പത്തൊമ്പതാം വയസ്സില്‍ സത്യന്റെയും മധുവിന്റെയും അമ്മയായ കവിയൂര്‍ പൊന്നമ്മ

കവിയൂര്‍ പൊന്നമ്മ / ബി.മുരളീകൃഷ്ണന്‍
കവിയൂര്‍ പൊന്നമ്മ / ബി.മുരളീകൃഷ്ണന്‍

പ്രേംനസീര്‍, സത്യന്‍, മധു മുതലുള്ള താരങ്ങളുടെ അമ്മയായ കവിയൂര്‍ പൊന്നമ്മ. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. തോപ്പില്‍ ഭാസിയുടെ 'മൂലധനം' എന്ന നാടകത്തില്‍ പാടാനെത്തിയ കവിയൂര്‍ പൊന്നമ്മ, പിന്നീട് അതേ നാടകത്തില്‍ അഭിനയിക്കുകയും ചെയ്തു. അന്ന് പതിനാല് വയസ്സേയുള്ളൂ. അഞ്ചുവര്‍ഷമാവുമ്പോഴേക്കും സിനിമയിലെത്തി.   

കുടുംബിനി എന്ന സിനിമയിലാണ് ആദ്യമായി അമ്മയായി അഭിനയിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ സത്യന്റെയും മധുവിന്റെയും അമ്മയായി;  ജ.ശശികുമാര്‍ സംവിധാനം ചെയ്ത തൊമ്മന്റെ മക്കള്‍ എന്ന സിനിമയിലായിരുന്നുവത്. അതിനെക്കുറിച്ച് മുമ്പ് ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞതിങ്ങനെ, ''അന്നെനിക്ക് 19 വയസ്സാണ്. എന്റെ അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു സത്യന്‍ മാഷിന്. ക്യാമറയ്ക്ക് മുന്നില്‍ മകനായിരുന്നെങ്കിലും, ക്യാമറയ്ക്ക് പുറകില്‍ ഇളയസഹോദരിയെപ്പോലെ സ്‌നേഹത്തോടെയാണ് സത്യന്‍ മാഷ് എന്നെ നോക്കിയിരുന്നത്''. അവിടുന്നങ്ങോട്ട് വര്‍ഷങ്ങളോളം നീണ്ട അഭിനയജീവിതം. മികച്ച സഹനടിക്കുള്ള സംസ്ഥാനപുരസ്‌കാരം 1971, 1972, 1973, 1974 വര്‍ഷങ്ങളില്‍ നേടി. 

കവിയൂര്‍ പൊന്നമ്മയും മോഹന്‍ലാലും അമ്മയും മകനുമായപ്പോള്‍ അത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ''ഒരുകാലം വരെ പ്രേക്ഷകര്‍ കരുതിയിരുന്നത് എന്റെ മകന്‍ തന്നെയാണ് ലാല്‍ എന്നായിരുന്നു. ആദ്യമൊക്കെ ഞാനത് തിരുത്തുമായിരുന്നു. ഇപ്പോള്‍ അങ്ങനെ കേള്‍ക്കാന്‍ എനിക്കും ഇഷ്ടമാണ്''. 

സിനിമയില്‍ അമ്മയായി അഭിനയിക്കാനുള്ള കൊതി അവര്‍ക്ക് ഒരിക്കലും തീര്‍ന്നിരുന്നില്ല. ''അമ്മറോളില്‍ കുരുങ്ങിപ്പോയതായി എനിക്ക് തോന്നിയിട്ടില്ല. അത് വളരെ ആസ്വദിച്ചാണ് ഞാന്‍ ചെയ്തിരുന്നത്. അമ്മയായി അഭിനയിച്ച് എനിക്കിപ്പോഴും കൊതി തീര്‍ന്നിട്ടില്ല. എല്ലാവരും അമ്മനടി എന്ന് വിളിക്കാന്‍ തുടങ്ങിയ കാലത്ത് എനിക്കും തോന്നി, വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്ന്. അങ്ങനെ സംവിധായകന്‍ ശശികുമാറിനെ പോയി കണ്ടു, 'സാറെ, എനിക്കൊരു വില്ലത്തി വേഷം ചെയ്യണമെന്നുണ്ട്'. സാര്‍ എന്നെ നോക്കിയിട്ട് പറഞ്ഞു, 'അയ്യോ, കൊച്ചിനെ കാണുമ്പോള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നുന്നത് സ്‌നേഹമാണ്. ആ ധാരണ ഇനി മാറാനും പോകുന്നില്ല', അതോടെ ഞാന്‍ ആ മോഹമങ്ങ് മാറ്റിവെച്ചു'', കവിയൂര്‍ പൊന്നമ്മ പഴയ ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.  

Content Highlights: kaviyoor ponnamma passed away