ലോകസിനിമാവേദികളില്‍ ചര്‍ച്ചയായി ഐ ആം 18

i am 18 shortfilm
i am 18 shortfilm

ആദിവാസി സമൂഹമനുഭവിക്കുന്ന അവഗണനകളും അധിക്ഷേപങ്ങളും തുറന്നുകാട്ടുന്ന മലയാള ഹ്രസ്വചിത്രം ഐ ആം 18 (I am 18) ലോകസിനിമാവേദികളില്‍ ചര്‍ച്ചയാവുകയാണ്. സദുദ്ദേശത്തോടെ നടപ്പാക്കുന്ന ചില നിയമങ്ങള്‍ വിപരീതഫലം സൃഷ്ടിക്കുന്ന വിരോധാഭാസത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരുടെ നേര്‍ചിത്രമാണിത്. സമുദായത്തിന്റെ നാട്ടുരീതികള്‍ പിന്തുടര്‍ന്ന് വിവാഹിതരാകുന്നവരെ പോക്‌സോകേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നതും പിന്നീടുള്ള അവരുടെ ദുരിതജീവിതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇതിലൂടെ ആദിവാസി സമൂഹത്തിന്റെ നെഞ്ചുലയ്ക്കുന്ന നിലവിളികള്‍ ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ശശി കുമാര്‍. 

ശശികുമാര്‍

സിനിമാ ഡോക്യുമെന്ററി രംഗത്ത് ഇരുപത്തെട്ട് വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള സംവിധായകനാണ് ശശികുമാര്‍. ലെനിന്‍ രാജേന്ദ്രന്റെ ആറോളം സിനിമകളില്‍ സഹായിയായും പതിനഞ്ചിലേറെ ഡോക്യുമെന്ററികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 9 ഫ്രെയിംസിന്റെ ബാനറില്‍ ശശികുമാര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം സുരേഷ് നായര്‍ ലാക്കൂര്‍ ആണ് നിര്‍മ്മിച്ചത്. മാധ്യമപ്രവര്‍ത്തകനും കവിയുമായ ബാബുവെളപ്പായയുടെതാണ് തിരക്കഥ.

ഡി കാന്‍ ഫിലിംഫെസ്റ്റിവല്‍, ടൊറന്റോ-ലോസ് ഏഞ്ചല്‍സ് ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍, ഫ്‌ളോറിഡ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, തൃശ്ശൂര്‍ ഇന്റര്‍നാഷണല്‍ ഫോക് ലോര്‍ ഫിലിംഫെസ്റ്റിവല്‍, ഈസ്റ്റണ്‍ യൂറോപ്പിയന്‍ ഫിലിം ഫെസ്റ്റിവല്‍, ദാദാ ഫേല്‍കെ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി പതിമൂന്നോളം അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തില്‍ സാമൂഹ്യപ്രവര്‍ത്തകരും നിയമവിദഗ്ധരുമെല്ലാം അവരുടെ അഭിപ്രായങ്ങളും ചിന്തകളും പങ്കുവെക്കുന്നുണ്ട്. 

'വേദന തിങ്ങും സമൂഹത്തില്‍ നിന്നു ഞാന്‍ വേരോടെ ചീന്തിപ്പറിച്ചതാണിക്കഥ' അതിന്റെ വക്കുകളില്‍ രക്തം ഇറ്റു നില്‍ക്കുന്നുണ്ട് - വയലാറിന്റെ ആയിഷയെ കുറിച്ചു പറയുന്നതുപോലെ ആദിവാസി സമൂഹത്തില്‍ നിന്നും ചീന്തിപ്പറിച്ചെടുത്ത ഏടാണ് ശശികുമാറാന്റെ ഐ ആം 18.

അന്തര്‍ദേശീയ മേളയില്‍ മുന്‍പും പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളുടെ സംവിധായകനാണ് ശശികുമാര്‍. ആദിവാസി ഊരുകളില്‍ വയസ്സിനെക്കുറിച്ചുള്ള രേഖാപ്രശ്‌നങ്ങള്‍ കൂടുതല്‍ വലുതാകുന്നത്, ആധാര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ.ഡി തുടങ്ങിയ രേഖകളില്‍ തെളിയുന്ന വൈരുദ്ധ്യങ്ങളിലൂടെയാണ്. അവര്‍ക്ക് തങ്ങളുടെ ശരിയായ ജനന തീയതി ഓര്‍മ്മിക്കാന്‍ സാധിക്കാത്തത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിഗമനം ചെയ്തുപോയത് എന്നിങ്ങനെ പലതാണ് പ്രശ്‌നങ്ങള്‍. കേരളത്തിലെ ആദിവാസി മേഖലകളില്‍ പരമ്പരാഗതമായി നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രായപൂര്‍ത്തിയാകാതെ വിവാഹിതരാകുന്നവരെ കുറിച്ചും, വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ നിലവിലുള്ള നിയമ വ്യവസ്ഥിതിയെക്കുറിച്ചുള്ള അജ്ഞതയും, ഈ നിയമക്കുരുക്കില്‍ പെട്ട് പോയിട്ടുള്ള ഒരുപാട് യുവതികളുടേയും യുവാക്കളുടെയും ജീവിതത്തെക്കുറിച്ചുള്ള ഒരന്വേഷണ ഡോക്യുമെന്ററിയാണ് ഈ ചിത്രം. വികസിത സമൂഹത്തിനുള്ള സാമൂഹിക ബോധവല്‍ക്കരണം കൂടിയാണ് ഐ ആം18. 
 

Content Highlights: I Am 18, Sasikumar’s powerful take on Adivasi youth premieres at Global Film Festivals