ബസൂക്ക നൽകിയ സന്തോഷം മമ്മൂക്ക; അദ്ദേഹത്തിൽനിന്നും ഏറെ പഠിക്കാനുണ്ട്: ഗൗതം വാസുദേവ് മേനോൻ

വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായാ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയത്തിലിടംനേടിയ ഗൗതം വാസുദേവ് മേനോൻ, പോലീസ് വേഷത്തിലെത്തിയ ചിത്രമാണ് 'ബസൂക്ക'. മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള വേഷത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഗൗതം വാസുദേവ്.
''മമ്മൂക്കയെ നായകനാക്കിയൊരു മലയാളചിത്രം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പമൊരു മുഴുനീളവേഷം ചെയ്യാൻ കഴിഞ്ഞു എന്നതാണ് ബസൂക്ക നൽകിയ സന്തോഷം. മമ്മൂക്കയെ ക്യാമറയ്ക്കുമുൻപിൽ നിർത്തി സംവിധാനംചെയ്യുമ്പോഴും അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോഴും പുതിയ ഒരുപാട് കാര്യങ്ങൾ പഠിക്കാനാകും. ചിത്രീകരിക്കേണ്ട രംഗങ്ങളെക്കുറിച്ചെല്ലാം പൂർണമായി ചോദിച്ച് മനസ്സിലാക്കി, സംശയങ്ങളില്ലാതെ ക്യാമറയ്ക്കുമുന്നിലേക്കെത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി. സിനിമയിലെ പല സീനുകളെക്കുറിച്ചും ഞങ്ങൾതമ്മിൽ ആഴത്തിൽ സംസാരിച്ചിരുന്നു. സംശയങ്ങൾ ചോദിക്കാനും കാഴ്ചപ്പാടുകളിലെ വ്യത്യാസങ്ങൾ തുറന്നുപറയാനുമുള്ള അവസരം അദ്ദേഹം നൽകി. ബസൂക്കയിൽ അഭിനയിക്കുമ്പോൾ സിങ്ക് സൗണ്ടായിരുന്നു. മലയാളം അത്രമേൽ ഒഴുക്കോടെ സംസാരിക്കാൻ കഴിയാത്തതിനാൽ എനിക്ക് സ്‌പോട്ട് ഡബ്ബിങ് വെല്ലുവിളിയായിരുന്നു. എന്നാൽ, അങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും അതെങ്ങനെയാണ് കഥാപാത്രത്തിന്റെ പ്രകടനം കൂടുതൽ മികച്ചതാക്കുന്നതെന്നും മമ്മൂക്ക വിശദീകരിച്ചു.'' -ഗൗതം വാസുദേവ് പറഞ്ഞു.
ഇരുപത് വർഷം മുൻപാണ് ഗൗതം വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ആദ്യമായൊരു സിനിമ ആലോചിച്ചത്. അന്ന് ആ സിനിമയെ കുറിച്ചുള്ള വാർത്തകളും പുറത്തുവന്നു. 'വേട്ടയാട് വിളയാട്' പോലുള്ള ഒരു വിഷയത്തിലൂന്നിയ സിനിമയാണ് വരാൻ പോകുന്നതെന്നായിരുന്നു വിവരം. എന്നാൽ ആ പ്രൊജക്റ്റ് മുന്നോട്ടുപോയില്ല. 2024-ലാണ് പിന്നീട് ഇവർ തമ്മിൽ മറ്റൊരു കഥയുമായി ഒന്നിച്ചത്. 'ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‌സ്' എന്ന ആ സിനിമ ഈ വർഷമാദ്യമാണ് റിലീസായത്.
ഗൗതം മേനോന്റെ സംവിധാനത്തിൽ വരുന്ന 'ധ്രുവനച്ചത്തിര'മാണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. പലതവണ റിലീസ് ഡേറ്റ് മാറിപ്പോയ ചിത്രം, നിലവിൽ പ്രദർശനത്തിനൊരുങ്ങിയതായി ഗൗത് വാസുദേവ് മേനോൻ പറഞ്ഞു. വൈകിയെങ്കിലും ആ സിനിമയിൽ പ്രതീക്ഷയുണ്ടെന്നും കഥയും കഥാപശ്ചാത്തലവുമെല്ലാം ഇന്നും പ്രസക്തമാണെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു.
Content Highlights: gautham vasudev menon talks about acting in bazooka