ബാഴ്‌സലോണയില്‍ പോയി മെസ്സിയുടെ കളി കാണണമെന്ന് അവള്‍ പറഞ്ഞു, പത്താം വര്‍ഷം അത് സാധിച്ചു...

കഥകളി സംഗീതത്തിന്റെ താരാട്ടില്‍ വളര്‍ന്ന കുട്ടി. അവന്റെ സ്വപ്‌നങ്ങളില്‍ സംഗീതമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. പതുക്കെ അവന്‍ സിനിമയിലേക്ക് ചുവടുവച്ചു. തുടക്കം സിനിമയിലായിരുന്നെങ്കിലും അവനെ താരമാക്കിയതും പിന്നീട് കൈപിടിച്ചതും മിനിസ്‌ക്രീനാണ്. അഭിനയത്തിലും ഡബ്ബിങ്ങിലും ഒരുപോലെ തിളങ്ങിയ ശരത് ദാസ് എന്ന മലയാളികളുടെ പ്രിയപ്പെട്ട ശരത് എന്നും എവര്‍ഗ്രീന്‍ കൗമാരക്കാരനാണ്. ജീവിത യാത്രയിലെ കൗതുകങ്ങളെക്കുറിച്ച് അഭിനയവഴിയിലെ പുത്തന്‍ വിശേഷങ്ങളെക്കുറിച്ച് ശരത് മനസ്സുതുറക്കുന്നു.
തേടിവന്ന ' സ്വം
അച്ഛന്‍ വെണ്‍മണി ഹരിദാസ് കഥകളി സംഗീതജ്ഞനായിരുന്നു. അതിനാല്‍ ചെറുപ്പംതൊട്ട് സംഗീതത്തില്‍ എനിക്ക് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ 1993-ല്‍ വളരെ ആകസ്മികമായിട്ടാണ് സിനിമയിലേക്ക് വരുന്നത്. ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയമാണത്. ഒരുദിവസം അച്ഛനെ അന്വേഷിച്ച് സംവിധായകന്‍ ഷാജി എന്‍. കരുണ്‍ വീട്ടിലേക്ക് വന്നു. 'സ്വം' എന്ന തന്റെ പുതിയ സിനിമയിലേക്ക് അച്ഛനെ അഭിനേതാവായി ക്ഷണിക്കാനായിരുന്നു. തിരക്കഥ വായിച്ച നമ്പൂതിരി മാഷാണ് അച്ഛനെ ആ കഥാപാത്രത്തിലേക്ക് നിര്‍ദേശിച്ചത്. അച്ഛനോട് സംസാരിക്കവെ ചിത്രത്തില്‍ മകന്റെ വേഷത്തിനും അനുയോജ്യനായ ആളെ വേണമെന്ന് അവര്‍ പറഞ്ഞു. എന്റെ ഫോട്ടോ കണ്ടപ്പോള്‍ ചേരുമെന്ന് തോന്നി. ആ സമയം ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. കോളേജില്‍ നിന്ന് വരുമ്പോള്‍ നേരിട്ട് കണ്ട് ഒരുഫോട്ടോ എടുത്ത് വരാന്‍ ഫോട്ടോഗ്രാഫര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം ഷാജി സാര്‍ തിരികെ പ്പോയി. അങ്ങനെയാണ് എന്റെ സിനിമാ പ്രവേശനം.
അഭിനയ പരിചയമൊന്നുമില്ലാത്തതിനാല്‍ ഉള്ള് നിറയെ ടെന്‍ഷനും കൊണ്ടാണ് ലൊക്കേഷനിലേക്ക് പോയത്. ഷാജി സാര്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞുതന്നു. ഒരാഴ്ച സെറ്റിലിരുന്ന് എല്ലാം കണ്ടുപഠിച്ചു. എന്നെ വച്ച് ആദ്യം ലോങ് ഷോട്ടുകളാണ് എടുത്തത്. മെല്ലെ ഞാന്‍ ആ ട്രാക്കിലേക്ക് കയറി. ആദ്യ സിനിമ കഴിഞ്ഞതിന് പിന്നാലെ തന്നെ 'സ്വ' മ്മിന്റെ കലാസംവിധായകനായ പത്മകുമാര്‍ സംവിധാനം ചെയ്ത 'സമ്മോഹനം' എന്ന സിനിമയിലേക്ക് വിളിവന്നു. 'എന്ന് സ്വന്തം ജാനകിക്കുട്ടി', 'പത്രം', 'ഇന്ദ്രിയം', 'മധുരനൊമ്പരക്കാറ്റ്' തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു. സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളില്‍ 'പത്ര'ത്തിലെ 'ഇബ്നു' വിനാണ് പ്രശംസ കിട്ടിയത്. ഇന്നും പലരും അതിനെക്കുറിച്ച് പറയാറുണ്ട്.
മിനിസ്‌ക്രീന്‍ വിളിച്ചപ്പോള്‍..
അഭിനയത്തിന് സമാന്തരമായി പഠനവും തുടര്‍ന്നിരുന്നു. ബികോം പൂര്‍ത്തിയാക്കി. സി.എയ്ക്ക് പോയി. അക്കാലത്ത് ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയയോ ടെലിവിഷന്‍ ചാനലുകളോ പുതിയ താരങ്ങള്‍ക്ക് പിന്തുണ നല്‍കാനുണ്ടായിരുന്നില്ല. സിനിമയില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചതുമില്ല. ആ സമയത്താണ് കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ സീരിയലുകളുടെ പ്രളയമുണ്ടാകുന്നത്. നല്ല സീരിയലുകളില്‍ അഭിനയിക്കാന്‍ സാധിച്ചത് കൊണ്ട് ഇന്ന് വരെ ജീവിതത്തില്‍ മറ്റൊരു മേഖലയെ കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല. 'വിലാസിനി' എന്ന കഥയെ ആധാരമാക്കി ശ്രീകുമാരന്‍ തമ്പി സാര്‍ നിര്‍മിച്ച സീരിയലിലായിരുന്നു ആദ്യം അഭിനയിച്ചത്. പിന്നാലെ എം.ടി വാസുദേവന്‍ നായര്‍ നിര്‍മിച്ച 'നാലുകെട്ട്'അടക്കമുള്ള സീരിയലുകളിലേക്ക് വിളിവന്നു. 'മനസ്സ്', 'സ്ത്രീ' എന്നിവയൊക്കെയാണ് ആദ്യ കാലഘട്ടത്തില്‍ ചെയ്ത മെഗാസീരിയലുകള്‍. 'മിന്നുകെട്ട്', 'സ്വാമി അയ്യപ്പന്‍', 'ശ്രീ മഹാഭാഗവതം', 'ഹരിചന്ദനം', 'പട്ടുസാരി' തുടങ്ങി നിരവധി സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. ആള്‍ക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് 'ഭാഗവതത്തി'ലെ ശ്രീകൃഷ്ണന്റെ വേഷമാണ്. ഇപ്പോഴും പലരും കണ്ടാല്‍ ആദ്യ അതിനെ കുറിച്ചാണ് സംസാരിക്കുന്നത്. 'ഭ്രമണ'ത്തിലെ രവി അങ്കിള്‍ എന്ന വില്ലന്‍ കഥാപാത്രം അതുപോലെ ഏറെ ചര്‍ച്ചയായ ഒന്നാണ്. അതിന്റെ പേരില്‍ ഒരുപാട് ട്രോളുകള്‍ വന്നുവെങ്കിലും ഞാന്‍ ആ കഥാപാത്രം ഏറെ ആസ്വദിച്ചു. 'അങ്ങാടിപ്പാട്ട്' എന്ന സീരിയലില്‍ കൃഷ്ണനുണ്ണി എന്നൊരു കഥാപാത്രം ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഓട്ടന്‍തുള്ളല്‍ കലാകാരന്‍. കലാപാരമ്പര്യമുള്ളതുകൊണ്ട് ആ കഥാപാത്രം വളരെ മികച്ച രീതിയില്‍ ചെയ്യാനായി. 'ബാലനും രമയും' ആണ് ഏറ്റവും പുതിയ സീരിയല്‍.
കൈയടി നല്‍കിയ ഇബ്‌നു..
സിനിമയില്‍ ആദ്യമായി കൈയടി കിട്ടിയത് 'പത്ര'ത്തിലാണ്. പല തിയേറ്ററുകളിലും ചെന്ന് വീണ്ടും സിനിമ കണ്ട് ആ കൈയടി ആസ്വദിച്ചിട്ടുണ്ട്. പടം കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി നില്‍ക്കും. അപ്പോള്‍ ആള്‍ക്കാരെല്ലാം ചുറ്റുംകൂടി പരിചയപ്പെടും. സിനിമ നമ്മളെ അന്വേഷിച്ച് വരില്ല, മറിച്ച് നമ്മള്‍ സിനിമയ്ക്ക് പിന്നാലെ ചെല്ലണം. സീരിയലിലെ തിരക്കുകള്‍ കാരണം ഞാന്‍ പലപ്പോഴും ആ തേടല്‍ നടത്തിയിട്ടില്ല. എനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിന്റെ കാരണം അതാകാം. എന്നാല്‍ കൈ നിറയെ സീരിയലുകള്‍ കിട്ടി. അതില്‍ സന്തുഷ്ടനാണ്. 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമ യില്‍ ഒരു ഡോക്ടര്‍ കഥാപാത്രം ചെയ്തിട്ടുണ്ട്. സംവിധാനം, സംഗീത സംവിധാനം എന്നിവ ഏറെ താത്പര്യമുള്ള മേഖലകളാണ്. അതില്‍ സംഗീത സംവിധാനത്തിലേക്ക് ഈ വര്‍ഷം ചുവടുവയ്ക്കും.
തിളങ്ങുന്ന ശബ്ദം...
കമല്‍ സാര്‍ സംവിധാനം ചെയ്ത 'മധുരനൊമ്പരക്കാറ്റി'ല്‍ ഞാനൊരു കഥാപാത്രം ചെയ്തിരുന്നു. അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത സിനിമയായിരുന്നു 'നമ്മള്‍'. പുതുമുഖങ്ങളായിരുന്നു ആ സിനിമയില്‍ ഭൂരിഭാഗവും. സിദ്ധാര്‍ഥ് ഭരതന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ കമല്‍ സാര്‍ എന്നെ വിളിച്ചു. അതാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള ആദ്യ വര്‍ക്ക്. അന്ന് അന്യഭാഷകളില്‍ നിന്നുള്ള ഒരുപാട് നായകന്മാര്‍ മലയാള സിനിമയില്‍ അഭിനയിച്ചിരുന്നു. അവര്‍ക്ക് നല്ല രീതിയില്‍ മലയാളം ഉച്ചരിക്കാനാകാത്തത് കൊണ്ട് ഡബ്ബിങ്ങിന്റെ വസന്തകാലമായിരുന്നു അന്ന്. നൂറിലധികം സിനിമകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. എന്റെ കരിയറില്‍ ലഭിച്ച രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഡബ്ബിങ്ങിനാണ്. 'അച്ചുവിന്റെ അമ്മ', 'ഇടവപ്പാതി' എന്നീ സിനിമകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ശബ്ദം ഏതൊരു മനുഷ്യന്റെയും ഐഡന്റിറ്റിയാണ്. ഒരിക്കല്‍ ഒരുകടയില്‍ ചെന്നപ്പോള്‍ കണ്ണ് കാണാത്തൊരു കുട്ടി അവിടെ ഇരിക്കുന്നുണ്ട്. ഞാന്‍ കടക്കാരനോട് സാധനം ചോദിച്ചപ്പോള്‍ ആ കുട്ടി പെട്ടെന്ന് ശബ്ദം തിരിച്ചറിഞ്ഞ് ശരത്തേട്ടനല്ലേ എന്ന് ചോദിച്ചു.
ഹാപ്പി ഫാമിലി..
ഭാര്യ മഞ്ജു ഡോക്ടറാണ്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സീനിയര്‍ ഓഡിയോളജിസ്റ്റാണ്. അമ്മ സരസ്വതി ഹരിദാസ്. വേദ ശരത്ത്, ധ്യാന ശരത്ത് എന്നിങ്ങനെയാണ് മക്കളുടെ പേര്. മൂത്തയാള്‍ക്ക് സംഗീതത്തിലും രണ്ടാമത്തെ ആള്‍ക്ക് അഭിനയത്തിലുമാണ് താത്പര്യം. ഗുജറാത്തില്‍ മൃണാളിനി സാരാഭായിയും മല്ലികാ സരാഭായിയും ചേര്‍ന്ന് നടത്തിയ 'കലാദര്‍പ്പണ'യിലായിരുന്നു അച്ഛന്‍. വിവാഹം കഴിഞ്ഞ ശേഷം തിരുവനന്തപുരത്ത് 'മാര്‍ഗ്ഗി' എന്ന കഥകളി പാഠശാലയില്‍ സംഗീതാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അങ്ങനെ ഞങ്ങള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. കലാകാരനെന്ന നിലയില്‍ എന്റെ വളര്‍ച്ചയ്ക്ക് തിരുവനന്തപുരം ഏറെ സഹായിച്ചിട്ടുണ്ട്. പത്മനാഭന്റെ മണ്ണാണ്, ആ അനുഗ്രഹം എപ്പോഴുമുണ്ട്.
മെസ്സിയെ നേരിട്ട് കാണാന്‍..
ഷോകളുടെ ഭാഗമായി അമേരിക്ക, സിംഗപ്പൂര്‍, ദുബായ് അടക്കം നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വിവാഹശേഷം ഏറ്റവും ആസ്വദിച്ച യാത്ര സ്പെയിനിലേക്കായിരുന്നു. ഭാര്യ കടുത്ത മെസ്സി ആരാധികയാണ്. ബാഴ്സലോണയിലെ ക്യാമ്പ്നൗവില്‍ പോയി മെസ്സിയുടെ കളി നേരിട്ട് കാണണം എന്ന് അവള്‍ പറഞ്ഞു. അതിനുവേണ്ടി കാശ് സമ്പാദിച്ച് കാത്തിരുന്ന് പത്താം വര്‍ഷം ഞങ്ങളത് സാധിച്ചു. ക്യാമ്പ് നൗ സ്റ്റേഡിയത്തിലിരുന്ന് മെസ്സിയുടെ കളി കണ്ടു. അത് മറക്കാനാവില്ല.
ശരത് കഥ തുടരവേ ക്യാമറ സജ്ജമായി. ശേഷം സ്‌ക്രീനില്‍.
Content Highlights: Interview With Actor Sarath Das based On hIs acting Career