ഓസ്‌കറില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഓപ്പന്‍ഹൈമര്‍; നോളന്‍ സംവിധായകന്‍; എമ്മ നടി; മര്‍ഫി നടന്‍

ക്രിസ്റ്റഫര്‍ നോളന്‍, എമ്മ സ്‌റ്റോണ്‍, കിലിയന്‍ മര്‍ഫി (AP,AFP)
ക്രിസ്റ്റഫര്‍ നോളന്‍, എമ്മ സ്‌റ്റോണ്‍, കിലിയന്‍ മര്‍ഫി (AP,AFP)

96-ാമത് ഓസ്‌കാറില്‍ മികച്ച പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ക്രിസ്റ്റഫര്‍ നോളന്റെ ബ്ലോക്ക്ബസ്റ്റര്‍ ബയോപിക് ഓപ്പണ്‍ഹൈമര്‍. മികച്ച ചിത്രം, നടന്‍, സംവിധായകന്‍ എന്നിവയുള്‍പ്പെടെ ഏഴ് പുരസ്‌കാരങ്ങള്‍ ഓപ്പന്‍ഹൈമര്‍ നേടി. അണുബോംബിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ഭൗതികശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമറുടെ കഥ പറയുന്ന ചിത്രമാണിത്. ഓപ്പന്‍ഹൈമറിലൂടെ നോളന്‍ മികച്ച സംവിധായകനായി. ഓപ്പന്‍ഹൈമറായി വേഷമിട്ട കിലിയന്‍ മര്‍ഫി നടനായും പുവര്‍ തിങ്‌സിലെ പ്രകടനത്തില്‍ എമ്മ സ്റ്റോണ്‍ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 

13 വിഭാഗങ്ങളിലാണ് ഓപ്പന്‍ഹൈമറിന് നാമനിര്‍ദേശം ലഭിച്ചത്. റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച സഹനടന്‍. നേരത്തേ രണ്ടു തവണ നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും ആദ്യമായാണ് റോബര്‍ട്ട് ഡൗണി ജൂനിയറിനെത്തേടി ഓസ്‌കറെത്തുന്നത്. കിലിയന്‍ മര്‍ഫിയുടെ ആദ്യ ഓസ്‌കര്‍ നാമനിര്‍ദേശമായിരുന്നു ഇത്. ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന, ജന്മം കൊണ്ട് അയര്‍ലന്‍ഡുകാരനായ ആദ്യത്തെ വ്യക്തികൂടിയാണ് മര്‍ഫി. എഡിറ്റിങ്, സിനിമാറ്റോഗ്രഫി, സ്‌കോര്‍ വിഭാഗങ്ങളിലും ഓപ്പന്‍ഹൈമര്‍ പുരസ്‌കാരം നേടി.

ബോക്സ് ഓഫീസ് പോരാട്ടത്തില്‍ ബാര്‍ബിയോട് പരാജയപ്പെട്ടിരുന്നെങ്കിലും ഓസ്‌കറില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഓപ്പന്‍ഹൈമറിനായി. എട്ട് വിഭാഗങ്ങളില്‍ നോമിനേറ്റ് ചെയ്യപ്പെട്ടുവെങ്കിലും മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരം മാത്രമാണ് ബാര്‍ബിക്ക് നേടാനായത്. ബില്ലി ഐലിഷിനാണ് പുരസ്‌കാരം. 

ഇത് രണ്ടാതവണയാണ് എമ്മ സ്റ്റോണ്‍ ഓസ്‌കറില്‍ മികച്ച നടിയാവുന്നത്. ലാലാ ലാന്‍ഡ് ആയിരുന്നു ആദ്യത്തേത്. ദ ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിയായി.

ലോസാഞ്ജലീസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയേറ്ററായിരുന്നു പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലായിരുന്നു ഇത്തവണയും അവതാരകന്‍.


 

Content Highlights: oscars 2024: oppenheimer sweeps awards as it takes best picture, director and actor