വെറും പതിനേഴു വയസ്സുള്ള പെൺകുട്ടിയാണ് മുപ്പതു ദിവസത്തോളം നൂറു പേർ അടങ്ങിയ ഒരു ക്രൂവിനെ നയിച്ചത്; ഡോ.ബിജു

ദേശീയ അവാർഡ് ജേതാവും വെയിൽമരങ്ങൾ, പേരറിയാത്തവർ, അദൃശ്യ ജാലകങ്ങൾ തുടങ്ങിയ സിനിമകൾ ഒരുക്കി അന്താരാഷ്ട്ര പ്രശംസ കരസ്ഥമാക്കിയ ഡോ. ബിജു വീണ്ടും ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന പാപ്പ ബുക്ക എന്ന ചിത്രമാണ് ഓസ്കറിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നത്. പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് ഓസ്കറിലേക്ക് ആദ്യമായി എത്തുന്ന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകൻ.
തന്റേ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെല്ലുവിളികൾ നിറഞ്ഞ സിനിമാചിത്രീകരണത്തിന് പിന്തുണ നൽകിയവർക്ക് നന്ദി അറിയിച്ചത്. ഇന്ത്യയും പാപ്പുവ ന്യൂ ഗിനിയയും തമ്മിൽ പങ്കിട്ട ചരിത്രങ്ങളുടെ ഓർമയും അതിർത്തി കടന്നുള്ള സഹകരണത്തിന്റെയും പ്രതീകവുമാണ് ഈ ചിത്രം എന്നാണ് ഡോ. ബിജു സിനിമയെക്കുറിച്ച് പറഞ്ഞത്.
‘പപ്പ ബുക്ക സിനിമ പപ്പുവ ന്യൂ ഗിനിയയുടെ ആദ്യ ഓസ്കർ സബ്മിഷൻ ആയി തിരഞ്ഞെടുക്കപ്പെടുമ്പോൾ ഏറെ സ്നേഹത്തോടെ ഓർക്കേണ്ട ഒത്തിരി പേരുകൾ ഉണ്ട്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഈ കോ പ്രൊഡക്ഷൻ സിനിമ യാഥാർത്ഥ്യം ആക്കാൻ സഹായിച്ച സിനിമയുടെ ഒട്ടേറെ പ്രവർത്തകർ.
സിനിമയിലെ പ്രധാന വേഷം അഭിനയിച്ചത് സിനെ ബൊബോറോ എന്ന 85 വയസ്സുള്ള ഒരു ട്രൈബൽ ഗോത്ര തലവൻ ആണ്. ജീവിതത്തിൽ ഇന്നുവരെ സിനിമയിൽ അഭിനയിക്കുക പോയിട്ട് സിനിമ കാണുക പോലും ചെയ്തിട്ടില്ലാത്ത സിനെ അങ്കിൾ ആണ് ഞങ്ങളുടെ പപ്പ ബുക്ക, ഞങ്ങളെ അതിശയിപ്പിച്ച 85 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ.
ബംഗാളിലെ ഏറെ പ്രശസ്തയായ നടി റിതാഭാരി ചക്രബോർത്തി ആണ് മറ്റൊരു പ്രധാന അഭിനേതാവ് . അടുത്ത സുഹൃത്ത് കൂടിയായ റിത മുൻപ് എന്റെ പെയിന്റിങ് ലൈഫ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് നടൻ പ്രകാശ് ബാരെ ആണ്. ജോൺ സൈക് ആണ് മറ്റൊരു വേഷത്തിൽ ഉള്ളത്.
ഇവരോടൊപ്പം പപ്പുവയിൽ നിന്നുമുള്ള ഒട്ടേറെ ആളുകൾ ചിത്രത്തിൽ വേഷമിടുന്നു. കൂടുതൽ പേരും അവിടുത്തെ ട്രൈബൽ വിഭാഗത്തിൽ പെട്ടവരാണ്. വലിയൊരു പ്രത്യേകത ഇവർ എല്ലാവരും തന്നെ ആദ്യമായാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത് എന്നതാണ്.’
അങ്ങനെ എല്ലാ അർത്ഥത്തിലും പപ്പ ബുക്ക ഒരു വേറിട്ട അനുഭവം ആയിരുന്നു. വേറൊരു രാജ്യത്തിലും, വേറൊരു സംസ്കാരത്തിലും, വേറൊരു ഭാഷയിലും ഇത്തരം ഒരു ചിത്രം സാധ്യമാക്കുകയും അത് ഒരു രാജ്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുകയും ചെയ്ത യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി- അദ്ദേഹം കുറിച്ചു.
തമിഴ് സംവിധായകൻ പാ രഞ്ജിത്ത് സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ്. നോലെൻ തൗല വുനം (NAFA പ്രൊഡക്ഷൻസ്), അക്ഷയ്കുമാർ പരിജ (അക്ഷയ് പരിജ പ്രൊഡക്ഷൻസ്),പ്രകാശ് ബാരെ (സിലിക്കൺ മീഡിയ) എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്.
സിനിമയുടെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് മൂന്ന് തവണ ഗ്രാമി പുരസ്കാര ജേതാവും യുണൈറ്റഡ് നേഷൻസ് ഗുഡ് വിൽ അംബാസ്സഡറും ആയ പ്രശസ്ത സംഗീതഞ്ജൻ റിക്കി കേജ് ആണ്. പപ്പുവ ന്യൂ ഗിനിയ ട്രൈബൽ മ്യൂസിക് നിർവഹിച്ചിരിക്കുന്നത് മ്യൂസിക് മാസ്റ്റേഴ്സ് ഓഫ് പി എൻ ജി എന്ന പപ്പുവ ന്യൂ ഗിനിയൻ ബാൻഡ് ആണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Dr. Biju's Papa Buka` makes history as Papua New Guinea`s first-ever Oscar submission.