സിനിമകളിലൂടെ ഞങ്ങള്‍ വീണ്ടും വീണ്ടും ബാപ്പിച്ചിയെ കാണുന്നു

വാതില്‍ തുറന്ന് ഫാസില അകത്തേക്ക് ക്ഷണിക്കുമ്പോള്‍ ചുവരില്‍ അതാ 'എല്‍ദോ' ഇരുന്ന് ചിരിക്കുന്നു. ഗോപാലകൃഷ്ണനെ ഓടിച്ചിട്ട് പിടിച്ച് ഗര്‍വാസീസ് ആശാന്റെ മുന്നില്‍നിര്‍ത്തി ''ആ കാലുകള്‍ എന്റേതാണ്...'' എന്ന ഡയലോഗ് അടിച്ച അതേ എല്‍ദോ. സ്വീകരണമുറിയുടെ ചുവരിലെ ആ ചിത്രത്തില്‍ പിന്നെയും ഒരുപാട് മുഖങ്ങള്‍ തെളിഞ്ഞു. 'കിരീട'ത്തിലെ ഹൈദ്രോസും 'പഞ്ചാബി ഹൗസി'ലെ ഗംഗാധരന്‍ മുതലാളിയും 'ഹിറ്റ്ലറി'ലെ ജബ്ബാറും 'ഈ പറക്കും തളിക'യിലെ വീരപ്പന്‍ കുറുപ്പും 'പുലിവാല്‍കല്യാണ'ത്തിലെ ധര്‍മേന്ദ്രയും ഒക്കെയായി ഒരുപാടുപേര്‍. വെള്ളിത്തിരയില്‍ ചിരിയുടെ പൂക്കാലമായിരുന്ന കൊച്ചിന്‍ ഹനീഫ ലോകത്തോട് വിട ചൊല്ലിയിട്ട് 13 വര്‍ഷമായെങ്കിലും കുടുംബം ഇപ്പോഴും ഓര്‍മകളുടെ ചിരിക്കൂട്ടില്‍ തന്നെയാണ്. ഹനീഫയുടെ ഭാര്യ ഫാസിലയും മക്കളായ സഫയും മര്‍വയും താമസിക്കുന്ന എറണാകുളം കടവന്ത്രയിലെ വാടകവീട് നിറയെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ചിരി തൂകി നില്‍ക്കുന്നു.
മക്കളായ സഫയും മര്‍വയും പ്ലസ്ടു വിദ്യാര്‍ഥികളാണ് ''മക്കള്‍ക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ഇക്ക ഞങ്ങളെ വിട്ടുപോകുന്നത്. കുറേ വൈകിയാണ് ഹനീഫിക്ക കല്യാണം കഴിച്ചത്. 1994-ല്‍ കല്യാണം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞങ്ങള്‍ക്ക് കുട്ടികളുണ്ടാകുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ മക്കളെ കണ്ട് കൊതി തീരുന്നതിന് മുമ്പേ ഇക്ക...'' ഓര്‍മകളുടെ സങ്കടത്തില്‍ ഫാസിലയുടെ വാക്കുകള്‍ മുറിയുമ്പോള്‍ സഫ ഇടയ്ക്കുകയറി. ''ബാപ്പിച്ചിയെ കണ്ട ഓര്‍മ ഞങ്ങള്‍ക്കുമില്ല. എന്നാല്‍ ബാപ്പിച്ചി ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. സിനിമകളിലൂടെ ഞങ്ങള്‍ വീണ്ടും വീണ്ടും ബാപ്പിച്ചിയെ കാണുന്നു. ബാപ്പിച്ചി ഇപ്പോള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്.'' സഫയുടെ ശബ്ദം ചെറുതായൊന്ന് ഇടറി.
രഹസ്യം പരസ്യമായി
ചിരിയുടെ പൂക്കാലമായിരുന്ന ഹനീഫ ജീവിതത്തില്‍ 'രഹസ്യം' സൂക്ഷിച്ച കഥയും ഫാസിലയുടെ ഓര്‍മകളില്‍ മായാതെയുണ്ട്. ''ഒരുപാടുനാളത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരുന്നുവെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു ഇക്ക. ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോള്‍ ഇരട്ടക്കുട്ടികളാണെന്ന് മനസ്സിലായി. എന്നാല്‍, ഇക്കാര്യം ആരോടും തത്കാലം പറയേണ്ടെന്നായിരുന്നു ഇക്ക എന്നോട് പറഞ്ഞത്. ഞാന്‍ ആരോടും പറഞ്ഞില്ലെങ്കിലും വൈകാതെ പലരും സംഭവം അറിഞ്ഞു. ഇക്ക തന്നെയാണ് അവരോടൊക്കെ കാര്യം പറഞ്ഞത്. സന്തോഷം അടക്കിവെക്കാന്‍ കഴിയാതെയാണ് ഇക്ക 'രഹസ്യം' പരസ്യമാക്കിയത്. ഇക്കാര്യം പറഞ്ഞ് ഞാന്‍ പലപ്പോഴും കളിയാക്കിയിട്ടുണ്ട്. ചിരി അടക്കിവെക്കാനാവാത്ത ഇക്കയെപ്പറ്റി സിനിമാരംഗത്തുള്ളവര്‍ക്കും ഒരുപാട് കഥകള്‍ പറയാനുണ്ട്..''
സിനിമാക്കഥപോലെ കല്യാണം
ഹനീഫയുമായുള്ള കല്യാണം ഒരു സിനിമാക്കഥ പോലെ ഫാസിലയുടെ ഓര്‍മകളില്‍ മായാതെ നില്‍പ്പുണ്ട്. ''തലശ്ശേരിയിലെ മാളിയേക്കല്‍ കുടുംബത്തിലെ അംഗമാണ് ഞാന്‍. എന്റെ മൂത്ത ഇത്ത ഫിറാഷയുടെ ഭര്‍ത്താവ് മുസ്തഫയാണ് ഹനീഫിക്കയുടെ കല്യാണാലോചന കൊണ്ടുവന്നത്. കോഴിക്കോടുള്ള ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് ഹനീഫിക്ക എന്നെ പെണ്ണുകാണുന്നത്. രാജു, പ്രസന്നന്‍ എന്നീ രണ്ട് കൂട്ടുകാര്‍ക്കൊപ്പമാണ് ഇക്ക വന്നത്. ''എന്നെ ഇഷ്ടമായോ?'' എന്നായിരുന്നു ഇക്കയുടെ ചോദ്യം. ആ സമയത്ത് ഞാന്‍ മെലിഞ്ഞ പെണ്‍കുട്ടിയായിരുന്നു. തടി തോന്നാന്‍ മൂന്നാല് ചുരിദാര്‍ ഒന്നിന് മേലെ ഒന്നായി ഇട്ടാണ് ഞാന്‍ ഇക്കയുടെ മുന്നിലെത്തിയത്. തിരിച്ച് കോഴിക്കോട്ടുനിന്ന് തലശ്ശേരിയിലേക്കുള്ള യാത്രക്കിടയിലാണ് മുസ്തഫ ഇക്ക എന്റെ മനസ്സ് ചോദിച്ചറിഞ്ഞത്. ഞാന്‍ സമ്മതം മൂളിയതോടെ മറ്റൊരു രസകരമായ ട്വിസ്റ്റുമുണ്ടായി. ഞങ്ങള്‍ തലശ്ശേരിയിലെ വീട്ടില്‍ എത്തിയതിന് പിന്നാലെ ഹനീഫിക്കയും കൂട്ടുകാരും അവിടേയ്ക്കും വന്നു. എന്റെ ഇഷ്ടം അറിഞ്ഞ ശേഷം മുസ്തഫ ഇക്ക കൊടുത്ത സിഗ്‌നല്‍ അനുസരിച്ചാണ് അവര്‍ അവിടെയെത്തിയത്.'' ഫാസില പെണ്ണുകാണല്‍ കഥ പറഞ്ഞു.
തീന്‍മേശയില്‍ ആവിപറക്കണം
തീന്മേശയിലെ വിഭവങ്ങളില്‍നിന്ന് ആവിപറന്നു. ഫാസില വീണ്ടും ഓര്‍മകളിലേക്ക് കടന്നു. ''ഇക്കയ്ക്ക് എപ്പോഴും നല്ല ആവിപറക്കുന്ന ഭക്ഷണം വേണം. പാതിരാത്രി വീട്ടില്‍ വന്നാലും അത് നിര്‍ബന്ധമാണ്. ചായയ്ക്ക് ചൂടില്ലെങ്കില്‍ അത് മാറ്റി വേറെ കൊണ്ടുക്കൊടുത്തില്ലെങ്കില്‍ പുള്ളിക്കാരന്‍ കുടിക്കില്ല. ചൂടില്ലാത്ത ഭക്ഷണം കണ്ടാല്‍ ചൂടാക്കിക്കൊണ്ടുവരാന്‍ പറയും. നെയ്ച്ചോറും ഇറച്ചിക്കറിയുമാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഭവങ്ങളിലൊന്ന്. വീട്ടിലെ ഭക്ഷണം കഴിക്കുന്നത് അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. എന്നാല്‍, സിനിമാതിരക്കിനിടയില്‍ പലപ്പോഴും അതിന് സാധിക്കാറില്ലായിരുന്നു. രാത്രി വൈകിവന്ന് പിറ്റേന്ന് പുലര്‍ച്ചെ തന്നെ എഴുന്നേറ്റ് പോകേണ്ടി വന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇക്കയുടെ പെട്ടിയൊരുക്കലാണ് എന്റെ പ്രധാന ജോലി എന്ന് തമാശയ്ക്ക് ഞാന്‍ പറയുമായിരുന്നു.''
ഹനീഫയുടെ 'മുട്ട പ്രേമ'ത്തെപ്പറ്റിയും പറയാനുണ്ട് ഫാസിലയ്ക്ക് . ''ഹനീഫിക്കയുടെ ഭക്ഷണത്തില്‍ മുട്ട എന്നും മസ്റ്റ് ആയ ഐറ്റമാണ്. ഒരു ദിവസം നാലഞ്ച് മുട്ടയെങ്കിലും കഴിക്കും. കല്യാണം കഴിഞ്ഞ സമയത്ത് തലശ്ശേരിയിലെ വീട്ടില്‍ വിരുന്നിന് ചെല്ലുമ്പോള്‍ ഉമ്മ ഒരുപാട് വിഭവങ്ങളുണ്ടാക്കും. ടേബിള്‍ ടെന്നീസ് കളിച്ചിരുന്ന മേശയാണ് ഞങ്ങള്‍ ഡൈനിങ് ടേബിളായി ഉപയോഗിച്ചിരുന്നത്. അതില്‍ നിറയെ വിഭവങ്ങള്‍ നിരത്തിയ ഉമ്മയോട് ഞാന്‍ മുട്ട പുഴുങ്ങിയത് വേണമെന്ന് പറഞ്ഞു. ഉമ്മ അദ്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കിയ ശേഷം ഒരു ചോദ്യം, 'മൈതാനം പോലെ ഒരു സ്ഥലത്ത് നിറയെ വിഭവങ്ങള്‍ ഉണ്ടാക്കിവെച്ചിട്ട് ഇനി മുട്ടയും വേണോ?' ഉമ്മയുടെ ചോദ്യം കേട്ട് ഞാന്‍ ചിരിച്ചുപോയി.''
ബാപ്പിച്ചിയുടെ മക്കള്‍
ചുവരിലെ ഹനീഫയുടെ ചിത്രങ്ങളിലേക്ക് സഫയും മര്‍വയും നോക്കി. ബാപ്പിച്ചിയുടെ ഓര്‍മകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇരുവര്‍ക്കും ആദ്യം പറയാനുണ്ടായിരുന്നത് ആ ചിരിയെപ്പറ്റിയായിരുന്നു. ''ബാപ്പിച്ചിയുടെ ചിരി ആര്‍ക്കാണ് മറക്കാന്‍ കഴിയുന്നത്. 'സി.ഐ.ഡി. മൂസ' എത്ര തവണയാണ് കണ്ടതെന്ന് ഞങ്ങള്‍ക്ക് എണ്ണമില്ല. അതിലെ ഓരോ ഡയലോഗും ഞങ്ങള്‍ക്ക് കാണാപ്പാഠമാണ്. സ്‌കൂളിലൊക്കെ സിനിമാതാരത്തിന്റെ മക്കള്‍ എന്ന മേല്‍വിലാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. സിനിമാക്കഥകളൊക്കെ പല കൂട്ടുകാരും ചോദിക്കുമായിരുന്നു. ബാപ്പിച്ചിയുടെ മക്കള്‍ എന്ന നിലയില്‍ ടീച്ചേഴ്സിനും ഞങ്ങളോട് വലിയ കാര്യമായിരുന്നു.'' ബാപ്പിച്ചി ബാക്കിയാക്കിയ ചിരിയലകളാണ് മനസ് നിറയെ എന്ന് മര്‍വ പറയാതെ പറഞ്ഞു.
''മക്കളെപ്പറ്റി ഇക്കയ്ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു. സിനിമാതിരക്കിനിടയില്‍ മക്കളുടെ കാര്യത്തില്‍ അധികം ശ്രദ്ധിക്കാന്‍ പറ്റാത്തതിന്റെ വിഷമവും പറയുമായിരുന്നു. പുലര്‍ച്ചെ പോകുമ്പോള്‍ ഉറങ്ങിക്കിടക്കുന്ന മക്കളെ നോക്കി ഇക്ക ഇത്തിരി നേരം നില്‍ക്കും. മക്കളെ നന്നായി നോക്കണേ എന്നു പറയും. മക്കളെ കണ്ട് കൊതി തീരാതെ ഇക്ക...'' ഫാസിലയുടെ വാക്കുകള്‍ സങ്കടത്താല്‍ വീണ്ടും മുറിഞ്ഞു.
ഓര്‍മകളില്‍ നിറചിരി
''ഇക്ക പോയതിന് ശേഷം കുറേ സങ്കടങ്ങള്‍ നേരിടേണ്ടി വന്നു. അതിന് ആരെയെങ്കിലും കുറ്റപ്പെടുത്താനോ വിഷമിപ്പിക്കാനോ ഞങ്ങളില്ല. മക്കള്‍ പഠിച്ച് നല്ലൊരു ജോലി നേടണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. സ്വന്തമായൊരു വീടും വലിയ സ്വപ്‌നമാണ്. ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നത്. സിനിമാ ലോകത്തുനിന്ന് നടന്‍ ദിലീപാണ് ഞങ്ങളെ ഏറെ സഹായിച്ചത്. ഇപ്പോഴും അത് തുടരുന്നുണ്ട്. മക്കളുടെ ജന്മദിനത്തില്‍ മറക്കാതെ അവര്‍ക്ക് കേക്ക് കൊടുത്തയക്കും. ഏത് കാര്യമായാലും തന്നെ വിളിച്ചാല്‍ മതിയെന്നാണ് ദിലീപ് പറയാറുള്ളത്.
യു.എ.ഇ.യില്‍ ജോലിചെയ്യുന്ന എന്റെ ആങ്ങള ഫിറോസിന്റെ സഹായവും ഉണ്ട്. ഏതുകാര്യത്തിനും അവന്‍ എപ്പോഴും കൂടെയുണ്ട്. ഇക്കയില്ലാത്ത ലോകത്ത് ഇങ്ങനെ ജീവിക്കുമ്പോള്‍ അവരെയും അവര്‍ ചെയ്ത ഉപകാരങ്ങളെയും ഞാനെങ്ങനെ മറക്കാനാണ്...''
മരണം വലിയ മതില്‍ തീര്‍ത്ത് മനുഷ്യരെ എന്നേക്കുമായ് അകറ്റുമ്പോഴും ബാക്കിയാകുന്ന ചിലതുണ്ട്. ഓര്‍മകള്‍ക്കൊപ്പം അവര്‍ അവശേഷിപ്പിച്ചു
പോകുന്ന ചിരി. നഷ്ടപ്പെട്ട സ്‌നേഹത്തിന്റെ ഓര്‍മയില്‍ ഫാസിലയും മക്കളും നിശ്ശബ്ദരായി. ചുമരിലെ ചിത്രത്തില്‍ എല്‍ദോ ചിരിക്കുന്നു. സങ്കടപ്പെടരുത്... ഞാനുണ്ട് കൂടെ എന്ന ഓര്‍മപ്പെടുത്തല്‍ പോലെ...
Content Highlights: Cochin Haneefa indian actor his family remembering wife fasila haneefa