'ഓപ്ഷനുകൾ കൂടിയപ്പോൾ പ്രണയം കണ്ടെത്തുന്നത് കൂടുതൽ കുഴപ്പമായി'; ഐശ്വര്യ ലക്ഷ്മി

പ്രണയം, ഡേറ്റിങ് ആപ്പുകൾ, ബന്ധങ്ങളിലെ മാറ്റങ്ങൾ...തുടങ്ങി ഇന്നത്തെ കാലത്തെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ ഐശ്വര്യലക്ഷ്മിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ #Love സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യ ടുഡേയുമായി നടത്തിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ താരം പങ്കുവച്ചത്.
ഡേറ്റിങ് ആപ്പുകൾ പ്രണയത്തിൽ കൂടുതൽ സാധ്യതകൾ നൽകിയെങ്കിലും, ശരിയായ ഒരാളെ കണ്ടെത്തുന്നത് എളുപ്പമായിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്. മറിച്ച്, ഓപ്ഷനുകൾ കൂടിയത് ആശയക്കുഴപ്പം വർധിപ്പിച്ചെന്നും താരം പറയുന്നു.
''എങ്ങോട്ടാണ് പോകേണ്ടതെന്ന് പോലും ആശയക്കുഴപ്പമാകുന്നു. പ്രിയപ്പെട്ടൊരാളെ കണ്ടെത്തുക എന്നതാണ് എല്ലാവരുടെയും അന്വേഷണം. ആ ഒരാളെ കണ്ടെത്തുന്നത് പഴയകാലത്തേക്കാൾ കൂടുതൽ കുഴപ്പമുള്ള കാര്യമായി ഇപ്പോൾ തോന്നുന്നു,'' ഐശ്വര്യ പറഞ്ഞു.
ന്യൂജെൻ ബന്ധങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പുതിയ വാക്കുകളും ആശയക്കുഴപ്പം കൂട്ടുന്നുണ്ടെന്ന് താരം തമാശയായി പറഞ്ഞു. 'സിറ്റുവേഷൻഷിപ്പ്', 'നാനോഷിപ്പ്', 'ബെഞ്ചിങ്' തുടങ്ങിയ വാക്കുകളെക്കുറിച്ചും ഐശ്വര്യ സംസാരിച്ചു.
കാലം കടന്നുപോകുന്നതിനനുസരിച്ച് പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിലും മാറ്റം വന്നിട്ടുണ്ട്. ''പ്രണയം കംഫർട്ടും സുരക്ഷിതത്വവുമാണ്. മറ്റൊരാളുടെ മുന്നിൽ എനിക്ക് ഞാനായി തന്നെ നിൽക്കാൻ കഴിയണം. ഇപ്പോൾ എന്നെ സംബന്ധിച്ച് പ്രണയം എന്നാൽ കംഫർട്ടാണ്. പങ്കാളിയിൽ ഞാൻ ആദ്യം നോക്കുന്നത് പൊരുത്തമാണ്. ആദ്യ സംഭാഷണം മുതൽ തന്നെ സുരക്ഷിതമായി തോന്നണം. പറയാനുള്ളത് തുറന്ന് പറയാനും, താൻ എങ്ങനെയാണോ അങ്ങനെ തന്നെ അംഗീകരിക്കപ്പെടാനും കഴിയണം. എനിക്ക് ആ വ്യക്തിയുടെ മുന്നിൽ ഒരു കുട്ടിയെപ്പോലെ ആകാൻ കഴിയണം. പരസ്പരം എന്തും തുറന്ന് പറയാൻ കഴിയണം. വിധിക്കപ്പെടുമെന്ന ഭയമില്ലാതെ, നമ്മൾ സ്വതന്ത്രരായിരിക്കണം, ഒരുമിച്ചിരിക്കുമ്പോഴും ആ സ്വാതന്ത്ര്യം അനുഭവിക്കണം. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്,'' ഐശ്വര്യ പറഞ്ഞു.
പ്രണയബന്ധത്തിൽ സൗഹൃദത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് താരം പറയുന്നു. വിവാഹിതരായ തന്റെ സുഹൃത്തുക്കളിൽ പലരും പങ്കാളികളാകുന്നതിന് മുൻപ് സുഹൃത്തുക്കളാണെന്ന് മനസ്സിലാക്കിയതോടെയാണ് ഇതിന്റെ പ്രാധാന്യം കൂടുതൽ ബോധ്യപ്പെട്ടതെന്നും ഐശ്വര്യ പറഞ്ഞു.
സിനിമയിൽ തീവ്രമായ പ്രണയകഥകളോട് താൽപര്യമുള്ള ഐശ്വര്യയുടെ വ്യക്തിപരമായ ഇഷ്ടം പക്ഷേ മറ്റൊന്നാണ്. ''ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് സന്തോഷകരവും എളുപ്പമുള്ളതുമായ പ്രണയകഥകളാണ് ഇഷ്ടം. തീവ്രവും വേദന നിറഞ്ഞതുമായ പ്രണയകഥകളിൽ ഞാൻ മടുത്തു,'' ഐശ്വര്യ പറഞ്ഞു.
ആശ എന്ന സിനിമയ്ക്കു പിന്നാലെ അർജുൻ ദാസിനൊപ്പമുള്ള #Love ആണ് താരത്തിന്റെ പുതിയ റിലീസുകളിൽ ശ്രദ്ധേയമായത്. തെലുങ്ക് ചിത്രം Sambarala Yeti Gattu ആണ് ഇനി വരാനിരിക്കുന്ന പ്രധാന പ്രോജക്ടുകളിലൊന്ന്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi