"എന്റെ ഇളയ മകളുടെ മുഖം പുറത്തുവിട്ട് പലതും അവർ പറഞ്ഞു, ഓരോ മണിക്കൂറിലും ആ ആക്രമണം ഞാൻ അനുഭവിച്ചു”

മനോജ് ബാജ്പേയ്/Instagram
മനോജ് ബാജ്പേയ്/Instagram

സിനിമയെ വിമർശിക്കുന്നതും വ്യക്തിജീവിതത്തിലേക്ക് കടന്നുകയറി കുടുംബത്തെ അധിക്ഷേപിക്കുന്നതും രണ്ടാണ്. സിനിമയുടെ പേരിനെച്ചൊല്ലിയ വിവാദം കുടുംബത്തിനെതിരായ ഓൺലൈൻ ആക്രമണമായി മാറിയപ്പോൾ വലിയ മാനസിക സമ്മർദമാണ് അനുഭവിക്കേണ്ടിവന്നതെന്ന് ബോളിവുഡ് താരം മനോജ് ബാജ്പേയ് പറയുന്നു. തന്റെ ഇളയ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും ഇതേത്തുടർന്ന് നിയമസംഘത്തിന്റെ ഉപദേശം തേടിയെന്നും താരം വെളിപ്പെടുത്തി.

മനോജ് ബാജ്പേയ് നായകനാകുന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ഗജ്ബ് റാത്തിന്റെ (Gajab Raat) പഴയ പേര് ഘൂസ്ഖോർ പണ്ഡത് (Ghooskhor Pandat) എന്നായിരുന്നു. ഈ പേരിനെച്ചൊല്ലി ഈ വർഷം ആദ്യം വിവാദം ഉയർന്നതോടെ അണിയറപ്രവർത്തകർ പേര് മാറ്റുകയായിരുന്നു. എന്നാൽ, വിവാദത്തിന്റെ ഭാഗമായി തനിക്കും കുടുംബത്തിനും നേരിടേണ്ടിവന്ന അധിക്ഷേപങ്ങൾ ഏറെ വേദനിപ്പിച്ചെന്ന് താരം പറഞ്ഞു.

ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിലാണ് മനോജ് ബാജ്പേയ് ഇക്കാര്യം തുറന്നുപറഞ്ഞത്. ''എന്നെ ഇത് ബാധിച്ചത് എന്തുകൊണ്ടാണെന്ന് അറിയാമോ? അവർ എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ്. എന്റെ ഇളയ മകളുടെ മുഖം പുറത്തുവിട്ട് പലതും പറയാൻ അവർക്ക് ധൈര്യമുണ്ടായി. എന്നാൽ സ്വന്തം പേര് വെളിപ്പെടുത്താൻ പോലും അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. ഓരോ മണിക്കൂറിലും ആ ആക്രമണം ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു,'' താരം പറഞ്ഞു.

കുടുംബത്തെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങൾ നേരിട്ടപ്പോൾ നിയമസംഘത്തിന്റെ സഹായം തേടിയതായും വർഷങ്ങളായി സൗഹൃദമുള്ള ഉദ്യോഗസ്ഥരോട് ഉപദേശം ചോദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ എല്ലാവരും ഒരേ ഉപദേശമാണ് നൽകിയതെന്നും താരം പറഞ്ഞു. ''മനോജ്, ഇത് അവഗണിക്കുക. ഇപ്പോൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് അതു മാത്രമാണ്,'' എന്നായിരുന്നു അവരുടെ മറുപടി.

സിനിമയുടെ പേരിനെച്ചൊല്ലിയുണ്ടായ വിവാദം ബ്രാഹ്‌മണ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്തിലേക്ക് നീങ്ങിയിരുന്നു. വിഷയം കോടതിയിലെത്തിയതിനു പിന്നാലെ ചിത്രത്തിന്റെ നിർമാതാവ് നീരജ് പാണ്ഡെ പഴയ പേര് പിൻവലിച്ചു. തുടർന്നാണ് ചിത്രത്തിന് ഗജ്ബ് റാത്ത് എന്ന പേര് നൽകിയത്.

റിതേഷ് ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനോജ് ബാജ്പേയ്ക്കൊപ്പം ദിവ്യ ദത്ത, സാഖിബ് സലീം, ശ്രദ്ധ ദാസ്, അക്ഷയ് ഒബ്‌റോയ് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം ഒക്ടോബർ 23ന് നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi