ഒരു വരിയുടെ പേരിൽ ദൂരദർശൻ വിലക്കിയ പാട്ട്; മാധുരി ഒറ്റരാത്രികൊണ്ട് സെൻസേഷനായി

മാധുരി ദീക്ഷിത്
മാധുരി ദീക്ഷിത്

മാധുരി ദീക്ഷിത്തിന്റെ കരിയറിലെ ഏറ്റവും ജനപ്രിയചിത്രങ്ങളിലൊന്നാണ് 'ഖൽനായക്'. സഞ്ജയ് ദത്ത്, അനുപം ഖേർ, ജാക്കി ഷ്‌റോഫ് തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുഭാഷ് ഘായ് ആണ് സംവിധാനം ചെയ്തത്. നാലുകോടിക്ക് നിർമിച്ച സിനിമ അക്കാലത്ത് ബോക്‌സോഫീസിൽ കളക്ട് ചെയ്തത് 21 കോടി രൂപയാണ്.

ചിത്രീകരണസമയത്തും അതിനുശേഷവും ഏറെ വിവാദങ്ങളിലകപ്പെട്ടു സിനിമ. ചിത്രീകരണത്തിനിടെയാണ് ബോംബെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചതിന് സഞ്ജയ് അറസ്റ്റിലാവുന്നത്.

സിനിമ റിലീസായശേഷം പാട്ടുകളുടെ പേരിലാണ് വിവാദമുണ്ടായത്. ഖൽനായക് ഹേ തൂ, ചോളീ കെ പീഛേ ക്യാ ഹെ, ഖൽനായക് ഹൂ മേ...തുടങ്ങിയ സിനിമയിലെ പാട്ടുകൾ ആരാധകർ ഏറ്റെടുത്തു. കേവലം ഒരാഴ്ചകൊണ്ട് ഒരുകോടി കാസറ്റുകളാണ് വിറ്റുപോയത്. ആ വർഷത്തെ ഏറ്റവും കൂടുതൽ വിറ്റുപോയ മൂന്നാമത്തെ ആൽബം കൂടിയായത്.

എന്നാൽ 'ചോളീ കെ പീഛേ ക്യാ ഹെ' എന്ന പാട്ടിനെ ഒരുവിഭാഗം ആളുകൾ വിമർശിക്കുകയും ചെയ്തു. ആ പാട്ടാണ് ഏറ്റവും കൂടുതൽ ഹിറ്റായതെങ്കിലും, അതിലെ കുറച്ചുവരികൾ അശ്ലീലമാണെന്ന് മറ്റൊരു വിഭാഗം വാദിച്ചു. അത് സ്ത്രീകളെ മോശമായി ബാധിക്കുമെന്നും അവർ പറഞ്ഞു. പ്രതിഷേധം വളരെ പെട്ടെന്ന് രൂക്ഷമായി. സിനിമയിൽനിന്ന് ഈ പാട്ടും പാട്ടുസീനും നീക്കം ചെയ്യണമെന്ന് അവരാവശ്യപ്പെട്ടു.

വിറ്റുപോയ എല്ലാ കാസറ്റുകളും തിരിച്ചുവിളിക്കണമെന്നതായിരുന്നു പരാതിക്കാരുടെ മറ്റൊരു ആവശ്യം. കേസ് പിന്നാലെ കോടതിയിലെത്തി. പാട്ടിൽ ആക്ഷേപകരമായി ഒന്നുമില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. എങ്കിലും ദൂരദർശനും ആകാശവാണിയും ഈ പാട്ട് പ്രക്ഷേപണം ചെയ്യുന്നതിൽനിന്ന് വിട്ടുനിന്നു. റിപ്പോർട്ടുകൾ പ്രകാരം ആ പാട്ടുമൂലമാണത്രേ സിനിമയ്ക്ക് ദേശീയപുരസ്‌കാരം ലഭിക്കാതിരുന്നത്.

പാട്ടുസീനിലെ മാധുരിയുടെ നൃത്തച്ചുവടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗ്ലാമർ ഗേൾ എന്ന പേര് കിട്ടുകയും ചെയ്തു മാധുരിക്ക്. സൂപ്പർസ്റ്റാറിലേക്കുള്ള അവരുടെ യാത്രയും അവിടുന്ന് തുടങ്ങി. അന്ന് വിമർശിക്കപ്പെട്ടെങ്കിലും പിന്നീട് പാട്ടിന് കൾട്ട് പദവി ലഭിച്ചു. 2024-ൽ 'ക്രൂ' എന്ന സിനിമയിൽ ഈ പാട്ട് റീമിക്‌സ് ചെയ്തുപയോഗിക്കുകയും ചെയ്തു. ഇത്രയും വർഷങ്ങൾക്കുശേഷവും ഒറിജിനൽ പാട്ടിന്റെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടുമില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Explore the controversy surrounding Madhuri Dixit`s iconic song `Choli Ke Peeche Kya Hai` from Khalnayak