തമിഴ് സ്റ്റൈലില്‍ മാളവികയെത്തി; ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ക്ക് ഗുരുവായൂരില്‍ മാംഗല്യം

മാളവികയും നവനീതും / ഫോട്ടോ: Whiteline photography
മാളവികയും നവനീതും / ഫോട്ടോ: Whiteline photography

ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷാണ് മാളവികയുടെ ഭര്‍ത്താവ്.

യു.കെ.യില്‍ വെര്‍ജിന്‍ അറ്റ്ലാന്റിക്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീത്, പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്. ദുബായ്, ആഫ്രിക്ക, യു.കെ എന്നിവിടങ്ങളിലെ പഠനത്തിനുശേഷമാണ് യു.കെയില്‍ തന്നെ ജോലിക്ക് കയറിയത്.

തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവികയെത്തിയത്. ഹെവി ചോക്കറും മറ്റൊരു നെക്ലേസുമാണ് മാളവിക കഴുത്തിലണിഞ്ഞത്. ഹെവി കമ്മലും വളകളും ഹെവിയായിട്ടുള്ള അപ്പര്‍ ആം ചെയിനും വെയ്‌സ്റ്റ്ബാന്‍ഡും മാളവികയുടെ ലുക്കിന് മാറ്റുകൂട്ടി.

തമിഴ് ശൈലിയില്‍ തന്നെയായിരുന്നു വിവാഹച്ചടങ്ങുകളും. ജയറാമിന്റെ മടിയിലിരുന്ന മാളവികയുടെ കഴുത്തില്‍ നവനീത് താലി ചാര്‍ത്തി. ഈ വര്‍ഷം ജനുവരിയില്‍ കൂര്‍ഗിലെ മൊണ്‍ട്രോസ് ഗോള്‍ഫ് റിസോര്‍ട്ടില്‍വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

അടുത്തബന്ധുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. സിനിമാരംഗത്തുനിന്ന് സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവരും ചടങ്ങിനെത്തി. 

32 വര്‍ഷം മുമ്പ് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ച് തന്നെയായിരുന്നു ജയറാമും പാര്‍വതിയും വിവാഹിതരായത്. 1992 സെപ്റ്റംബര്‍ 7-നായിരുന്നുവത്.

Content Highlights: malavika jayaram weds navaneeth gireesh