ഹിറ്റ് സിനിമകളില്‍ ബച്ചനേക്കാള്‍ മുമ്പില്‍; 74 ഹിറ്റുകളുള്ള ആ നടനെ സൂപ്പര്‍ സ്റ്റാറെന്ന് വിളിച്ചില്ല

ധര്‍മേന്ദ്ര, അമിതാഭ് ബച്ചന്‍ | PTI
ധര്‍മേന്ദ്ര, അമിതാഭ് ബച്ചന്‍ | PTI

ബോളിവുഡിലെ ഹിറ്റ് സിനിമകളുടെ രാജാക്കന്മാരെന്നു പറയുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്നത് അമിതാഭ് ബച്ചനും ഖാന്‍മാരുമൊക്കെയാണ്. എന്നാല്‍ ബച്ചനേക്കാളും ഖാന്‍മാരേക്കാളും ഹിറ്റുകള്‍ ബോളിവുഡിന് സമ്മാനിച്ചത് മറ്റൊരു നടനാണ്. സിനിമാതാരമാകണമെന്ന സ്വപ്നങ്ങളുമായി ബോംബെയിലെത്തിയ പരദേശി. ഓണ്‍-സ്‌ക്രീനിലെ മികവും അഭിനയപാടവവും അദ്ദേഹത്തെ 70-കളിലെയും 80-കളിലെയും ഏറ്റവും വലിയ അഭിനേതാക്കളില്‍ ഒരാളാക്കി. അത് മറ്റാരുമല്ല, ധര്‍മേന്ദ്രയാണ്.

ഹിന്ദി ചലച്ചിത്ര വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള നടനെന്ന റെക്കോര്‍ഡ് ധര്‍മേന്ദ്രയുടെ പേരിലാണ്, 74 ഹിറ്റ് സിനിമകളില്‍ അദ്ദേഹം പ്രധാനവേഷമോ പ്രധാനകഥാപാത്രത്തെയോ കൈകാര്യം ചെയ്തു. 240-ലധികം സിനിമകളില്‍ അഭിനയിച്ച ധര്‍മേന്ദ്രയുടെ സമൃദ്ധമായ കരിയര്‍ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. അതില്‍ 94 സിനിമകള്‍ വിജയിച്ചതായി കണക്കാക്കുകയും മുടക്കുമുതല്‍ തിരിച്ചുപിടിച്ചതുമാണ്. 74 എണ്ണം ഹിറ്റുകളായും തരംതിരിച്ചു. ഇതില്‍ 7 ബ്ലോക്ക്ബസ്റ്ററുകളും 13 സൂപ്പര്‍ഹിറ്റുകളും ഉള്‍പ്പെടും. അതേസമയം,  ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി ഷോലെ വേറിട്ടുനില്‍ക്കുന്നു.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ താരമായി കണക്കാക്കപ്പെടുന്ന അമിതാഭ് ബച്ചന് 153 സിനിമകളില്‍ നിന്നായി 56 ഹിറ്റുകളാണുള്ളത്, ധര്‍മേന്ദ്രയേക്കാള്‍ കുറവ്. ഖാന്‍മാരില്‍ 38 ഹിറ്റുകളുമായി സല്‍മാന്‍ ഖാനാണ് മുമ്പില്‍. ഷാരൂഖ് ഖാന്‍ 34-ഉം ആമിര്‍ ഖാന്‍ 20-ഉം ഹിറ്റുകള്‍ നേടി. 

ധര്‍മേന്ദ്ര ഹിന്ദി സിനിമയിലെ ഒരു പ്രധാന വ്യക്തിയായിരുന്നെങ്കിലും അദ്ദേഹത്തെ ഒരിക്കലും ഒരു സൂപ്പര്‍സ്റ്റാറായി കണക്കാക്കിയിരുന്നില്ല. കരിയറിന്റെ തുടക്കകാലത്ത് വലിയ താരങ്ങളുടെ സഹനടനായി അദ്ദേഹം പലപ്പോഴും അഭിനയിച്ചിരുന്നു. സൂപ്പര്‍സ്റ്റാറെന്ന് വിളിക്കപ്പെടാതിരിക്കാന്‍ പ്രധാന കാരണങ്ങളിലൊന്ന് അതായിരുന്നു.

നായകനടനായി പ്രശസ്തിയിലേക്ക് ഉയര്‍ന്നപ്പോഴും അദ്ദേഹത്തിന്റെ പ്രധാനവിജയങ്ങള്‍ മള്‍ട്ടി-സ്റ്റാറര്‍ ചിത്രങ്ങളുമായിരുന്നു. 80-കളില്‍, ധര്‍മേന്ദ്ര ഒട്ടേറെ ആക്ഷന്‍ ഹിറ്റുകളില്‍ അഭിനയിച്ചു, എന്നാല്‍ അവയിലേറെയും ലോ-ബജറ്റിലുള്ളതും ഉയര്‍ന്ന വരുമാനം നേടിയതുമായ ചിത്രങ്ങളായിരുന്നു, അതേസമയം അമിതാഭ് ബച്ചന്റെയും വിനോദ് ഖന്നയുടെയും ഹിറ്റുകള്‍ വലിയ പ്രശസ്തി നേടി. 

2024-ല്‍ റിലീസ് ചെയ്ത ഷാഹിദ് കപൂര്‍, കൃതി സനോണ്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ 'തേരി ബാത്തോം മേ ഐസ ഉല്‍ജാ ജിയ' എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത്.

Content Highlights: dharmendra is considered the most successful actor in bollywood history