തമന്നയും വിക്രാന്ത് മാസിയും 'ഓ റോമിയോ'യിൽ പ്രതിഫലം വാങ്ങിയില്ലെന്ന് സംവിധായകൻ

തമന്ന ഭാട്ടിയ, വിക്രാന്ത് മാസി | ANI, AFP
തമന്ന ഭാട്ടിയ, വിക്രാന്ത് മാസി | ANI, AFP

വിശാൽ ഭരദ്വാജിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഓ റോമിയോ' ഫെബ്രുവരി 13ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഷാഹിദ് കപൂറും തൃപ്തി ദിമ്രിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ദിഷാ പഠാനി, അവിനാഷ് തിവാരി, തമന്ന ഭാട്ടിയ, ഫരീദ ജലാൽ, വിക്രാന്ത് മാസി, നാനാ പടേക്കർ എന്നിവരും അഭിനയിക്കുന്നുണ്ട്. തമന്നയും വിക്രാന്തും 'ഓ റോമിയോ'യിൽ അഭിനയിക്കാൻ പ്രതിഫലം വാങ്ങിയില്ലെന്ന കാര്യം വെളിപ്പെടുത്തുകയാണ് സംവിധായകൻ ഇപ്പോൾ.

വർഷങ്ങൾക്ക് മുമ്പ് വിക്രാന്ത് മാസി വലിയ താരമായി വളരുംമുമ്പ് 'ഓ റോമിയോ'യിൽ അഭിനയിക്കാമെന്ന് വാക്കുപറഞ്ഞിരുന്നുവെന്ന് വിശാൽ ഭരദ്വാജ് പറഞ്ഞു. 'ടുവൽത്ത് ഫെയ്ലിനു'ന് ശേഷം വലിയ താരമായി മാറി വിക്രാന്ത്. വീണ്ടും സമീപിച്ചപ്പോൾ അദ്ദേഹം വാക്കുപാലിച്ച് സൗജന്യമായി അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു. വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത മഖ്‌ബൂൽ എന്ന ചിത്രം കണ്ടിട്ടാണ് സിനിമാ രംഗത്തേക്ക് വരുന്നതെന്നും അത് ജീവിതം തന്നെ മാറ്റിമറിച്ചെന്നും മാസി മുമ്പ് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. വിക്രാന്ത് ഏകദേശം 8-9 ദിവസത്തോളം ഷൂട്ടിൽ പങ്കെടുത്തു.

ബജറ്റ് പരിമിതികളുണ്ടായപ്പോൾ, തമന്ന ഭാട്ടിയയും ഒരു പൈസ പോലും വാങ്ങാതെ 'ഓ റോമിയോ'യിൽ അഭിനയിക്കാൻ സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. റോൾ ചെറുതാണെങ്കിലും, ചിത്രത്തിലെ ഒരു പ്രധാന കഥാ മുന്നേറ്റം വെളിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നതാണ് തമന്നയുടെ കഥാപാത്രം. സമീപിച്ചപ്പോൾ തമന്ന ഉടൻ തന്നെ സമ്മതിക്കുകയും, ഏകദേശം 12 ദിവസത്തോളം ഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തു. വർക്ക്‌ഷോപ്പുകളിലും റിഹേഴ്സലുകളിലും അവൾ പങ്കെടുത്തു. അവരുടെ പ്രതിബദ്ധത ചിത്രത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഓംകാര, ഹൈദർ, മഖ്‌ബൂൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിശാൽ ഭരദ്വാജ്. ഷാഹിദ് കപൂറിനൊപ്പമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ് 'ഓ റോമിയോ'.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vishal Bhardwaj reveals Tamannaah Bhatia & Vikrant Massey worked for free on `O Romeo`. Discover why these actors gave their performances as a tribute.