'സരോജ് ഖാൻ ഭയങ്കരിയായിരുന്നു, എന്നെ ഇഷ്ടമായിരുന്നില്ല, ചുവപ്പ് തുണിക്കായി ഞങ്ങൾ ഓടി’

'ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ' സിനിമയുടെ ചിത്രീകരണസമയത്തുണ്ടായ മറക്കാനാവാത്ത സംഭവം ഓർത്തെടുക്കുകയാണ് നിർമ്മാതാവ് കരൺ ജോഹർ. ചെറിയൊരു ഒരു പിഴവ് കാരണം ഇതിഹാസ നർത്തകി സരോജ് ഖാനുമായി ഒരു വലിയ ഏറ്റുമുട്ടൽ നടത്തേണ്ടി വന്നെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സരോജ് ഖാനുമൊത്തുള്ള ആ അനുഭവം തന്നെ വല്ലാതെ ഉലച്ചുവെന്ന് 'ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'ക്ക് നൽകിയ അഭിമുഖത്തിൽ, കരൺ സമ്മതിച്ചു. അവരുടെ പ്രതികരണം മാനസികമായി തളർത്തി, അവർക്ക് തന്നെ ഒരിക്കലും ഇഷ്ടമായിരുന്നില്ലെന്ന് പൂർണ്ണമായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷാരൂഖ് ഖാൻ-കജോൾ ചിത്രമായ 'ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ'യുടെ സംവിധായകൻ ആദിത്യ ചോപ്രയുടെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു കരൺ അന്ന്. ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് നേരത്തേ പറഞ്ഞ സംഭവമുണ്ടാവുന്നത്. പശ്ചാത്തല നർത്തകർക്കുവേണ്ടി പറഞ്ഞിരുന്ന ചുവപ്പ് സ്കാർഫുകൾ തികയില്ലെന്ന് അണിയറപ്രവർത്തകർക്ക് പെട്ടെന്നു തന്നെ മനസ്സിലായി. അവിടെയുണ്ടായിരുന്ന തുണിയേക്കാൾ കൂടുതൽ നർത്തകർ ഉണ്ടായിരുന്നു. ചിത്രീകരണം വൈകാതിരിക്കാൻ കരൺ ഒരു പരിഹാരം കണ്ടു. "ഞാൻ, സാഹചര്യം കൈകാര്യം ചെയ്യാനായി സരോജിന്റെ സഹായി ജോജോയുടെ അടുത്തുചെന്നു, ബുദ്ധിപൂർവ്വം പറഞ്ഞു, ജോജോ, എനിക്ക് തോന്നുന്നു നർത്തകരോട് ഒരു കൈ പോക്കറ്റിൽ വെക്കാൻ പറയാമെന്ന്. അത് നല്ലതായിരിക്കുമെന്നും സ്റ്റൈലിഷ് ആയിരിക്കുമെന്നും ഞാൻ പറഞ്ഞു. കാരണം എന്റെ കയ്യിൽ കൂടുതൽ തുണി ഉണ്ടായിരുന്നില്ല."
സരോജ് ഖാൻ ചിത്രീകരണ സ്ഥലത്ത് എത്തുംവരെ ഈ താൽക്കാലിക പരിഹാരം വിജയമായിരുന്നു. പക്ഷേ, എന്തോ തെറ്റ് പറ്റിയിട്ടുണ്ടെന്ന് സരോജിന് പെട്ടെന്നുതന്നെ മനസ്സിലായി. "അവർ എന്നെ ശരിക്കും തള്ളിപ്പറഞ്ഞു. 'നിനക്ക് എവിടെ വേണമെങ്കിലും പോവാം, ഗോരേഗാവിൽ പോകാം, ചുവപ്പ് തുണി കൊണ്ടുവരാം, അല്ലെങ്കിൽ ഞാൻ ഷൂട്ട് ചെയ്യില്ല'-എന്നവർ തീർത്തുപറഞ്ഞു. ഗോരേഗാവ് തെരുവുകളിലൂടെ ഞങ്ങൾ ഓടുന്നതിന്റെ ദൃശ്യം ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്, 'ചുവപ്പ് തുണി, ചുവപ്പ് തുണി' എന്റെ ജീവനോർത്ത് ഞാൻ ഭയപ്പെട്ടിരുന്നു. ഞാൻ മാനസികമായി തളർന്നുപോയി, നിങ്ങൾക്കറിയാമോ, അവർ ശരിക്കും ഭയങ്കരിയായിരുന്നു, ഏറ്റവും മികച്ചയാളായിരുന്നു, എന്തുകൊണ്ടോ അവർക്കെന്നെ ഇഷ്ടപ്പെട്ടില്ല. അവർക്ക് ഒരിക്കലുമെന്നെ ഇഷ്ടമായിരുന്നില്ല."-കരൺ പറഞ്ഞു.
2020-ൽ 71-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നാണ് സരോജ് ഖാൻ അന്തരിച്ചത്. ഇന്ത്യൻ സിനിമയിൽ ഒരു വലിയ പാരമ്പര്യം അവശേഷിപ്പിച്ചാണ് അവർ വിടവാങ്ങിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Karan Johar reveals traumatic DDLJ experience with Saroj Khan. She was `scary` over a red scarf shortage, making him `run for his life`. Learn more!