'ശരീരം വാടിപ്പോയി എന്നുകരുതി മനസ്സിന് പൂക്കാലം പാടില്ല എന്നില്ലല്ലോ', കുട്ടേട്ടൻ പൊളിയാണ്

വിജയരാഘവൻ / ഫോട്ടോ: ജി.ശിവപ്രസാദ്‌
വിജയരാഘവൻ / ഫോട്ടോ: ജി.ശിവപ്രസാദ്‌

''കഥ കേൾക്കുമ്പോൾതന്നെ മനസ്സിൽ ഞാൻ കഥാപാത്രത്തെ സൃഷ്ടിച്ചുതുടങ്ങും. എന്റെതന്നെ വ്യാഖ്യാനങ്ങളിലൂടെ ആ കഥാപാത്രത്തിന് ജീവൻനൽകും. അതിന്റെ നോട്ടം, ഭാവം, ചലനം...അങ്ങനെ കഥാപാത്രത്തിന്റെ ഒരംശം ഉള്ളിൽ രേഖാചിത്രമായി രൂപപ്പെടും. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം എന്റെ കുട്ടികളാണ്, എന്നിലൂടെ സംഭവിച്ചത്, ഹൃദയത്തിൽ സൂക്ഷിക്കുന്നത്. എന്നിലെ നടനെ തൃപ്തിപ്പെടുത്താനാണ് എന്നും എന്റെ ശ്രമം.''- 'റാംജിറാവു'വായി, 'ഏകലവ്യനി'ലെ ചേറാടി കറിയയായി, 'ദേശാടന'ത്തിലെ ശങ്കരനായി, 'ലീല'യിലെ പിള്ളയായി, 'പൂക്കാല'ത്തിലെ ഇട്ടൂപ്പും 'കിഷ്‌കിന്ധാകാണ്ഡ'ത്തിലെ അപ്പുപിള്ളയും 'റൈഫിൾക്ലബ്ബി'ലെ കുഴുവേലി ലോനപ്പനുമൊക്കെയായി അഭിനയത്തിന്റെ അരനൂറ്റാണ്ട് പിന്നിടുകയാണ് വിജയരാഘവൻ.

തലമുറമാറ്റത്തിനിടയിലും സിനിമയിൽ നിറസാന്നിധ്യമാകുന്ന കലാകാരൻ, സിനിമാക്കാരുടെ കുട്ടേട്ടൻ. ഇന്നത്തെ സിനിമകളിൽ അവിഭാജ്യഘടകമായി ഈ നടൻ മാറിക്കഴിഞ്ഞു. നായകനെന്നോ സ്വഭാവനടനെന്നോ വില്ലനെന്നോ ഉള്ള പ്രത്യേക തലക്കെട്ടുകളിലൊന്നും അദ്ദേഹത്തെ പിടിച്ചുകെട്ടാനാവില്ല. എഴുപതിന്റെ ചുളിവ് വീഴാത്ത മുഖവുമായി മലയാളസിനിമയിൽ തലയെടുപ്പോടെ വിജയരാഘവൻ യാത്ര തുടരുന്നു.

നാടകാചാര്യനായ അച്ഛൻ എൻ.എൻ.പിള്ളയുടെ വിശ്വകേരള കലാസമിതിയിലൂടെയാണ് വിജയരാഘവൻ അഭിനയലോകത്തെത്തുന്നത്. 1973-ൽ ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത കാപാലിക എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ്സ്‌ക്രീനിലെത്തി. അന്ന് പ്രായം ഇരുപത്തിരണ്ട്. നാടകത്തിൽ സജീവമായിരുന്ന കാലം. ആദ്യ സിനിമകഴിഞ്ഞ് പിന്നീട് ഒൻപതുവർഷത്തിനുശേഷമാണ് അടുത്ത സിനിമ അദ്ദേഹത്തെ തേടിയെത്തിയത്. ശ്രീകുമാരൻ തമ്പിയുടെ 'അമ്മയ്‌ക്കൊരുമ്മ'. തൊട്ടടുത്ത വർഷം തന്നെ എസ്. കൊന്നനാട് സംവിധാനം ചെയ്ത 'സുറുമയിട്ട കണ്ണുകളി'ൽ നായകനായി. തുടർന്ന് പി. ചന്ദ്രകുമാറിന്റെയും വിശ്വംഭരന്റെയും ജോഷിയുടെയും ചിത്രങ്ങളിലൂടെ വിജയരാഘവൻ എന്ന നടൻ വളർന്നുവന്നു. ജോഷി സംവിധാനം ചെയ്ത 'ന്യൂഡൽഹി'യിലെ അനന്തൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു. അവിടെനിന്നാണ് നാടകജീവിതത്തിന് തിരശ്ശീലയിട്ട് മുഴുവൻസമയ സിനിമാക്കാരനിലേക്ക് മാറുന്നതിനുള്ള തീരുമാനം സംഭവിക്കുന്നത്. 

തുടക്കകാലങ്ങളിൽ അദ്ദേഹത്തെ തേടിയെത്തിയതെല്ലാം വില്ലൻവേഷങ്ങളായിരുന്നു. എന്നാൽ ഇടയ്ക്ക് വന്നുചേരുന്ന ക്യാരക്ടർ റോളുകളെയും അദ്ദേഹം കൈവിട്ടില്ല. പിന്നീട് നായകവേഷങ്ങളിലും മിന്നിത്തിളങ്ങി. വില്ലത്തരവും തമാശയും കൈമുതലാക്കിയ റാംജി റാവു, ചേറാടി കറിയ, അപ്പിച്ചായി, ഗോപീകൃഷ്ണൻ, ശങ്കരൻ, ശിവപ്പ, ഇക്ബാൽ, ഗുണ്ട സ്റ്റീഫൻ, ജനാർദനൻ, തോട്ടപ്പള്ളി സുരേന്ദ്രൻ, ഗീവർഗീസ്, സി.ഐ. ജോർജ്, അമ്പാടി മോഹനൻ, കാളിയാറച്ചൻ, രാജേന്ദ്രൻ, പിള്ളേച്ചൻ, ചക്കോള, ഇട്ടൂപ്പ്, പീതാംബരൻ, അപ്പുപ്പിള്ള...തുടങ്ങി എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങളെയാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. വിശേഷണങ്ങൾക്കപ്പുറത്ത് അഭിനയസാധ്യതയുള്ള വില്ലന്മാരായും നെഗറ്റീവ് പോലീസ് വേഷങ്ങളും കൗശലക്കാരനായ രാഷ്ട്രീയനേതാവുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടി. ''നടേശാ, കൊല്ലണ്ട''എന്ന് കേൾക്കുമ്പോൾ വിജയരാഘവന്റെ മുഖം മാത്രമേ മനസ്സിലേക്കോടിവരുള്ളൂ. 

ഒരുകാലത്ത് ചേറാടി കറിയയെപ്പോലെ കുറെ അച്ചായൻ വേഷങ്ങളിലും പോലീസ് വേഷങ്ങളിലും അദ്ദേഹം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടെങ്കിലും തേടിവന്ന വേഷങ്ങളെ ഒഴിവാക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഏതുവേഷവും അതിന്റെ പൂർണതയോടുകൂടി കാമ്പുള്ളതാക്കി മാറ്റാനുള്ള മാജിക് വിജയരാഘവനെന്ന നടന് നന്നായറിയാം. അവിടെ പ്രായവും കാലവും മാറിനിൽക്കുന്നു. ''ശരീരം വാടിപ്പോയി എന്നുകരുതി മനസ്സിന് പൂക്കാലം പാടില്ല എന്നില്ലല്ലോ...'' അദ്ദേഹത്തിന്റെ തന്നെ കഥാപാത്രമായ ഇട്ടൂപ്പ് ചോദിച്ചത് നേരാ. ഈ നടന് പ്രായം വെറും നമ്പർ മാത്രമാണ്. അഞ്ച് പതിറ്റാണ്ടുകൾ താണ്ടി തുടരുന്ന വിജയരാഘവന്റെ അഭിനയയാത്രയിലെ അവിസ്മരണീയമായ പത്ത് കഥാപാത്രങ്ങളിലൂടെ...

റാംജിറാവ്- റാംജിറാവ് സ്പീക്കിങ് (1989)
മലയാളസിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ഇരട്ടസംവിധായകർ സിദ്ദിഖ്-ലാലിന്റെ ആദ്യസിനിമയായിരുന്നു 'റാംജിറാവ് സ്പീക്കിങ്'. മുകേഷ്, സായ്കുമാർ, ഇന്നസെന്റ്, വിജയരാഘവൻ, രേഖ തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങൾ. സിനിമതുടങ്ങി ഒന്നേകാൽമണിക്കൂർ പിന്നിടുമ്പോൾ സിനിമയിലെ ടൈറ്റിൽകഥാപാത്രമെത്തുന്നു. മരവിച്ച മുഖമുള്ള ക്രൂരനായ വില്ലൻ!
''മൈ നെയിം ഈസ് റാം, റാംജിറാവ് സ്പീക്കിങ്...''

'റാംജിറാവ് സ്പീക്കിങ്ങി'ൽനിന്ന്

പേരിൽമാത്രമല്ല, രൂപത്തിലും റാംജിറാവ് വ്യത്യസ്തനായിരുന്നു. രണ്ട് പോക്കറ്റുള്ള നീളൻഷർട്ടണിഞ്ഞ്, അരയിൽ ചങ്ങലകെട്ടി, വിശാലമായ നെറ്റിത്തടവും എണ്ണയിട്ട് പിന്നിലേക്ക് ചീകിയ മുടിയും നീണ്ട കൃതാവും താഴേക്കിറങ്ങിയ മീശയുമൊക്കെയായി ഒരു സ്‌റ്റൈലിഷ് വില്ലൻ. റാംജിറാവായി വിജയരാഘവൻ ശരിക്കും കസറി. ഫോണിൽ സംസാരിച്ചുകൊണ്ട് സായ്കുമാർ മൂത്രമൊഴിക്കുമ്പോൾ ശബ്ദംകേട്ട് എന്തോ അപകടം മണത്ത റാംജിറാവ് അവരെ ഭീഷിപ്പെടുത്തുന്നൊരു രംഗമുണ്ട്:
''നിങ്ങൾ ഇപ്പോൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്രം ഓഫ് ചെയ്യുക.''

റഫ് ലുക്കിൽ വന്ന് സംഭാഷണത്തിലൂടെ നർമം പറത്തിവിട്ട വിജയരാഘവന്റെ വ്യത്യസ്തമായ അഭിനയശൈലിയെ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഈ സിനിമയുടെ രണ്ടാംഭാഗമായി വന്ന 'മാന്നാർ മത്തായി സ്പീക്കിങ്ങി'ന്റെ അവസാനഭാഗത്തും റാംജിറാവ് വില്ലനായവതരിക്കുന്നുണ്ട്. അവിടെ കൈനിറയെ പണവും തലയ്ക്കുമീതേ തീരാത്ത പ്രശ്‌നങ്ങളുമായാണ് റാംജിറാവിന്റെ മടക്കം.

ചേറാടി കറിയ-ഏകലവ്യൻ (1993)
കാട്ടിൽക്കേറി കൊമ്പന്റെ കണ്ണിൽ വെടിവയ്ക്കുന്ന, മുണ്ടിന്റെ ഒരറ്റംപൊക്കി കക്ഷത്തിനുള്ളിലാക്കി ചങ്കുവിരിച്ച് അഹങ്കാരത്തോടെ നായകനോട് കയർക്കുന്ന ചേറാടി കറിയ. വിജയരാഘവന്റെ തലവരതന്നെ മാറ്റിക്കുറിച്ചു, ഈ കഥാപാത്രം. ഷാജികൈലാസ്-രൺജി പണിക്കർ ടീമിന്റെ ഹിറ്റ് ചിത്രമായ 'ഏകലവ്യനി'ൽ പോലീസ്വേഷമായിരുന്നു വിജയരാഘവന് നൽകാനായി തീരുമാനിച്ചിരുന്നത്. എന്നാൽ, തുടർച്ചയായി പോലീസ്വേഷങ്ങൾ ചെയ്തതിനാൽ ചേറാടി കറിയയെ അദ്ദേഹം ചോദിച്ചുവാങ്ങുകയായിരുന്നു. 

മനുഷ്യത്വമില്ലാത്ത, ക്രൂരനായ, പ്രായമുള്ള കറിയയെ അദ്ദേഹം അനശ്വരമാക്കിയത് തന്റെ നാല്പതാമത്തെ വയസ്സിലാണ്. ആരെയും കൂസാതെയുള്ള ശരീരഭാഷയും നടപ്പും സംസാരവും ഭാവവുമൊക്കെക്കൊണ്ട് കറിയയെ ഭംഗിയായി അദ്ദേഹം അഭ്രപാളിയിൽ പകർത്തുകയായിരുന്നു. സുരേഷ് ഗോപിക്കുമുന്നിൽ നിന്ന് നെടുനീളൻ ഡയലോഗ് പറയുന്ന ഷോട്ട് ഒറ്റടേക്കിലാണ് ഓക്കെയായത്. ഉടനെ തിരക്കഥാകൃത്ത് രൺജി പണിക്കർ വന്ന് കെട്ടിപ്പിടിച്ചെന്ന് അദ്ദേഹംതന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പകപോക്കുന്ന കറിയയെ വിജയിപ്പിച്ച അതേവർഷംതന്നെയാണ് വിജയരാഘവൻ 'മേലേപ്പറമ്പിൽ ആൺവീട്ടി'ലെ പാവം ഗോപീകൃഷ്ണനെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ചതും.

ബോസ് ബ്രിട്ടോളി രാമനാഥൻ-ശിപായി ലഹള (1995)
ശ്രീനിവാസന്റെ തിരക്കഥയിൽ വിനയൻ സംവിധാനംചെയ്ത ചിത്രമാണ് 'ശിപായി ലഹള'. അതിലെ സ്ത്രീലമ്പടനായ മുതലാളി 'ബോസ് ബ്രിട്ടോളി രാമനാഥ'നായി പകർന്നാട്ടം നടത്തിയതും വിജയരാഘവൻതന്നെ. മുകേഷും ശ്രീനിവാസനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ജോലിചെയ്യുന്ന ഓഫീസിലെ എം.ഡി.യായിരുന്നു രാമനാഥൻ. തുടർന്ന് അവരുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കി, സ്ത്രീതത്പരകക്ഷിയായിരുന്നിട്ടും അവസാനം നായികയെ സംരക്ഷിക്കുന്ന ഹീറോയായി മാറുകയായിരുന്നു ആ കഥാപാത്രം. 

ഓഫീസിലെ ആസ്ഥാനപൂവാലനെ ഹാസ്യത്തിലൂടെ, അസാമാന്യമെയ്വഴക്കത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തമാശയും ക്രൂരതയും വൈകാരികഭാവങ്ങളുമെല്ലാം തനിക്കൊരുപോലെ വഴങ്ങുമെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു. രഥോത്സവം, ഹൈവേ, കമ്മീഷണർ, ദി കിംഗ്, ക്രൈം ഫയൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ വിജയരാഘവനിലെ അതിശക്തനായ നടനെ നമ്മൾ പിന്നെയും കണ്ടു.

ശങ്കരൻ-ദേശാടനം (1996)
സംഘട്ടനവും പാട്ടും തമാശയുമൊക്കെയായി നായകവേഷങ്ങളിൽ തിളങ്ങിനിൽക്കുമ്പോൾത്തന്നെയാണ് 'ദേശാടന'ത്തിലെ സാധുബ്രാഹ്മണന്റെ സങ്കടങ്ങളെയും നിസ്സഹായതയെയും വിജയരാഘവൻ വെള്ളിത്തിരയിലെത്തിച്ചത്. സന്ന്യാസത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പൂതിരിബാലന്റെയും അവന്റെ കുടുംബത്തിന്റെയും കഥപറഞ്ഞ 'ദേശാടനം' സംവിധാനംചെയ്തത് ജയരാജാണ്. ജനപ്രീതിയും കലാമൂല്യവും ഒത്തിണങ്ങിയ ചിത്രമായിരുന്നു 'ദേശാടനം'. തന്റെ ഏകമകനെ സന്ന്യാസിയാക്കാൻ നിർബന്ധിതനായിത്തീർന്ന ശങ്കരൻനമ്പൂതിരിയുടെ ഹൃദയവേദന വിജയരാഘവനിൽ ഭദ്രമായിരുന്നു. ഒരു മകന്റെയും അച്ഛന്റെയുമൊക്കെ വൈകാരികതലങ്ങളിലൂടെ സഞ്ചരിക്കുന്ന നടനെ ശങ്കരനിലൂടെ പ്രേക്ഷകർക്ക് കാണാം. അതോടെ, ഏത് വേഷവും തനിക്ക് വഴങ്ങുമെന്ന് നിശ്ശബ്ദമായി പ്രഖ്യാപിക്കുകയായിരുന്നു താരം. അദ്ദേഹത്തോടൊപ്പം വിഭിന്നങ്ങളായ എത്രയോ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരും കടന്നുപോയി!

അപ്പിച്ചായി പിള്ള-രൗദ്രം (2008)
രൺജി പണിക്കരുടെ തൂലികയിൽ വിജയരാഘവനുമാത്രമായി പിറന്ന ഒരുപിടി കഥാപാത്രങ്ങളുണ്ട്; 'ഏകലവ്യനി'ലെ ചേറാടി കറിയയെപ്പോലെ. 'തലസ്ഥാന'ത്തിലെ മന്ത്രി, 'മാഫിയ'യിലെ കാലിന് സ്വാധീനക്കുറവുള്ള ശിവപ്പ, 'ദി കിംഗി'ലെ സഞ്ജയ്, 'കമ്മീഷണറി'ലെ ഇക്ബാൽ, 'രൗദ്ര'ത്തിലെ അപ്പിച്ചായി പിള്ള... എല്ലാം അഭിനയസാധ്യതയുള്ള, വൈവിധ്യമാർന്ന വേഷങ്ങൾ. ഓരോ കഥാപാത്രത്തിന്റെയും രൂപ-ഭാവ-ശബ്ദ നിയന്ത്രണത്തിൽ വ്യത്യസ്തത പുലർത്തുന്നതാണ് ഈ നടന്റെ കരുത്ത്. കഥാപാത്രത്തിന്റെ രൂപനിർണയത്തിൽ തന്റെതായ സംഭാവനകൾ നൽകാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലൊരു ഉരിശൻകഥാപാത്രമായിരുന്നു 'രൗദ്ര'ത്തിലെ അപ്പിച്ചായി. രൺജി പണിക്കർതന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. 

മയക്കുമരുന്നുവ്യാപാരിയായ പട്ടക്കാലിൽ പുരുഷോത്തമൻ എന്ന 'അപ്പിച്ചായി പിള്ള'യായി വിജയരാഘവനും വളർത്തുമകൻ സേതുമാധവനായി സായ്കുമാറുമെത്തുന്നു. എ.സി.പി. നരേന്ദ്രന്റെ, 'നരി'എന്നറിയപ്പെടുന്ന അന്വേഷണോദ്യോഗസ്ഥന്റെ, വേഷത്തിൽ മമ്മൂട്ടിയും. ഒരു കൈക്ക് സ്വാധീനക്കുറവുണ്ടെങ്കിലും എതിരാളിയുടെ നെറ്റിയിൽ വെടിയുതിർക്കുന്ന, സാമർഥ്യക്കാരനായ അപ്പിച്ചായി, വിജയരാഘവന്റെ കരിയറിലെ കരുത്തുറ്റ വില്ലൻകഥാപാത്രമായിരുന്നു.

പിള്ളേച്ചൻ-ലീല (2016)
രഞ്ജിത്ത് നിർമാണവും സംവിധാനവും ചെയ്ത ആക്ഷേപഹാസ്യ ചലച്ചിത്രമാണ് ലീല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കിയെടുത്ത സിനിമ. ചിത്രത്തിൽ ബിജു മേനോൻ ചെയ്ത കുട്ടിയപ്പൻ എന്ന കഥാപാത്രത്തിന്റെ ഉറ്റതോഴൻ പിള്ളേച്ചനായി എത്തിയത് വിജയരാഘവനാണ്. കുട്ടിയപ്പനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിഴൽപോലെ കൂടെനിൽക്കുന്ന പിള്ളേച്ചനെ കൈയടക്കത്തോടെയും അതിമനോഹരമായും അദ്ദേഹം അവതരിപ്പിച്ചു. പിള്ളേച്ചനിലൂടെയാണ് കഥ മുന്നോട്ടുപോകുന്നതുതന്നെ. 

സമൂഹത്തിൽ നമുക്കുചുറ്റും കാണുന്ന ജീവിതങ്ങളിൽനിന്ന് പറിച്ചുനട്ടതുപോലെ, സാമ്യം തോന്നുന്നൊരു കഥാപാത്രം. പിള്ളേച്ചന്റെ സംസാരവും ചേഷ്ടകളും ഭാവങ്ങളുമൊക്കെ അത്രയേറെ പുതുമയുള്ളതായിരുന്നു. അന്നുവരെ ചെയ്ത വേഷങ്ങളെയെല്ലാം പിന്തള്ളിക്കൊണ്ട് പിള്ളേച്ചനിലൂടെ ഒരു വഴിമാറിനടത്തത്തിന് തുടക്കമിടുകയായിരുന്നു താരം. ഒരു കഥാപാത്രത്തെ ഏതറ്റംവരെയും കൊണ്ടുപോകാനുള്ള ആത്മവിശ്വാസമാണ് വിജയരാഘവൻ എന്ന നടനെ മുന്നോട്ട് നയിക്കുന്നത്.

പൂക്കാലം, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകളിൽ വിജയരാഘവൻ

ഐപ്പ്-പൊറിഞ്ചു മറിയം ജോസ് (2019)
കാട്ടാളൻ പൊറിഞ്ചുവിനെയും പുത്തൻപള്ളി ജോസിനെയും ആലപ്പാട്ട് മറിയത്തെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെള്ളിത്തിരയിലെ ഹിറ്റ് മേക്കർ ജോഷി അണിയിച്ചൊരുക്കിയ ആക്ഷൻ ത്രില്ലറാണ് പൊറിഞ്ചു മറിയം ജോസ്. തൃശ്ശൂരുകാരൻ ഐപ്പ് മുതലാളി ഇന്നസെന്റിനായി കരുതിയ വേഷമായിരുന്നു. എന്നാൽ അസുഖകാരണങ്ങളാൽ ഇന്നസെന്റിന് ഐപ്പിനെ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. പിന്നീട് ആ കഥാപാത്രത്തെ വിജയരാഘവന് നൽകുകയായിരുന്നു. സിനിമ കണ്ട ഇന്നസെന്റ് വിജയരാഘവൻ ഐപ്പിനെ ഗംഭീരമാക്കിയെന്ന് പ്രശംസിക്കുകയും ചെയ്തു. നിരവധി അച്ചായൻ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഐപ്പിന്റെ സംഭാഷണശൈലിയും മാനറിസങ്ങളുമെല്ലാം മികവോടെതന്നെ അദ്ദേഹം അവതരിപ്പിച്ചു. പ്രായത്തിന്റെതായ അസ്വസ്ഥതകൾ അലട്ടുന്നുണ്ടെങ്കിലും ഐപ്പിന്റെ കൈക്കരുത്തിനും കൗശലത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. പകയും സങ്കടവും കുറ്റബോധവും എല്ലാം ഇടകലർന്ന ഐപ്പിന്റെ മനോവിചാരങ്ങളെ ക്ലൈമാക്സിൽ ഭംഗിയായി പകർത്തിവെച്ചു വിജയരാഘവൻ. 

ഇട്ടൂപ്പ്-പൂക്കാലം (2023)
പ്രായത്തെ പടിക്കുപുറത്തുനിർത്തിയ നടനെ നിരവധി വൃദ്ധകഥാപാത്രങ്ങളാണ് ഒരിടയ്ക്ക് തേടിയെത്തിയത്. അക്കൂട്ടത്തിൽ 'പൂക്കാല'ത്തിലെ നൂറുവയസ്സുകാരൻ ഇട്ടൂപ്പുമുണ്ടായിരുന്നു. അച്ഛനും മുത്തച്ഛനുമൊക്കെയായി പലവട്ടം പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരത്തിന് നൂറുവയസ്സുള്ള ഇട്ടൂപ്പായി അനായാസം മാറാൻ കഴിഞ്ഞു. എഴുപതിലും മണിക്കൂറുകളോളം മേക്കപ്പിനിരുന്ന് ക്യാമറയ്ക്കുമുന്നിൽ ശരീരംകൊണ്ടും മനസ്സുകൊണ്ടും ഇട്ടൂപ്പായി ജീവിക്കുകയായിരുന്നു എന്നുവേണം പറയാൻ. ചുക്കിച്ചുളിഞ്ഞ ശരീരത്തിന്റെ തളർച്ചയും ഇടർച്ചയും കൈവിറയലും നേരിയ മുക്കലും മൂളലുമൊക്കെയായി സൂക്ഷ്മാഭിനയത്തിലൂടെ ഇട്ടൂപ്പിന് ജീവൻ പകർന്നു അദ്ദേഹം. നാടക ആർട്ടിസ്റ്റ് കെ.പി.എ.സി. ലീലയാണ് ഇച്ചോയിയായി വിജയരാഘവനൊപ്പം അഭിനയിച്ചത്. മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും പൂക്കാലത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു. 'ആനന്ദം' എന്ന ചിത്രത്തിനുശേഷം ഗണേഷ് രാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു അത്.  

അപ്പുപിള്ള-കിഷ്‌കിന്ധാകാണ്ഡം (2024)
'ഇതാണ് നുമ്മ പറഞ്ഞ നടൻ', എന്ന് പറയേണ്ടിവരും 'കിഷ്‌കിന്ധാകാണ്ഡ'ത്തിലെ അപ്പുപിള്ളയെ കാണുമ്പോൾ. വിജയരാഘവൻ എന്ന നടന്റെ കാലമാണിതെന്ന് അപ്പുപിള്ള അടിവരയിടുന്നു. ആസിഫ് അലിയും അപർണ ബാലമുരളിയും ജഗദീഷുമടക്കം അഭിനയിച്ചവരെല്ലാം അവരവരുടെ ഭാഗം ഗംഭീരമാക്കിയിട്ടുണ്ട്. എങ്കിലും ഇത് വിജയരാഘവന്റെ സിനിമയാണെന്ന് പലരും പറയുന്ന തലത്തിലേക്ക് അദ്ദേഹം ആ കഥാപാത്രത്തെ കൊണ്ടുപോയി. അഞ്ഞൂറാൻ പുനർജനിച്ചിരിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നുനിറഞ്ഞു. എന്നാൽ അതിനുംമുകളിൽ നിൽക്കുന്ന പ്രകടനമെന്ന് വിലയിരുത്തുന്നവരുമുണ്ട്. അപ്പുപിള്ള എന്ന കഥാപാത്രത്തിലൂടെ സിനിമയെ മൊത്തം മറ്റൊരു തലത്തിലേക്ക് പിടിച്ചുയർത്താൻ അദ്ദേഹത്തിന് സാധിച്ചു. കാലത്തിനൊപ്പം സ്വയം നവീകരിച്ച് മുൻപെങ്ങും കാണാത്ത കഥാപാത്രങ്ങളായുള്ള പരകായപ്രവേശം വിജയരാഘവനുമാത്രമേ സാധിക്കുകയുള്ളൂ. 

'കിഷ്‌കിന്ധാകാണ്ഡ'ത്തിൽനിന്ന്‌

ഒന്നോ രണ്ടോ വർഷങ്ങൾക്കുശേഷം വിജയരാഘവന്റെ മികച്ച കഥാപാത്രങ്ങളിൽ ആദ്യ പത്തിൽ ഉൾപ്പെടാൻ പോകുന്ന കഥാപാത്രങ്ങൾ ഏതൊക്കെയാവും? കാത്തിരിക്കാം. പ്രേക്ഷകർക്ക് നിരാശപ്പെടേണ്ടിവരില്ല. വിജയരാഘവൻ എന്ന നടൻ നൽകുന്ന പ്രതീക്ഷയാണത്. പ്രേക്ഷകർക്കാകട്ടെ ആ പ്രതീക്ഷയ്ക്ക് ഉറപ്പ് എന്നാണർഥം.

തയ്യാറാക്കിയത്: രേഖ നമ്പ്യാർ
 

Content Highlights: best roles of actor vijayaraghavan