കറുത്തമ്മാ..കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാന്‍ കഴിയുമോ ? മധുസാറിന് ലഭിക്കുന്ന അംഗീകരമാണ് ആ ഡയലോഗ്

മധുവും ഷീലയും
മധുവും ഷീലയും

'സന്തോഷത്തിലും സങ്കടത്തിലും കൂടെയുണ്ടാവും. വാക്കുകൊണ്ടുപോലും സൗഹൃദങ്ങളില്‍ ഒരകല്‍ച്ച അദ്ദേഹം സൃഷ്ടിക്കില്ല''. മധുവുമായുള്ള അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന സൗഹൃദത്തിന്റെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഓര്‍ക്കുകയാണ് ഷീല

സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവില്‍, സത്യന്‍ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'യുടെ ലൊക്കേഷനിലേക്ക് കടന്നുചെല്ലുമ്പോഴാണ് ആ ശബ്ദം വീണ്ടും എന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയത്:
''കറുത്തമ്മാ... കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാന്‍ കഴിയുമോ?'' ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഷൂട്ടിങ് കാണാനെത്തിയ പയ്യന്‍മാരിലൊരാളാണ് ആ ഡയലോഗ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത്. അത് വലിയൊരു കോംപ്ലിമെന്റാണ്. കഥാപാത്രങ്ങളിലൂടെ നടനെ ഓര്‍ക്കുകയെന്നത്. മധുസാറിന് ലഭിക്കുന്ന ഒരംഗീകാരമായി ഞാനതിനെ കാണുന്നു. പല സംഭാഷണത്തിനിടയ്ക്കും 'ചെമ്മീനി'ലെ പരീക്കുട്ടിയെക്കുറിച്ച് സാര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ അഡ്രസ് ഒന്നുകൊണ്ടുമാത്രമാണ് താന്‍ ഇന്നും സിനിമാഫീല്‍ഡില്‍ നില്‍ക്കുന്നതെന്നൊക്കെ തമാശയായി മധുസാര്‍ പറയാറുണ്ട്. 
ഞാനും മധുസാറും ഏതാണ്ട് പത്തുനാല്‍പത്തിയഞ്ചോളം ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചുവെന്നാണ് എന്റെ ഓര്‍മ. 1963-ല്‍ പുറത്തുവന്ന 'മൂടുപട'മാണ് ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച് റിലീസായ സിനിമ. ചന്ദ്രതാരയുടെ ബാനറില്‍ പരീക്കുട്ടി സാഹിബ് നിര്‍മിച്ച് രാമു കാര്യാട്ട് സംവിധാനംചെയ്ത 'മൂടുപടം' അക്കാലത്തെ വലിയൊരു ഹിറ്റ് ചിത്രമായിരുന്നു. ഷീല എന്ന നായികയെയും മധുവെന്ന നടനെയും മലയാളികള്‍ ഏറ്റുവാങ്ങിയ ഒരു ചിത്രമെന്ന സവിശേഷതയും ആ ചിത്രത്തിനുണ്ട്. ഞങ്ങളുടെ വളര്‍ച്ചയുടെ ഗതി നിര്‍ണയിച്ചൊരു ചിത്രമെന്നുംകൂടി പറയാം. സത്യന്‍, പ്രേംനസീര്‍ എന്നീ രണ്ട് നായകന്മാരായിരുന്നു അന്നത്തെ പ്രമുഖതാരങ്ങള്‍. അവര്‍ക്കിടയിലേക്ക് മറ്റൊരു നായകന്‍കൂടി കടന്നുവരുകയായിരുന്നു. മലയാളത്തിന് ലഭിച്ച ആ രണ്ട് വലിയ നടന്മാരും ജന്മംകൊണ്ട് തിരുവനന്തപുരംകാരായിരുന്നു. മൂന്നാമനായെത്തിയ മധു എന്ന മെലിഞ്ഞ് നീണ്ടുയരമുള്ള നടനും തിരുവനന്തപുരംകാരന്‍തന്നെയായി എന്നത് മറ്റൊരു ചരിത്രം.

ഒരുപാട് കഥാപാത്രങ്ങളെ മനോഹരമായി എനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞത് സത്യന്‍മാഷിന്റെയും നസീര്‍സാറിന്റെയും മധുസാറിന്റെയുമൊക്കെ സപ്പോര്‍ട്ടിങ് ഒന്നുകൊണ്ടുമാത്രമാണ്. മധുസാറിനെ ഓര്‍ക്കുമ്പോള്‍ പരീക്കുട്ടിയും ഷീലയെ ഓര്‍ക്കുമ്പോള്‍ കറുത്തമ്മയും പ്രേക്ഷകന്റെ മനസ്സില്‍ തെളിയുന്നത് ആ കഥാപാത്രങ്ങളുടെ ശക്തികൊണ്ടുതന്നെയാണ്. പ്രണയവും വിരഹവും ദുരന്തവും നിറഞ്ഞ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും ജീവിതം മധുസാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. മലയാളസിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രമായിരുന്നു 'ചെമ്മീന്‍'. തകഴിയുടെ വിശ്വപ്രസിദ്ധ നോവലിന്റെ ചലച്ചിത്രാവിഷ്‌കരണം, രാമു കാര്യാട്ടിന്റെ സംവിധാനം, ഇസ്മായില്‍ സേട്ടെന്ന കൊച്ചുപയ്യന്‍ നിര്‍മിച്ച ചിത്രം, മാര്‍ക്കസ് ബര്‍ട്ട്‌ലി എന്ന വിദേശ ഛായാഗ്രാഹകന്റെ ക്യാമറ, ഋഷികേശ് മുഖര്‍ജി എഡിറ്റിങ് നിര്‍വഹിച്ച ആദ്യമലയാള ചിത്രം... അങ്ങനെ ഒരുപാട് സവിശേഷതകള്‍ നിറഞ്ഞ 'ചെമ്മീനി'ലെ നായകനായി അഭിനയിച്ച്, മലയാളിമനസ്സുകളില്‍ അത്യുന്നതസ്ഥാനം നേടിയെടുക്കാന്‍ മധുസാറിന് കഴിഞ്ഞത്, ഒരുപക്ഷേ കാലം കാത്തുവെച്ച നിയോഗമായിരിക്കാം. ആ നിയോഗത്തില്‍ ഒരെളിയ പങ്ക് ഞാനും നിര്‍വഹിച്ചുവെന്നത് ഉള്‍പ്പുളകത്തോടെ ഞാന്‍ സ്മരിക്കുന്നു. ഇത്തിരിപ്പോന്ന മലയാളസിനിമയില്‍നിന്ന് ദേശീയാംഗീകാരത്തിന്റെ തിളക്കവുമായി 'ചെമ്മീന്‍' ലോകചലച്ചിത്രവിഹായസ്സിലേക്കുതന്നെ പറന്നുയര്‍ന്നു. സ്വാഭാവികമായും ആ ചിത്രത്തിന്റെ നായകനും നായികയും പ്രേക്ഷകമനസ്സുകളെ കീഴടക്കുകതന്നെ ചെയ്യുമല്ലോ. അങ്ങനെ മധു -ഷീല എന്നൊരു താരജോഡിതന്നെ മലയാളിപ്രേക്ഷകന്റെ മനസ്സില്‍ ഇടംതേടുകയായിരുന്നു. ഒട്ടേറെ വിജയചിത്രങ്ങളിലും പരാജയചിത്രങ്ങളിലും ഞങ്ങളുടെ ആ ജോഡി തുടരുകയുണ്ടായി. 'മാന്യശ്രീ വിശ്വാമിത്രനി'ലൂടെയാണ് മധു എന്ന സംവിധായകന്റെ കഴിവ് ഞാന്‍ ശരിക്കും അറിയുന്നത്. ഞാന്‍ ആദ്യം സംവിധാനംചെയ്ത 'യക്ഷഗാന'ത്തില്‍ മധുസാറിനും അഭിനയിക്കാന്‍ കഴിഞ്ഞിരുന്നു. 

അഭിനയരംഗത്തുമാത്രമായി തളച്ചിടപ്പെട്ട വ്യക്തിയായിരുന്നില്ല മധുസാര്‍. നിര്‍മാതാവ്, എഴുത്തുകാരന്‍, സ്റ്റുഡിയോ ഉടമ, സംവിധായകന്‍ എന്നീനിലകളില്‍ സിനിമയില്‍ തന്റെ സാന്നിധ്യം തെളിയിച്ച വ്യക്തികൂടിയാണ് അദ്ദേഹം. സാധാരണ ഇത്തരം രംഗങ്ങളില്‍ തിളങ്ങുന്ന വ്യക്തിക്ക് തലക്കനവും സ്വാഭാവികമാണ്. മധുസാറിന് അതൊട്ടുമില്ല. അതിനൊരുദാഹരണം പറയാം. 1975- ലാണെന്ന് തോന്നുന്നു. അഭിനേത്രിയായി നില്‍ക്കുന്ന സമയത്ത് ഒരു തമിഴ് പത്രപ്രവര്‍ത്തകനായ മതിയൊളി ഷണ്‍മുഖത്തിനൊരാഗ്രഹം, ഒരു മലയാളചിത്രം നിര്‍മിക്കണമെന്ന്, ആ ചിത്രം ഞാന്‍തന്നെ സംവിധാനംചെയ്യണമെന്നും. ഒരു വനിതാ ഡയറക്ടര്‍ മലയാളസിനിമയില്‍ ഇല്ലാതിരുന്ന കാലം. ആ മേലങ്കി എനിക്കൊന്നണിയണമെന്നൊരു മോഹവുംകൂടിയുണ്ടായിരുന്നു. ആ പ്രോജക്ട് സഫലമായി. നായകനായി മധുസാറിനെ ക്ഷണിച്ചു. അന്നത്തെ ഏറെ തിരക്കുള്ള നായകസംവിധായകന്‍ കൂടിയായിരുന്നു മധുസാര്‍. എന്നിട്ടും മറ്റു ചോദ്യമൊന്നുമില്ലാതെ അദ്ദേഹം കാള്‍ഷീറ്റ് തന്നു. 'പ്രിയ' എന്ന ചിത്രം സംവിധാനംചെയ്ത് വിജയംകണ്ട് നല്ലൊരു സംവിധായകന്‍ എന്നനിലയില്‍ മധുസാര്‍ അംഗീകരിക്കപ്പെട്ട അവസരംകൂടിയായിരുന്നു അത്. സെറ്റില്‍ വന്നാല്‍ എന്നെ കേറിഭരിച്ചുകളയുമോ എന്ന് ഞാന്‍ സ്വാഭാവികമായും സംശയിക്കാതിരുന്നില്ല. സെറ്റിലെത്തിയ മധുസാര്‍ ഒരു കൊച്ചുപയ്യനെപ്പോലെ, ഒരു തുടക്കക്കാരന്റെ നിഷ്‌കളങ്കതയോടെ സംവിധായികയായ എന്റെ നിര്‍ദേശങ്ങള്‍ വളരെ കൂളായി അനുസരിക്കുകയായിരുന്നു. സത്യത്തില്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ഏതാനും ദിവസത്തെ ചിത്രീകരണത്തിനുശേഷം പതിയെ എന്റെ സംശയം പറഞ്ഞു. അതിനദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഞാനിന്നും ഓര്‍മ്മിക്കുന്നു: ''എന്നെ അഭിനയിക്കാനാണ് ഷീലാമ്മ ബുക്കുചെയ്തത്. അഭിനയിക്കുക മാത്രമാണ് എന്റെ കടമ. ഞാനത് ചെയ്യുന്നു, അത്രേയുള്ളൂ.'' അതാണ് മധു എന്ന വലിയ നടന്റെ മഹത്ത്വം.

'യക്ഷഗാനം' മധുവാണ് സംവിധാനംചെയ്തതെന്നും ഷീലയ്ക്ക് വലിയ റോളൊന്നുമുണ്ടായിരുന്നില്ലെന്നും പുറത്തൊരു കഥ പരന്നു. അതിന് മധുസാര്‍ പത്രങ്ങളിലൂടെ ശക്തിയായി നിഷേധക്കുറിപ്പുതന്നെ നല്‍കുകയുണ്ടായി. സഹപ്രവര്‍ത്തകരെ ഒരുതരത്തിലും നോവിക്കാതെയുള്ള പെരുമാറ്റമാണ് മധുസാറിന്റെ സവിശേഷതകളിലൊന്ന്. സിനിമയെ സ്‌നേഹിക്കുക, ബഹുമാനിക്കുക, സിനിമയില്‍നിന്നുണ്ടാക്കിയത് സിനിമയ്ക്കും നല്‍കുക എന്നൊക്കെയുള്ള വിശ്വാസപ്രമാണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന അപൂര്‍വം ചില ചലച്ചിത്രപ്രതിഭകളിലൊരാളാണ് മധുസാര്‍. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് മധുസാറിന് പത്മശ്രീ പുരസ്‌കാരം കിട്ടിയെന്നറിഞ്ഞപ്പോള്‍ വാസ്തവത്തില്‍ സന്തോഷമല്ല, ഞെട്ടലാണ് എനിക്കുണ്ടായത്. പത്മഭൂഷണോ പത്മവിഭൂഷണോ കിട്ടേണ്ട ഒരു മഹാപ്രതിഭയെ കേവലം പത്മശ്രീ കൊടുത്താദരിക്കുന്നതിലെ ഔചിത്യത്തെ ന്യായീകരിക്കാന്‍ എനിക്കാവുന്നില്ല എന്നതാണ് സത്യമെങ്കിലും, അതെങ്കിലും ലഭ്യമായല്ലോ എന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. അംഗീകാരമെന്നത് പിടിച്ചെടുക്കുന്നതോ വിലകൊടുത്തുവാങ്ങുന്നതോ ആയ ഒന്നല്ല. ഒരു വ്യക്തി തന്റെ കര്‍മരംഗത്ത് അര്‍പ്പിക്കപ്പെടുമ്പോള്‍, ആ മണ്ഡലത്തില്‍ നിന്നുകൊണ്ട്, പൊതുസമൂഹവുമായി ഇഴചേര്‍ന്ന്, കൈകോര്‍ത്തുള്ള മഹാപ്രയാണത്തില്‍, ആ സമൂഹം ആ വ്യക്തിക്കു നല്‍കുന്ന ആദരം ചില ഘട്ടങ്ങളില്‍ അമ്പരപ്പിക്കുന്ന അവസ്ഥയിലെത്തുമ്പോള്‍, ആ വ്യക്തി ആ സമൂഹത്തിന്റെതന്നെ മനഃസാക്ഷി കൈയിലെടുക്കുക സ്വാഭാവികമാണ്. മധുസാര്‍ മലയാളിസമൂഹത്തിന്റെ മനഃസാക്ഷി കൈയിലെടുത്ത മഹാപ്രതിഭതന്നെയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ചിന്തയുടെയോ ഓര്‍മയുടെയോ ഏതെങ്കിലുമൊരംശത്തില്‍നിന്ന് മാറ്റിനിര്‍ത്താനാവാത്തവിധം ദൃഢമാക്കിയെടുത്ത്, തന്റെ പ്രയാണം ആ സമൂഹത്തെ കൈപിടിച്ചുകൊണ്ടുതന്നെ കരുതലോടെ മുന്നേറുക എന്നൊരു അസാധ്യമായ പ്രവൃത്തിയില്‍ അദ്ദേഹം രചിച്ചിരിക്കുന്നത്, കാലത്തിന് മായ്ക്കാന്‍ കഴിയാത്ത ഒരു ചരിത്രംതന്നെയാണ്. ജീവിതത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ആളാണ് മധുസാര്‍. സഹപ്രവര്‍ത്തകരുടെ സന്തോഷത്തിലും വേദനയിലും എപ്പോഴും അദ്ദേഹമുണ്ടാവും. വാക്കുകൊണ്ടുപോലും സൗഹൃദങ്ങളില്‍ ഒരകല്‍ച്ച അദ്ദേഹം സൃഷ്ടിക്കില്ല. അന്‍പതു വര്‍ഷമായുള്ള ഞങ്ങളുടെ സൗഹൃദം ഇന്നും തുടരുന്നു. അമ്പത്തിയെട്ട് വര്‍ഷമായി അഭിനയരംഗത്ത് നിലനില്‍ക്കുന്ന ആ മഹാനടന്‍  ഇനിയുമേറെക്കാലം കഥാപാത്രങ്ങളായി സിനിമയിലുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Content Highlights: indian actress sheela remebering actor madhu chemmeen movie