മൈനസ് 27 ഡിഗ്രി തണുപ്പിൽ നേർത്ത സൽവാറുമിട്ട് നൃത്തം ചെയ്തത് ഓർത്ത് കജോൾ

ആമിർ ഖാൻ, കജോൾ | X
ആമിർ ഖാൻ, കജോൾ | X

ആമിർ ഖാനും കജോളും നായികാനായകൻമാരായി 2006-ൽ പുറത്തിറങ്ങിയ സിനിമയാണ് 'ഫനാ'. കുനാൽ കോഹ്‌ലി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ആദിത്യ ചോപ്രയും യഷ് ചോപ്രയും ചേർന്നാണ്. റിഷി കപൂർ, കിരൺ ഖേർ, തബു തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു.

അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു 'ഫനാ'. ബോക്‌സോഫീസിലും നല്ല പ്രകടനമാണ് സിനിമ കാഴ്ചവെച്ചത്. അതിലെ പാട്ടുകളും സിനിമയുടെ വിജയത്തിൽ വലിയൊരു പങ്കുവഹിച്ചു. ചാന്ദ് സിഫാരിഷ്, മേരെ ഹാഥ് മേം, ദേഖോ നാ, ദേസ് രംഗീലാ...എല്ലാ പാട്ടുകളും പ്രേക്ഷകരെ ആകർഷിച്ചു. ജതിൻ-ലളിത് ആണ് സംഗീതസംവിധാനം നിർവഹിച്ചത്. വരികളെഴുതിയത് പ്രസൂൺ ജോഷിയും. ഇന്ത്യയിലും യൂറോപ്പിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ പ്രധാനരംഗങ്ങൾക്കായി ആദ്യം കാശ്മീർ താഴ്വരയാണ് തിരഞ്ഞെടുത്തത്. എന്നാൽ അപ്പോൾ തുടർച്ചയായ കലാപങ്ങൾ മൂലമുണ്ടായ സുരക്ഷാ ആശങ്കകൾ കാരണം അതുവേണ്ടെന്നുവെച്ചു. ആ രംഗങ്ങൾ പിന്നീട് ചിത്രീകരിച്ചത് പോളണ്ടിലെ ടട്ര മലനിരകളിലാണ്. അങ്ങനെ മഞ്ഞുമൂടിയ ആ പർവതം സിനിമയിൽ കാശ്മീർ ആയി മാറി. ഡൽഹിയിലെ പ്രധാനസ്ഥലങ്ങളായ ചെങ്കോട്ട, ജന്തർ മന്തർ, കുത്തബ് മിനാർ, പുരാന ഖില, രാഷ്ട്രപതി ഭവൻ, ലോധി ഗാർഡൻസ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

ഇന്നും ആമിർ-കജോൾ ജോഡിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിട്ടാണ് ഈ സിനിമയെ ആരാധകർ കാണുന്നത്. 'ഫനാ' റിലീസായിട്ട് 20 വർഷം തികയുമ്പോൾ, അതിനെക്കുറിച്ച് ഓർക്കുകയാണ് കജോൾ. സിനിമയിൽനിന്നുള്ള കുറേ ചിത്രങ്ങൾ എക്‌സിൽ (X) പങ്കുവെച്ചുകൊണ്ട് അവർ ഇങ്ങനെ കുറിച്ചു, ''ഫനായ്ക്ക് 20 തികയുന്നു. സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ എന്റെ മകൾക്ക് രണ്ടര വയസ്സായിരുന്നു. ആ ഓർമകളിൽ ഇന്നും മറക്കാനാവാത്തത് പോളണ്ടാണ്.

ഫനായ്ക്ക് 20 വയസ്സ്.. എന്റെ മകൾക്ക് രണ്ടര വയസ്സായിരുന്നു, പക്ഷേ എനിക്ക് ഏറ്റവും ഓർമ്മയുള്ളത് പോളണ്ടിനെയാണ്. -27 ഡിഗ്രി സെൽഷ്യസ്, മനോഹരമായ വനങ്ങൾ, നടപ്പാതകളിൽ ഉപയോഗിക്കുന്ന സ്ലെഡുകൾ... ആ കൊടുംതണുപ്പിലും ഞാൻ നേർത്ത സൽവാർ കമീസ് ധരിച്ചപ്പോൾ, മറ്റെല്ലാവരും വലിയ ജാക്കറ്റുകളും കോട്ടുകളും ധരിച്ചിരുന്നുവെന്ന വസ്തുത... വാട്ട് എ ബ്ലാസ്റ്റ് ഫ്രം ദ പാസ്റ്റ്'', കജോൾ കുറിച്ചു.

സിനിമയിലേക്ക് കജോളിനെ നിർദേശിച്ചത് ആമിർ ഖാനാണെന്ന് മുമ്പ് സംവിധായകൻ കുനാൽ പറഞ്ഞിട്ടുണ്ട്. ''ഞങ്ങൾ ആദ്യം ആമിറിന്റെ അടുത്തേക്ക് പോയി. നായികയുടെ വേഷം ആരാണ് ഏറ്റവും നന്നായി അവതരിപ്പിക്കുക എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു, 'ഞാൻ നിങ്ങൾക്ക് മൂന്ന് പേരുകൾ നൽകാം, കാജോൾ, കാജോൾ, കാജോൾ'. അങ്ങനെയാണ് കജോളിനെ തീരുമാനിക്കുന്നത്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Fanaa celebrates its 20th anniversary in 2026. Kajol shares nostalgic memories of filming in -27 degree Celsius in Poland.