456 കോടിയിൽ നിർമിച്ചു, മൂന്നുദിവസത്തിനകം 1600 കോടി നേടി, ഹോളിവുഡ് ചിത്രം തരംഗമാകുന്നു

സെപ്റ്റംബർ അഞ്ചിന് ബോളിവുഡിൽ മൂന്ന് ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു, ടൈഗർ ഷ്റോഫിന്റെ 'ബാഗി 4', വിവേക് അഗ്നിഹോത്രിയുടെ 'ദി ബംഗാൾ ഫയൽസ്', കോമഡി ചിത്രമായ 'ഉഫ് യേ സിയാപ'. ഇവയ്‌ക്കൊപ്പം ഒരു ഹോളിവുഡ് ചിത്രവും റിലീസിനെത്തിയിരുന്നു. 'ദി കോൺജറിങ്: ലാസ്റ്റ് റൈറ്റ്സ്'. ഇന്ത്യയിൽ ഒട്ടേറെ ആരാധാകരുള്ള കോൺജറിങ് സീരീസിലെ നാലാമത്തെയും അവസാനത്തെയും ചിത്രമാണിത്. ഹൊറർ ചിത്രത്തിന് വലിയ വരവേൽപ്പാണ് രാജ്യം നൽകിയത്.
ചിത്രത്തിന്റെ ഹൈപ്പിനും കളക്ഷനും മുമ്പിൽ പ്രാദേശികചിത്രങ്ങൾക്ക് കിടപിടിക്കാൻ കഴിഞ്ഞില്ല. ഹിന്ദിയെയും മറ്റ് പ്രാദേശിക ഭാഷാചിത്രങ്ങളെയും മറികടന്ന് ഇംഗ്ലീഷ് ചിത്രം മുന്നേറി. നല്ലൊരു ഹൊറർ സിനിമ കാണാൻ ഇന്ത്യക്കാർ അതിയായി ആഗ്രഹിക്കുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈപ്പ് വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര നിർമാതാക്കൾക്ക് ഈ വിപണിയെപ്പറ്റി വ്യക്തമായി അറിയാം. മറ്റു സിനിമകൾക്കൊപ്പം കോൺജറിങ് നിശ്ചയിച്ച തീയതിയിൽ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പുറത്തിറക്കിയതും അതുകൊണ്ടുതന്നെ. ആഗോളതലത്തിലും വൻ സ്വീകാര്യതയാണ് ചിത്രത്തിന്.
പാട്രിക് വിൽസണും വെരാ ഫാർമിഗയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ ബജറ്റ് 55 മില്യൺ ഡോളറാണ്. നാല് ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 194 മില്യൺ ഡോളർ നേടി. ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ, ബജറ്റ് ഏകദേശം 456 കോടി രൂപ വരും. വരുമാനം ഏകദേശം 1610 കോടി രൂപയും. ആദ്യവാരം പൂർത്തിയാക്കുന്നതിനുമുമ്പു തന്നെ ചിത്രം മുടക്കുമുതൽ തിരിച്ചുപിടിച്ചു.
ഇന്ത്യയിലെ ആരാധകർ
വർഷങ്ങളായി, ദി കോൺജറിങ് സീരീസ് ഇന്ത്യയിൽ വലിയൊരു ആരാധകവൃന്ദത്തെ മെനഞ്ഞെടുത്തിട്ടുണ്ട്. കാമ്പും കഴമ്പുമുള്ള ഹൊറർ സിനിമ കാണാൻ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗമാണത്. ബോക്സ് ഓഫീസിൽ ബാഗി 4, ദി ബംഗാൾ ഫയൽസ് തുടങ്ങിയ പുതിയ റിലീസുകളെ ‘കോൺജറിങ്’ പിന്നിലാക്കി. 'കോൺജറിങ് 4' ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ഹൊറർ ചിത്രമായി മാറി.
ഇന്ത്യയിലെ ആദ്യ ആഴ്ചയിലെ വരുമാനം 75-80 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ദിവസത്തെ ആഗോള കളക്ഷൻ കണക്കിലെടുക്കുമ്പോൾ, ഛാവ, സയ്യാര, മഹാവതാർ നരസിംഹ തുടങ്ങിയ ഹിറ്റുകളെ ചിത്രം മറികടന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Conjuring: Last Rites triumphs over Bollywood releases, raking in $194 million globally in just four days. The horror film`s India success story continues.