‘എന്റെ ഒരുദിവസംപോലും എനിക്ക് സ്വന്തമല്ല സാര്‍, എല്ലാം ഓരോരുത്തര്‍ക്കായി വീതിച്ചു കൊടുത്തിരിക്കുകയാണ്’

ഈയാഴ്ചത്തെ കോളത്തിലും സില്‍ക്ക് പുരാണംതന്നെയാണ് ഞാന്‍ പറയുന്നത്. അന്ന് സ്മിതയുടെ സാന്നിധ്യത്തില്‍ രജനീകാന്തിനെയും കണ്ടു. എ.വി.എം. സ്റ്റുഡിയോയില്‍നിന്ന് പോന്നതിനുശേഷം കുറേനാളുകള്‍ കഴിഞ്ഞ് ഇതേപോലെതന്നെ മദ്രാസിലെ അരുണാചലം സ്റ്റുഡിയോയില്‍വെച്ചാണ് ഞാനവളെ വീണ്ടും കാണുന്നത്. ആ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക ഒരു കാരണവുമുണ്ടായിരുന്നു.
ഞാന്‍ തിരക്കഥയെഴുതി അനില്‍-ബാബുമാര്‍ സംവിധാനംചെയ്യുന്ന ‘സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി’ എന്ന ചിത്രത്തില്‍ ഒരു നൃത്തരംഗമുണ്ട്. അല്പം ഗ്ലാമറസ്സായി ചുവടുവെച്ച് പ്രേക്ഷകമനസ്സിനെ കോരിത്തരിപ്പിക്കണമെങ്കില് സ്മിതതന്നെ വേണമെന്ന് പറയുന്ന സമയമാണ്. ഒരുദിവസംപോലും തരാന്‍ ഉണ്ടാവില്ലെന്നാണ്, പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് വിളിച്ചുചോദിച്ചപ്പോള്‍ അവർ പറഞ്ഞിരുന്നത്. ഞങ്ങള്‍ക്ക് അവരുടെ രണ്ടുദിവസത്തെ ഡേറ്റുമതി. അതിനുവേണ്ടി നിര്‍മാതാക്കളും സംവിധായകരും കൂടി അവസാനത്തെ അത്താണിയായിട്ട് എന്നെയാണ് കണ്ടിരുന്നത്.
ഞാന്‍ അരുണാചലം സ്റ്റുഡിയോയിലെത്തി കാറില്‍നിന്നിറങ്ങുമ്പോള്‍ പുറത്ത് ആരൊക്കെയോ ഇരിക്കുന്നുണ്ടായിരുന്നു. ഏതോ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടാണ് അവിടെ നടക്കുന്നത്. ഞാന്‍ പതുക്കെ മുന്നോട്ട് ചെന്നപ്പോള്‍ സ്മിത സുമുഖനായ ഒരു ചെറുപ്പക്കാരനുമായി സംസാരിച്ചിരിക്കുന്നതാണ് കണ്ടത്. എന്നെ കണ്ടപാടെ ചാടിയെഴുന്നേറ്റുകൊണ്ട് അവള് പതിവ് സ്നേഹപ്രകടനങ്ങളോടെ എന്നെ സ്വീകരിച്ചിരുത്തി. അവളുടെ കൂടെയിരുന്ന ചെറുപ്പക്കാരന് പുതുമുഖനായകനാണെന്നാണ് ഞാന്‍ കരുതിയിരുന്നത്.
'' ഇത് പുതിയ ഹീറോയാണോ?'' ഞാന്‍ ചോദിച്ചു. ''അയ്യോ ഇത് അവരുടെ സണ്ണാണ് സാര്‍.'' ഞാന്‍ ആശ്ചര്യത്തോടെ ആ ചെറുപ്പക്കാരനെ നോക്കുന്നത് കണ്ടപ്പോള്‍ അവള് ചെറിയൊരു വിവരണംതന്നെ നടത്തി. അവളുടെ ഭര്‍ത്താവിന്റെ മകനാണെന്നും ഷൂട്ടിങ് കാണാന്‍ വന്നതാണെന്നും ആക്ടിങ്ങിനോടൊന്നും താത്പര്യമില്ലെന്നുമൊക്കെ പറഞ്ഞ് എന്നെ ആ ചെറുപ്പക്കാരന് പരിചയപ്പെടുത്തിക്കൊടുത്തു.
പിന്നെ ഒട്ടും സമയം കളയാതെതന്നെ ഞാന്‍ സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയിലെ നൃത്തരംഗത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവള് പറഞ്ഞു, ''എന്റെ ഒരുദിവസംപോലും എനിക്ക് സ്വന്തമല്ല സാര്‍. എല്ലാം ഓരോരുത്തര്‍ക്കായി വീതിച്ചുകൊടുത്തിരിക്കുകയാണ്.''
അവള് പറഞ്ഞ് ഒഴിയാന്‍ നോക്കിയെങ്കിലും അവസാനം എന്റെ നിര്‍ബന്ധത്തിന് മുന്പില് വഴങ്ങിക്കൊണ്ട് അവള് പറഞ്ഞു. ''മദ്രാസില്‍വെച്ച് ഷൂട്ട് ചെയ്യുകയാണെങ്കില്‍ ഞാന്‍ രണ്ട് നൈറ്റ് തരാം. രാത്രി പതിനൊന്നുമുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെ. അതിനുള്ളില്‍ തീര്‍ത്തിരിക്കണം.''
പിന്നീട് ഞാന്‍ സ്മിതയെ കാണുന്നത് ഒന്നരവര്‍ഷത്തിനുശേഷം കല്ലയം കൃഷ്ണദാസിന്റെ സ്പെഷ്യല്‍ സ്ക്വാഡ് എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനില്‍വെച്ചാണ്. പെട്ടെന്ന് കയറിവന്ന ഒരു പ്രോജക്റ്റാണത്. പിന്നെ ഏതോ ഒരു ചിത്രം ചെയ്തിട്ടുണ്ട്. പഴയ ഒരു സംവിധായകനാണ് കക്ഷി. വല്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കൃഷ്ണദാസിന്റെ ജീവിതകഥ കേട്ടപ്പോള്‍ അയാളെ സഹായിക്കാന്‍വേണ്ടി ചെയ്ത പ്രോജക്റ്റാണത്. പലരുടെയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ മഴയായി വല്ലാതെ പെയ്യുമ്പോള്‍ കുടയായി കൂടെ നിന്നിട്ടുള്ളയാളാണ് ഞാനെന്ന് അറിഞ്ഞിട്ടാണ് കൃഷ്ണദാസ് വന്നിരിക്കുന്നത്.
സ്മിത താമസിച്ചിരുന്നത് വില്ലിങ്ഡണ്‍ ഐലന്‍ഡിലെ താജ് ഹോട്ടലിലായിരുന്നു. സ്മിത വന്ന ആദ്യദിവസംതന്നെ ഞാന്‍ അവളെ കാണാനായി പോയി. അവളുടെ ഹോട്ടലില്‍തന്നെയായിരുന്നു അന്ന് ഷൂട്ടിങ്. ഞാന്‍ അവളുടെ മുറിയിലേക്ക് ചെന്നു. എന്നെ കണ്ടയുടനെ അവള് പറഞ്ഞു.
''വരണം വരണം സാര്‍. ഇരിക്കൂ സാര്‍.'' ഞാന്‍ മുറിയിലെ സെറ്റിയിലിരുന്നു. അവള് മുഖം ടച്ചപ്പ്ചെയ്തുകൊണ്ടിരിക്കുകയാണ്. ഹെയര്‍ ഡ്രെസ്സര്‍ എന്നെ കണ്ടപ്പോള്‍ മുറിയില്‍നിന്ന് പതുക്കെ പുറത്തേക്കിറങ്ങി.
താജ് ഹോട്ടലിലെ ചെറിയൊരു ഹാളിലാണ് ഷൂട്ടിങ് നടക്കുന്നത്. സ്മിതയും രാജന് പി. ദേവും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീനാണ് അവിടെ എടുത്തുകൊണ്ടിരുന്നത്. എന്നെ കണ്ടമാത്രയില്‍ അവള് പറഞ്ഞു.
''അന്ന് മദ്രാസില്‍വെച്ച് കണ്ടതിലും സാറ് കുറച്ച് ക്ഷീണിച്ചിട്ടുണ്ട്. എന്താണ് സാറ് ഡയറ്റെടുക്കുകയാണോ?'' ''ജോലിത്തിരക്കുകൊണ്ടുള്ള ക്ഷീണമാണ്, ങാ, നീ നന്നായിട്ട് മലയാളം പറയുന്നുണ്ടല്ലോ?'' ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
''പത്തുപതിനേഴുവര്ഷമായില്ലേ സാര്‍ ഞാന്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. അപ്പോള്‍ മലയാളം താനേ പഠിക്കില്ലേ?'' ''പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?, നിനക്ക് സുഖമാണോ?'' ''ങാ, അങ്ങനെ പോകുന്നു സാര്‍'' അവളുടെ സ്വരത്തില്‍ നിരാശയുടെ തരി പുരണ്ടിരിക്കുന്നതുപോലെ എനിക്ക് തോന്നി. നിമിഷനേരം മുറിയില്‍ നിശ്ശബ്ദത പരന്നു.
അല്പംകഴിഞ്ഞ് അവളുടെ മനസ്സറിയാനായി ഞാന്‍ ചോദിച്ചു.
''മദ്രാസില്‍ നീ താമസിക്കുന്ന വീട് സ്വന്തമാണോ?'' ''അല്ല സാര്‍. അദ്ദേഹത്തിന്റെ വീടാണ്.'' എല്ലാം അറിയാവുന്നതുപോലെ ഞാന്‍ തുടര്‍ന്നു.
''എല്ലാം എനിക്കറിയാം. നിന്നെപ്പോലെ നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിക്ക് പറ്റിയ ഏറ്റവും വലിയൊരു അബദ്ധമാണ്.'' അത് കേട്ടപ്പോള്‍ അവള് എന്നെ നോക്കി വ്യര്‍ഥമായി ഒന്ന് ചിരിച്ചു. ''അദ്ദേഹത്തിന് വേറെ ഭാര്യയും മകനുമുണ്ടെന്ന് നിനക്കറിഞ്ഞുകൂടായിരുന്നോ?'' എന്റെ ചോദ്യത്തിന് മറുപടി പറയാന്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു.
''നിനക്ക് പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട.'' ''സാറിനോട് പറയാന്‍ ബുദ്ധിമുട്ടായിട്ടല്ല. സാറിനോട് ഞാന്‍ ഒന്നും മറച്ചുവയ്ക്കുന്നില്ല.''
അവള് വാക്കുകള്‍ പൂര്‍ത്തീകരിക്കാതെ നിമിഷനേരം ഏതോ ഓര്‍മയില്‍ നിര്‍വികാരതയോടെ പതുക്കെ തുടര്‍ന്നു. ''ചെറിയൊരു സംഭവത്തില്നിന്നുണ്ടായ പരിചയപ്പെടല്‍. സ്മിത എന്ന ഒരു സാധാരണ നടിയുടെ കരിയറിലുണ്ടായ ഇന്‍വോള്‍വ്മെന്റ്, കെയര്‍, ഇതൊക്കെയായിരിക്കും അദ്ദേഹത്തോടുള്ള റിലേഷന്‍ വളരാനുള്ള സന്ദര്ഭമുണ്ടാക്കിയതെന്ന് തോന്നുന്നു. പിന്നെ വിവാഹിതനെന്നോ അവിവാഹിതനെന്നോ എന്നൊന്നും നോക്കിയില്ല. യാതൊരു ഫോര്‍മാലിറ്റിയുമില്ലാതെ ഒരു താലിച്ചരടിന്റെയും ബലമില്ലാതെ ഒന്നിച്ചുള്ള ഒരു ജീവിതം.''
അവളുടെ വാക്കുകളിലെ വിമ്മിട്ടം ഞാന്‍ ശ്രദ്ധിക്കുന്നത് കണ്ട് എനിക്ക് മുഖംതരാതെ ഇരുന്നുകൊണ്ട് അവള് വീണ്ടും വാചാലയായി. ''അദ്ദേഹത്തിന് ഭാര്യയും മകനുമുണ്ടെന്നകാര്യം ആദ്യം എന്നോട് മറച്ചുവെച്ചിരുന്നു. പിന്നെ രണ്ടുമൂന്നുവര്‍ഷം കഴിഞ്ഞപ്പോഴാണ് മനസ്സ് തുറന്നുള്ള ഒരു പശ്ചാത്താപം. പെട്ടെന്ന് കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെങ്കിലും അദ്ദേഹത്തെ എനിക്ക് വെറുക്കാനായില്ല. അവളുടെ ശബ്ദത്തിന് ഇടര്‍ച്ചയുണ്ടായെങ്കിലും ഞാന്‍ അറിയാതിരിക്കാനായി ചുണ്ടില്‍ ചെറിയൊരു വിഷാദച്ചിരി ഒളിപ്പിച്ചുകൊണ്ട് തുടര്‍ന്നു. ''എന്റെ കണക്കുകൂട്ടലുകള്‍ തെറ്റായിരിക്കാം, ശരിയായിരിക്കാം. അതെല്ലാം എന്റെ വിധിയാണെന്ന് ഞാന്‍ കരുതുന്നു.''
അവള് ചെറുതായൊരു ദീര്‍ഘശ്വാസം വിടുന്നുണ്ടായിരുന്നു.
''നീ പറയുന്നതൊക്കെ ശരിയായിരിക്കാം. എന്നാലും ഞാന്‍ ഒന്ന് ചോദിച്ചോട്ടെ. ഇത്രയും സിനിമകളില്‍ അഭിനയിച്ചിട്ടും നിന്റെ കൈയില്‍ എന്തുണ്ട്? സ്വന്തമായി ഒരു വീട്, ബാങ്ക് ബാലന്‍സ്... ഒന്നുമില്ലല്ലോ''
എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ സജലങ്ങളായി. അതുകണ്ട് ഉപദേശരൂപേണ ചില യാഥാര്‍ഥ്യങ്ങള്‍കൂടി ഞാന്‍ അവളെ ഓര്‍മപ്പെടുത്തി.
''ഇത് സിനിമയാണ്. നാളെ അവസരങ്ങള്‍ കുറഞ്ഞാല്‍, നിന്റെ ഗ്ലാമര്‍ നഷ്ടപ്പെട്ടാല്‍ ആരുമുണ്ടാകില്ല. നിന്റെ നിഴലുകൂടി വഴിമാറി നില്ക്കും. അത് നീ ഓര്‍ക്കുന്നത് നന്നായിരിക്കും.'' അവളുടെ മനസ്സില്‍ ഭയവും ഭീതിയും മിന്നിമറയുന്നത് ഞാന്‍ കണ്ടു. ''നീ വിഷമിക്കാന്വേണ്ടി പറഞ്ഞതല്ല. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. ഇനിയെങ്കിലും നീ നിന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ചില്ലെങ്കില്‍ നിന്റെ ജീവിതം വല്ലാത്ത ഒരു ട്രാജഡിയായിരിക്കും.'' അപ്പോഴേക്കും അസോസിയേറ്റ് ഡയറക്ടര്‍ അങ്ങോട്ടേക്ക് കടന്നുവന്നു. ''ഷോട്ട് റെഡി.''
അവള് പതുക്കെ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. ''സാറിന് പോകാന്‍ തിടുക്കമുണ്ടോ?'' ''എന്താണ്?'' ''എനിക്ക് സാറിനോട് ഒരു പ്രത്യേകകാര്യം പറയാനുണ്ട്. രണ്ട് ഷോട്ടുകൂടി എടുത്തുകഴിഞ്ഞാല്‍ ഞാന്‍ ഉടനെ വരാം, പ്ലീസ് സാര്‍.'' സ്മിത അങ്ങനെ പറഞ്ഞപ്പോള്‍ എന്താണ് കാര്യമെന്നുകൂടി കേട്ടിട്ട് പോകാമെന്ന് കരുതി ഞാന്‍ മുറിയില്‍തന്നെ ഇരുന്നു.
അവള് പതിനഞ്ചുമിനിറ്റിനകംതന്നെ തിരിച്ചുവന്നു. അവളെ കണ്ടപ്പോള്‍തന്നെ ഞാന്‍ തിരക്കുകൂട്ടി. ''നിനക്ക് എന്താണ് പറയാനുണ്ടെന്ന് പറഞ്ഞത്? വേഗം പറയൂ, എനിക്ക് ഒരിടംവരെ പോകാനുണ്ട്.'' ''സാര്‍ ഇരിക്കൂ, ഞാന്‍ പറയാം.'' അവള് എന്റെ അരികിലായി ഇരുന്നു. ''ഗ്ലാമര്‍ റോളുകള്‍ ചെയ്തുചെയ്ത് മടുത്തു സാര്‍. എനിക്ക് മലയാളത്തിലെങ്കിലും അഭിനയപ്രാധാന്യമുള്ള നല്ല വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്. സാര്‍ വിചാരിച്ചാല്‍ അത് നടക്കും. സാര്‍ അടുത്ത് ചെയ്യാന്‍പോകുന്ന സിനിമയില്‍ എനിക്ക് നല്ലൊരു വേഷം തരണം. ഇതെന്റെ ഒരു റിക്വസ്റ്റാണ്.'' അവള് പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി.
''നോക്കട്ടെ, നിനക്ക് ഭാഗ്യമുണ്ടെങ്കില്‍ നിന്റെ മോഹങ്ങള്‍ പൂവണിയും'' എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ വേഗംതന്നെ എഴുന്നേറ്റു. കാറില്‍ വീട്ടിലേക്ക് വരുമ്പോള്‍ അടുത്തതായി ചെയ്യാന്‍പോകുന്ന 'തുമ്പോളി കടപ്പുറ'ത്തിലെ രണ്ട് നായികമാരിലെ ഒരാളുടെ വേഷം സ്മിതയ്ക്ക് കൊടുത്താലോ എന്ന് ചിന്തിച്ചു. അപ്പോള്‍തന്നെ സംവിധായകന് ജയരാജിനെ വിളിച്ചു. ഞാന്‍ പറഞ്ഞതുകൊണ്ടാണോ എന്തോ ജയരാജ് എതിരഭിപ്രായമൊന്നും പറഞ്ഞില്ല.
അങ്ങനെയാണ് 'തുമ്പോളി കടപ്പുറ'ത്തിലെ മുക്കുവപ്പെണ്ണായ ക്ലാരയായി സ്മിത വരുന്നത്. റൊമാന്സും പാട്ടും സെന്റിമെന്റ്സുമൊക്കെയുള്ള ആ വേഷം അവള് നന്നായി ചെയ്തു. സലില്‍ ചൗധരി സംഗീതം നല്കിയ ഓളങ്ങളേ ഓളങ്ങളേ എന്ന ഗാനരംഗത്ത് ഏറെ സുന്ദരിയായി തോന്നുകയുംചെയ്തു.
ചിത്രം റിലീസ്ചെയ്ത ദിവസം രാത്രി സ്മിത എന്നെ വിളിച്ചു.
''സാറിന്റെ ക്ലാരയെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. കേരളത്തില്‍നിന്ന് എന്റെ ഫാന്‍സുകാരൊക്കെ വിളിച്ചിട്ട് നല്ല അഭിപ്രായമാണ് പറഞ്ഞത്.
ഇനി എനിക്ക് ഒരു സിംഗിള്‍ ഹീറോയിന്റെ വേഷം തരണം സാര്‍. ഞാന്‍ അടുത്തമാസം എറണാകുളത്ത് വരുമ്പോള്‍ സാറിനെ വന്ന് കണ്ടോളാം.''
പിന്നെ എന്തൊക്കെയോ കുസൃതിത്തരങ്ങളും മണ്ടന്‍ ജോക്കുമൊക്കെ പറഞ്ഞാണ് അവള് ഫോണ്‍ വെച്ചത്. പിന്നീട് അവളെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഒരുദിവസം ആ ദുരന്തവാര്‍ത്ത വരുന്നത്. സില്‍ക്ക് സ്മിത അനന്തതയില്‍ അഭയം തേടിയിരിക്കുന്നു.
(അടുത്തത്: ശ്രീവിദ്യ)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Kaloor Dennis remembers the sweet and innocent Silk Smitha and her tragic life