'കഞ്ചാവും ഭാംഗും ഉപയോഗിച്ചു, എട്ടുമണിക്കൂർ നിർത്താതെ ചിരിച്ചു, ഇനിയൊരിക്കലുമില്ലെന്ന് അന്ന് തീരുമാനിച്ചു'

അനുപം ഖേർ | AFP
അനുപം ഖേർ | AFP

ബോളിവുഡിൽ പക്വതയും മാന്യമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പേരുകേട്ട വ്യക്തിയാണ് അനുപം ഖേർ. നാലു പതിറ്റാണ്ടുനീണ്ട അഭിനയജീവിതത്തിനിടെ, 500-ലധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

തൻ്റെ അഭിനയജീവിതത്തിൻ്റെ തുടക്കത്തിൽ കഞ്ചാവും ഭാംഗും ഉപയോഗിച്ചിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ തുറന്നുപറയുകയാണ് അദ്ദേഹമിപ്പോൾ. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പരിശീലന കാലഘട്ടത്തിലാണത്. ദിശാബോധം നശിപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുന്നതുമായിരുന്നു ആ അനുഭവമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

കഞ്ചാവ് രണ്ട് പുക എടുത്തതിന് ശേഷം, ആകാശത്തേക്ക് നോക്കി ഒരു വിമാനം ഒരു കുത്തായി ചുരുങ്ങുന്നത് വരെ കണ്ടുനിന്നതും തൻ്റെ കാഴ്ചപ്പാടുകൾ താളം തെറ്റിയതായി തോന്നിയതും അദ്ദേഹം അഭിമുഖത്തിൽ ഓർത്തെടുത്തു. അന്ന് സ്വന്തം കാറിൽ ഇരിക്കുന്നത് പോലും ഒരുതരം വിഭ്രാന്തിയായിരുന്നുവെന്ന് അനുപം പറയുന്നു. "റോഡാണോ ഓടുന്നത് അതോ കാറാണോ ഓടുന്നത്" എന്ന് തിരിച്ചറിയാനായില്ലെന്നും.

ഹോളി ആഘോഷങ്ങളുടെ ഭാഗമായി സഹപാഠികളോടൊപ്പം കഴിച്ച ഭാംഗിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അന്ന് എട്ട് മണിക്കൂറോളം നിർത്താതെ ചിരിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഹോസ്റ്റൽ ടെറസിൽ മറ്റുള്ളവരോടൊപ്പം നിൽക്കുമ്പോൾ സൈന്യം വരുന്നു എന്നൊക്കെയുള്ള മിഥ്യാധാരണകളുണ്ടായി. കടുത്ത ആശയക്കുഴപ്പം അനുഭവിച്ചതും അദ്ദേഹം ഓർത്തു. പിന്നീട്, ഒരു സുഹൃത്തിനോട് സംസാരിക്കാൻ ശ്രമിച്ചപ്പോഴാണ് അർത്ഥമില്ലാത്ത വാക്കുകളാണ് താൻ പറയാൻ ശ്രമിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. ആ ഒരൊറ്റ സംഭവം ഇനിയൊരിക്കലും ഇത് ചെയ്യില്ലെന്ന് സത്യം ചെയ്യാൻ അനുപമിനെ പ്രേരിപ്പിക്കുകയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anupam Kher candidly shares his past experiences with cannabis and bhang during his NSD days, detailing disorienting and confusing episodes. Learn why this admission matters.