48 വയസ്സിൽ വിവാഹിതനായ പാക് നേതാവാണോ ധുരന്ധറിലെ ജമീൽ ജമാലി? വീണ്ടും ചർച്ച

ധുരന്ധർ സിനിമയുടെ ഒന്നാംഭാഗത്തിലും രണ്ടാംഭാഗത്തിലും പ്രധാനപ്പെട്ടൊരു കഥാപാത്രമാണ് രാകേഷ് ബേഡി അവതരിപ്പിച്ച 'ജമീൽ ജമാലി.' സിനിമ റിലീസ് ചെയ്തതു മുതൽ, ആളുകൾ 'ജമീൽ ജമാലിയുടെ' കഥാപാത്രത്തിന് പിന്നിലെ യഥാർഥ പ്രചോദനം ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു ഘട്ടത്തിൽ പാകിസ്താനിലെ (pakistan) രാഷ്ട്രീയനേതാവായ നബിൽ ഗബോളാണിതെന്ന് വ്യാപകമായി പ്രചാരണമുണ്ടായി. അടുത്തിടെ, നബിൽ ഗബോൾ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തു. പാകിസ്താനിലെ നിരക്ഷരരായവരും അറിവില്ലാത്തവരുമായ പ്രേക്ഷകർ വി.പി.എൻ വഴി ധുരന്ധർ സിനിമ കാണാൻ സാധ്യതയുണ്ടെന്നും, അത് തനിക്ക് അപകടമുണ്ടാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ സിനിമാ നിർമ്മാതാക്കൾ തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ നബിൽ ഗബോൾ അല്ല, 'ജമീൽ ജമാലി'യുടെ കഥാപാത്രത്തിന് പ്രചോദനമായത് മറ്റൊരു വിവാദ പാക് രാഷ്‌ട്രീയക്കാരനാണെന്നാണ് പുതിയ അഭ്യൂഹങ്ങൾ. അത് മറ്റാരുമല്ല, മുത്താഹിദ ക്വാമി മൂവ്‌മെൻ്റ് (MQM) സ്ഥാപകനായ അൽതാഫ് ഹുസൈനാണ്. യുകെയിൽ പ്രവാസജീവിതം നയിക്കുന്ന അൽതാഫിനാണത്രേ കഥാപാത്രവുമായി കൂടുതൽ സാമ്യം. മാത്രമല്ല, 48-ാം വയസ്സിലാണ് അൽതാഫ് വിവാഹിതനായത്, ഒരു മകളുമുണ്ട്. മകളെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം പരസ്യമാക്കിയിരുന്നില്ല. ഇക്കാര്യങ്ങളും അഭ്യൂഹങ്ങൾക്ക് കരുത്തായി.
നേരിട്ട് ഒരുപക്ഷേ ബന്ധമില്ലെങ്കിലും അൽതാഫിൻ്റെ വിദേശ ബന്ധങ്ങൾ, വിവാദപരമായ കരിയർ, യുകെയിലേക്കുള്ള പ്രവാസം എന്നിവ ധുരന്ധറിന് പ്രചോദനമായിരിക്കാമെന്ന് ചിലർ വിശ്വസിക്കുന്നു.
അതേസമയം, സംവിധായകൻ ആദിത്യ ധറോ അദ്ദേഹത്തിൻ്റെ ടീമോ ഇത്തരം അനുമാനങ്ങളോടൊന്നും പ്രതികരിച്ചിട്ടില്ല. ചിത്രം ഒരു ബയോപിക് അല്ലെന്നും യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു, അതേസമയം, ചില സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും. ഏതാനും വർഷത്തെ ദാമ്പത്യത്തിനു ശേഷം അൽതാഫും ഭാര്യ ഫൈസയും 2007-ൽ വിവാഹബന്ധം വേർപെടുത്തിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dhurandhar 2 is facing speculation regarding the real-life inspiration for the character Jameel Jamali., Initial rumors linked the character to Nabil Gabol, which he denied., New theories connect Jameel Jamali to Pakistani politician Altaf Hussain due to shared life details., Director Aditya Dhar maintains the film is not a biopic but influenced by real-world events., All connections remain speculative as no official confirmation exists.