയിച്ചിരുന്നു. അതെല്ലാം സംവിധാനം ചെയ്തത് പ്രദീപ് സർക്കാർ തന്നെ. ആ പരിചയം വെച്ച് അദ്ദേഹം വിദ്യയെ 'പരിണീത'യിലെ നായികയായി നിർദേശിച്ചു. പക്ഷേ നിർമാതാവിനും നായകൻ സെയ്ഫ് അലിഖാനും വിദ്യയുടെ അഭിനയത്തെക്കുറിച്ച് ഒരു ബോധ്യവുമുണ്ടായിരുന്നില്ല. ഓഡിഷൻ നടത്തിയിട്ടും വിധു വിനോദ് ചോപ്രയ്ക്ക് വിദ്യയെ നായികയാക്കുന്നതിനോട് താത്പര്യമില്ലായിരുന്നു.
ആറുമാസത്തോളം പലപ്പോഴായി സ്‌ക്രീൻ ടെസ്റ്റുകൾ നടത്താൻ വിദ്യയോട് ആവശ്യപ്പെട്ടു. അതെല്ലാം കഴിഞ്ഞപ്പോഴാണ് നിർമാതാവ് 'ഓകെ' പറയുന്നത്. തിരഞ്ഞെടുക്കപ്പെടുന്നതുവരെയുള്ള വിദ്യയുടെ അവസ്ഥ വളരെ മോശമായിരുന്നുവെന്ന് പിന്നീട് സംഗീതസംവിധായകൻ ശാന്തനു മൊയ്ത്ര പറഞ്ഞിട്ടുണ്ട്. ''ആ സിനിമയ്ക്കിടയിൽ 75 തവണയാണ് വിദ്യ ഓഡിഷൻ നേരിടേണ്ടിവന്നത്. ഓരോ തവണയും വേണ്ടെന്നുവെക്കുകയും ചെയ്തു. അക്കാലത്തെ ഏതെങ്കിലും പ്രധാനനടിയെ നായികയാക്കാനായിരുന്നു നിർമാതാവിനിഷ്ടം. ആ നടിമാരെല്ലാം ഓഡിഷനിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. അതിനിടയിലാണ് വിദ്യ ഓരോ തവണയും തിരസ്‌കരിക്കപ്പെടുന്നത്. വളരെ സങ്കടത്തോടെയായിരുന്നു വിദ്യ ഓരോ തവണയും മടങ്ങിയത്. അത്രയും മോശമായ അവസ്ഥ. ഒടുവിൽ അവസാനമായി ഒരു ഓഡിഷൻ കൂടി നടത്താൻ സംവിധായകൻ പറഞ്ഞു. അതിരാവിലെയായിരുന്നുവത്. വിദ്യ വന്നു, ഓഡിഷൻ നടത്തി. തിരിച്ചുപോയി കുറച്ചുകഴിഞ്ഞപ്പോഴാണ് സംവിധായകൻ വിളിക്കുന്നത്. വേണ്ടെന്നുപറയാനാണെന്ന് കരുതി, വിദ്യ ഫോൺ ഓഫ് ചെയ്തുവെച്ചു. പിന്നീട് മറ്റൊരു സുഹൃത്ത് വഴിയാണ് വിദ്യയോട് സംഭവം പറയുന്നത്''. സിനിമ റിലീസായപ്പോൾ വിദ്യയുടെ കഥാപാത്രം ഏറെ പ്രശംസകളേറ്റുവാങ്ങി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: celebrating 20 years of parineeta, the classic film is re-releasing in theaters on august 29th