'അഞ്ച് മിനിറ്റില്‍ കഥ പറയാന്‍ മമ്മൂക്ക പറഞ്ഞു, അഞ്ചുമിനിറ്റില്‍ തീരില്ലെന്ന് ഞാനും'

പ്രിയമുള്ളവരെ, വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം ഞാന്‍ എത്തുകയാണ്... എപ്പോഴും പറയാറുള്ളതുപോലെ പുതിയ ഓരോ സംവിധായകര്‍ക്കും പുതിയതെന്തോ പറയാനുണ്ടാകും.
തീയേറ്ററുകള്‍ ആഘോഷമാക്കുന്ന മമ്മൂട്ടിച്ചിത്രം ബസൂക്കയെക്കുറിച്ച് മമ്മൂട്ടി റിലീസിന് മുന്നോടിയായി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത് ഇപ്രകാരമണ്.
മമ്മൂട്ടി-നവാഗത സംവിധായകര്‍. ഈ കോമ്പോയ്ക്ക് ആരാധകര്‍ ഒരുപാടാണ്. മമ്മൂട്ടിയുടെ പുതുപ്രമേയങ്ങളും പുതിയ പരീക്ഷണങ്ങളും പുതു തിരഞ്ഞെടുപ്പുകളും ഏറെ പ്രതീക്ഷകളുംനല്‍കുന്നു. നവാഗതനായ ഡീനോ ഡെന്നീസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഗെയ്മിങ് ത്രില്ലറായ ചിത്രത്തിന് എങ്ങുമെങ്ങും വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ പല ലെവലുകളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു. ലളിതമായ ലെവലുകളില്‍നിന്നും തുടങ്ങി ഓരോ ഘട്ടം കഴിയുമ്പോഴും ഗെയിമിന്റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുന്നു. ആ വെല്ലുവിളികളെയെല്ലാം ഭേദിച്ച് എല്ലാ ലെവലുകളും കടക്കുന്നയാള്‍ വിജയിക്കുന്നു. മലയാളികള്‍ ഇതുവരെ കണ്ടുപരിയചമില്ലാത്ത തരം മാസ്-സ്റ്റൈലിഷ്-ആക്ഷന്‍ ത്രില്ലര്‍ ചിത്രം തീയേറ്ററില്‍ തന്നെ അനുഭവിച്ചറിയേണ്ടതാണ്. മമ്മൂട്ടിയുടെ ജോണ്‍ സീസര്‍ എന്ന കഥാപാത്രം പ്രകടനംകൊണ്ടും സ്റ്റൈല്‍, മാസ് എന്നിവകൊണ്ടും മുന്നിട്ടുനില്‍ക്കുന്നു. വിശേഷങ്ങള്‍ പങ്കുവെക്കുന്നു സംവിധായകനും തിരക്കഥാകൃത്തുമായ ഡീനോ ഡെന്നീസ്.
ആ ചര്‍ച്ച സിനിമിയിലേക്കുള്ള വഴിതുറന്നു
ആദ്യ സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കാം എന്ന ആഗ്രഹം ഡീനോ ഡെന്നീസിന്റെ സ്വപ്‌നത്തില്‍പോലുമുണ്ടായിരുന്നില്ല. പിന്നീടൊരിക്കല്‍ മമ്മൂക്കയോട് കഥപറയാന്‍ ലഭിച്ച അവസരമാണ് ഡീനോയ്ക്ക് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. ആ ഭാഗ്യത്തെക്കുറിച്ച് ഡീനോ ഡെന്നീസ് പങ്കുവെച്ചു. 'ബസൂക്കയില്‍ യുവനടന്മാരെ നായകരാക്കാം എന്നായിരുന്നു ആദ്യം വിചാരിച്ചത്. രണ്ടുമൂന്ന് അഭിനേതാക്കളെ കാണാനായി ശ്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് ആലോചിച്ചപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ മലയാളസിനിമയില്‍ ഏറ്റവുംകൂടുതല്‍ അനുയോജ്യം മമ്മൂക്കയായി തോന്നി. മമ്മൂക്കയോട് കഥ പറയാനായി ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു. പിന്നീട് കഥപറയാന്‍ അവസരം കിട്ടി. ഒരു അഞ്ച് മിനിറ്റില്‍ കഥ പറയാന്‍ മമ്മൂക്ക പറഞ്ഞു. അഞ്ചുമിനിറ്റില്‍ ഈ കഥ പറയാന്‍ കഴിയില്ല, കുറഞ്ഞ സമയം കൊണ്ട് കഥ മനസ്സിലാവണമെന്നില്ല, തിരക്കഥ മുഴുവന്‍ പറഞ്ഞാലെ മനസ്സിലാവുകയുള്ളൂ, എന്ന് ഞാന്‍ പറഞ്ഞു. അതോടെ കഥ മുഴുവനും പറയാന്‍ മമ്മൂക്ക പറഞ്ഞു. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയായിരുന്നു. ആവശ്യത്തിന് സമയമെടുത്തുകൊണ്ട് സ്‌ക്രിപ്റ്റ് തയ്യാറാക്കിയാല്‍മതിയെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. 2023 ലാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത്. ഏകദേശം മൂന്ന് വര്‍ഷമെടുത്തായിരുന്നു തിരക്കഥ പൂര്‍ത്തിയാക്കുന്നത്. തിരക്കഥയെഴുതാന്‍ അത്രയും സമയം ആവശ്യവുമായിരുന്നു.'
തിരക്കഥ-സംവിധാനം: ഡീനോ ഡെന്നീസ്
രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് മമ്മൂട്ടി ഡീനോയോട് 'നീ തന്നെ സംവിധാനം ചെയ്താല്‍ മതി' എന്നുപറയുന്നത്. അതോടെ തിരക്കഥയുമായി ചെന്ന ഡീനോ സംവിധായകനുമായി മാറുകയായിരുന്നു. അത് സിനിമയിലെ തുടക്കക്കാരന് അത് സ്വപ്‌നം കാണാനാവുന്നതിലുമധികമായിരുന്നെന്ന് ഡീനോ ഡെന്നീസ്. 'സിനിമയിലെത്തണം, തിരക്കഥാകൃത്ത് ആവണം എന്ന ആഗ്രഹവുമായി നടക്കുകയാണ് ഞാന്‍. സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. മമ്മൂക്കയെവെച്ച് ഇത്തരത്തിലൊരു വിഷയം സംവിധാനം ചെയ്യുക എന്നത് തുടക്കക്കാരനെന്ന നിലയില്‍ വലിയ ബുദ്ധിമുട്ടുള്ളതാണ്. ചിന്തിക്കാന്‍പോലും പറ്റാത്ത കാര്യം. മമ്മൂക്കയോട് കഥപറഞ്ഞശേഷം സംവിധായകന്‍ ആരെന്ന് ചോദ്യത്തിന് ഒന്നുരണ്ടുപേരുകള്‍ ഞാന്‍ പറഞ്ഞു. ആയിട്ടില്ല, പിന്നീട് തീരുമാനിക്കം എന്നാണ് മമ്മൂക്ക പറഞ്ഞത്. പിന്നീട് ഒരുദിവസം മമ്മൂക്ക എന്നെ വിളിച്ച് എന്നോടുതന്നെ സിനിമ സംവിധാനം ചെയ്യാന്‍ പറഞ്ഞു. എന്റെ അച്ഛനോടും (തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്) ഇക്കാര്യം പറഞ്ഞു. എനിക്കത് വലിയ ടെന്‍ഷനായി. പ്രൊജക്ട് നടക്കില്ലേ എന്ന ആശങ്കയായിരുന്നു. വേണ്ട, ആദ്യം ഞാന്‍ സ്‌ക്രിപ്റ്റ് ചെയ്‌തോളാം. സംവിധാനം പിന്നീട് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, നീ തന്നെ ചെയ്താല്‍ മതി. നീ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത് എന്ന് മമ്മൂക്ക പറഞ്ഞു. പിന്നീട് ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. അതില്‍ കൂടുതല്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി.'
അതെനിക്ക് ആത്മവിശ്വാസമേകി
തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ രണ്ട് ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാൻ വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെന്നും അത് സംവിധാനംചെയ്യാനുള്ള ആത്മവിശ്വാസം നല്‍കിയെന്നും ഡീനോ പറയുന്നു. 'തിരക്കഥ ഒരുക്കിയത് ഞാന്‍തന്നെ ആയതിനാല്‍ സിനിമയിലെ രംഗങ്ങളും സ്‌ക്രീന്‍പ്ലേയും മറ്റും കൃത്യമായി മനസ്സിലുണ്ടായിരുന്നു. അതിനാല്‍ ഒരോ ഷോട്ടുകളും എങ്ങനെ ചിത്രീകരിക്കണം എന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഓരോ രംഗങ്ങളും ഷോട്ടുകളും എങ്ങനെ ചിത്രീകരിക്കണമെന്നതിനെക്കുറിച്ച് ധാരണയുണ്ടാക്കി. അതായിരുന്നു ആദ്യത്തെ തയ്യാറെടുപ്പ്. സിനിമയുടെ സാങ്കേതികതയിലേക്ക് കൂടുതല്‍ ശ്രദ്ധിച്ചത് ഛായാഗ്രഹകന്‍ നിമിഷ് രവി വരുമ്പോഴാണ്. നിമിഷുമായി ഒരുപാട് ചര്‍ച്ച നടത്തി. ഓരോ രംഗങ്ങളും എങ്ങനെ ചെയ്യാം, അതിന്റെ ആര്‍ട്ട് വര്‍ക്കുകള്‍, ലുക്ക് ബുക്കുകള്‍ തുടങ്ങിയവ എഐയുടെ സഹായത്തോടെ തയ്യാറാക്കി. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പുതന്നെ ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും ധാരണയുണ്ടാക്കി. അത് ഷൂട്ടിന് ഗുണംചെയ്തു. ടെന്‍ഷനുണ്ടെങ്കിലും ഷൂട്ടിങ് ചെയ്യാന്‍ ആത്മവിശ്വാസം കിട്ടി. എല്ലാത്തിനും കൃത്യമായി പ്ലാന്‍ ഉള്ളതിനാല്‍ അത് നടപ്പിലാക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല. സിനിമ തുടങ്ങുന്നതിന് മുന്‍പേ അത്യാവശ്യം സമയം ലഭിച്ചതുകൊണ്ടാണ് എല്ലാം കൃത്യമായി പ്ലാന്‍ ചെയ്യാനായത്. ആദ്യ പ്രൊജക്ട് ആയതുകൊണ്ടുതന്നെ മമ്മൂക്കയുടെ ആദ്യ രംഗം ഷൂട്ട് ചെയ്യുന്നതുവരെ എന്താകുമെന്നതിനെക്കുറിച്ച് വലിയ ടെന്‍ഷനായിരുന്നു. മമ്മൂക്കയെ അധികം ബുദ്ധിമുട്ടിക്കാതെ സ്വസ്ഥമായി ഷൂട്ട് ചെയ്യുക എന്നായിരുന്നു ആഗ്രഹം. ആദ്യ രംഗം ഷൂട്ട് ചെയ്തുകഴിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷംതോന്നി. മമ്മൂക്കയ്ക്ക് ഒറ്റ ടേക്കില്‍തന്നെ ഓക്കെയാവുന്നതും പെട്ടെന്ന് രംഗങ്ങളെല്ലാം ഷൂട്ട് ചെയ്യാനാവുന്നതും എനിക്ക് വലിയ സംതൃപ്തി നല്‍കി.'
സ്വപ്‌നത്തിലേക്കുള്ള യാത്ര
മലയാളത്തിലെ എക്കാലത്തേയും മികച്ച തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഡീനോ ഡെന്നീസ്. സിനിമകളും തിരക്കഥകളും ചര്‍ച്ചയായിരുന്ന കുട്ടിക്കാലം. സിനിമാ സ്വപ്നങ്ങളിലേക്കുള്ള യാത്രയെക്കുറിച്ച് ഡീനോ ഡെന്നീസ് സംസാരിച്ചുതുടങ്ങി. 'എന്റെ കുട്ടിക്കാലത്തായിരുന്നു പപ്പ ഏറ്റവുംകൂടുതല്‍ സിനിമകള്‍ക്ക് തിരക്കഥയെഴുതിയത്. പപ്പയുടെ കരിയറിന്റെ പീക്ക് ടൈം. തുടര്‍ച്ചയായി ഓരോ പ്രൊജക്ടുകള്‍. പപ്പയ്‌ക്കൊപ്പം ജോലി സ്ഥലങ്ങളില്‍ ഞാനും പോകാറുണ്ടായിരുന്നു. സംവിധായകരെയും സാങ്കേതിക വിഭാഗത്തിലുള്ളവരെയും കണ്ടിരുന്നു. വീട്ടിലും ഒരുപാടുപേര്‍ കാണാന്‍ വരാറുണ്ടായിരുന്നു. വീട്ടിലെ ചര്‍ച്ചകളിലെല്ലാം സിനിമയുമുണ്ടായിരുന്നു. ചെറുപ്പംമുതല്‍ക്കെ കാണുന്നതും കേള്‍ക്കുന്നതും സിനിമയാണ്. മുന്‍പും ഞാന്‍ ചെറിയ കഥകളൊക്കെ തയ്യാറാക്കാറുണ്ടായിരുന്നു.
' സിനിമയില്‍ അച്ഛന്‍ നല്‍കിയ പ്രോത്സാഹനത്തെ കുറിച്ചും ഡീനോ പറയുന്നു. 'ബസൂക്കയുടെ കഥ ആദ്യം ചര്‍ച്ച ചെയ്യുന്നത് പപ്പയുമായാണ്. പപ്പയാണ് കഥയെ കൂടുതല്‍ വികസിപ്പിക്കാന്‍ പറയുന്നത്. തിരക്കഥയെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം പപ്പയോട് ചോദിച്ച് മനസ്സിലാക്കി. എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചര്‍ച്ച ചെയ്താണ് ഞാന്‍ തിരക്കഥ എഴുതിത്. എഴുതി പൂര്‍ത്തിയാക്കിയ ശേഷം പപ്പയെ കാണിച്ചു. ഓരോ രംഗങ്ങളും പപ്പ വായിച്ചുനോക്കും. ഞാനുമായി ചര്‍ച്ച ചെയ്യും. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ക്രിയാത്മകമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കുന്നത്. തിരക്കഥയാണ് ഒരു സിനിമയുടെ ഏറ്റവും വലിയ ഘടകം, എന്ന് പപ്പ പറയാറുണ്ടായിരുന്നു. സിനിമയുടെ ദൈര്‍ഘ്യത്തെക്കുറിച്ചും പപ്പ ഉപദേശിച്ചിരുന്നു. തുടക്കത്തില്‍ ഞാന്‍ ഒരുപാട് ദൈര്‍ഘ്യംകൂട്ടി എഴുതാറുണ്ടായിരുന്നു. 'സിനിമയുടെ ദൈര്‍ഘ്യം കൂടിക്കഴിഞ്ഞാല്‍ അത് സിനിമയെ വല്ലാതെ ബാധിക്കും. ആളുകള്‍ക്ക് ബോറടിക്കും. രംഗങ്ങളുടെ ദൈര്‍ഘ്യത്തിലും ശ്രദ്ധവേണം. സിനിമയുടെ ദൈര്‍ഘ്യവും മീറ്ററും മനസ്സില്‍കണ്ടുവേണം എഴുതാന്‍' എന്ന് പപ്പ പറഞ്ഞുതന്നു. സിനിമ ചെയ്യാന്‍ തുടങ്ങിയതോടെ പപ്പ പറഞ്ഞത് ശരിയായിരുന്നു എന്ന് തിരിച്ചറിഞ്ഞു.'
Content Highlights: interview with bazooka movie director and script writer deeno dennis