'ഇനിയും റൊമാന്റിക് ഹീറോ ആവുന്നതിൽ രസമില്ല; എന്റെയുള്ളിലെ നടനെ തൃപ്തിപ്പെടുത്താൻ കഴിയണം': മമ്മൂട്ടി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടിയുടെ 'കളങ്കാവൽ' എന്ന സിനിമയ്ക്കായി കാത്തിരിക്കുന്നത്. ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. വിനായകൻ, ജിബിൻ ഗോപിനാഥ്, മീരാ ജാസ്മിൻ, രജിഷ വിജയൻ തുടങ്ങിയവരും സിനിമയിൽ പ്രധാനവേഷങ്ങളിലെത്തുന്നു.
സിനിമയിൽ വില്ലനായിട്ടാണ് മമ്മൂട്ടി എത്തുകയെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ റിലീസിനുമുന്നോടിയായി മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ മമ്മൂട്ടിയുമായുള്ള അഭിമുഖം പുറത്തുവിട്ടിരുന്നു. നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയുമായുള്ള ആ അഭിമുഖത്തിൽ മമ്മൂട്ടി പല കാര്യങ്ങളും തുറന്നുപറയുന്നു.
ഹീറോ എന്നതിലുപരി സീനിയർ വേഷങ്ങളിലേക്ക് പൂർണമായും മാറിയത് തനിക്ക് കൂടുതൽ ചോയ്‌സുകൾ നൽകിയെന്ന് മമ്മൂട്ടി പറയുന്നു. 'ഭ്രമയുഗ'ത്തിലെ കൊടുമൺ പോറ്റിയെ കുറിച്ച് പറഞ്ഞുകൊണ്ട്, സർവസാധാരണമായ കൊമേഴ്‌സ്യൽ ഹീറോയെ അവതരിപ്പിക്കുന്നതിൽ ഇപ്പോൾ ഒരു രസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''ഒരു റൊമാന്റിക് ഹീറോ ആയിട്ടുള്ള കഥാപാത്രം വേണമെന്ന് ഞാൻ പറഞ്ഞാൽ, എനിക്കത് കിട്ടും. പക്ഷേ, ഇനിയുമത് ചെയ്യുന്നതിൽ ഒരു രസവുമില്ല. ഒരു സമയത്തിനുശേഷം നിങ്ങൾ കൂടുതൽ മുതിർന്ന വേഷങ്ങളിലേക്ക് മാറുമ്പോൾ, നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങൾ കിട്ടും. കൂടുതൽ വ്യത്യസ്തമായ വേഷങ്ങൾ കിട്ടും. എന്നാൽ ഒരു നായകന് പരിമിതികളുണ്ടാവും. പക്ഷേ വില്ലന്റെ കാര്യം അങ്ങനെയല്ല. ഈ സിനിമയിൽ അങ്ങനൊരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. അയാളെ ഞാൻ വില്ലൻ എന്ന് വിളിക്കില്ല. പക്ഷേ നല്ലൊരു മനുഷ്യനല്ല'', മമ്മൂട്ടി വ്യക്തമാക്കുന്നു.
പ്രതിച്ഛായ തകർക്കുന്ന അത്തരത്തിലുള്ള റോളുകൾ ചെയ്യുന്നത് ആഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. ''എന്നിലെ നടനെ അവഗണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; എന്നിലെ നടനെ തൃപ്തിപ്പെടുത്താൻ കഴിയണം. ഒരു താരം എന്ന് വിളിക്കപ്പെടുന്നതിൽ എനിക്ക് എതിർപ്പില്ല. പക്ഷേ ഒരു അഭിനേതാവ് ആവുക എന്ന കാര്യത്തിനാണ് ഞാൻ മുൻഗണന നൽകുന്നത്''.
വിനായകനെ അച്ചടക്കമുള്ള നടൻ എന്നാണ് അഭിമുഖത്തിൽ മമ്മൂട്ടി വിശേഷിപ്പിക്കുന്നത്. ''വിനായകന്റെ വളർച്ച അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കഠിനപ്രയത്‌നവും ആത്മാർത്ഥതയും കൊണ്ട് മാത്രമേ ഒരു നടന് വിജയിച്ച നടനാകാൻ പറ്റുകയുള്ളൂ. ഒരു നടൻ സിനിമാ ഇൻഡസ്ട്രിയിൽ നിലനിൽക്കണമെങ്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അത് പ്രേക്ഷകർക്ക് ബോധ്യപ്പെടുത്തണം. അത് വിനായകൻ കൃത്യമായി ചെയ്യുന്നുണ്ട്. അതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം'', മമ്മൂട്ടി പറയുന്നു.
സീരിയൽ കില്ലറായ സയനൈഡ് മോഹനെക്കുറിച്ചുള്ള സിനിമയാണിതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, അതുമായി നേരിട്ട് ബന്ധമില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mammootty discusses his preference for challenging roles over romantic hero parts in a recent interview. He emphasizes satisfying the actor within him, not just the star