എനിക്ക് മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം വീണ്ടും സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്-മധുബാല

മധുബാല
മധുബാല

മധു എന്ന അഭിനേത്രിയെ ഓര്‍ക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. മധുബാല എന്ന പേരാണ് നമുക്കേറെ പരിചയം. 'റോജ', 'ജന്റില്‍മെന്‍' തുടങ്ങി ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍.  'ഇരുവറി'ലെ 'നറുമുഗയേ' എന്ന ഗാനത്തില്‍ പുരാണത്തിലെ ശകുന്തളയുടെ സങ്കല്പത്തിന് ജീവന്‍നല്‍കിയ പ്രതിഭ. അതിരപ്പിള്ളിയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനൊപ്പം മധുബാല ചുവടുവച്ച  ഈ ഗാനം സംഗീത പ്രേമികളുടെ ഹൃദയത്തില്‍ കുടിയേറിയിട്ട് 27 വര്‍ഷമായി. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും അഭിനയത്തോടുള്ള അടങ്ങാത്ത മോഹവുമായി തിരിച്ചെത്തി. പിന്നീട് വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകള്‍ ചെയ്തു. എം.ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ 'മനോരഥങ്ങള്‍' എന്ന ആന്തോളജി ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും. എം.ടിയുടെ മകള്‍ അശ്വതി വി. നായര്‍ സംവിധാനം ചെയ്ത'വില്‍പ്പന' എന്ന കഥയിലാണ് മധുബാല വേഷമിട്ടത്. ആസിഫ് അലിയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം. കരിയറിന്റെ ആദ്യകാലത്ത് മലയാള സിനിമകളിലൂടെ ശ്രദ്ധനേടിയ നടി, അഭിനയജീവിതം  മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മികച്ച വേഷങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്...

എം.ടിയുടെ കഥാപാത്രമായി മലയാളത്തിലേക്ക് വീണ്ടും മടങ്ങിയെത്തിയിരിക്കുന്നു, പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
വാക്കുകള്‍ക്ക് അതീതമാണ് എന്റെ സന്തോഷം. മലയാളസിനിമ ഒരിക്കലും എനിക്ക് അന്യമായിരുന്നില്ല. എന്റെ ആദ്യകാലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവയില്‍ മലയാളസിനിമകളുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇങ്ങനെയൊരു പ്രോജക്ടിന്റെ ഭാഗമാകാന്‍ സാധിച്ചതാണ് ഇരട്ടി മധുരം നല്‍കുന്നത്. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സാഹിത്യപ്രതിഭയാണ് എം.ടി. സാര്‍. അദ്ദേഹത്തിന്റെ കഥകള്‍ പറയുന്ന ഒരു ആന്തോളജിയുടെ ഭാഗമാകുക എന്നത് അനുഗ്രഹമാണ്. ഇങ്ങനെയൊരു മടങ്ങിവരവ് ഭാഗ്യമാണ്. എം.ടി. സാറിന്റെ മകള്‍ അശ്വതി വി. നായര്‍തന്നെ സംവിധാനം ചെയ്യുന്നുവെന്നതാണ് 'വില്‍പ്പന' എന്ന സിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ ആകര്‍ഷണം. അശ്വതി മികച്ച സംവിധായികയാണ്.

അവര്‍ക്ക് കൂടുതല്‍ സിനിമകള്‍ ചെയ്യാനാകട്ടെ എന്ന് ആശംസിക്കുന്നു. അതുപോലെ മലയാള സിനിമയിലെ യുവതലമുറയിലെ ഏറ്റവും  മികച്ച അഭിനേതാക്കളിലൊരാളാണ് ആസിഫ് അലി. നല്ല വിനയമുള്ള എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന ഹ്യൂമര്‍ സെന്‍സുള്ള വ്യക്തികൂടിയാണ്. അദ്ദേഹത്തോടൊപ്പമുള്ള അനുഭവവും മനോഹരമായിരുന്നു. ഞാനൊരു കമേഴ്‌സ്യല്‍ സിനിമാ ആര്‍ട്ടിസ്റ്റാണ്. നായികയായി അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് ഒരുപാട് നൃത്തരംഗങ്ങളും മാസ് ഹീറോകളുമുള്ള ബിഗ് ബജറ്റ് സിനിമകളാണ് ചെയ്തത്. അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് 'വില്‍പ്പന'. എം.ടി സാറിന്റെ ഈ കഥ ലളിതമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും വളരെ വൈകാരികമായ, ആഴത്തിലുള്ള പ്രമേയമാണ്. ഒരൊറ്റദിവസം നടക്കുന്ന കഥയാണ്. ഒരു വീടിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട കഥ. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന സിനിമകൂടിയാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ കംഫര്‍ട്ട് സോണില്‍നിന്ന് പുറത്ത് കടക്കേണ്ടിവന്ന കഥാപാത്രമായിരുന്നു 'വില്‍പ്പന'യിലേത്. ഇതുപോലുള്ള സിനിമകളാണ് എന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നത്. അത് മലയാളത്തില്‍ത്തന്നെ സംഭവിച്ചതില്‍ അഭിമാനമുണ്ട്. അതിലുപരി ഒരു വനിതാ സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലും. പുതിയ തലമുറയില്‍ ഒരുപാട് പെണ്‍കുട്ടികള്‍ സംവിധാനരംഗത്തേക്ക് വരുന്നുണ്ട്. ഇനിയും ഒരുപാട് പേര്‍ വരേണ്ടതുണ്ട്.

മലയാളവുമായുള്ള  വൈകാരിക അടുപ്പം ഇന്നും സൂക്ഷിക്കുന്നുണ്ടെന്നാണോ...?
തീര്‍ച്ചയായും. എന്റെ കരിയര്‍ തുടങ്ങുന്നത് മമ്മൂക്കയ്‌ക്കൊപ്പമാണ്. കെ ബാലചന്ദര്‍ സാറിന്റെ 'അഴകന്‍' എന്ന സിനിമയില്‍. അന്നുമുതല്‍ തുടങ്ങിയതാണ് മലയാള സിനിമയുമായുള്ള അടുപ്പം. നല്ല ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുംകഴിഞ്ഞു. മുന്‍പ് മലയാള സിനിമകള്‍ കാണാറുണ്ടെങ്കിലും മമ്മൂക്കയെപ്പോലെ ഒരു മഹാനടന്റെ സിനിമയില്‍ത്തന്നെ തുടങ്ങിയത് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ കാര്യമാണ്. അദ്ദേഹം അന്നുതന്നെ മലയാളത്തിലെ സൂപ്പര്‍താരമാണ്. അദ്ദേഹത്തില്‍നിന്നാണ് മലയാള സിനിമയുടെ രീതികളൊക്കെ എനിക്ക് മനസ്സിലാകുന്നത്. 

അതേവര്‍ഷംതന്നെ ടി.കെ. രാജീവ് കുമാര്‍ സാറിന്റെ 'ഒറ്റയാള്‍ പട്ടാളം' എന്ന സിനിമയില്‍ മുകേഷിനൊപ്പം അഭിനയിച്ചു. പിന്നീടും കമല്‍ സാറിന്റെ ചിത്രത്തില്‍ മുകേഷിനൊപ്പം അഭിനയിച്ചു. അതിനുശേഷമാണ് സംഗീത് ശിവന്‍ സാറിന്റെ 'യോദ്ധ'യില്‍ ലാലേട്ടനൊപ്പം (മോഹന്‍ലാല്‍) അഭിനയിക്കുന്നത്. ചുരുക്കത്തില്‍ എന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരുപിടി മലയാള സിനിമകളില്‍ അഭിനയിക്കാന്‍കഴിഞ്ഞു.

മലയാള സിനിമ മുന്‍പത്തെക്കാള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കാലഘട്ടമാണിത്. അത്തരം ചര്‍ച്ചകള്‍ ശ്രദ്ധിക്കാറുണ്ടോ?
ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ മലയാളസിനിമ ഒരു അദ്ഭുതമാണ്. വലിയ ബജറ്റൊന്നുംവേണ്ട നല്ല സിനിമകള്‍ എടുക്കാന്‍ എന്ന് തെളിയിച്ച ഇന്‍ഡസ്ട്രിയാണ്. എന്നോട് പല സിനിമാപ്രവര്‍ത്തകരും പറഞ്ഞിട്ടുണ്ട്, മലയാള സിനിമകളോട് അസൂയ തോന്നുന്നുവെന്ന്. അഭിനേതാക്കളാകട്ടെ, സംവിധായകരാകട്ടെ പ്രതിഭകളുടെ ഒരു കൂട്ടായ്മയാണ് മലയാള സിനിമ. ആദ്യകാലത്ത് മലയാള സിനിമകളെക്കുറിച്ച് അധികമാരും സംസാരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എനിക്ക് തോന്നുന്നത് മനസ്സിലാക്കാനും സംസാരിക്കാനും വളരെ ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളമെന്ന്. എന്നാല്‍ ഇന്റര്‍നെറ്റ് യുഗത്തില്‍ കാര്യങ്ങള്‍ മാറിമറഞ്ഞു. സബ് ടൈറ്റിലിന്റെ സഹായത്തോടെ ആളുകള്‍ മലയാള സിനിമയെ മനസ്സിലാക്കാന്‍തുടങ്ങി. ഇന്ന് ഭാഷയ്ക്ക് അതീതമായി സഞ്ചരിച്ച് ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാകുന്നു. എല്ലാകാലത്തും നല്ല സിനിമകളൊരുക്കിയ ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. അന്നത്തെക്കാലത്ത് സാങ്കേതിക വിദ്യ ഇത്രയും വികസിച്ചിട്ടില്ലാത്തതിനാല്‍ പഴയ ഫിലിം മേക്കേഴ്‌സിന്റെ സിനിമകള്‍ പലതും ചര്‍ച്ചയാകാതെപോയി. എന്നാല്‍ പുതിയ തലമുറയിലെ ഫിലിം മേക്കേഴ്‌സ് ഭാഗ്യംചെയ്തവരാണ്. അവരുടെ സിനിമകളെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമസ്വപ്നംകാണുന്നവര്‍ക്ക് കൂടുതല്‍ അവസരം തുറന്നുകൊടുത്തു എന്ന് പറയാറുണ്ട്. എന്താണ് അഭിപ്രായം?
എല്ലാം മാറുന്നതുപോലെ സിനിമയും മാറും. ഞാന്‍ അഭിനയിച്ചുതുടങ്ങിയ കാലത്ത് നമുക്ക് രണ്ടേരണ്ട് ഓപ്ഷനേ ഉണ്ടായിരു
ന്നുള്ളൂ. തിയേറ്ററും ടെലിവിഷനും. ഇന്ന് അങ്ങനെയല്ല, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവോടെ ഒരുപാട് കഥകള്‍ ഉണ്ടാകുന്നു. വെബ് സീരീസുകള്‍ വരുന്നു. മുന്‍കാലത്തെ അഭിനേത്രികളിലെ പലരും തിരിച്ചുവരുന്നത് വെബ് സീരീസുകളിലൂടെയാണ്. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ എല്ലാവര്‍ക്കും അവസരമുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് നമ്മള്‍ കണ്ടെത്തണമെന്ന് മാത്രം. എന്റെ കരിയറിലെ ഈ ഘട്ടത്തില്‍ ഞാന്‍ സംതൃപ്തയാണ്. ഈവര്‍ഷം വ്യത്യസ്ത ഭാഷകളിലായി ആറോളം പ്രോജക്ടുകളിലാണ് ഇതുവരെ ഭാഗമാകാന്‍ കഴിഞ്ഞത്.

ആദ്യസിനിമ തന്നെ കെ.ബാലചന്ദര്‍ എന്ന പ്രതിഭയ്‌ക്കൊപ്പം. മണിരത്‌നത്തിന്റെ 'റോജ' വലിയ തരംഗമായി. മനോഹരമായ യാത്രയായിരുന്നല്ലോ അത്?
തീര്‍ച്ചയായും. സത്യത്തില്‍ കരിയറിന്റെ തുടക്കകാലത്ത് ഒഴുക്കിനൊപ്പം നീന്തുകയായിരുന്നു. ഗൗരവത്തോടെ ചിന്തിച്ചുകൊണ്ടൊന്നുമല്ല സിനിമകള്‍ തിരഞ്ഞെടുത്തിരുന്നത്. പക്ഷേ, ഭാഗ്യവശാല്‍ എന്നെ തേടിയെത്തിയത് നല്ല സിനിമകളായിരുന്നു. കെ. ബാലചന്ദര്‍, മണിരത്‌നം പോലുള്ള മഹാരഥന്‍മാരായ സംവിധായകരുടെ സിനിമകള്‍. 'റോജ'യാണ് പാന്‍ ഇന്ത്യന്‍ തലത്തില്‍ എനിക്ക് ശ്രദ്ധ നല്‍കിയ സിനിമ. ഹിന്ദിയില്‍ ഡബ്ബ് ചെയ്തതോടെ അത് കൂടുതല്‍ ആളുകളിലേക്കെത്തി. അതില്‍ ഏറ്റവും നന്ദിപറയാനുള്ളത് മണിരത്‌നം സാറിനോടാണ്. ആകസ്മികമായാണ് 'റോജ'യിലെ വേഷം എന്നെ തേടിയെത്തിയത്. എനിക്ക് മുന്‍പ്അദ്ദേഹം മറ്റ് പല അഭിനേത്രികളെയും പരിഗണിച്ചിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്. എ.ആര്‍. റഹ്മാന്‍ എന്ന സംഗീതപ്രതിഭയുടെ തുടക്കകാലം കൂടിയായിരുന്നു അത്. സിനിമയോടൊപ്പം അതിലെ പാട്ടുകളും ശ്രദ്ധനേടി. കാലാതീതമായി ആഘോഷിക്കപ്പെടുന്ന സിനിമകൂടിയാണ് 'റോജ'. അതില്‍ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.

'ഇരുവറി'ല്‍ ഒരേയൊരു ഗാനരംഗത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. ഇന്നും ആഘോഷിക്കപ്പെടുന്ന ഒരു ഗാനമാണത്. തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് തോന്നുന്നു?
പത്ത് സിനിമകള്‍ ചെയ്തതിന് തുല്യമായി ആ ഒരു ഗാനം. എ.ആര്‍. റഹ്മാന്‍ ഒരുക്കിയ 'നറുമുഗയേ' എന്ന ക്ലാസിക് ഗാനം ഇന്നും ആഘോഷിക്കപ്പെടുന്നു. ഒരു ഗാനരംഗത്തിനുവേണ്ടി മാത്രമാണ്, വരണം എന്ന് പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. വിളിക്കുന്നത് മണിരത്‌നം സാര്‍ ആണ്. അതിരപ്പിള്ളിയിലെ മനോഹരമായ ലൊക്കേഷനില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച മനോഹരമായ ഗാനം. ലാലേട്ടന്‍ ദുഷ്യന്തനും ഞാന്‍ ശകുന്തളയുമായി. നൃത്തംചെയ്യാനുള്ള ലാലേട്ടന്റെ കഴിവാണ് എടുത്തുപറയേണ്ടത്. അദ്ദേഹം ഞങ്ങളെപ്പോലെ ശാസ്ത്രീയനൃത്തം പരിശീലിച്ച വ്യക്തിയല്ല. പക്ഷേ, അദ്ദേഹം നൃത്തം ചെയ്യുന്നത് കണ്ടാല്‍ അങ്ങനെ തോന്നില്ല. കുതിരപ്പുറത്ത് വരുന്ന രംഗമൊക്കെ കണ്ടാല്‍ കഥകളിലെ ദുഷ്യന്തനെപ്പോലെത്തന്നെ തോന്നും. ഇന്നത്തെകാലത്തും നൃത്തവേദികളില്‍ നിറഞ്ഞുനില്‍ക്കുന്ന ഗാനമാണ് 'നറുമുഗയേ'... മറ്റുള്ളവര്‍ അതിന് ചുവടുവയ്ക്കുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നും. റിലീസ് ചെയ്ത സമയത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ട സിനിമയായിരുന്നു 'ഇരുവര്‍'. പക്ഷേ, കാലത്തെ അതിജീവിച്ച് ഇന്ന് അതൊരു ക്ലാസിക്കായി മാറി. സിനിമാ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം പോലെയായി. അതൊക്കെയല്ലേ ഒരു സിനിമയുടെ അന്തിമവിജയം എന്ന് പറയുന്നത്.

ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ് 'യോദ്ധ'...
'യോദ്ധ'യെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് സംഗീത് ശിവന്‍ സാറാണ്. അദ്ദേഹം ഈയിടെ നമ്മളെ വിട്ടുപോയി. അദ്ദേഹത്തിനോട് എനിക്ക് വലിയ കടപ്പാടുണ്ട്. കാരണം ഇന്നും മലയാളസിനിമയിലെ ക്ലാസിക്കായി കരുതുന്ന സിനിമയാണത്. നേപ്പാളിലെ അതിമനോഹരമായ ലൊക്കേഷനും ഗാനങ്ങളുമെല്ലാം അക്കാലത്തെ വലിയ പുതുമയായിരുന്നു. കോമഡിയും ആക്ഷനും അഡ്വഞ്ചറും എല്ലാം ചേര്‍ന്ന ഒരു സിനിമ. ജഗതി ശ്രീകുമാര്‍ സാറിനൊപ്പമെല്ലാം ഒരുപാട് കോമ്പിനേഷന്‍ രംഗങ്ങളുണ്ടായിരുന്നു. ഒരു വെക്കേഷന്‍പോലെ ആസ്വദിച്ച സിനിമയായിരുന്നു 'യോദ്ധ'. പലരും 'കുനു കുനേ...' എന്ന പാട്ടിന്റെ റീലുകള്‍ അയച്ചുതരാറുണ്ട്. അതെല്ലാം കാണുമ്പോള്‍ വലിയ സന്തോഷം തോന്നും.

അതിവേഗം മാറുന്ന മേഖലയാണ് സിനിമ. മടങ്ങിയെത്തിയപ്പോള്‍ ആശങ്കകള്‍ ഉണ്ടായിരുന്നോ?
പുറത്ത് നില്‍ക്കുമ്പോഴും സിനിമയിലെ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ കാര്യമായ ആശങ്കകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പ്രേക്ഷകര്‍ എന്നെ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അവരുടെ സ്‌നേഹമാണ് ബലം. വിവാഹത്തിന് ശേഷമാണ് ഞാന്‍ ഇടവേളയെടുത്തത്. കുട്ടികള്‍ ജനിച്ചപ്പോഴെല്ലാം അവരുടെ കാര്യങ്ങളില്‍ മുഴുകി. സിനിമ എന്റെ പാഷനായതിനാല്‍ ഒരിക്കലും അഭിനയം നിര്‍ത്തരുതെന്ന് ഞാന്‍ ദൃഢപ്രതിജ്ഞയെടുത്തിരുന്നു. എന്റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ പ്രാധാന്യം നല്‍കുന്നു. പലര്‍ക്കും അതിന് സാധിക്കാറില്ല. എനിക്ക് കുടുംബത്തിന്റെ പിന്തുണയുണ്ട്. അത് പ്രധാനമാണ്. തിരിച്ചുവരണമെന്ന് ഉറപ്പിച്ചാണ് ഞാന്‍ ഇടവേളയെടുത്തത്. വീണ്ടും സിനിമയില്‍ സജീവമായപ്പോള്‍ അവസരങ്ങള്‍ തേടിവന്നു. അത് നന്നായി വിനിയോഗിക്കുകയും ചെയ്തു. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുഗിലുമെല്ലാം സിനിമകള്‍ ചെയ്തു. 2014 - ലാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം തുടങ്ങിയവര്‍ക്കൊപ്പം ഒരു ബൈലിംഗ്വല്‍ സിനിമയില്‍. 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്നായിരുന്നു മലയാളത്തിലെ പേര്.

ഇന്‍സ്റ്റഗ്രാമിലെ താങ്കളുടെ വര്‍ക്കൗട്ട് വീഡിയോകള്‍ക്ക് വലിയ ആരാധകരുണ്ട്, പലര്‍ക്കും പ്രചോദനമാകുന്നുണ്ട്...
സെല്‍ഫ് ലൗ, സെല്‍ഫ് കെയര്‍, ഫിറ്റായി ഇരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഈ രണ്ട് ഘടകങ്ങളാണ്. നന്നായി വ്യായാമം ചെയ്ത് കഴി യുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ ഒരുപാട് സ്‌നേഹിക്കുന്നതുപോലെ തോന്നും. അഭിനേതാക്കളെ സംബന്ധിച്ച് മാത്രമല്ല, സ്വന്തം ശരീരം ശ്രദ്ധിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്ത്രീ കളെ സംബന്ധിച്ചാണെങ്കില്‍ വിവാഹവും പ്രസവവുമെല്ലാം കഴിഞ്ഞാല്‍ പിന്നെ കുട്ടികളുടെ കാര്യങ്ങളില്‍ വ്യാപൃ തരാകും. ശരീരത്തെ ശ്രദ്ധിക്കാതാ കും. ഇന്നത്തെക്കാലത്തെ ജീവിതം വളരെ സമ്മര്‍ദം നിറഞ്ഞതാണ്. ഇന്നത്തെ സ്ത്രീകള്‍ പുറത്തുപോയി ജോലിചെയ്ത് സമ്പാദിക്കുന്നവരാണ്. പലരും കുടുംബവും ജോലിയും ഒരുപോലെ കൊണ്ടുനടക്കുന്നു. എന്നിരുന്നാലും സ്വന്തം ആരോഗ്യത്തിനായി സമയം മാറ്റിവയ്ക്കില്ല. അങ്ങനെ ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം. ഒരു പത്ത് മിനിറ്റെങ്കിലും നിങ്ങള്‍ക്കായി മാറ്റിവയ്ക്കൂ. വ്യായാ മം ചെയ്യുന്നത് മാനസികാരോഗ്യത്തിനും ഗുണംചെയ്യും. ആത്മവി ശ്വാസം വര്‍ധിപ്പിക്കുന്നതിന് സഹായകരമാകും. എന്റെ അനു ഭവത്തില്‍നിന്നാണ് ഞാന്‍ പറയുന്നത്. വര്‍ക്കൗട്ട് വീഡിയോസോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് എന്റെ സന്തോഷം പങ്കുവയ്ക്കാനാണ്. അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നുവെങ്കില്‍ ഇരട്ടി സന്തോഷം. 

ഇനിയും ഒരുപാട് മലയാളസിനിമകളില്‍ അഭിനയിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
എനിക്ക് അവസരം തരൂ എന്നാണ് മലയാളത്തിലെ സംവിധായകരോട് പറയാനുള്ളത്. എനിക്ക് മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം വീണ്ടും സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മാത്രവുമല്ല പ്രതിഭാധനരായ മലയാളത്തിലെ അഭിനേതാക്കള്‍ക്കൊപ്പവും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കണം. ഞാന്‍ അന്നും ഇന്നും എന്നും മലയാളസിനിമയുടെ ആരാധികയാണ്. കാമ്പുള്ള കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാനൊരിക്കലും നോ പറയില്ല
 

Content Highlights: indian actress madhubala interview manorathangal