പുറത്തു പോകുമ്പോള്‍ ചിലർ തിരിച്ചറിയുന്നുണ്ട്; കരിക്കിന്റെ റൈറ്ററല്ലേ എന്നു ചോദിക്കുമ്പോള്‍ സന്തോഷം

#ബബിത മണ്ണിങ്ങപ്പള്ളിയാളി
നിലീന്‍ സാന്ദ്ര
നിലീന്‍ സാന്ദ്ര

ജൂഡ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമായ 2018 മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും ശ്രദ്ധനേടുകയാണ് നിലീന്‍ സാന്ദ്ര. കരിക്ക് ടീമിന്റെ സാമര്‍ഥ്യശാസ്ത്രം എന്ന വെബ്‌സീരീസിലൂടെയാണ് നിലീന്‍ ആസ്വാദകരുടെ പ്രിയതാരമാകുന്നത്. നിലീന്‍ അവതരിപ്പിച്ച ഡെയ്‌സി എന്ന കഥാപാത്രത്തെ ആരും മറന്നുകാണില്ല. അഭിനയംകൂടാതെ സാമര്‍ഥ്യശാസ്ത്രത്തിന്റെ കഥയ്ക്കുപിന്നിലും നിലീന്‍ പ്രവര്‍ത്തിച്ചു.

കാഴ്ചപ്പാട് മാറട്ടെ
 
പൊതുബോധത്തിന്റെ പ്രശ്‌നമാണത്. സ്ത്രീകളെന്നല്ല, എഴുത്ത് പ്രൊഫഷനായി തെരഞ്ഞെടുക്കുന്നവര്‍ വളരെ കുറവാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടിക്കാലത്തൊക്കെ ആരാവണം എന്നു ചോദിക്കുമ്പോള്‍ എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി എന്ന് ആരും പറഞ്ഞു കേള്‍ക്കാറില്ല. അങ്ങനെ നമുക്കാരും പറഞ്ഞു തരാറുമില്ല. ഇതൊരു കരിയര്‍ ഓപ്ഷന്‍ ആണെന്നോ അല്ലെങ്കില്‍ ഇതില്‍നിന്ന് കാശുണ്ടാക്കാമെന്നോ ഒന്നും അറിയില്ല. ഒരു ഹോബിയായിട്ടോ മറ്റോ ആയിരിക്കും മിക്കവരും എഴുത്തിനെ കൊണ്ടുപോകുന്നത്. ആ ഹോബിയെ കരിയറാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പൊതുവേ സാധിക്കാറില്ല. അത്തരത്തിലുള്ള നമ്മുടെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്.

'കരിക്കി'ന്റെ രുചിക്കൂട്ടിലേക്ക്

ഡിഗ്രി കഴിഞ്ഞ് ഞാനും ശ്യാമും (സാമര്‍ഥ്യശാസ്ത്രം ഡയറക്ടര്‍) ഒരുമിച്ച് ചില ഷോര്‍ട്ട്ഫിലിമുകള്‍ ചെയ്തിരുന്നു. കരിക്കിലെ അര്‍ജുന്‍, ശ്യാമിന്റെ സുഹൃത്താണ്. അവന്‍ വഴി അത് നിഖിലേട്ടന്‍ കണ്ടിരുന്നു. കരിക്കിലേക്ക് കണ്ടന്റ് നോക്കുന്നുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു. ഞങ്ങള്‍ ഒരു കഥയുമായി അവരെ സമീപിച്ചു. അങ്ങനെയാണ് 'റോക്ക് പേപ്പര്‍ സിസേഴ്‌സ്' എന്ന കരിക്ക് ഫ്‌ളിക്കിലെ ഒരു സീരീസിലേക്ക് എഴുതാന്‍ അവസരം ലഭിച്ചത്. അത് ഹിറ്റായപ്പോള്‍ കരിക്ക് മെയിന്‍ സീരീസിലേക്ക് സ്‌ക്രിപ്റ്റ് എഴുതി. അതാണ് 'സാമര്‍ഥ്യ ശാസ്ത്രം'.

എന്നെ എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള വഴി

എഴുത്തും അഭിനയവും എന്റെ പാഷനാണ്. സിനിമാ മേഖലയില്‍ അധികമാരേയും പരിചയമില്ല. ചാന്‍സ് ചോദിച്ച് പോകാനും മടിയാണ്. അതുകൊണ്ട് എനിക്കെന്നെത്തന്നെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ കണ്ടെത്തിയ വഴിയാണ് എഴുത്ത്. മുന്‍പ് കഥകളൊക്കെ എഴുതാറുണ്ടായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ നാടകം എഴുതി ഡയറക്ട് ചെയ്തിട്ടുണ്ട്. ഇന്റര്‍ കോളേജ് യൂണിവേഴ്‌സിറ്റിയില്‍ മൈം, സ്‌കിറ്റ് എന്നിവയിലൊക്കെ പങ്കെടുത്ത് നാഷണല്‍ വിന്നറായിട്ടുണ്ട്. അതുകൊണ്ട് എഴുത്തില്‍ കോണ്‍ഫിഡന്റ് ആണ്. ഇപ്പോള്‍ എസ്.എച്ച്. തേവര കോളേജില്‍ എം.എ. സിനിമ ആന്‍ഡ് ടെലിവിഷന്‍ വിദ്യാര്‍ഥിനിയാണെന്നതും എഴുത്തിന്റെ അന്തരീക്ഷത്തിലേക്ക് എന്നെ എത്താന്‍ സഹായിച്ചു.

സാമര്‍ഥ്യശാസ്ത്രത്തിന്റെ കഥ

ഏതാണ്ട് 60 ദിവസത്തിനടുത്തുണ്ടായിരുന്നു ഷൂട്ട്. വളരെ ആസ്വദിച്ചാണ് അത് ചെയ്തത്. നല്ല വൈബ് ആയിരുന്നു. 'സാമര്‍ഥ്യ ശാസ്ത്രം' എന്ന പുസ്തകവും ഭാവനയില്‍ നിന്നുണ്ടായതാണ്. ആദ്യം ഞാന്‍ അഞ്ച് കള്ളന്‍മാരുടെ കഥയായിരുന്നു എഴുതിയത്. അവര്‍ മറ്റുള്ളവരെ പറ്റിക്കുന്നതായിട്ടായിരുന്നു അത്. എന്നാല്‍ കുട്ടികളും മുതിര്‍ന്നവരുമെല്ലാം കാണുന്ന ഒന്നാണല്ലോ 'കരിക്ക്'. അതിനാല്‍ കള്ളത്തരങ്ങളെ അധികം ഗ്ലോറിഫൈ ചെയ്യാത്ത കഥയാവാം എന്നൊരു സജഷന്‍  വന്നു. അപ്പോള്‍ സ്‌ക്രിപ്റ്റ് മാറ്റിയെഴുതി. വളരെ പെട്ടെന്നെഴുതിയ സ്‌ക്രിപ്റ്റാണത്.

രക്ഷപ്പെടാനുള്ള അവനവന്‍വഴി

ഞാന്‍ തന്നെ എഴുതി ഞാന്‍ തന്നെ ലീഡ് റോളില്‍ അഭിനയിക്കുന്നല്ലോ എന്നൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. അതത്ര എളുപ്പമാണെങ്കില്‍പ്പിന്നെ ഈ വിമര്‍ശിക്കുന്നവര്‍ക്കും അങ്ങനെ ചെയ്തൂടെ... ആരും തടയുന്നില്ലല്ലോ. നാലുമണിക്കൂര്‍ കണ്ടന്റ് എഴുതണം, ഇത്രയും കഥാപാത്രങ്ങള്‍ക്ക് രൂപം കൊടുക്കണം. എന്റെ ഉറക്കവും ഊര്‍ജവും അതിനു വേണ്ടി മാറ്റിവെക്കുമ്പോള്‍ കുറച്ച് ബെനഫിറ്റ് എനിക്ക് എടുത്തൂടെ. എല്ലാവര്‍ക്കും രക്ഷപ്പെടാന്‍ അവരവരുടേതായ വഴികള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.  

വലിയ മാറ്റം തന്ന സിനിമ

'ആവാസവ്യൂഹം' എന്റെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്ന സിനിമയാണ്. ആ സിനിമയുടെ സംവിധായകന്‍ കൃഷാന്ത് സാര്‍ തേവര എസ്.എച്ചിലെ ഫാക്കല്‍ട്ടിയായിരുന്നു. വളരെ ചെറിയ സിനിമയാണത്. അതിനാല്‍ സാറിന് ആക്‌സസബിള്‍ ആയ ആളുകളാണ് അതില്‍ അഭിനയിച്ചവരെല്ലാം. 
'ആവാസവ്യൂഹ'ത്തില്‍ എനിക്ക് സ്‌ക്രിപ്റ്റ് തന്നിരുന്നില്ല. എന്റെ കഥാപാത്രത്തിന്റെ വീട് വൈപ്പിന്‍ ഭാഗത്താണെന്നു മാത്രം പറഞ്ഞു. അതിനാല്‍ ആ ഭാഷ ഞാന്‍ പരിശീലിച്ചിരുന്നു. കഥാസന്ദര്‍ഭത്തിനനുസരിച്ച് ഡയലോഗ് സ്വന്തമായങ്ങ് പറയുകയായിരുന്നു. അതുകൊണ്ടാണ് അത്ര സ്വാഭാവികമായി വന്നത്.

ഹോബികള്‍

വായന തന്നെയാണ് മെയിന്‍. അമ്മയുടെ ലൈബ്രറി കളക്ഷനില്‍ നിന്നെടുത്താണ് വായന. കെ.ആര്‍. മീരയെ ഇഷ്ടമാണ്. സിനിമയില്‍ സജീവമായതിനാല്‍ സിനിമകളും സീരീസുകളുമെല്ലാം കാണും. കൂടുതല്‍ സീരിയസായി സിനിമയെയും സീരീസുകളേയും സമീപിക്കാനാണ് പ്ലാന്‍.  

തിരിച്ചറിയുന്നതാണ് സന്തോഷം

ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. പുറത്തു പോകുമ്പോള്‍ ചിലരൊക്കെ തിരിച്ചറിയുന്നുണ്ട്. ചിലരെല്ലാം വന്ന് കരിക്കിന്റെ റൈറ്ററല്ലേ എന്നൊക്കെ ചോദിക്കുമ്പോള്‍ സന്തോഷം തോന്നും. ആളുകള്‍ എന്റെ എഴുത്ത് തിരിച്ചറിയുന്നുണ്ടല്ലോ.

കുടുംബം

പപ്പ ജൂഡി, ഫോര്‍ട്ട് കൊച്ചിയില്‍ തഹസീല്‍ദാരാണ്. അമ്മ മേരി ഹൈക്കോടതിയില്‍ ജോലിചെയ്യുന്നു. അനിയന്‍ സാമും അമ്മൂമ്മയും അടങ്ങുന്നതാണ് കുടുംബം.

Content Highlights: actress nileen sandra interview