കോളിവുഡിന് കിട്ടാക്കനിയായ 1000 കോടിയെക്കുറിച്ച് ശിവകാര്‍ത്തികേയന്‍

നെല്‍സണ്‍ ദിലീപ്കുമാറിന്റെ ജയിലര്‍, ലോകേഷ് കനകരാജിന്റെ ലിയോ, വിക്രം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ തമിഴ് സിനിമാ വ്യവസായം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, തെലുങ്ക്, കന്നഡ സിനിമാ വ്യവസായങ്ങളില്‍ നിന്ന് വ്യത്യസ്തമായി 1000 കോടി എന്ന നാഴികക്കല്ല് അവര്‍ക്ക് ഇപ്പോഴും എത്തിപ്പിടിക്കാനായിട്ടില്ല.
എന്തുകൊണ്ടാണ് കോളിവുഡിന് ഇതുവരെ ഈ നേട്ടം കൈവരിക്കാന്‍ കഴിയാത്തതെന്ന് താന്‍ വിശ്വസിക്കുന്നതിനുള്ള കാരണങ്ങള്‍ വിശദീകരിക്കുകയാണ് നടന്‍ ശിവകാര്‍ത്തികേയന്‍. തന്റെ പുതിയ ചിത്രമായ 'മദറാസി'യുടെ പ്രെമോഷന്റെ ഭാഗമായി സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
ശിവകാര്‍ത്തികേയന്‍ അഭിനയിച്ച 2024-ല്‍ പുറത്തിറങ്ങിയ ബയോപിക് ചിത്രമായ 'അമരന്‍' ഒരു വമ്പന്‍ വിജയമായിരുന്നു. എന്നാല്‍ ആ ചിത്രവും ലോകമെമ്പാടുമായി നേടിയത് 333 കോടി രൂപ മാത്രമാണ്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നടന്‍ വിശദീകരിച്ചത് ഇങ്ങനെയാണ്, 'ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, 'അമരന്‍' ചെയ്യുമ്പോള്‍ അത് എത്ര കളക്ഷന്‍ നേടുമെന്ന് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. അങ്ങനെ സിനിമ ചെയ്യാന്‍ കഴിയില്ല.'
എന്തുകൊണ്ടാണ് കോളിവുഡില്‍ ഇതുവരെ 1000 കോടി നേടിയ ഒരു സിനിമ ഉണ്ടാവാത്തതെന്നും അദ്ദേഹം വിശദീകരിച്ചു. 'ഒരു സിനിമയുടെ നിലവാരം കൂടാതെ ടിക്കറ്റ് നിരക്ക് പോലുള്ള മറ്റ് ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ ബംഗളൂരുവിലെയോ മുംബൈയിലെയോ പോലെ നമ്മളും ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നെങ്കില്‍ 'ജയിലര്‍' 800 കോടി എളുപ്പത്തില്‍ കടക്കുമായിരുന്നു.' രജനികാന്ത് ചിത്രം ലോകമെമ്പാടുമായി 604 കോടി രൂപയാണ് നേടിയത്.
ഈ സംഖ്യകള്‍ നേടാന്‍ തമിഴ് സിനിമകള്‍ക്ക് ഉത്തരേന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സ്വാധീനം ആവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നതായി ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമുകളുമായി അവര്‍ ഒപ്പുവെക്കുന്ന നാലാഴ്ചത്തെ കരാറുകള്‍ ഉത്തരേന്ത്യയിലെ വിതരണക്കാര്‍ക്ക് തടസ്സമാകുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചു. കാരണം എട്ടാഴ്ചത്തെ വിന്‍ഡോകളുള്ള സിനിമകളാണ് അവര്‍ ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും, ഈ നേട്ടം ഉടന്‍ കൈവരിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.
ശിവാകാര്‍ത്തികേയന്‍ അഭിനയിച്ച പുതിയ ചിത്രമാണ് മദറാസി. സെപ്തംബര്‍ അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന്റെ നിലവിലെ മൊത്തം കളക്ഷന്‍ 68.75 രൂപയാണ്. എ ആര്‍ മുരുഗദോസ് ആണ് സംവിധായകന്‍.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: actor sivakarthikeyan explains why tamil cinema hasn`t achieved the ₹1000 crore milestone, citing ticket prices and north indian market reach.