'ആയയെ നിയമിച്ച് കുട്ടിയെ സെറ്റിൽ കൊണ്ടുവരാൻ പറയും; അതല്ല പരിഹാരം'

രാധിക ആപ്‌തെ / PTI
രാധിക ആപ്‌തെ / PTI

സിനിമാമേഖലയിൽ തൊഴിലും സ്വകാര്യജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത് ദീപിക പദുകോണാണ്. സ്പിരിറ്റ്, കൽക്കി 2 എന്നീ സിനിമകളിൽനിന്ന് ദീപികയെ പുറത്താക്കിയത് 8 മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു. അതോടെ സംഭവം ഏറെ വിവാദമായി. ദീപികയുടെ അഭിപ്രായത്തെ എതിർത്തും അനുകൂലിച്ചും താരങ്ങളടക്കമുള്ളവർ രംഗത്തെത്തി.

വർഷങ്ങളായി 'പുരുഷ സൂപ്പർതാരങ്ങൾ' 8 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്നുണ്ടെന്നും ദീപിക നേരത്തെ പറഞ്ഞിരുന്നു. ഒരു സ്ത്രീയുടെ അഭിപ്രായമായതുകൊണ്ടാണ് അത് പിടിവാശിയായി കണക്കാക്കപ്പെടുന്നതെന്നും അവർ ആരോപിച്ചു. പുരുഷ സൂപ്പർതാരങ്ങളിൽ പലരും തിങ്കൾ മുതൽ വെള്ളി വരെ എട്ടുമണിക്കൂർ മാത്രമേ ജോലി ചെയ്യാറുള്ളൂവെന്നും ദീപിക വെളിപ്പെടുത്തി.

ഇപ്പോഴിതാ ഇക്കാര്യത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രാധിക ആപ്‌തെ. ജോലി സമയത്തിന്റെ കാര്യത്തിൽ താനൊരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് അവർ പറയുന്നു. നീണ്ട ഷിഫ്റ്റുകൾ ഇനി താൻ അംഗീകരിക്കാൻ തയ്യാറല്ലെന്നും താരം പറഞ്ഞു. ഒരു പ്രോജക്ടിൽ ഒപ്പുവെക്കുമ്പോൾ അവിടുത്തെ ജോലി സാഹചര്യങ്ങളെക്കുറിച്ചും താൻ വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി. ''ഞാൻ അത്തരം കാര്യങ്ങളിൽ ഉറച്ചുനിൽക്കാൻ തുടങ്ങിയിരിക്കുന്നു. പലർക്കും അത് ഇഷ്ടപ്പെട്ടിട്ടില്ല. എനിക്ക് 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയില്ല. യാത്ര, ഹെയർ സ്‌റ്റൈലിങ്, മേക്കപ്പ്, ഷൂട്ടിങ് തുടങ്ങി എല്ലാം അതിൽ ഉൾപ്പെടുന്നു. എന്റെ യാത്രയ്ക്ക് രണ്ട് മണിക്കൂർ എടുക്കുന്നുണ്ടെങ്കിൽ, അതിനനുസരിച്ച് ഷിഫ്റ്റ് ആസൂത്രണം ചെയ്യണം. തീർച്ചയായും, ഇതിന് അപവാദങ്ങൾ ഉണ്ടാകാം. പക്ഷേ അതിലെനിക്ക് വിലപേശാൻ കഴിയില്ല. ഞാൻ ആഴ്ചയിൽ അഞ്ച് ദിവസത്തിൽ കൂടുതൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ആഴ്ചയിൽ അഞ്ച് ദിവസങ്ങളിലായി 12 മണിക്കൂർ ഷിഫ്റ്റാണ് ഞാനാഗ്രഹിക്കുന്നത്''.

തന്റെ കുട്ടിയെ സെറ്റിൽ കൊണ്ടുവരാനോ കുട്ടിയെ നോക്കാൻ ആയകളെ നിയമിക്കാനോ പലരും ഉപദേശിച്ചതിനെക്കുറിച്ചും രാധിക സംസാരിച്ചു. ''എങ്ങനെയാണ് ഒരാഴ്ച മുഴുവൻ കുഞ്ഞിനെ കാണാതെ ഒരാൾക്ക് ജോലി ചെയ്യാൻ കഴിയുക. നീണ്ട ഷിഫ്റ്റുകൾ ചെയ്യാൻ വിസമ്മതിച്ചതിനെച്ചൊല്ലി പല തർക്കങ്ങളും വാദങ്ങളും ഉണ്ടായിട്ടുണ്ട്. ഒരാൾക്ക് എത്രമാത്രം പോരാടേണ്ടിവരുമെന്ന് അപ്പോൾ നിങ്ങൾക്ക് അദ്ഭുതം തോന്നും. ഒരു നാനിയെ നിയമിച്ച് കുട്ടിയെയും സെറ്റിൽ കൊണ്ടുവരാൻ ആളുകൾ ആവശ്യപ്പെടും. ക്ഷമിക്കണം, അതല്ല യഥാർഥത്തിലുള്ള ഉത്തരം''. ഡിസംബർ 2024-ലാണ് രാധികയ്ക്ക് കുഞ്ഞ് ജനിച്ചത്. സാലി മുഹബ്ബത്, രാത് അകേലി ഹെ: ദ ബൻസാൽ മർഡേഴ്‌സ് തുടങ്ങിയ സിനിമകളാണ് രാധികയുടേതായി അവസാനം റിലീസായത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Radhika Apte discusses work-life balance in cinema, rejecting long shifts and advocating for 8-hour workdays. Learn more about her stance