സിനിമയിലേക്ക് കൈപിടിച്ചുനടത്തിയ ദേവദൂതനായ ഭരതേട്ടനെ ക്രിസ്മസ് വേളയിൽ സ്നേഹത്തോടെ ഓർക്കുന്നു...

നാലു പതിറ്റാണ്ടുകൾക്ക് മുൻപാണ് മലയാളിയുടെ ക്രിസ്മസ് രാവുകളിലേക്ക് സർഗ്ഗസംഗീതവുമായി 'ദേവദൂതർ' പാട്ടും പാടിയെത്തിയത്. ക്രിസ്മസിനെ അടയാളപ്പെടുത്തുന്ന സിനിമാഗാനങ്ങളിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന, ആഘോഷിക്കപ്പെടുന്നതാണ് 'കാതോട് കാതോരം' സിനിമയിലെ 'ദേവദൂതർ പാടി' എന്ന ഗാനം. വരികളെഴുതിയത് ഒ.എൻ.വി കുറുപ്പ്, സംഗീതസംവിധാനം ഔസേപ്പച്ചൻ. ദേവരാജൻ മാസ്റ്ററുടെ സംഘത്തിലെ തിരക്കേറിയ വയലിനിസ്റ്റായിരുന്ന ഔസേപ്പച്ചനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് സംവിധായകൻ ഭരതനാണ്. ‘ദേവദൂതർ പാടി’ എന്ന ഗാനം പല കാലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ഇമ്പമുള്ള പുതു ഈണങ്ങളൊരുക്കുന്നതിന്റെ തിരക്കിലാണ് ഇന്നും ഔസേപ്പച്ചൻ. പാട്ടുലോകത്തിരുന്ന് ക്രിസ്മസ് ഓർമ്മകളെപ്പറ്റി സംസാരിക്കുകയാണ് അദ്ദേഹം.
“ക്രിസ്മസ് അനുഭവങ്ങൾ ഒരുപാടുണ്ട്. എല്ലാം മനോഹരമായ ഓർമ്മകൾ തന്നെ. എന്നാലും ഇപ്പോൾ എന്റെ മുന്നിലിരിക്കുന്ന ഒരു സാധനം കാണുമ്പോൾ ഒരിക്കലും മായാത്ത മധുരമായ ചില നിമിഷങ്ങളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്. പണ്ടുപണ്ടാണ്, ക്രിസ്മസിന്റെ തലേന്ന് ജോലി കഴിഞ്ഞ് എറണാകുളത്ത് നിന്ന് വരുന്ന അപ്പന്റെ കൈയിൽ ഒരു പൊതിയുണ്ടാകും. അത് കൈയോടെ വാങ്ങി ഉള്ളിലെ ബോക്‌സ് തുറക്കുമ്പോൾതന്നെ ഉണ്ടാകുന്ന ഒരു മണം...ആഹാ, നാക്കിൽ വെള്ളമൂറും... ക്രിസ്മസിന് മാത്രം കിട്ടുന്ന, അന്ന് മാത്രം കണികാണാൻ പറ്റുന്ന ഒരു സാധനമായിരുന്നു ഞങ്ങൾക്ക് ആ കേക്ക്. പുറമെ പഞ്ചസാര കലർത്തി ഉണ്ടാക്കിയ ഹാർഡ് ഐസിങ് ആയിരിക്കും. അതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല. ഉള്ളിലേക്ക് അതിലും സ്വാദേറിയ പ്ലംകേക്കുണ്ടാകും. കൃത്രിമമായ ചേരുവകളൊന്നുമില്ലാത്ത കേക്ക്. പിന്നീട് കടച്ചക്ക, കൈതച്ചക്ക തുടങ്ങി പലതരം ആകൃതിയിലുള്ള കേക്കുകൾ വന്നുതുടങ്ങി. ഐസ്ഡ് കേക്കിന്റെ പുറംതോട് പൊട്ടിച്ചുകഴിഞ്ഞാൽ പിന്നെ ഞാനും അനുജനും തല്ലാണ്. അതിന്റെ ആകൃതിയും നിറവുമൊക്കെ കാണുമ്പോൾ കുട്ടികളായ ഞങ്ങൾക്ക് ഭയങ്കര കൗതുകമായിരുന്നു. ഏകദേശം അറുപത്തിയഞ്ച് കൊല്ലം മുമ്പുള്ള ഓർമ്മയാണിത്.
ഞാൻ മദ്രാസിലേക്ക് പോയതോടെ കേക്കിനോടുള്ള ഇഷ്ടവും മറന്നുപോയി. ഇതിനിടെ വ്യത്യസ്ത രുചിയുള്ള ഒരുപാട് കേക്കുകൾ കഴിച്ചിട്ടുണ്ട്. പക്ഷേ, ആ സ്‌നേഹത്തിൽപൊതിഞ്ഞ കേക്കിന്റെ രുചി പിന്നീട് എനിക്ക് അനുഭവിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ എന്റെ മുന്നിലുള്ള ഡൈനിങ് ടേബിളിൽ പത്ത് പതിനഞ്ചോളം കേക്കുകളിരിപ്പുണ്ട്. പ്രത്യേകം പറഞ്ഞ് തയ്യാറാക്കിയവയാണ്. എന്റെ സഹോദരീസഹോദരന്മാർക്കും ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കുമൊക്കെയുള്ള എന്റെ ക്രിസ്മസ് സമ്മാനമാണിത്.
ക്രിസ്മസ് കരോളാണ് മറ്റൊരു ആവേശം. സംഗീതത്തോടുള്ള ഭ്രാന്ത് കാരണം കരോൾ ഗാനങ്ങളോട് പ്രത്യേക ഇഷ്ടമുണ്ട്. ക്രിസ്ത്യൻ ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്റെ 'ഹൃദയകവാടത്തിൽ മുട്ടിവിളിച്ചു' എന്ന കരോൾ ഗാനം ഇപ്പോഴും ഓർമ്മയിലുണ്ട്. ജെ.എം.രാജു-പീറ്റർ റൂബൻ എന്നിവരുടെ കൂട്ടുകെട്ടിലിറങ്ങിയ പാട്ടായിരുന്നു അത്. വളരെ ചെറുപ്പത്തിൽ കേട്ടതാണെങ്കിലും ഇപ്പോഴും ഹൃദ്യമാണ്.
ഇന്നാവട്ടെ പുതിയ രീതിയിലുള്ള ധാരാളം പാട്ടുകൾ ഇറങ്ങുന്നുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചവയുമാണ്. പഴയ പാട്ടുകളുടെ ഈണത്തിൽ ക്രിസ്മസ് കരോൾ ഗാനങ്ങൾ കേൾക്കുമ്പോൾ ആവേശം കൂടും. അന്നത്തെ ദിവസം പള്ളിയിൽ കുർബാനയ്ക്ക് പാടാൻ ഞാനുമുണ്ടാകും.
മൂത്ത ചേട്ടൻ ആന്റണിയാണ് പുൽക്കൂടും നക്ഷത്രവുമൊക്കെ ഒരുക്കാൻ മുൻപന്തിയിലുണ്ടാവുക. അദ്ദേഹം ഇന്ന് നമ്മുടെ കൂടെയില്ല. ഈന്തപ്പന വെട്ടി മനോഹരമായ പുൽക്കൂട് ഒരുക്കുമായിരുന്നു. അന്ന് ഞാൻ രണ്ടാംക്ലാസിലോ മൂന്നാംക്ലാസിലോ മറ്റോ ആണ് പഠിക്കുന്നത്. പിന്നീട് ജ്യേഷ്ഠന് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി കിട്ടി. ചെറിയ ബാറ്ററിയൊക്കെ ഉപയോഗിച്ച് ലൈറ്റുകളുണ്ടാക്കി പുൽക്കൂട് അലങ്കരിക്കും. മുളവെട്ടി വളച്ചൊടിച്ചാണ് നക്ഷത്രമുണ്ടാക്കിയിരുന്നത്. ദിവസങ്ങളുടെ അധ്വാനമാണ്. എല്ലാം കരകൗശലവിദ്യകൾ. ഒടുവിൽ ഭംഗിയായി ഒരുങ്ങിയിരിക്കുന്ന പുൽക്കൂടും നക്ഷത്രവുമൊക്കെ കാണുമ്പോൾ ഉള്ളിൽ വല്ലാത്തൊരു സന്തോഷവും സംതൃപ്തിയും തോന്നും. ഇന്ന് പണം മുടക്കിയാൽ എല്ലാം കിട്ടുമല്ലോ…
ഇടയ്ക്കിടയ്ക്ക് അടുക്കളയിലേക്കും എന്റെ നോട്ടമെത്താറുണ്ട്. നോമ്പ് തുടങ്ങിയാൽപിന്നെ ഇരുപത്തിയഞ്ച് ദിവസത്തോളം പച്ചക്കറിവിഭവങ്ങൾ മാത്രമാകും ഭക്ഷണം. അമ്മ ആ കാര്യത്തിൽ കർക്കശക്കാരിയായിരുന്നു. ക്രിസ്മസിന്റെ അന്ന് രാത്രി പാതിരാകുർബാനയ്ക്കു മുമ്പ് തന്നെ അമ്മ നോൺവെജ് വിഭവങ്ങൾ ഉണ്ടാക്കിത്തുടങ്ങും. അടുക്കളയിൽനിന്നും മസാലച്ചേരുവകളുടെ മണം പരന്നൊഴുകും. ഉപ്പിന്റെ പാകം നോക്കാൻ അമ്മ എന്നെ വിളിച്ചാൽപിന്നെ ആ പാത്രത്തിൽ ബാക്കിയൊന്നുമുണ്ടാകില്ല. എല്ലാം കഴിച്ച് പാത്രം വെടിപ്പാക്കി തിരിച്ചുകൊടുക്കും. വീണ്ടും അമ്മ ഭക്ഷണമുണ്ടാക്കേണ്ടിവരും. ചെറുചിരിയോടെയല്ലാതെ ഇതൊന്നും ഓർക്കാനാവില്ല…
ഈ ക്രിസ്മസിന് അല്പം സന്തോഷക്കുറവുണ്ട്. വീട്ടിൽ ഞാനും ഭാര്യയും മാത്രമാണുള്ളത്. പേരക്കുട്ടികൾ വീട്ടിലില്ലാത്ത ആദ്യത്തെ ക്രിസ്മസ്. അതിന്റെ വിഷമമുണ്ട്. മകൻ വിദേശത്തേക്ക് പോയിട്ട് പത്ത് ദിവസമായതേയുള്ളൂ. പൊതുവെ ആഘോഷങ്ങളിൽ താത്പര്യമില്ലാത്തയാളാണ് ഞാൻ. എന്റെ ആഘോഷം സംഗീതമാണ്. ഇരുപത്തിനാല് മണിക്കൂറും സംഗീതത്തിനൊപ്പമാണ്. ജീവിതം മുഴുവനും അങ്ങനെയായിരിക്കും എന്നാണ് വിചാരിക്കുന്നത്. എന്നാൽ എന്റെ സാന്നിധ്യം മറ്റുള്ളവർക്ക് സന്തോഷം നൽകുന്നുവെങ്കിൽ അവർക്കൊപ്പം ഞാൻ നിൽക്കാറുമുണ്ട്. എല്ലാവർഷത്തെയുംപോലെ ഇക്കൊല്ലവും ഒരു കരോൾ ഗാനത്തിന് സംഗീതംനൽകിയിട്ടുണ്ട്. സാധാരണ ഏതെങ്കിലുമൊരു ഓഡിയോ കമ്പനിക്ക് കൊടുത്താണ് റിലീസ് ചെയ്യാറുള്ളത്. ഇത്തവണ ഫ്‌ളവേഴ്‌സ് ചാനലിൽ ലൈവ് ആയിട്ടാണ് പെർഫോം ചെയ്യുന്നത്. ഞാൻ തന്നെ വയലിൻ വായിച്ച് കൊച്ചുഗായകർക്കൊപ്പമാണ് പാട്ട് അവതരിപ്പിക്കുന്നത്. വരികൾ എഴുതിയത് കർണാടക മന്ത്രിയായ കെ.ജെ. ജോർജിന്റെ ഭാര്യ സുജ ജോർജാണ്. അവർ കോട്ടയം സ്വദേശിനിയാണ്. കെ. എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത് ഹരിയുടെ ആദ്യത്തെ ക്രിസ്തീയ ഭക്തിഗാനമാണിത്. ഇതാണ് ഇത്തവണത്തെ എന്റെ ക്രിസ്മസ് സമ്മാനം. ഈ സമയത്ത് ‘ദേവദൂതനെ’പോലെ വന്ന് മലയാളസിനിമയിലേക്ക് എന്നെ കൈപിടിച്ചുനടത്തിയ ഭരതേട്ടനെയും ഞാൻ ഓർക്കുന്നു. അദ്ദേഹമാണല്ലോ ഇതിനെല്ലാം എന്നെ പ്രാപ്തനാക്കിയത്...”
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ouseppachan remembers Christmas through melodies and memories