ആൽഫ സെറ്റിൽ ആലിയ-ബോബി ഡിയോൾ തർക്കം? - മറുപടിയുമായി ബോബി

ബോബി ഡിയോൾ, ആലിയ ഭട്ട് | PTI
ബോബി ഡിയോൾ, ആലിയ ഭട്ട് | PTI

ബോളിവുഡ് താരങ്ങളായ ബോബി ഡിയോളും ആലിയ ഭട്ടും തങ്ങളുടെ പുതിയ ചിത്രമായ 'ആൽഫ'യുടെ റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിന്റെ സെറ്റിൽ വെച്ച് ആലിയയും ബോബിയും തമ്മിൽ തർക്കമുണ്ടായതായി നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. 'ആപ് കി അദാലത്ത്' എന്ന പരിപാടിയിൽ പങ്കെടുക്കവേ, തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നോയെന്ന് വ്യക്തമാക്കുകയാണ് ബോബി. പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ യാതൊരു സത്യവുമില്ലെന്നും, ആലിയ തന്റെ ഇഷ്ടതാരങ്ങളിൽ ഒരാളാണെന്നും ബോബി പറഞ്ഞു.

രൺബീർ കപൂറും ആലിയ ഭട്ടും തന്റെ ഇഷ്ടതാരങ്ങളാണ്. എന്റെയൊരു സുഹൃത്ത് ഈ അഭ്യൂഹത്തിന്റെ സ്നാപ്‌ഷോട്ട് അയച്ചപ്പോൾ ഞാനും ഞെട്ടിപ്പോയി. ആളുകൾക്ക് ഒരുപാട് ഒഴിവുസമയമുണ്ട്. അവർക്ക് തോന്നുന്നതെന്തും എഴുതിയുണ്ടാക്കുന്നു. ഞാൻ രൺബീർ കപൂറിനൊപ്പം ഒരു സിനിമ ചെയ്തിട്ടേയുണ്ടായിരുന്നുള്ളൂ, ശേഷമാണ് ആലിയയോടൊപ്പം ഒരു സിനിമ വാഗ്ദാനം ചെയ്ത വിവരം അറിയുന്നത്. ഞാൻ ചിന്തിച്ചു, 'എന്താണ് സംഭവിക്കുന്നത്?' അവർ രണ്ടുപേരും എന്റെ ഇഷ്ടതാരങ്ങളാണ്, ഞാനവർക്കൊപ്പം പ്രവർത്തിക്കാൻ പോകുന്നു-ബോബി പറഞ്ഞു.

'ആൽഫ'യിൽ ആലിയയോടൊപ്പം പ്രവർത്തിച്ച തന്റെ അനുഭവവും അദ്ദേഹം തുറന്നുപറഞ്ഞു. "ആലിയയോടൊപ്പം പ്രവർത്തിച്ചപ്പോൾ വളരെ സന്തോഷം തോന്നി, അവരൊരു നല്ല നടിയാണ്, കഠിനാധ്വാനം ചെയ്യുന്നയാളാണ്. ഫൈറ്റ് സീക്വൻസുകൾക്കെല്ലാം ആലിയ നന്നായി തയ്യാറെടുത്തിരുന്നു. അപ്പോൾ പിന്നെ ആളുകൾ എന്തിനാണ് അങ്ങനെ എഴുതിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പിന്നെ, ബോബിക്ക് നീരസമുണ്ടെന്നും അതുകൊണ്ട് ആദിത്യ ചോപ്ര അദ്ദേഹത്തിന് മറ്റൊരു സിനിമ വാഗ്ദാനം ചെയ്തതെന്നു പോലും അവരെഴുതി. എല്ലാവരുടെ മുമ്പിലും പോയി കാര്യങ്ങൾ തെളിയിച്ചു കൊടുക്കാൻ എനിക്കാവില്ല. ഇതൊന്നും സത്യമല്ല. ഇൻസ്റ്റാഗ്രാമിലെ 90 ശതമാനം വാർത്തകളും തെറ്റാണെ"ന്നും ബോബി കൂട്ടിച്ചേർത്തു.

YRF സ്പൈ യൂണിവേഴ്സിലെ ഏഴാമത്തെ ചിത്രമാണ് 'ആൽഫ'. ജൂലൈ 10ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ബോബിയുടെ 'ബന്ദർ' എന്ന ചിത്രവും റിലീസിനായി തയ്യാറെടുക്കുകയാണ്. അനുരാഗ് കശ്യപ് ആണ് സംവിധാനം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bobby Deol refutes fake rumours of a fallout with Alia Bhatt on the set of Alpha., The actor praised Alia Bhatt's hard work and preparation for action sequences., Alpha is the seventh instalment in the YRF Spy Universe, releasing July 10, 2026., Bobby Deol highlights the prevalence of fake news on social media platforms., Updates on Bobby Deol's other upcoming film, Bandar, releasing June 5, 2026.