ജയിലർ സിനിമയുണ്ടാവാൻ കാരണം വിജയ്യുടെ വാക്കുകളെന്ന് സംവിധായകൻ നെൽസൺ ദിലീപ്കുമാർ

'ജയിലർ' എന്ന രജനീകാന്ത് ചിത്രത്തിലൂടെയാണ് നെൽസൺ ദിലീപ്കുമാർ എന്ന സംവിധായകന്റെ പേര് കൂടുതൽ ആളുകളിലേക്കെത്തുന്നത്. 'കോലമാവ് കോകില' എന്ന ചിത്രമായിരന്നു അദ്ദേഹം ആദ്യം സംവിധാനം ചെയ്തത്. എട്ടുകോടിക്ക് നിർമിച്ച ചിത്രം, സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. ശിവകാർത്തികേയനെ നായകനാക്കിയുള്ള 'ഡോക്ടർ' എന്ന ചിത്രമാണ് അടുത്തതായി അദ്ദേഹം സംവിധാനം ചെയ്തത്. അതും സാമ്പത്തികലാഭം നേടി.
തുടർന്ന് വിജയ്യെ നായകനാക്കി സംവിധാനം ചെയ്ത 'ബീസ്റ്റ്' എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യൂസ് ആയിരുന്നുവെങ്കിലും ബോക്സോഫീസിൽ ഹിറ്റായി.
എന്നാൽ, നെൽസണും രജനിക്കും ഒരുപോലെ ഗംഭീരതിരിച്ചുവരവ് നൽകിയ ചിത്രമായിരുന്നു 'ജയിലർ'. ആളുകളുടെ നല്ല പ്രതികരണത്തിനൊപ്പം തന്നെ സാമ്പത്തികലാഭവും നേടി. 200 കോടിക്ക് നിർമിച്ച ചിത്രം തിരിച്ചുപിടിച്ചത് 600 കോടിയാണ്. ഇപ്പോഴിതാ 'ജയിലർ 2' റിലീസായ സന്തോഷത്തിലാണ് നെൽസൺ. രജനിക്കൊപ്പം രമ്യാ കൃഷ്ണൻ, എസ്.ജെ.സൂര്യ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, രമ്യാ കൃഷ്ണൻ, വിദ്യാ ബാലൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതിനിടെ വിജയ്യുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിലൂടെ രജനീകാന്തിലേക്ക് എത്തിയതിനെക്കുറിച്ചും സംസാരിക്കുകയാണ് നെൽസൺ. 'ജയിലർ 2'-ന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 'ബീസ്റ്റ്' പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ പോയ സാഹചര്യത്തിലും, 'ജയിലർ' എന്ന ചിത്രത്തിന്റെ കഥ രജനീകാന്തിനോട് പറയാൻ തനിക്ക് ധൈര്യം നൽകിയത് വിജയ് ആണെന്നും അദ്ദേഹം പറയുന്നു. ഒരു നടനും സംവിധായകനും തമ്മിലുള്ള തൊഴിൽപരമായ ബന്ധത്തെയും, തന്റെ കരിയറിലെ പ്രതിസന്ധിഘട്ടത്തിൽ നിന്ന് കരകയറാൻ നെൽസണെ സഹായിച്ചതിനെക്കുറിച്ചുമാണ് അദ്ദേഹം പറയുന്നത്.
'ബീസ്റ്റ്' പ്രതീക്ഷിച്ച വിജയം നേടാതെ വന്നതോടെ നെൽസൺ വലിയ സമ്മർദ്ദത്തിലായിരുന്നു. എന്നാൽ ഈ തിരിച്ചടി വിജയ്യുമായുള്ള ബന്ധത്തെ ബാധിച്ചില്ല. 'ജയിലർ' സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെ, രജനികാന്തിനോട് കഥ പറയുന്നതിന് മുൻപ് താൻ എത്രത്തോളം പരിഭ്രമിച്ചിരുന്നു എന്ന് നെൽസൺ വെളിപ്പെടുത്തി. അന്ന് മടി കൂടാതെ രജനീകാന്തിനോട് കഥ അവതരിപ്പിക്കാൻ നെൽസണോട് പറഞ്ഞത് വിജയ് ആയിരുന്നു. വിജയ്യുടെ ഉപദേശപ്രകാരം നെൽസൺ രജനീകാന്തിനെ കണ്ട് കഥ പറഞ്ഞു. ആശയം ഇഷ്ടപ്പെട്ട രജനീകാന്ത്, അത് പൂർണ്ണമായ തിരക്കഥയാക്കി മാറ്റാൻ സംവിധായകനോട് ആവശ്യപ്പെട്ടു. ഇതാണ് നെൽസണ് ആത്മവിശ്വാസം നൽകിയത്.
മുമ്പൊരു അഭിമുഖത്തിൽ 'ബീസ്റ്റി'നെക്കുറിച്ച് വിജയ് പറഞ്ഞതും നെൽസൺ വെളിപ്പെടുത്തിയിരുന്നു. ചിത്രം അത്ര സ്വീകരിക്കപ്പെടാത്തതിൽ അസ്വസ്ഥനാണോ എന്ന് വിജയ്യോട് ചോദിച്ചത് നെൽസൺ ഓർത്തെടുത്തു. ആദ്യം മറുപടി നൽകാതെ വിജയ് പോയി. അതോടെ തന്നോട് വിജയ്ക്ക് ദേഷ്യമായെന്ന് നെൽസൺ ഉറപ്പിച്ചു. പിന്നീട് വിജയ് നെൽസണെ വിളിച്ചു. സിനിമയുടെ വിജയപരാജയങ്ങളും തങ്ങൾ തമ്മിലുള്ള ബന്ധവും രണ്ട് വ്യത്യസ്തകാര്യങ്ങളാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ''സിനിമ വേറെയാണ്, നമ്മൾ തമ്മിലുള്ള ബന്ധവും വേറെയാണ്. ബീസ്റ്റ് വിജയിച്ചില്ലെങ്കിൽ, നമുക്ക് മറ്റൊരു ചിത്രം ചെയ്യാം'' എന്ന് വിജയ് തന്നെ ആശ്വസിപ്പിച്ചതായും നെൽസൺ ഓർക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Director Nelson revealed Vijay's crucial support during his career low after Beast., Vijay encouraged Nelson to pitch the Jailer script to superstar Rajinikanth without hesitation., Vijay assured Nelson that success or failure in cinema won't affect their personal bond., Jailer 2 is currently receiving great responses following the massive success of Jailer.