വെള്ളവും തീയും തമ്മിലൊരു തീക്കളി പ്രണയം; കുടിയേറ്റക്കാരുടെ ജീവിതം പറയുന്ന സിനിമ

ജലവും അഗ്നിയും തമ്മില്‍ പ്രണയത്തിലായാലോ? ഒരിക്കലും സംഭവിക്കില്ലെന്നാവും ആദ്യം തോന്നുക. അല്ല. ഡിസ്‌നി പിക്‌സര്‍ ആനിമേഷന്‍ സ്റ്റുഡിയോയുടെ എലമെന്റല്‍ ( (Elemental) എന്ന ആനിമേഷന്‍ സിനിമയില്‍ അതും സംഭവിച്ചു. വെള്ളവും തീയും തമ്മിലൊരു തീക്കളി പ്രണയം. മനുഷ്യരുടെ ഭാഷയില്‍ പറയുകയാണെങ്കില്‍, രണ്ട് മതത്തില്‍ പെട്ടവര്‍, അല്ലെങ്കില്‍ വംശത്തില്‍, ദേശങ്ങളില്‍, നിറങ്ങളില്‍.. അങ്ങനെ വ്യത്യസ്തരായ രണ്ടുപേര്‍ പ്രണയിക്കുന്നു. ആരും അംഗീകരിക്കുന്നില്ല. ഒടുവില്‍ അടിപിടി, ഇടി.. വിരഹം.. ഒടുവില്‍ എല്ലാവരുടെയും ആശീര്‍വാദത്തോടെ ആ പ്രണയം പൂവിടുന്നു... ഈ വര്‍ഷം പുറത്തിറങ്ങിയ എലമെന്റലിലും കഥ ഇതൊക്കെ തന്നെയാണ്. കഥാപാത്രങ്ങള്‍ മനുഷ്യര്‍ക്ക് പകരം ഒരിക്കലും ചേരില്ലെന്ന് കരുതുന്ന തീയും വെള്ളവുമാണെന്ന് മാത്രം.
ലോകസിനിമയാകെ മാറ്റത്തിന്റെ പാതയിലാണ്. മനുഷ്യജീവിതത്തിന്റെ പച്ചയായ സംഭവങ്ങളിലേക്ക് മാത്രമല്ല, മാറ്റിനിര്‍ത്തപ്പെടുന്ന, അരികുവത്ക്കരിക്കപ്പെടുന്ന ജീവിതങ്ങളെയും വെള്ളിവെളിച്ചത്തിലെത്തിക്കുന്നുണ്ട്. ഓസ്‌ക്കാര്‍ നേടിയ 'ദി ഷേപ്പ് ഓഫ് വാട്ടര്‍' പോലെ അവിശ്വസനീയമായ കഥകളിലൂടെ ജീവിതങ്ങളെ സിനിമകള്‍ വരച്ചിടുന്നു. പിന്നെയെന്തിന് ആനിമേഷന്‍ സിനിമകളും മാറി നില്‍ക്കണം. കുട്ടികളുടേതെന്ന് ഒരിക്കല്‍ കളിയാക്കി തള്ളിക്കളഞ്ഞിരുന്ന ആനിമേഷന്‍ സിനിമകളുടെ പ്രധാനകാഴ്ചക്കാര്‍ ഇപ്പോള്‍ മുതിര്‍ന്നവരാണ്. സ്വവര്‍ഗ്ഗാനുരാഗം പോലെ തൊട്ടാലിന്നും ലോകത്തിന് പൊള്ളുന്ന വിഷയങ്ങളെ പോലും ഡിസ്‌നി (The strange world) തങ്ങളുടെ ആനിമേഷന്‍ സിനിമകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. മൊവാന, എന്‍കാന്റോ എന്നീ സിനിമകളിലൂടെ ലാറ്റിന്‍ അമേരിക്കന്‍ പ്രാധിനിധ്യം ഉറപ്പിക്കുന്നുണ്ട്. സോള്‍ എന്ന സിനിമയിലൂടെ കറുത്തവര്‍ എന്ന വിവേചനത്തെ ഇല്ലാതാക്കുന്നുണ്ട്. ശരിക്കും ആനിമേഷന്‍ സിനിമകള്‍ വെറും കുട്ടിക്കളിയല്ല. പിക്‌സര്‍ സിനിമകള്‍ക്ക് ഒരു 'ഫിലോസഫിക്കല്‍ മൂഡ്' വന്നുതുടങ്ങിയിട്ട് കുറച്ചുകാലമായി. മനസ്സിനുള്ളിലെ കഥ പറഞ്ഞ ഇന്‍സൈഡ് ഔട്ട്, മരണവും മരണാനന്തരജീവിതവും പറഞ്ഞ കൊക്കോ, പുനര്‍ജന്മത്തിന്റെ കഥ പറയുന്ന സോള്‍... ഇപ്പോഴിതാ ജീവന്റെ അടിസ്ഥാനഘടകങ്ങളായ ജലം, വായു, അഗ്നി എന്നിവയുടെ കഥയും.
എലമെന്റല്‍ എന്ന സിനിമ ഒറ്റനോട്ടത്തില്‍ ഒരു പ്രണയചിത്രമാണ്. ഹാപ്പി എന്‍ഡിങ്., എവര്‍ ആഫ്റ്റര്‍ ലൗ സ്റ്റോറി. പക്ഷേ വെള്ളവും തീയും എങ്ങനെ പ്രണയിക്കുമെന്ന ചോദ്യമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അമേരിക്കയിലെ ഒരു തിരക്കേറിയ നഗരമായി എലമെന്റല്‍ സിറ്റിയെ സങ്കല്‍പ്പിക്കാം. ആ നഗരത്തിന്റെ തുറമുഖത്ത് ബെര്‍ണി- സിന്‍ഡര്‍ തീ ദമ്പതികള്‍ ( റോണി ദെ കാര്‍മെന്‍, ഷില ഓമി) എത്തിച്ചേരുകയാണ്. പൂര്‍ണഗര്‍ഭിണിയാണ് സിന്‍ഡര്‍. തീ ആയതിനാല്‍ തന്നെ അവര്‍ക്ക് നഗരത്തില്‍ ആരും ഇടംകൊടുക്കുന്നില്ല. ഒടുവില്‍ നഗരത്തിന്റെ ഒരു പ്രാന്തപ്രദേശത്ത് ഇതുപോലെ അകറ്റിനിര്‍ത്തപ്പെട്ട തീ കുടുംബങ്ങളുടെ അടുത്ത് ഒരു പൊളിഞ്ഞ വീട്ടില്‍ അവര്‍ താമസം തുടങ്ങുന്നു. കുഞ്ഞു പിറക്കുന്നു. അവളാണ് നായികയായ എമ്പര്‍ (ലയ ലൂയിസ്). തീ ടൗണിന് ആവശ്യമായ സാധനങ്ങള്‍ നല്‍കുന്ന ഒരു കട അവര്‍ അവിടെ തുടങ്ങുന്നുണ്ട്. അങ്ങനെ ജീവിതം പച്ചപിടിച്ചു തുടങ്ങുന്നു. എമ്പര്‍ വളരുന്നു. തീ ടൗണിന് അരികിലൂടെ കടന്നു പോകുന്ന കനാലാണ് അവര്‍ക്കെല്ലാമുള്ള ഭീക്ഷണി. ഒരിക്കല്‍ എമ്പറിന് പറ്റുന്ന കൈപ്പിഴകൊണ്ട് അവരുടെ കടയുടെ താഴെ സ്‌റ്റോര്‍ റൂമിലെ ഒരു വെള്ളപ്പൈപ്പ് പൊട്ടുന്നു. അതില്‍ നിന്ന് വെള്ളത്തോടൊപ്പം പുറത്തു ചാടുന്നതോ എങ്ങനെയോ പൈപ്പിനുള്ളിലായി പോയ ടൗണ്‍ ഇന്‍സ്‌പെക്ടറും. വെയ്ഡ് റിപ്പിള്‍ (മമോഡു ആതേ) എന്ന നമ്മുടെ നായകന്‍. കടയില്‍ ചോര്‍ച്ചയുണ്ടെന്നറിഞ്ഞാല്‍ കടപൂട്ടാന്‍ അധികൃതര്‍ വരും. അങ്ങനെ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ നിന്ന് നായകനെ തടയാന്‍ ശ്രമിക്കുകയാണ് എമ്പര്‍. അവരുടെ പ്രണയം വളരുന്നതും അങ്ങനെ തന്നെ.
അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറേണ്ടി വരുന്ന മനുഷ്യരുടെ കഥകൂടിയാണ് എലമെന്റല്‍. അതിനുള്ള കൃത്യമായ സൂചനകളും സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്. സിന്‍ഡിയും ബെര്‍ണിയും നഗരത്തിന്റെ പ്രധാനഭാഗങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നതു തന്നെ അതിന്റെ ഭാഗമായാണ്. അവര്‍ ജീവിക്കുന്ന തീ നഗരം കനാലില്‍ വെള്ളം നിറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നടിയാവുന്ന ഒരിടമാണ്. എലമെന്റല്‍ സിറ്റിയുടെ ഹൃദയഭാഗത്തേക്കോ, അവിടെയുള്ള പ്രധാനകാഴ്ചകളിലേക്കോ ഒന്നും തീ നഗരത്തിലെ ആളുകള്‍ പോകാറില്ല. അതുകൊണ്ടു തന്നെയാണ് വെയ്ഡിനൊപ്പം പോകുന്ന എമ്പര്‍ ആ കാഴ്ചകളിലേക്ക് അത്ഭുതത്തോടെ നോക്കുന്നത്. ജീവിക്കുന്ന നഗരം സ്വന്തമല്ലെന്ന് അറിയേണ്ടി വരുന്നവര്‍. മാറ്റിനിര്‍ത്തപ്പെടുന്നവര്‍.
എമ്പര്‍ തന്റെ ബാല്യത്തിലെ വളരെ വേദനിപ്പിച്ച ഒരു അനുഭവം വെയ്ഡിനോട് പങ്കുവയ്ക്കുന്നുണ്ട്. നഗരഹൃദയത്തില്‍ നടന്ന ഒരു എക്‌സിബിഷനില്‍ വിവസെറ്റേരിയ പൂക്കള്‍( ലോകത്തിലെ ഏത് കാലാവസ്ഥയിലും ഏത് സാഹചര്യത്തിലും പൂക്കുമെന്ന് കരുതുന്ന ചെടി, തീയില്‍ പോലും പൂക്കുമെന്നാണ് സിനിമയില്‍ പറയുന്നത്.) കാണാന്‍ അച്ഛന്‍ അവളെയും കൂട്ടിപോകുന്നു. കുഞ്ഞ്എമ്പര്‍ വലിയ ആഹഌദത്തിലാണ് അവിടെയെത്തുന്നത്. എന്നാല്‍ അവരെ അകത്ത് കയറാന്‍ അധികൃതര്‍ സമ്മതിക്കുന്നില്ല. പിന്നീട് പലസ്ഥലങ്ങളിലും തീ നിരോധിച്ചുകൊണ്ടുള്ള സൂചകങ്ങള്‍ കാണുമ്പോള്‍ കാഴ്ചക്കാരന് ആ വിവേചനം എത്ര ആഴത്തിലാണെന്ന് മനസ്സിലാക്കാനാവും. എന്നാല്‍ പ്രണയം എന്ത് സാഹസികതയ്ക്കും തയ്യാറാവുമെന്ന് സിനിമയിലെ മറ്റ് സീനുകള്‍ കാട്ടിത്തരുന്നുണ്ട്. പിന്നീട് ഒരു വെള്ളപ്പൊക്കത്തില്‍ ആ എക്‌സിബിഷന്‍ ഹാള്‍ മുങ്ങിപ്പോകുകയും പൂക്കള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യുന്നുണ്ട്. ആ പൂക്കള്‍ വെള്ളത്തിനടിയില്‍ പോയി കാണാന്‍ എമ്പറിനാവില്ലല്ലോ. ഒരു സുഹൃത്തിന്റെ സഹായത്തോടെ എയര്‍ ബബിളിനുള്ളില്‍ എമ്പറിനെ പൂക്കള്‍ കാണിക്കാന്‍ വെയ്ഡ് കൊണ്ടുപോകുന്ന സീന്‍ സിനിമയിലെ മനോഹര രംഗങ്ങളിലൊന്നാണ്.
കൊറിയയില്‍ നിന്ന് എഴുപതുകളില്‍ അമേരിക്കയിലേക്ക് കുടിയേറിയവരാണ് എലമെന്റലിന്റെ സംവിധായകനായ പീറ്റര്‍ സോഹന്റെ മാതാപിതാക്കള്‍. അതുകൊണ്ടുതന്നെ കുടിയേറ്റക്കാര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും വിവേചനങ്ങളും ഏറ്റവും നന്നായി അറിയാവുന്നതും സോഹന് തന്നെയാണല്ലോ. നിയമപരമായി കുടിയേറുന്നവര്‍ വിവേചനങ്ങള്‍ അനുഭവിക്കുന്ന ലോകത്ത് അനധികൃതകുടിയേറ്റക്കാരുടെ അവസ്ഥ എത്ര ഭീകരമായിരിക്കും.
വെയ്ഡിന്റെയും എമ്പറിന്റെയും ജീവിതസാഹചര്യങ്ങള്‍ തന്നെ ആ വ്യത്യാസം പുറത്തുകൊണ്ടുവരുന്നവയാണ്. സിറ്റിയിലെ ഏറ്റവും വലിയ അപ്പാര്‍ട്ട്‌മെന്റിലാണ് വെയ്ഡിന്റെ ജീവിതം. അവിടെ നിന്നാണ് എമ്പര്‍ തന്റെ ജീവിതലക്ഷ്യം പോലും തിരിച്ചറിയുന്നത്. അതുവരെ അച്ഛന്റെ കട ഏറ്റെടുത്തു വിജയിപ്പിക്കുക എന്നതായിരുന്നു എമ്പറില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സ്വപ്‌നം. പ്രായമായി വരുന്ന മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ വെയ്ഡിന്റെ വീട്ടില്‍ ഇതൊന്നുമല്ല, അവരവരുടെ ഇഷ്ടങ്ങള്‍ക്കാണ് പ്രാധാന്യം. സാമൂഹികമായി പലതട്ടുകളില്‍ ജീവിക്കുന്ന മനുഷ്യരുടെ ചിന്തകളും സ്വപ്‌നങ്ങളും എത്രവ്യത്യസ്തമാണെന്ന് വെയ്ഡിനൊപ്പമുള്ള എമ്പറിന്റെ ആ ചെറിയ ഡിന്നര്‍ നൈറ്റ് കാണിച്ചുതരുന്നുണ്ട്.
ഏഷ്യ, നോര്‍ത്ത് ആഫ്രിക്കയുടെ പലഭാഗങ്ങള്‍, ഈസ്റ്റേണ്‍ യൂറോപ്പ് എന്നീ ഭാഗങ്ങളിലെ ആളുകളുടെ സംസാരരീതിയാണ് തീ നഗരത്തിലെ ആളുകള്‍ക്കായി സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഈ ഭാഗങ്ങളില്‍ നിന്നാണല്ലോ. എന്നാല്‍ വെയ്ഡ് അടക്കമുള്ള നഗരത്തിനുള്ളിലെ മറ്റ് താമസക്കാരെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത് കൃത്യമായ വിദേശസംസ്‌ക്കാരമുള്ളയാളുകളായാണ്.
സിനിമയുടെ അവസാനം സന്തോഷകരമാണ്. വെയ്ഡിനൊപ്പം തന്റെ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുകയാണ് എമ്പര്‍. മറ്റൊരു നഗരത്തിലേക്ക്. വളരെ മനോഹരമായ, ലളിതമായ ഒരു പ്രണയ സിനിമ... ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതവും പിക്‌സര്‍ അതിനൊപ്പം ചേര്‍ത്തു വയ്ക്കുന്നു.
Content Highlights: elemental pixar animation movie with simple love story and life of immigrants