ഷാരൂഖ്, സൽമാൻ എന്നിവരുടെ നായികയാവാനുള്ള അവസരം കരീന നിരസിച്ചു; ആ സിനിമകൾ സൂപ്പർഹിറ്റുമായി

2000-ത്തിലാണ് നടി കരീന കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. 'റഫ്യൂജി' എന്ന ആ സിനിമയിൽ നായകനായത് അഭിഷേക് ബച്ചനും. കരീനയ്‌ക്കൊപ്പം തന്നെ അഭിഷേകിന്റെയും അരങ്ങേറ്റചിത്രമായിരുന്നു അത്. സിനിമയിലെ കരീനയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം തുടർച്ചയായി കരീനയെത്തേടി അവസരങ്ങളെത്തി.
എന്നാൽ, അതിനുമുമ്പും ശേഷവും കുറേ സിനിമകൾ കരീനയെ തേടിയെത്തിയെങ്കിലും, അവർ അത് വേണ്ടെന്നു വെക്കുകയായിരുന്നു. അതിലേറെയും സഞ്ജയ് ലീലാ ബൻസാലിയുടേതായിരുന്നു എന്നതാണ് യാഥാർഥ്യം.
ആദ്യമെത്തിയത് 'ഹം ദിൽ ദേ ചുകേ സനം' എന്ന സിനിമയിലെ നായികാപദവിയായിരുന്നു. കരീന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പായിരുന്നുവത്. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത സിനിമയിൽ സൽമാൻ ഖാനായിരുന്നു നായകൻ. എന്നാൽ, കരീന നിരസിച്ചു. ഒടുവിൽ ഐശ്വര്യ റായ് നായികയായി. 1999-ലെ ബ്ലോക്ബസ്റ്ററായി ചിത്രം. ഐശ്വര്യയും സൽമാനും പ്രണയത്തിലാവുന്നതും ആ സിനിമയുടെ ചിത്രീകരണത്തിനിടെയാണ്.
വർഷങ്ങൾക്കുശേഷം സഞ്ജയ് ലീലാ ബൻസാലിയുടെ തന്നെ 'രാം ലീല; ഗോലിയോം കി രാസ് ലീല' (2013) എന്ന സിനിമയിൽ നായികയാവാനുള്ള അവസരവും കരീനയ്ക്കായിരുന്നു. നായകൻ രൺവീർ സിങ്ങും. കരീന ആ ഓഫർ സ്വീകരിക്കുകയും ചെയ്തു. എന്നാൽ, ഷൂട്ടിങ് തുടങ്ങുന്നതിന് 10 ദിവസം മുന്നേ കരീന സിനിമ വേണ്ടെന്നുവെച്ചു.
പകരം ധർമ പ്രൊഡക്ഷൻസിന്റെ മറ്റൊരു സിനിമയിൽ നായികയാവുകയും ചെയ്തു. ഒടുവിൽ ആ സിനിമയിൽ ദീപിക പദുകോൺ നായികയായി. സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രൺവീറും ദീപികയും പ്രണയത്തിലാവുന്നത്. ആ സിനിമയും ബോക്‌സോഫീസിൽ വമ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.
അതേവർഷം തന്നെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രവും കരീന വേണ്ടെന്നുവെച്ചു. രോഹിത് ഷെട്ടിയുടെ 'ചെന്നൈ എക്‌സ്പ്രസ്' എന്ന സിനിമ. അതിൽ ഷാരൂഖ് ഖാനായിരുന്നു നായകൻ. ആ സിനിമയിലും ദീപിക പദുകോൺ നായികയായി. ഒട്ടേറെ ബോക്‌സോഫീസ് റെക്കോഡുകൾ തകർത്തുകൊണ്ടാണ് സിനിമ മുന്നേറിയത്. 400 കോടിയിലേറെ സിനിമ കളക്ട് ചെയ്തു. ദീപികയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ഇത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kareena Kapoor turned down lead roles opposite Shahrukh Khan and Salman Khan in several blockbuster films, including Chennai Express and Hum Dil De Chuke Sanam