വിഷാദത്തിൽ മുങ്ങി സുഷാന്തും സിൽക്ക് സ്മിതയും; പങ്കാളിയുടെ പേരിൽ ആത്മഹത്യ ചെയ്ത ജിയ ഖാൻ

ദിവ്യ ഭാരതി, ശ്രീദേവി, ജിയ ഖാൻ
ദിവ്യ ഭാരതി, ശ്രീദേവി, ജിയ ഖാൻ

നടി സൗന്ദര്യയുടെ മരണം വീണ്ടും ചർച്ചയാവുകയാണ്. നടൻ മോഹൻ ബാബുവാണ് ആ മരണത്തിനു പിന്നിലെന്ന് പറഞ്ഞ് ചിട്ടിമല്ലു എന്നയാൾ കേസ് കൊടുത്തതോടെയാണ് സംഭവം വിവാദമായത്.  വസ്തുതർക്കമാണ് കാരണമെന്നും പരാതിയിൽ പറയുന്നു. 2004 ഏപ്രിൽ 17-നാണ് സൗന്ദര്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. ബംഗളൂരുവിനടുത്തുവെച്ച് നടന്ന അപകടത്തിനുശേഷം, 21 വർഷം തികയുമ്പോഴാണ് വീണ്ടും വിവാദമാകുന്നത്.  

ഇതുപോലെ ഇന്നും ദുരൂഹമായി തുടരുന്ന ചില മരണങ്ങളുണ്ട് സിനിമാചരിത്രത്തിൽ. 2018, ഫെബ്രുവരി 24-നാണ് നടി ശ്രീദേവി അന്തരിച്ചത്. ഭർത്താവ് ബോണി കപൂറിനൊപ്പം ദുബായിലെത്തിയതായിരുന്നു അവർ. അന്ന് രാത്രി ബാത്ത്റൂമിലേക്ക് പോയ അവരെ കുറേനേരം കഴിഞ്ഞും കാണാതായപ്പോൾ ചെന്നുനോക്കിയെന്നും അപ്പോൾ ബാത്ത്ടബ്ബിൽ ബോധംകെട്ട് കിടക്കുന്ന നിലയിലായിരുന്നുവെന്നുമാണ് ബോണി കപൂർ പറഞ്ഞത്. അവരുടെ മരണത്തെ പറ്റി ഒട്ടേറെ ദുരൂഹതകളുണ്ടെന്ന് അന്ന് പലരും പറഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. എങ്കിലും എങ്ങനെയാണത് സംഭവിച്ചതെന്ന കാര്യത്തിൽ ഇന്നും ആർക്കും ഉത്തരമില്ല. ബോണിക്കും ശ്രീദേവിക്കുമിടയിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ആ പ്രശ്‌നങ്ങൾക്കിടെയാണ് രണ്ടുപേരും കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാനായി ദുബായിലെത്തിയതെന്നും പറയപ്പെടുന്നു. 

1990-കളുടെ തുടക്കത്തിൽ ശ്രീദേവിയുടെ മുഖച്ഛായയുമായി ഒരു പെൺകുട്ടി സിനിമയിലേക്ക് വന്നത്, ദിവ്യ ഭാരതി. ചുരുങ്ങിയ സമയംകൊണ്ട് നല്ല കുറേ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. അധികം വൈകാതെ നിർമാതാവും സംവിധായകനുമായ സാജിദ് നദിയാവാലയുമായുള്ള വിവാഹവും. വിവാഹം കഴിഞ്ഞ് എട്ടുമാസമേ ദിവ്യ ജീവിച്ചുള്ളൂ. 1993-ൽ 19-ാം വയസ്സിലാണ് അവർ മരിക്കുന്നത്. അഞ്ചാം നിലയിലെ ഫ്ളാറ്റിൽനിന്ന് വീഴുകയായിരുന്നു. ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അത് കൊലപാതകമായിരുന്നോ അപകടമായിരുന്നോ അതോ ആത്മഹത്യയായിരുന്നോ എന്നത് ഇന്നും ദുരൂഹമാണ്. 

അന്ന് പലരും പല കഥകളും പറഞ്ഞു. അധോലോകവുമായി സാജിദിന് അടുത്ത ബന്ധമുണ്ടെന്നും ഇത് ദിവ്യയെ വിഷമിപ്പിച്ചിരുന്നുവെന്നും അവരുടെ ബന്ധം തകർച്ചയുടെ വക്കിലായിരുന്നുവെന്നും ചിലർ പറഞ്ഞു. ''മരണത്തിന് മാസങ്ങൾക്കുമുമ്പ് അവൾ അമേരിക്കയിൽ പോയിരുന്നു. അവിടുന്ന് തിരിച്ചുവന്നപ്പോൾ അവളാകെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. സ്വന്തം ശരീരം സിഗരറ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ചു. മരിക്കുന്ന സമയത്തും ആ പാടുകൾ അവളുടെ ദേഹത്തുണ്ടായിരുന്നു. അതിനുശേഷവും എന്തോ നടന്നിട്ടുണ്ട്. അന്നവൾ കൈയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. സങ്കടവും ദേഷ്യവുമെല്ലാം അവൾ തീർത്തിരുന്നത് സ്വന്തം ശരീരത്തിലായിരുന്നു'', ദിവ്യയുടെ അമ്മ മീത ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

മരിക്കുമ്പോൾ കുറേ സിനിമകളുടെ ഭാഗമായിരുന്നു ദിവ്യഭാരതി. 'മൊഹ്റ'യുടെ ചില സീനുകളെടുത്തിരുന്നു. പിന്നീട്, മനീഷ കൊയ്രാളയാണ് അതിൽ അഭിനയിച്ചത്. വിജയ്പഥ്, ദിൽവാലെ, ലാഡ്ല എന്നീ സിനിമകളും ദിവ്യ അഭിനയിച്ചുതുടങ്ങിയവയായിരുന്നു. ഒടുവിൽ ശ്രീദേവി, മനീഷ കൊയ്രാള, ജൂഹി ചൗള എന്നിവരാണ് പകരക്കാരായെത്തിയത്. 

സുഷാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ ഇന്നും തുടരുന്നു. സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് സുഷാന്തിനെ കണ്ടെത്തിയത്. അതിനുപിന്നാലെ ഒട്ടേറെ വിവാദങ്ങളുണ്ടായി. സുഷാന്തിനെ ഗേൾഫ്രണ്ട് റിയ ചക്രവർത്തി ചതിച്ചെന്നും മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പറഞ്ഞ് സുഷാന്തിന്റെ അച്ഛൻ പോലീസിന് പരാതി നൽകി. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി റിയ അറസ്റ്റ് ചെയ്യപ്പെട്ടു. മരണത്തിനുപിന്നിൽ മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിന്റെ പങ്കും ചർച്ച ചെയ്യപ്പെട്ടു. അതിന്റെ പേരിൽ വീണ്ടും റിയയും സഹോദരനും അറസ്റ്റിലായി. ഈ കേസുകളെല്ലാം വൈകാതെ തള്ളിപ്പോയി.

1980-കളിൽ ഏറ്റവും ഡിമാന്റുള്ള താരമായി മാറിയ സിൽക്ക്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി സിനിമകളിലെല്ലാം സിൽക്ക് നിറഞ്ഞുനിന്നു. ബോൾഡ് ഡാൻസ് നമ്പറുകളിലും പക്ഷേ തന്റേതായൊരു കയ്യൊപ്പ് കൊണ്ടുവരാൻ ശ്രമിച്ചു. അക്കാലത്ത് നായികമാരേക്കാൾ പ്രതിഫലം സ്മിതയുടെ കൈകളിലേക്ക് ഒഴുകിയെത്തി. ആളുകളെ ആകർഷിക്കാനായി ഒരു സിൽക്ക് സ്മിത നൃത്തസീനെങ്കിലും സിനിമയിലുണ്ടെന്ന് നിർമാതാക്കൾ ഉറപ്പുവരുത്തി. അവരുടെ നാലോ അഞ്ചോ മിനിറ്റ് നീളുന്ന സാന്നിധ്യം തിയേറ്ററുകൾ നിറയ്ക്കുമെന്ന് സിനിമാക്കാർക്കറിയാമായിരുന്നു. ഗ്ലാമറസ് റോളുകൾക്കിടയിലും കൈയിൽ കിട്ടിയ നല്ല കഥാപാത്രങ്ങളും അവർ അവിസ്മരണീയമാക്കി. അതിനുദാഹരണമാണ് മൂൺട്രാം പിറൈ, അലൈകൾ ഒലിവതില്ലൈ എന്നീ സിനിമകളിലെ റോളുകൾ.  

പക്ഷേ, കടുത്തവിഷാദവും ഒറ്റപ്പെടലും അവരെ തകർത്തു. വിഷാദത്തിലേക്ക് വീണു പോവുമ്പോഴും, അതിൽനിന്ന് കൈപിടിച്ചുയർത്താൻ ആരുമുണ്ടായില്ല. ഒടുവിൽ എല്ലാ പ്രതീക്ഷകളും അവസാനിച്ചപ്പോൾ, സ്മിത ആത്മഹത്യയിൽ അഭയംനേടി. തൂങ്ങിമരിക്കുകയായിരുന്നു സ്മിത. അതിനുപിന്നിലെ കാരണമെന്തെന്ന് ഇന്നും ദുരൂഹം.

രാംഗോപാൽ വർമയുടെ 'നിശ്ശബ്ദ്' എന്ന സിനിമയിലൂടെ വന്ന താരമാണ് ജിയ ഖാൻ. പുറകെ ഗജിനി, ഹൗസ്ഫുൾ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. അതെല്ലാം ജിയയ്ക്ക് നല്ല ജനപ്രീതി നേടിക്കൊടുക്കുകയും ചെയ്തു. 2013-ലാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുന്നത്. നാലുദിവസങ്ങൾക്കുശേഷമാണ് ജിയയുടെ കൈപ്പടയിലുള്ള ആത്മഹത്യാകുറിപ്പ് സഹോദരിക്ക് കിട്ടുന്നത്.  

ജിയയുടെ ബോയ്ഫ്രണ്ടും നടനുമായ സൂരജ് പഞ്ചോളിയാണ് തന്റെ മരണത്തിനുപിന്നിലെന്നാണ് ആ കത്തിൽ ജിയ ആരോപിച്ചത്. ജിയയും സൂരജും ഒരുമിച്ച് താമസിക്കുകയായിരുന്നു. സൂരജ് ശാരീരികമായി ഉപദ്രവിച്ചുവെന്നും ആ കത്തിലുണ്ടായിരുന്നു. അതിന്റെ പേരിൽ സൂരജ് അറസ്റ്റ് ചെയ്യപ്പെട്ടു. അധികം വൈകാതെ ജാമ്യത്തിലിറങ്ങുകയും ചെയ്തു. പത്തുവർഷത്തോളം കേസ് നീണ്ടുനിന്നു. തെളിവുകളുടെ അഭാവത്തിൽ സൂരജിനെ വിട്ടയക്കുകയും ചെയ്തു. എന്നാൽ, ജിയയുടെ കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നും ഒരിക്കലും ആത്മഹത്യയല്ലെന്നുമാണ് ജിയയുടെ അമ്മ പിന്നീടും പറഞ്ഞത്. ഇന്നും ആ മരണത്തിനുപിന്നിലെ വിവാദങ്ങൾ അടങ്ങിയിട്ടില്ല. 

സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ആത്മഹത്യയെന്നും പറയപ്പെടുന്നു. ആറുപേജുള്ള ആത്മഹത്യാകുറിപ്പിൽ, ജിയ സൂരജിനെ കുറ്റപ്പെടുത്തിയിരിക്കുന്നതും കാണാം. പാടുകളുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.


 

Content Highlights: reasons behind the death of celebrities from sridevi to jiah khan