'പ്രായവും ഐറ്റംഡാൻസ് ചെയ്യുന്നതും തമ്മിൽ ബന്ധമില്ല; ഐറ്റംനമ്പറുകൾ ഒരുപാട് മാറി'

മലൈക അറോറ
മലൈക അറോറ

എന്നും ചർച്ച ചെയ്യപ്പെടുന്നതാണ് സിനിമയിലെ ഐറ്റംഡാൻസുകൾ. സിനിമയിൽ അതിന്റെ ആവശ്യമെന്തെന്നാണ് പലരും ചോദിക്കാറുള്ളത്. പല ഐറ്റംഡാൻസുകളും വിവാദങ്ങളിലും പെടാറുണ്ട്. ചിലത് വരികളുടെയും രംഗങ്ങളുടെയും പേരിൽ നിരോധിക്കപ്പെട്ടിട്ടുമുണ്ട്.

ഐറ്റംഡാൻസറായി സിനിമയിലെത്തി തിളങ്ങിയ താരങ്ങളേറെയുണ്ട് ബോളിവുഡിൽ. മലൈക അറോറ, യാനാ ഗുപ്ത, നോറ ഫത്തേഹി എന്നിവർ അവരിൽ ചിലരാണ്. ഐറ്റംഡാൻസുകളെക്കുറിച്ചുള്ള മലൈകയുടെ അഭിപ്രായം ഇപ്പോൾ ചർച്ചയാവുകയാണ്. പഴയ ഐറ്റംഡാൻസുകളിൽനിന്ന് ഇപ്പോഴത്തേത് ബഹുദൂരം മുന്നിലേക്ക് വന്നുകഴിഞ്ഞുവെന്നാണ് അവരുടെ അഭിപ്രായം.

പ്രലോഭനങ്ങളിൽനിന്നും പ്രകോപനങ്ങളിൽനിന്നും മാറി, ആ നൃത്തരംഗത്തിൽ എങ്ങനെ പെർഫോം ചെയ്യുന്നുവെന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധകൊടുക്കുന്നതെന്നും മലൈക കൂട്ടിച്ചേർക്കുന്നു. ''മുമ്പ് ഗ്ലാമറിനായിരുന്നു ഐറ്റംനമ്പറുകളിൽ കൂടുതൽ പ്രാധാന്യം. സ്ത്രീകൾ വെറും ഐറ്റംനമ്പർ ചെയ്യുന്നവരായി ഒതുങ്ങിപ്പോവും അത്തരം രംഗങ്ങളിൽ. എന്നാലിപ്പോൾ അതൊക്കെ മാറി.

ഫിലിംമേക്കേഴ്‌സ് കൂടുതൽ ബോധവാൻമാരാണ്. അവർ ഇത്തരം ഐറ്റംനമ്പറുകളെ സിനിമയുടെ കഥയിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്നു. അതിനൊപ്പം ശക്തമായ കഥാപാത്ര പശ്ചാത്തലവുമുണ്ടാവും. എങ്ങനെ ആളുകൾക്ക് പ്രകോപനപരമാക്കാം എന്നല്ല അവർ ചിന്തിക്കുന്നത്. അതിലെ പെർഫോമൻസിനെയും പ്രസൻസിനെയും കുറിച്ചാണ് അവരുടെ ആലോചന. സ്ത്രീകൾക്ക് അവരുടെ ഇടം സ്വന്തമാക്കാൻ കഴിയുന്നൊരു പരിണാമമായിട്ടാണ് ഞാനിതിനെ കാണുന്നത്''.

ഐറ്റംഡാൻസുകൾ പലപ്പോഴും പുരുഷ നോട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആ ധാരണയെ നിഷേധിക്കുന്നില്ലെന്നും മലൈക തുറന്നുപറയുന്നു. ''പക്ഷേ ഞാൻ അത്തരം നോട്ടങ്ങളെ എപ്പോഴും വ്യത്യസ്തമായി മാത്രമേ കണ്ടിട്ടുള്ളൂ. എനിക്ക് നൃത്തമെന്നാൽ ആത്മവിശ്വാസവും ആവിഷ്‌കാരവുമാണ്. നൃത്തം ചെയ്യുമ്പോൾ ആ നിമിഷം പരമാവധി ആസ്വദിക്കുന്നതിലും എന്റെ മുഴുവൻ ഊർജ്ജവും അതിലേക്ക് കൊണ്ടുവരുന്നതിലുമാണ് എന്റെ ശ്രദ്ധ. ഞാൻ കംഫർട്ടബിൾ ആയിരിക്കുന്നിടത്തോളം അതാണ് ഏറ്റവും പ്രധാനം. നമുക്ക് കിട്ടുന്ന ലേബലുകളെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതിനുപകരം കലയെ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുക''.

'ദിൽസേ'യിലെ ഛയ്യ ഛയ്യ എന്ന പാട്ടിൽ ഐറ്റംഡാൻസറായെത്തിയതാണ് മലൈക. മുന്നി ബദ്‌നാം ഹുയി, ഗുർ നാൽ, അനാർക്കലി ഡിസ്‌കോ ചലി, ആപ് ജൈസാ കോയി, ഏക് നമ്പർ തുടങ്ങിയവാണ് മലൈകയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഐറ്റംഡാൻസുകൾ. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ 'തമ്മ' എന്ന സിനിമയിലെ 'പോയിസൺ ബേബി' എന്ന പാട്ടിലും മലൈക ഐറ്റംഡാൻസ് ചെയ്തിട്ടുണ്ട്. 50-ാം വയസ്സിലും ഐറ്റംഡാൻസ് ചെയ്തതിനെക്കുറിച്ച് മലൈക പറയുന്നതിങ്ങനെ, ''പെർഫോം ചെയ്യാനുള്ള നിങ്ങളുടെ കഴിവുമായി പ്രായത്തിനൊരു ബന്ധവുമില്ല''.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Malaika Arora discusses the evolution of item dances in Bollywood, emphasizing performance over provocation. Age has no bearing on dancing ability