ആദ്യം നഷ്ടപ്പെട്ടു, പിന്നീട് വീണ്ടും തേടിയെത്തി; ‘ജയിലർ-2’വിലെ കഥാപാത്രത്തെക്കുറിച്ച് ഹക്കീം ഷാജഹാൻ

മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ഹക്കീം ഷാജഹാൻ. 'പ്രണയ വിലാസം', 'കടകൻ', 'കഥ ഇതുവരെ', ‘ബസൂക്ക’, ‘മീശ’, ‘പെണ്ണ് കേസ്’, ‘ഐ നോബഡി’ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ തനിക്ക് വഴങ്ങുമെന്ന് ഹക്കീം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ നിന്നും തമിഴിലേക്കും താരം ചുവടുവെച്ചുകഴിഞ്ഞു. രജനീകാന്ത് നായകനായെത്തിയ 'ജയിലർ 2'വിൽ ശരവ കൽപക് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
'ജയിലർ' ആദ്യഭാഗത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അത് നഷ്ടമായതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഹക്കീം ഷാജഹാൻ. ആദ്യ ചിത്രത്തിലേക്ക് തന്നെ സമീപിച്ചിരുന്നെങ്കിലും പിന്നീട് അണിയറപ്രവർത്തകരിൽനിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് താരം പറഞ്ഞു. എന്നാൽ, 'ജയിലർ 2'വിൽ അവസരം ലഭിച്ചപ്പോൾ ലുക്ക് ടെസ്റ്റുകളിലൂടെയും ഓഡിഷനിലൂടെയും കടന്നുപോയാണ് ശരവ കൽപക് എന്ന കഥാപാത്രത്തിലേക്ക് എത്തിയതെന്നും ഹക്കീം വെളിപ്പെടുത്തി. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഒന്നിലധികം കഥാപാത്രങ്ങൾക്കായി പരിഗണിക്കപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
'''ജയിലറി'ന്റെ ആദ്യ ഭാഗത്തിലേക്കും എന്നെ സമീപിച്ചിരുന്നു. ഒരു കഥാപാത്രത്തിനായി എന്റെ വിവരങ്ങളും ലുക്കുമെല്ലാം കൈമാറി. എന്നാൽ, പിന്നീട് തുടർവിളികളൊന്നും ഉണ്ടായില്ല. അന്ന് 'കഥ ഇതുവരെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. കുമളിയിൽവച്ചാണ് ഞാൻ 'ജയിലർ' കണ്ടത്. തിയറ്റർ വലിയൊരു ആഘോഷമായി മാറുന്നത് നേരിട്ടുകണ്ടു. സിനിമയുടെ ഭാഗമാകാനുള്ള അവസരം നഷ്ടമായല്ലോ എന്ന് അപ്പോൾ ചിന്തിച്ചുപോയി,'' ഹക്കീം റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'''ജയിലർ 2'വിലേക്ക് വിളിച്ചപ്പോൾ ആദ്യഭാഗത്തിലേതുപോലെയായിരിക്കും കാര്യങ്ങളെന്നാണ് കരുതിയത്. എന്നാൽ, ഇത്തവണ ലുക്ക് ടെസ്റ്റിനായി വിളിച്ചു. വിവിധ കഥാപാത്രങ്ങൾക്കായി പല ലുക്കുകളും പരീക്ഷിച്ചു. പിന്നീട് മൂന്ന് കഥാപാത്രങ്ങളുടെ ഓപ്ഷനുകൾ നൽകി. അതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്ന് പറഞ്ഞു. അതൊരു വലിയ അംഗീകാരമായാണ് ഞാൻ കാണുന്നത്,'' താരം വ്യക്തമാക്കി.
ആദ്യം ഹക്കീം തിരഞ്ഞെടുത്തത് മറ്റൊരു കഥാപാത്രത്തെയായിരുന്നു. അതിനായി ലുക്ക് ടെസ്റ്റും ഓഡിഷനും നടത്തി. എന്നാൽ, പ്രതീക്ഷിച്ച രീതിയിൽ ആ കഥാപാത്രത്തിന്റെ ലുക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് മറ്റൊരു കഥാപാത്രത്തെക്കുറിച്ച് ആലോചിച്ചത്.
''ഏതായാലും ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതുതന്നെ വലിയ കാര്യമാണ്. ശരവ കൽപക് എന്ന കഥാപാത്രത്തിന്റെ ലുക്ക് ഒറ്റ ഘട്ടത്തിൽത്തന്നെ ശരിയായി. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു ലുക്ക് ടെസ്റ്റുകൾ. ഏകദേശം ഒന്നര മാസം മുൻപാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്. റീഷൂട്ടുകളും ചെറിയ പാച്ച് വർക്കുകളുമുൾപ്പെടെ വിവിധ ഘട്ടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം,'' ഹക്കീം പറഞ്ഞു.
അതേസമയം, 'ജയിലർ 2' ബോക്സോഫീസിൽ കുതിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 317.15 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ ശരവ കൽപക് എന്ന കഥാപാത്രത്തിലൂടെ തമിഴ് സിനിമയിലും ശ്രദ്ധ നേടാനുള്ള ഒരുക്കത്തിലാണ് ഹക്കീം ഷാജഹാൻ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi