'യോദ്ധാവായ സീതയെ വാത്മീകി തന്നെ എഴുതിയിട്ടുണ്ട് 'അത്ഭുത രാമായണത്തിൽ' രാവണനെ വധിക്കുന്നതും അവർ തന്നെ' - അമീഷ് ത്രിപാഠി

സായ് പല്ലവി
സായ് പല്ലവി

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ദൃശ്യമികവും ആഖ്യാനരീതിയും പ്രശംസിക്കപ്പെടുമ്പോഴും, സായ് പല്ലവി അവതരിപ്പിച്ച സീതാദേവിയുടെ കഥാപാത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. വാൾപ്പയറ്റ് നടത്തുന്ന, അസുരന്മാരോട് പോരാടുന്ന 'യോദ്ധാവായ സീത' എന്ന സങ്കല്പം മുൻകാല ആവിഷ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം. എന്നാൽ, ഈ വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ അമീഷ് ത്രിപാഠി.

'സ്ക്രീൻ' മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമീഷ് സീതയുടെ പോരാളി ഭാവത്തെ പിന്തുണച്ച് സംസാരിച്ചത്. രാമായണത്തിന് വിവിധ പാഠഭേദങ്ങളുണ്ടെന്നും, വാത്മീകി മഹർഷി തന്നെ മൂന്ന് വ്യത്യസ്ത രാമായണങ്ങൾ രചിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ രാമായണവും മഹാഭാരതവും പഠിപ്പിക്കാത്തതുകൊണ്ടാണ് ഇതിന്റെ വിവിധ ഭാഷ്യങ്ങളെക്കുറിച്ച് നമുക്ക് അറിവില്ലാതെ പോകുന്നത്. വാത്മീകി രചിച്ചതായി കരുതപ്പെടുന്ന 'അത്ഭുത രാമായണം' എന്നൊരു കൃതിയുണ്ട്. വാത്മീകി രാമായണം, അത്ഭുത രാമായണം, ആനന്ദ രാമായണം എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് അദ്ദേഹത്തിന്റേതായുള്ളത്. ഇതിൽ അത്ഭുത രാമായണത്തിൽ, കൂടുതൽ ശക്തനായ രാവണനെ വധിക്കുന്നത് സീതയാണ്. ആ പതിപ്പിൽ സീത ഒരു യോദ്ധാവായിരുന്നു. ഇതൊരു പുതിയ സങ്കല്പമല്ല, വാത്മീകി തന്നെ എഴുതിയ പുരാതനമായ പതിപ്പാണിത്." — അമീഷ് വ്യക്തമാക്കി.

ചിത്രത്തിൽ ശാസ്ത്രത്തിലും ആയുധവിദ്യയിലും ഒരുപോലെ പ്രാവീണ്യമുള്ള വ്യക്തിയായാണ് സായ് പല്ലവിയുടെ സീതയെ അവതരിപ്പിച്ചിരിക്കുന്നത്. പെൺകുട്ടികളെ വാൾപ്പയറ്റ് പരിശീലിപ്പിക്കുന്നതും, അസുര സൈനികരിൽ നിന്ന് സ്വയം രക്ഷ നേടാനായി കഠാര ഉപയോഗിച്ച് പോരാടുന്നതുമായ രംഗങ്ങൾ സിനിമയിലുണ്ട്. നേരത്തെ തന്റെ 'സീത: വാരിയർ ഓഫ് മിഥില' (Sita: Warrior of Mithila) എന്ന നോവലിലും സീതയെ കരുത്തുറ്റ യോദ്ധാവായാണ് അമീഷ് ത്രിപാഠി അവതരിപ്പിച്ചിരുന്നത്.

ഇതിഹാസങ്ങളെക്കുറിച്ചുള്ള ധാരണകൾ കാലക്രമേണ വികസിക്കുന്നതാണെന്നും, ആളുകൾക്ക് ഏതെങ്കിലും ഒരു പതിപ്പ് മാത്രമേ അറിയൂ എന്നതാണ് ഇത്തരം ചർച്ചകൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോമറിന്റെ 'ഒഡീസി' വെറുമൊരു ഭാവനയാണെന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നെന്നും, എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൽ ട്രോയ് നഗരം കണ്ടെത്തിയതോടെ ആ കഥകൾക്ക് പിന്നിലെ യാഥാർത്ഥ്യം ലോകം തിരിച്ചറിഞ്ഞെന്നും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന 'രാമായണ'ത്തിന്റെ ആദ്യ ഭാഗമാണ് ഈ മാസം തിയേറ്ററുകളിലെത്തിയത്. രൺബീർ കപൂർ ശ്രീരാമനായും, യഷ് രാവണനായും, രവി ദുബെ ലക്ഷ്മണനായും വേഷമിടുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് നമിത് മൽഹോത്രയും യഷും ചേർന്നാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ 'രാമായണ' ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 992 കോടി രൂപയും, ആഗോളതലത്തിൽ 1775 കോടിയിലധികം രൂപയും ചിത്രം ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028-ൽ പ്രദർശനത്തിനെത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Amish Tripathi defends the portrayal of Sita as a warrior in Nitesh Tiwari's Ramayana., Cites Valmiki's Adbhuta Ramayana where Sita slays Ravana., Explains that different versions of the epic exist and warrior Sita is not a modern concept., Ramayana movie stars Ranbir Kapoor, Sai Pallavi, and Yash, breaking box office records.