'ഞാന്‍ ഭായിയുമായി സംസാരിച്ചു' ബോളിവുഡ് താരങ്ങള്‍ ദാവൂദ് ഇബ്രാഹിമിനെ ചേര്‍ത്തുപിടിച്ച കാലം

ദാവൂദ് ഇബ്രാഹിം | Mbi Library
ദാവൂദ് ഇബ്രാഹിം | Mbi Library

90 കളിലെ ഹിന്ദി സിനിമാ വ്യവസായത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വാധീനം വളരെ വലുതായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ബോളിവുഡ് താരങ്ങള്‍, നിര്‍മാതാക്കള്‍, സംവിധായകര്‍ എന്നിവരുമായി ദാവൂദിനുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹുസൈന്‍ സെയ്ദി തുറന്നു പറഞ്ഞു. ഋഷി കപൂര്‍, ദിലീപ് കുമാര്‍ എന്നിവടക്കം ഒട്ടേറെ പ്രശസ്ത സിനിമാ വ്യക്തിത്വങ്ങള്‍ ദാവൂദുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ദാവൂദുമായി ബന്ധപ്പെടുന്നത് ഒരുകാലത്ത് സിനിമാമേഖലയില്‍ അന്തസ്സുള്ള കാര്യമായി കണക്കാക്കപ്പെടുകയും ചെയ്തു. 

ആ സമയത്തെ മിക്കവാറും എല്ലാ വലിയ നിര്‍മാതാക്കളുമായും നടന്മാരുമായും ദാവൂദിന് അടുത്ത ബന്ധമുണ്ടായിരുന്നു. ദുബായില്‍ അവര്‍ക്കായി ദാവൂദ് വിരുന്നുകളൊരുക്കി. സിനിമകളില്‍ നിന്ന് പണം സമ്പാദിക്കാനുള്ള ആഗ്രഹമായിരുന്നില്ല ദാവൂദിന് പ്രധാനമായും ഉണ്ടായിരുന്നത്, അയാള്‍ക്ക് ഹിന്ദി സിനിമയെ ആയിരുന്നു ഇഷ്ടം. എല്ലാ നായികമാരെയും ഇഷ്ടമായിരുന്നു. ദുബായിലേക്ക് പോകുന്ന എല്ലാ സിനിമാതാരങ്ങള്‍ക്കും ദാവൂദ് അത്താഴം ഒരുക്കാറുണ്ടായിരുന്നു. ഉദാഹരണത്തിന്, ദിലീപ് കുമാര്‍, ഋഷി കപൂര്‍, അംജദ് ഖാന്‍... ദാവൂദുമായുള്ള കൂടിക്കാഴ്ചകളെപ്പറ്റി ഇവര്‍ അഭിമുഖങ്ങളില്‍ പോലും സംസാരിച്ചിട്ടുണ്ട്. വിലയേറിയ സമ്മാനങ്ങളും ഇവര്‍ക്ക്‌ നല്‍കി. സിനിമാമേഖലയുമായി ഇടപഴകാനും ആ കൂട്ടുകെട്ടില്‍ അറിയപ്പെടാനുള്ള താത്പര്യവുമായിരുന്നു ദാവൂദിനുണ്ടായിരുന്നത്. 

ഹിന്ദി സിനിമാ മേഖലയില്‍ നിന്ന് പണം തട്ടിയെടുത്തതായി ആരോപണം ഉയര്‍ന്നപ്പോള്‍ ദാവൂദിനെ അഭിമുഖം നടത്തിയിരുന്നു ഹുസൈന്‍. ''എന്തുകൊണ്ടാണ് അദ്ദേഹം വ്യവസായത്തെ ഭയപ്പെടുത്തുന്നതെന്ന് ഞാന്‍ ചോദിച്ചു, 'എനിക്ക് സിനിമാ വ്യവസായം ഇഷ്ടമാണ്; അവര്‍ എന്നെ ഭയപ്പെടേണ്ടതില്ല' എന്നായിരുന്നു മറുപടി.  ഈ പ്രവണത ആരംഭിച്ചത് അബു സലീമില്‍ നിന്നാണ്, അദ്ദേഹം ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ നിന്ന് പണം തട്ടിയെടുക്കുമായിരുന്നെന്നും.''

''നിര്‍മാതാക്കള്‍, സംവിധായകര്‍, താരങ്ങള്‍, നടിമാര്‍ തുടങ്ങി എല്ലാവരെയും അദ്ദേഹത്തിന് അറിയാമായിരുന്നു. ദാവൂദുമായുള്ള സൗഹൃദത്തെക്കുറിച്ച് അഭിമാനത്തോടെ ആളുകള്‍ സംസാരിച്ചു. ഞാന്‍ ആരുടെയും പേര് പറയുന്നില്ല, പക്ഷേ 'ഞാന്‍ ഭായിയുമായി ഫോണില്‍ സംസാരിച്ചു' എന്നൊക്കെ അവര്‍ പറയും. ദാവൂദിനോട് സംസാരിക്കുന്നത് അഭിമാനിക്കാവുന്ന കാര്യമായിരുന്നു. ആ സമയത്ത് പോലീസിന് ശക്തമായ പിടിയില്ലാത്തതിനാല്‍ കാര്യങ്ങള്‍ അങ്ങനെ പോയി.''

എന്നാല്‍, ബോളിവുഡിലെ അധോലോക സ്വാധീനത്തിനെതിരെ മുംബൈ പോലീസ് നടപടി സ്വീകരിച്ചതോടെ ഈ പ്രവണത മാറി. വ്യവസായ പ്രമുഖര്‍ ക്രമേണ ദാവൂദുമായുള്ള ബന്ധം വിച്ഛേദിക്കുകയും ആശയവിനിമയം ഒഴിവാക്കുകയും ചെയ്തു.

''അതേസമയം, തന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ ദാവൂദ് സിനിമാ വ്യവസായത്തെ ഉപയോഗിച്ചിട്ടുമുണ്ട്. നിര്‍മാതാവായി സിനിമകള്‍ക്ക് ഫണ്ട് നല്‍കിയിരുന്നില്ലെങ്കിലും പണം കടം കൊടുക്കുമായിരുന്നു. അക്കാലത്ത് അധികം സ്റ്റുഡിയോകള്‍ ഉണ്ടായിരുന്നില്ല, വ്യവസായം സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ ആളുകള്‍ ദാവൂദിന്റെ പണം വാങ്ങി അവരുടെ സിനിമകളില്‍ നിക്ഷേപിക്കും, അങ്ങനെ കള്ളപ്പണം വെളുപ്പിക്കപ്പെടും. സിനിമ പുറത്തിറങ്ങിയതിനുശേഷം വൈറ്റ്മണിയായി ദാവൂദിന്  തിരികെ നല്‍കുകയും ചെയ്യും.
''- അദ്ദേഹം വെളിപ്പെടുത്തി.

Content Highlights: bollywood stars once openly said about their relationship with dawood ibrahim