ഫ്രീയായി മദ്യം കഴിക്കാൻ രാകേഷ് ബേദി ജാവേദ് അക്തറിന്റെ വീട്ടിലെത്തുമായിരുന്നു-ഫറാ ഖാൻ

ധുരന്ധർ സിനിമയിലെ അഭിനയത്തിലൂടെ ബോളിവുഡ് നടൻ രാകേഷ് ബേദി വലിയ ജനശ്രദ്ധ നേടിയിരുന്നു. പാക് രാഷ്ട്രീയക്കാരനായ ജമീൽ ജമാലിയുടെ വേഷത്തിലുള്ള അദ്ദേഹത്തിൻ്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു, അദ്ദേഹത്തിൻ്റെ നിരവധി സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലുമായി. ഫറാ ഖാന്റെ ഏറ്റവും പുതിയ പാചകവീഡിയോയിൽ രാകേഷ് ബേദിയാണ് അതിഥി. തന്റെ പാചകക്കാരൻ ദിലീപിനൊപ്പം രാകേഷ് ബേദിയുടെ വീട്ടിലെത്തുകയായിരുന്നു ഫറാ ഖാൻ. ഇരുവരും തമ്മിൽ നടന്ന സംഭാഷണം ശ്രദ്ധിക്കപ്പെടുകയാണ്.
തങ്ങൾ വളരെ കഷ്ടപ്പെട്ടിരുന്ന കാലത്തെക്കുറിച്ചും രാകേഷും കൂട്ടുകാരും ജാവേദ് അക്തറിൻ്റെ വീട്ടിലെത്തിയിരുന്നതിനെപ്പറ്റിയും ഫറാ ഖാൻ ഓർത്തെടുത്തു.
സംഭാഷണത്തിനായി രാകേഷിന്റെ വീട്ടിലെത്തിയ ഫറാ ഖാൻ, തൻ്റെ പ്രേക്ഷകർക്ക് അദ്ദേഹത്തെ 'ധുരന്ധറിലെ പ്രധാന നായകൻ' എന്നാണ് പരിചയപ്പെടുത്തിയത്. രാകേഷിനെ തനിക്കറിയാമെങ്കിലും വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് കാണുന്നതെന്ന് അവർ പറഞ്ഞു. രാകേഷ് FTII യിൽ പഠിക്കുമ്പോൾ 15 വയസ്സായിരുന്നു ഫറയുടെ പ്രായം, അന്ന് അദ്ദേഹത്തിന് ഏകദേശം 25 വയസ്സുണ്ടായിരുന്നു എന്നും ഫറാ ഓർത്തെടുത്തു. "അവർ FTII യിൽ നിന്ന് എല്ലാ ദിവസവും ജാവേദ് അങ്കിളിന്റെയും ഹണി ആന്റിയുടെയും വീട്ടിൽ ഫ്രീയായി ഭക്ഷണം കഴിക്കാനും മദ്യപിക്കാനും വരാറുണ്ടായിരുന്നു, അവിടെ വെച്ചാണ് ഞങ്ങൾ എല്ലാവരെയും കണ്ടുമുട്ടിയിരുന്നത്"- ഫറ പറഞ്ഞു.
"ഫാറൂഖ് ഷെയ്ഖ്, സതീഷ് ഷാ, നീന ഗുപ്ത, സുപ്രിയ പതക് എന്നിവരോടൊപ്പമാണ് അദ്ദേഹം വന്നിരുന്നത്. ഞങ്ങൾ പഴയ സുഹൃത്തുക്കളാണ്, പക്ഷേ വളരെക്കാലത്തിനു ശേഷം ആദ്യമായിട്ടാണ് കാണുന്നത്" -ഫറ ഓർത്തു. ഇക്കാര്യങ്ങൾ വർഷങ്ങളോളം തുടർന്നെന്ന് രാകേഷും പറഞ്ഞു. 2025-ൽ സതീഷ് ഷാ അന്തരിച്ചപ്പോൾ, രാകേഷ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് വൈകാരികമായ കുറിപ്പെഴുതിയിരുന്നു. "എൻ്റെ സുഹൃത്തേ, നിന്നെ എത്രമാത്രം ഞാൻ മിസ്സ് ചെയ്യുന്നു. നീ എന്നിൽ നിറഞ്ഞിരിക്കുന്നു." എന്നായിരുന്നു കുറിപ്പ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Farah Khan reminisces about Rakesh Bedi's struggle days at FTII., The duo recalls frequent visits to Javed Akhtar's house for food and drinks., Rakesh Bedi gains massive success with the 2026 hit film Dhurandhar., Updates on Rakesh Bedi's upcoming project Hai Jawani Toh Ishq Hona Hai.