അനന്ത് അംബാനി ഏറ്റവും അടുത്ത സുഹൃത്തെന്ന് അറ്റ്ലി, ഭാര്യയുടെ ‘അനന്ത്സ് ബ്രിഗേഡ്’ വസ്ത്രധാരണത്തിന് വിശദീകരണം

അറ്റ്ലിയും ഭാര്യ കൃഷ്ണപ്രിയയും
അറ്റ്ലിയും ഭാര്യ കൃഷ്ണപ്രിയയും

വ്യവസായി അനന്ത് അംബാനി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് പറയുകയാണ് സംവിധായകൻ അറ്റ്ലി. 2024-ൽ നടന്ന അനന്ത് അംബാനിയുടെ വിവാഹത്തിൽ അറ്റ്ലിയുടെ ഭാര്യ കൃഷ്ണപ്രിയ ‘അനന്ത്സ് ബ്രിഗേഡ്’ എന്നെഴുതിയ ചോളി ധരിച്ചിരുന്നു. അതിന്റെ പേരിൽ വലിയ വിമർശനങ്ങളും ട്രോളുകളും ഉയരുകയും ചെയ്തു. അറ്റ്ലിയുടെ നിറത്തിന്റെയും പേരിലും വലിയ കളിയാക്കലുകൾ നടന്നിരുന്നു. തന്റെ തമിഴ് ചിത്രമായ 'ബത്ത'യുടെ വിജയാഘോഷ വേളയിൽ ഇക്കാര്യങ്ങളെപ്പറ്റി അദ്ദേഹം മനസ്സുതുറന്നു.

ട്രോളുകളെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ മറുപടിയിങ്ങനെയായിരുന്നു. “അവർ എന്തു വേണമെങ്കിലും പറയട്ടെ. അതെ, എന്റെ തൊലിക്ക് കറുപ്പുനിറമാണ്. അവരെന്നെ ശരാശരിയെന്ന് വിളിക്കുന്നു, അവർക്ക് അവരുടെ സ്വന്തം അഭിപ്രായങ്ങളുണ്ടാകാം. സിനിമകളിൽ നായകനായി അഭിനയിക്കാൻ എന്നോട് നാല് തവണ ആവശ്യപ്പെട്ടിരുന്നു, പക്ഷേ ഞാൻ അത് നിരസിച്ചു. ഞാൻ അത് നിങ്ങളോട് പറയുകയാണെന്ന് മാത്രം.”

തുടർന്ന് അംബാനിയുടെ വിവാഹത്തിൽ പ്രിയ ധരിച്ച ‘അനന്ത്സ് ബ്രിഗേഡ്’ ചോളിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു- “അനന്ത് അംബാനി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. മുംബൈയിൽ ഞാൻ കഷ്ടപ്പെട്ടപ്പോൾ അവനെന്റെ കൂടെ നിന്നു. അവനെന്റെ കൈപിടിച്ചു, അതുകൊണ്ട് ആളുകൾ ആയിരം കാര്യങ്ങൾ പറയട്ടെ. അവനെന്റെ സുഹൃത്താണ്. ഞങ്ങളുടെ ജോലിയിലൂടെ ഞങ്ങൾ തെളിയിക്കും. എന്റെ മറുപടി എപ്പോഴും എന്റെ സിനിമകളാണ്.”-അദ്ദേഹം പറഞ്ഞു. അനന്യ പാണ്ഡെ, ഖുഷി കപൂർ, ഷനായ കപൂർ എന്നിവരും വിവാഹത്തിൽ സമാനമായ ചോളികൾ ധരിച്ചിരുന്നു.

“സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഷാരൂഖ് ഖാനൊപ്പവും വിജയ് അണ്ണനൊപ്പവും ഒരു സിനിമ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞിരുന്നെങ്കിൽ അവരെന്നെ കളിയാക്കുമായിരുന്നു, പക്ഷേ ഞാനത് ചെയ്തു. അതുപോലെ, 'ബത്ത'യെ ഓസ്കറിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. ആ അനുഭവം എങ്ങനെയുണ്ടെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ആ സ്റ്റേജിൽ കയറി തമിഴിൽ സംസാരിക്കാൻ ഞാനെല്ലാ കാര്യങ്ങളും ചെയ്യും. തമിഴ് ജനതയ്ക്ക് 'റാക'യിൽ അഭിമാനം തോന്നും. അതിൽ പ്രവർത്തിച്ച ഹോളിവുഡിൽ നിന്നുള്ളവർ അത് കണ്ട് അമ്പരന്നുപോയി. അതിലെനിക്ക് വളരെ സന്തോഷമുണ്ട്.”-അറ്റ്ലി പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi