ഐശ്വര്യയുമായുള്ള പ്രണയം, സല്‍മാന്റെ ഭീഷണി; ബോളിവുഡ് ബഹിഷ്‌കരിച്ച വിവേക് ഒബ്‌റോയിയുടെ ആസ്തി 1200 കോടി

ദിവസങ്ങള്‍ക്കുമുമ്പാണ് പുതിയ കാര്‍ വാങ്ങുന്ന വീഡിയോ നടന്‍ വിവേക് ഒബ്‌റോയ് പുറത്തുവിട്ടത്. അതും ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ റോള്‍സ് റോയിസ് കള്ളിനന്‍. 12 കോടിക്ക് മുകളിലാണ് കാറിന്റെ വില. അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമാണ് കാര്‍ എടുക്കാനായി വിവേക് എത്തിയത്. ഈ വീഡിയോ കണ്ടതോടെ വിവേകിനെ പ്രശംസിക്കുകയാണ് ആരാധകര്‍. സിനിമയില്‍ വിലക്കുകള്‍ നേരിടേണ്ടിവന്നിട്ടും, പൊരുതി വിജയിച്ച കഥയാണ് വിവേകിന്റേത്. സിനിമ കൈവിട്ടപ്പോള്‍ ബിസിനസിലൂടെ ജീവിതം തിരിച്ചുപിടിച്ചു. ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള താരങ്ങളില്‍ ഏറ്റവും മുകളിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. 'ദ സ്റ്റേറ്റ്‌സ്മാന്റെ' റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന് വിവേകിന്റെ ആസ്തി 1200 കോടിയാണ്.
'കമ്പനി'യിലൂടെയാണ് വിവേക് ഒബ്‌റോയ് അഭിനയരംഗത്തേക്കെത്തുന്നത്. വിവേകിന്റെ അച്ഛനും അഭിനേതാവുമായ സുരേഷ് ഒബ്‌റോയിക്ക് മകന് മികച്ചൊരു അരങ്ങേറ്റം കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് 'കമ്പനി'യെക്കുറിച്ച് കേള്‍ക്കുന്നത്. അങ്ങനെ സിനിമയുടെ സംവിധായകനായ രാംഗോപാല്‍ വര്‍മയെ സമീപിച്ചു. ചേരികളില്‍ ജീവിക്കുന്ന, റഫ് ലുക്കുള്ള ഒരാളെയായിരുന്നു പ്രധാനകഥാപാത്രമായി രാംഗോപാല്‍ വര്‍മ കരുതിയിരുന്നത്. വിവേകിനെ പോലെ സൗന്ദര്യമുള്ളൊരാള്‍ ഇതിനു ചേരില്ലെന്ന് വര്‍മ പറഞ്ഞു.
വിവേക് ആവശ്യപ്പെട്ടത് 15 ദിവസമാണ്. താമസം മുംബൈയിലെ ഒരു ചേരിയിലേക്ക് മാറ്റി, ഉറക്കമെല്ലാം നിലത്തും. എല്ലാ ദിവസവും മണിക്കൂറുകളോളം വെയിലത്തൂടെ നടന്നു, വെയിലേറ്റിരുന്നു. 15 ദിവസത്തിനുശേഷം വീണ്ടും വര്‍മയുടെ മുമ്പിലേക്ക്. ഇത്തവണ വര്‍മയ്ക്ക് എതിരൊന്നും പറയാനുണ്ടായിരുന്നില്ല. അങ്ങനെ സിനിമയിലെ ചന്ദ്രു എന്ന കഥാപാത്രമായി വിവേക്. സിനിമയിലെ വിവേകിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. വമ്പന്‍ താരോദയം എന്ന് സിനിമാലോകം വാഴ്ത്തി. അതിനുശേഷം റോഡ്, സാത്തിയ, മസ്തി, ഓംകാര...നല്ല സിനിമകള്‍ തേടിയെത്തി. അതൊക്കെ വിജയിച്ചു.
വിവേകാനന്ദ ഒബ്‌റോയ് എന്നായിരുന്നു യഥാര്‍ഥപേര്. സ്വാമി വിവേകാനന്ദയോടുള്ള ആദരവ് മൂലം അച്ഛനും മുത്തച്ഛനും നല്‍കിയ പേരാണത്. സിനിമയില്‍ വന്നശേഷമാണ് ആ പേരുമാറ്റുന്നത്. സ്വാമി വിവേകാനന്ദയുടെ പേരും വെച്ച് സിനിമയില്‍ പ്രണയിക്കുന്നതും നൃത്തം ചെയ്യുന്നതും മോശമാണെന്ന് തോന്നിയതുകൊണ്ടാണ് പേരുമാറ്റിയതെന്ന് വിവേക് പിന്നീട് പറഞ്ഞു.
പ്രണയവും കരിയറും
എന്നാല്‍, ഐശ്വര്യ റായുമായുള്ള പ്രണയം വിവേകിന്റെ കരിയര്‍ തന്നെ ഇല്ലാതാക്കുന്നതാണ് പിന്നീട് കണ്ടത്. സല്‍മാന്‍ ഖാനുമായുമായി പ്രശ്‌നങ്ങളുണ്ടാവുകയും അതിന്റെ പേരില്‍ കേസ് കൊടുക്കുകയും ചെയ്ത സമയത്തുതന്നെയാണ് വിവേകിനെ ഐശ്വര്യ കണ്ടുമുട്ടുന്നത്. അധികം വൈകാതെ പ്രണയത്തിലായി.
ഇതിന്റെ പേരില്‍ വിവേകിന് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നു. സല്‍മാന്‍ ഖാന്‍ വിവേകിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന് അന്ന് വാര്‍ത്തകള്‍ പരന്നു. സല്‍മാന്‍ തന്നെ ഭീഷണിപ്പെടുത്തുവെന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി വിവേക് വെളിപ്പെടുത്തി. അത് വലിയ വാര്‍ത്തയായി. ബോളിവുഡ് പൂര്‍ണമായും വിവേകിനെ കൈവിടുന്നതാണ് പിന്നീട് കണ്ടത്. സല്‍മാന്‍ ഖാന്റെ ഭീഷണി ഒരുവശത്ത്, ബോളിവുഡില്‍നിന്നുള്ള ബഹിഷ്‌കരണം മറുവശത്ത്. വിവേകിന്റെ പല സിനിമകളും പരാജയമായി. റോളുകളൊന്നും കിട്ടാതായി, വരുന്നതാണെങ്കില്‍ തീരെ ചെറുതും. അധികം വൈകാതെ ഐശ്വര്യയും വിവേകും പിരിഞ്ഞു. അതിനുശേഷവും വിവേകിന്റെ കരിയറില്‍ കാര്യമായ ഉയര്‍ച്ചയൊന്നുമുണ്ടായില്ല.
എന്നിട്ടും വിവേക് വീണില്ല. അദ്ദേഹം ബിസിനസിലേക്ക് തിരിഞ്ഞു. അതിനൊപ്പം ചെറിയ റോളുകളിലേക്കും മറ്റുഭാഷകളിലേക്കും തിരിഞ്ഞു. റിയല്‍ എസ്റ്റേറ്റിലും ഇവന്റ് മാനേജ്‌മെന്റിലും ശ്രദ്ധിച്ചു. അതിനായി കര്‍മ ഇന്‍ഫ്രാസ്ട്രക്ചര്‍, മെഗാ എന്റര്‍ടെയിന്‍മെന്റ് എന്നീ രണ്ടുകമ്പനികള്‍ തുടങ്ങി. ''അഭിനയം എന്റെ പാഷനാണ്. ബിസിനസാണ് എന്നെ മുന്നോട്ടുനടത്തുന്നത്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്തിട്ട് കാര്യമില്ലല്ലോ. ഏതെങ്കിലും ലോബിയുടെ മുന്നില്‍ തലകുനിക്കാനും എന്നെ കിട്ടില്ല'', വിവേക് അതിനെക്കുറിച്ച് പറയുന്നതിങ്ങനെ.
ഇപ്പോള്‍ സിനിമയും ബിസിനസും ഒരുമിച്ച് കൊണ്ടുപോവുകയാണ് വിവേക്. 'ലൂസിഫര്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. അതിലെ ബിമല്‍ എന്ന വില്ലനെ വിവേക് മനോഹരമാക്കി. പിന്നാലെ, 'കടുവ'യിലെ ഐ.ജി.ജോസഫ് ചാണ്ടി എന്ന കഥാപാത്രവും. മരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബത്തിനായി മഹാരാഷ്ട്രയിലെ താനെയില്‍ 25 ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനായി വിവേകിന്റെ കമ്പനി മുന്‍കൈയെടുത്തു. ഓരോ വീടിനും വേണ്ടി 30 ലക്ഷമാണ് വിവേക് നല്‍കിയത്. ആ വീടുകള്‍ക്കായി രണ്ടര കോടി സ്വരൂപിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു.
Content Highlights: life of vivek oberoi