'കിലുക്ക'ത്തിലെ ആ സീനില്‍ അഭിനയിച്ച കുഞ്ഞുതാരം; 'പ്രേമലു'വിലെ ആദിയും

#രേഖ നമ്പ്യാര്‍
ശ്യാം മോഹന്‍ / ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍
ശ്യാം മോഹന്‍ / ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍

'കിലുക്കം' സിനിമ ക്ലൈമാക്‌സിലേക്ക് കടക്കുന്നു. ജസ്റ്റിസ് പിള്ളയെയും നന്ദിനിയെയും കിട്ടുണ്ണിയെയുമൊക്കെ ജസ്റ്റിസ് പിള്ളയുടെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗം. ബഹളങ്ങള്‍ക്കിടയില്‍ എല്ലാം ശ്രദ്ധിച്ച് നില്‍ക്കുന്ന രണ്ട് കുഞ്ഞുങ്ങളെയും ആ സീനില്‍ കാണാം. അവരിലൊരാള്‍ അമ്മ നിമ്മി മോഹനൊപ്പം ലൊക്കേഷനിലെത്തിയ കുഞ്ഞ് ശ്യാം മോഹന്‍ ആയിരുന്നു. അന്ന് ക്യാമറയ്ക്കുമുന്നില്‍ നില്‍ക്കാന്‍ അവനും ഭാഗ്യം കിട്ടി, അതും അമ്മയ്‌ക്കൊപ്പം എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒരു ക്ലാസിക് ചിത്രത്തില്‍. നാടകനടിയായിരുന്ന നിമ്മി മോഹനാണ് നെഗറ്റീവ് ടച്ചുള്ള ജസ്റ്റിസ് പിള്ളയുടെ ഭാര്യാവേഷം ചെയ്തത്. എന്നാല്‍, ആ കഥാപാത്രത്തെ അധികമാരും ശ്രദ്ധിക്കാതെപോയി. അമ്മയുടെ കൈപിടിച്ചെത്തിയ ആ മകന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയില്‍ തിരിച്ചറിയപ്പെടുന്ന മുഖമായി മാറിയിരിക്കുന്നു. 

'ജേണി ഓഫ് ലവ് 18 പ്ലസ്' സിനിമയിലെ അര്‍ജുനായി, 'പ്രേമലു'വിലെ 'ജെകെ' ആദിയായി, 'അമരനി'ലെ ദീപുവായി, 'ഇ.ഡി'യിലെ സഞ്ജീവായി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ നടന് കഴിഞ്ഞു. അഭിനയജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്യാനായതിന്റെ സന്തോഷത്തിലാണ് ശ്യാം. ''പ്രേമലു റിലീസായത് ഒരു ഫെബ്രുവരിമാസത്തിലായിരുന്നു. അതേപോലെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 'ബ്രൊമാന്‍സും' റിലീസായി. ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിക്കുകയാണിപ്പോള്‍,'' പ്രതീക്ഷകളോടെ ശ്യാം സംസാരിച്ചുതുടങ്ങി. 

തലവരമാറ്റിയ പ്രേമലു 
2017 മുതല്‍ അഭിനയരംഗത്ത് ഞാന്‍ സജീവമായുണ്ട്. 'പൊന്മുട്ട' എന്ന യൂട്യൂബ് ചാനലിലെ വീഡിയോകള്‍ ചെയ്തായിരുന്നു തുടക്കം. അതിനുശേഷമാണ് ഫിലിം മേക്കിങ്ങിനെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്നത്. സ്‌ക്രിപ്റ്റ് എഴുതുന്നു, ലൊക്കേഷന്‍ തപ്പി പോകുന്നു, എഡിറ്റിങ്ങില്‍ ഇരിക്കുന്നു... ഇതെല്ലാം എനിക്ക് സിനിമയോടുള്ള അടുപ്പം കൂട്ടി. പൊന്മുട്ടയിലെ വെബ് സീരീസുകള്‍ കണ്ടിട്ടാണ് 'പത്രോസിന്റെ പടപ്പുകള്‍', 'ഹെവന്‍', 'ജേണി ഓഫ് ലവ് 18 പ്ലസ്' എന്നീ ചിത്രങ്ങളിലൊക്കെ അവസരം കിട്ടിയത്. 

ആദ്യസിനിമ 'പത്രോസിന്റെ പടപ്പുകളി'ല്‍ ഓഡിഷന്‍ വഴിയാണ് കയറിയത്. 'പ്രേമലു'വിനുശേഷം ഓഡിഷനുകള്‍ ചെയ്തിട്ടില്ല. ഓരോ സിനിമ കണ്ടിട്ടാണ് പലരും വിളിച്ചത്. 'പ്രേമലു'വിലെ ആദി കൗശലക്കാരനും അല്പം ടോക്‌സിക്കുമായ കഥാപാത്രമാണല്ലോ. വേറെ പലരെയുംകൊണ്ട് അഭിനയിപ്പിച്ചുനോക്കിയശേഷം അവസാനത്തെ ഓപ്ഷനായിട്ടാണ് ഞാനെത്തിയത്. എന്തോ ഭാഗ്യംകൊണ്ട് അത് ക്ലിക്കായി. അത്രയും വലിയൊരു സ്വീകാര്യത ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സിനിമ കണ്ട് പല സംവിധായകരും വിളിച്ചു, രാജമൗലിസാര്‍ ഞാനവതരിപ്പിച്ച ആദിയുടെ മാനറിസങ്ങളെപ്പറ്റി സംസാരിച്ചു, സോഷ്യല്‍ മീഡിയയില്‍ പലരും നല്ല അഭിപ്രായങ്ങള്‍ കുറിച്ചിട്ടു. അതൊക്കെ നല്‍കിയ സന്തോഷം വളരെ വലുതാണ്.

കോടിത്തിളക്കത്തോടെ അമരന്‍
'ജേണി ഓഫ് ലവ് 18 പ്ലസ്' സിനിമയിലെ അര്‍ജുന്‍ എന്ന രാഷ്ട്രീയനേതാവിന്റെ വേഷം കണ്ടിട്ടാണ് 'അമരനി'ലേക്ക് എന്നെ ക്ഷണിച്ചത്. സായി പല്ലവിയുടെ സഹോദരന്‍ ദീപുവിന്റെ വേഷം. അതില്‍ നായകന്‍ ശിവകാര്‍ത്തികേയനോട് തട്ടിക്കയറുന്ന സീനുകളൊക്കെ ഉണ്ടായിരുന്നു. 'പ്രേമലു' റിലീസാവുന്നതിനുമുന്‍പാണ് ഈ സിനിമ ചെയ്തത്. 'പ്രേമലു' റിലീസായശേഷം ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ശിവകാര്‍ത്തികേയന്‍സാറിന് മെസേജ് അയച്ചു. അപ്പോള്‍, സിനിമ കണ്ടെന്നും എന്റെ കഥാപാത്രത്തെ ഇഷ്ടമായെന്നും അദ്ദേഹം മറുപടി തന്നു. 

അമരന്റെ പ്രമോഷന്‍ പരിപാടിക്കുവേണ്ടി കൊച്ചിയില്‍ വന്നപ്പോള്‍ വേദിയില്‍വെച്ച് എന്റെ പേര് എടുത്തുപറയുകയും ചെയ്തു. അദ്ദേഹം ഭാര്യയോടു പറഞ്ഞത്രേ, ഈ പയ്യന്‍ എന്റെ കൂടെ അഭിനയിച്ചതാണ് എന്നൊക്കെ. അതൊക്കെ കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ലൊക്കേഷനിലൊക്കെ താരജാഡയേതുമില്ലാതെയാണ് എല്ലാവരോടും അദ്ദേഹം പെരുമാറുക. അവിടെവന്ന് നമുക്കൊപ്പമിരുന്ന് സംസാരിക്കും. കൂടെ സെക്യൂരിറ്റി ഗാര്‍ഡുകളോ ആരുമുണ്ടാവില്ല. 

പ്രേമലു സിനിമയില്‍നിന്ന്‌

അതുപോലെ സായി പല്ലവിയിലും കണ്ടുപഠിക്കാന്‍ ഏറെ കാര്യങ്ങളുണ്ട്. ഒരു സീന്‍ കിട്ടിയാല്‍ അതിനോടുള്ള സമീപനവും അവതരണരീതിയുമൊക്കെ നോക്കിനിന്നുപോകും. ഈ ഷോട്ടില്‍ കണ്ണ് കുഞ്ഞായിപ്പോയല്ലോ, ഒരു ടേക്ക് കൂടി പോകാം എന്നുപറഞ്ഞ് റീടേക്ക് എടുക്കും. അത്രയും സൂക്ഷ്മതയോടെ, ആത്മാര്‍ഥതയോടെയാണ് അഭിനയിക്കുന്നത്. 'ഋതു' സിനിമ കണ്ടപ്പോള്‍ തൊട്ട് ശ്യാമപ്രസാദ് സാറിന്റെ ആരാധകനാണ് ഞാന്‍. ബഹുമാനംകൊണ്ട് പേടിയോടെയാണ് ആദ്യമൊക്കെ അദ്ദേഹത്തോടു സംസാരിച്ചിരുന്നത്. പിന്നീട് നാലഞ്ചുദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കൂട്ടായി. ഒന്നിച്ചിരുന്ന് പാട്ടൊക്കെ പാടുമായിരുന്നു. 

അമ്മ പകര്‍ന്ന കലാസ്‌നേഹം
ഇത് ഞങ്ങളുടെ കഥ, കിലുക്കം, ലാല്‍ സലാം, ജോണി, എഴുന്നള്ളത്ത് തുടങ്ങി ഒരുപിടി നല്ല സിനിമകളില്‍ മികവുതെളിയിച്ച കലാകാരിയായിരുന്നു ശ്യാമിന്റെ അമ്മ നിമ്മി മോഹന്‍. അമ്മ അഭിനയിക്കുന്നതും പാടുന്നതും കണ്ടുവളര്‍ന്ന ശ്യാമിന്റെ ഉള്ളിലും കലയുണ്ടെന്ന് ഇതിനോടകം അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. 

''അമ്മ തിരുവനന്തപുരത്തെ പ്രൊഫഷണല്‍ ഡ്രാമ ആര്‍ട്ടിസ്റ്റായിരുന്നു. ദൂരദര്‍ശനിലെ സീരിയലുകളിലൊക്കെ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാലും കൂടുതലും നാടകങ്ങളിലായിരുന്നു അഭിനയിച്ചത്. പരിചയത്തിന്റെ പേരിലൊക്കെ പലരും വിളിക്കുമ്പോള്‍ മാത്രമാണ് സിനിമയില്‍ അഭിനയിച്ചത്. കിലുക്കത്തിന്റെ ഷൂട്ടിന് അമ്മയ്‌ക്കൊപ്പം ഞാനും അച്ഛനും പോയിരുന്നു. കുറച്ച് ബന്ധുക്കള്‍ വേണമെന്നു പറഞ്ഞപ്പോള്‍ ആ കൂട്ടത്തില്‍ എന്നെയും പിടിച്ചിരുത്തിയതാണ്. അന്ന് അഞ്ചോ ആറോ വയസ്സേയുള്ളൂ. ആരോടും സംസാരിക്കാത്ത, ഇന്‍ട്രോവേര്‍ട്ട് ക്യാരക്ടറായിരുന്നു എന്റെത്. ആ ഞാന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ മിമിക്രി ചെയ്യുന്നതുകണ്ടിട്ട് അമ്മ അമ്പരന്നിട്ടുണ്ട്. കാരണം, വീട്ടില്‍നിന്ന് ഞാന്‍ പ്രാക്ടീസ് ചെയ്യുന്നതൊന്നും അമ്മ കണ്ടിട്ടില്ല. അമ്മയും ഞാനും ചേര്‍ന്ന് പാട്ടുപാടി ടേപ്പില്‍ റെക്കോഡുചെയ്യുമായിരുന്നു. അമ്മ പാടുന്നതു കണ്ടിട്ടാണ് ഞാനും പാടാന്‍ തുടങ്ങിയത്. ചിത്രം വരയ്ക്കുന്നതായിരുന്നു മറ്റൊരിഷ്ടം. അമ്മ കരുതിയത് ഞാന്‍ ചിത്രകാരനാവുമെന്നാണ്. അച്ഛന്‍ പേര്‍ഷ്യയിലെ ജോലി മടുത്തിട്ട് നാട്ടിലെത്തി നാടകത്തില്‍ മാനേജരായി നിന്നയാളാണ്. അച്ഛന്റെയും അമ്മയുടെയും കലാസ്‌നേഹം എനിക്കും പകര്‍ന്നുകിട്ടിയതാവാം. അച്ഛന്‍ മരിച്ചശേഷം ഞാനും അമ്മയും തിരുവനന്തപുരത്ത് അമ്മമ്മയുടെ വീട്ടിലായിരുന്നു. ഒരിടയ്ക്ക് എനിക്ക് തൊണ്ടയ്ക്ക് പ്രശ്‌നം വന്നു. അങ്ങനെ മിമിക്രി നിര്‍ത്തി. മുതിര്‍ന്നപ്പോള്‍ കലാപരിപാടികളൊക്കെ അവസാനിപ്പിച്ച് മുംബൈയിലേക്കു പോയി. പിന്നീട് മുംബൈയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയപ്പോള്‍ ഞാന്‍ സ്മ്യൂള്‍ ആപ്പിലൂടെ പാടിക്കൊണ്ടിരുന്നു. പതിയെ ആളുകള്‍ എന്നെ ശ്രദ്ധിച്ചുതുടങ്ങി. 

അപ്പോഴും അഭിനയിക്കാനുള്ള ആഗ്രഹമൊന്നും ആരോടും പറഞ്ഞില്ല. എല്ലാ മോഹങ്ങളും ഒളിപ്പിച്ചുവെച്ചതാണ്. ഞാന്‍ പറഞ്ഞപ്പോഴാണ് പലരും അമ്മയെ തിരിച്ചറിഞ്ഞത്. ഇന്ന് അമ്മ കൂടെയില്ല. വര്‍ഷങ്ങള്‍ക്കുശേഷമാണെങ്കിലും അമ്മയ്ക്കും ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ഒരു പ്രൊഫൈലുണ്ടായി. അതില്‍ ഒത്തിരി സന്തോഷമുണ്ട്.''

യൂട്യൂബ് എന്ന പൊന്മുട്ട
ഒഴുക്കിനൊപ്പം സഞ്ചരിക്കുക, അതാണ് എന്റെ പോളിസി. ഭാര്യ ഗോപിക ജീവിതത്തിലേക്കു വന്നശേഷം ജീവിതം കുറച്ചുകൂടി കളറായി, അടുക്കും ചിട്ടയുമുണ്ടായി. പിന്നെ, പ്രായം കൂടുന്നതിനനുസരിച്ചുള്ള പക്വതയും വന്നു. ഡിഗ്രി പഠനം കഴിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയില്ലായിരുന്നു. അപ്പോഴാണ് അങ്കിള്‍ മുംബൈയിലേക്കു ചെല്ലാന്‍ പറയുന്നത്. നാടുവിട്ടുപോകാന്‍ തീരെ താത്പര്യമുണ്ടായിരുന്നില്ല. എന്തെങ്കിലും ജോലിചെയ്യാമെന്നേ മനസ്സിലുണ്ടായിരുന്നുള്ളൂ. എന്നാലും അഞ്ചുവര്‍ഷം അവിടെ ഞാന്‍ പിടിച്ചുനിന്നു. ഒട്ടും താത്പര്യമില്ലാതെ ഫിനാന്‍സ് കമ്പനികളിലും കോര്‍പ്പറേറ്റ് കമ്പനികളിലുമൊക്കെ പോയി ഞാന്‍ ജോലിചെയ്തു. 

ആ സമയത്താണ് യൂട്യൂബ് ചാനലുകള്‍ വരുന്നത്.  'ഫില്‍റ്റര്‍ കോഫി' പോലുള്ള ചാനലുകളൊക്കെ എനിക്ക് പ്രചോദനമായി. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലുകളുണ്ടായി. തീരെ പറ്റില്ലെന്നു തോന്നിയപ്പോള്‍ മുംബൈയിലെ ജോലി വിട്ടു. അങ്കിളും വല്യച്ഛനുമൊക്കെയാണ് അന്ന് എന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. നല്ല ജോലിയും ശമ്പളവുമൊക്കെ ഉപേക്ഷിച്ചപ്പോള്‍ അവര്‍ക്ക് വിഷമമായിരുന്നു. എന്റെ ഭാവിയെക്കുറിച്ചായിരുന്നു അവരുടെ ആകുലത.  

മനസ്സില്‍ ഒരു ഐഡിയയുമില്ലാതെയാണ് ഞാന്‍ കൊച്ചിയിലേക്കു പുറപ്പെട്ടത്. അവിടെ ഫിലിം പ്രമോഷന്‍ വര്‍ക്കുകളില്‍ അസിസ്റ്റന്റായി കയറി. സിനിമാക്കാരെ കാണാം, പിന്നെ കണ്ടന്റ് ക്രിയേഷന്‍ ചെയ്യാം ഇതൊക്കെയായിരുന്നു എന്റെ പ്ലാന്‍. ഒന്‍പതുവര്‍ഷം സ്‌കില്‍ ഡെവലപ്മെന്റിനും ആത്മവിശ്വാസമുണ്ടാക്കിയെടുക്കാനും ഞാന്‍ പരിശ്രമിച്ചു. കൊച്ചി എന്നെ സിനിമയിലേക്ക് കൂടുതലടുപ്പിച്ചു. അങ്ങനെ പൊന്മുട്ട പിറന്നു. 

അഭിനയത്തിലൂടെ എഴുത്തിലേക്ക്
ഒന്‍പതുവര്‍ഷത്തെ തയ്യാറെടുപ്പുകളും പ്രതിസന്ധികളുമാണ് ശ്യാം മോഹന്‍ എന്ന നടനെ പരുവപ്പെടുത്തിയത്. സിനിമയോടുള്ള ഇഷ്ടം ശ്യാമിനെ അഭിനയത്തിലേക്കും പിന്നീട് എഴുത്തിലേക്കും വഴിതിരിച്ചുവിടുകയായിരുന്നു. ''കൊച്ചിയില്‍ വന്നശേഷം തുടക്കത്തില്‍ സാമ്പത്തികനേട്ടങ്ങളൊന്നുമുണ്ടായില്ല. പൊന്മുട്ട ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കുറച്ചു മെച്ചപ്പെട്ടത്. എഴുത്തിനോട് പ്രത്യേക ഇഷ്ടമുണ്ടായിട്ടല്ല, അവസ്ഥകളാണ് എന്നെക്കൊണ്ട് എഴുതിച്ചത്. പൊന്മുട്ടയുടെ തുടക്കകാലത്ത് ആദ്യചില എപ്പിസോഡുകള്‍ക്ക് മോശം കമന്റുകളൊക്കെ വന്നു. 'കരിക്ക്' കോപ്പിയല്ലേ എന്നൊക്കെ പ്രേക്ഷകര്‍ ചോദിച്ചു. അങ്ങനെ ഞാന്‍ എഴുതിത്തുടങ്ങി. എന്തോ ഭാഗ്യത്തിന് ആ എപ്പിസോഡുകള്‍ക്ക് നല്ല പ്രതികരണങ്ങള്‍ കിട്ടി. എഴുതിത്തുടങ്ങിയപ്പോള്‍ എനിക്കും ഇഷ്ടമായി. 

പൊന്മുട്ടയില്‍ 'ദിവാകരചരിതം' എന്ന സീരീസ് എഴുതി. അവിടന്നിറങ്ങിയപ്പോള്‍ കരിക്കിനുവേണ്ടി 'ബെറ്റര്‍ഹാഫ്' എന്ന സീരീസും എഴുതി. എഴുതുമ്പോള്‍ത്തന്നെ ചില വേഷങ്ങള്‍ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്ന് അഭിനയിച്ച് പരിശീലിച്ചുനോക്കാറുണ്ട്. ബെറ്റര്‍ഹാഫ് എന്ന സീരീസ് എഴുതുമ്പോള്‍ അതിലെ ഭര്‍ത്താവിന്റെ കഥാപാത്രത്തെപ്പോലെ ഞാന്‍ അഭിനയിച്ചുനോക്കിയിരുന്നു. ദേഷ്യപ്പെടുന്ന കഥാപാത്രമൊക്കെ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് ഒരുറപ്പുമുണ്ടായിരുന്നില്ല. 'നൈറ്റ് കോളി'ലെ കഥാപാത്രവും വെല്ലുവിളി നിറഞ്ഞതായിരുന്നു. കാരണം, ഒറ്റയ്ക്ക് പെര്‍ഫോം ചെയ്യേണ്ട വേഷമായിരുന്നു അത്. '18 പ്ലസി'ല്‍ ഗ്രേ ഷെയ്ഡുള്ള സീരിയസ് വേഷമായിരുന്നു. പ്രേമലുവില്‍ കോമഡിയും വില്ലനിസവും മിക്‌സ് ചെയ്ത പെര്‍ഫോമന്‍സായിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ആത്മാര്‍ഥതയോടെ നന്നാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ തെലുങ്കില്‍ അഭിനയിക്കുന്നതും വ്യത്യസ്തമായ വേഷമാണ്. എന്നിലെ കഴിവുകളെ കണ്ടെത്തി കഥാപാത്രങ്ങളെ വാര്‍ത്തെടുക്കുന്നത് സംവിധായകരാണ്. എല്ലാ അംഗീകാരങ്ങളും അവര്‍ക്കുള്ളതാണ്.

പിന്തുണയോടെ കുടുംബം
ഏഴെട്ടുവര്‍ഷമായി എന്റെ നിഴല്‍പോലെ കൂടെ ഗോപികയുണ്ട്. എന്റെ സ്വപ്‌നവും പാഷനും എന്താണെന്ന് അവള്‍ക്കറിയാം. ഒരിക്കല്‍ ഒത്തിരി കഷ്ടപ്പാടുകള്‍ സഹിച്ച് ഒരു ഷോര്‍ട്ട്ഫിലിം ചെയ്തിരുന്നു. കാട്ടിലൊക്കെ പോയിട്ട് ചിത്രീകരിച്ചതാണ്. എന്നാല്‍, അത് റിലീസായില്ല. പിന്നീട് വിവാഹത്തിനുശേഷവും എനിക്ക് കാര്യമായ ബ്രേക്ക് കിട്ടിയിരുന്നില്ല. അപ്പോഴും അവള്‍ കൂടെനിന്നു. കല്യാണം കഴിഞ്ഞെന്നു കരുതി സാമ്പത്തികത്തിനുവേണ്ടി തല്ലിപ്പൊളി വര്‍ക്ക് ചെയ്യേണ്ടെന്ന് അവള്‍ പറഞ്ഞു. വീട്ടുകാര്യങ്ങളെല്ലാം ഞങ്ങള്‍ ഒന്നിച്ച് നോക്കിപ്പോന്നു. എന്റെ പേഴ്സണല്‍ സ്‌റ്റൈലിസ്റ്റ് കൂടിയാണ് അവള്‍. സിനര്‍ജി കമ്പനിയിലാണ് ഗോപിക ജോലിചെയ്യുന്നത്. 

സുഹൃത്തുക്കളോടൊക്കെ ഇപ്പോഴും ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ട്. മുന്‍പ് ഞാന്‍ ചെന്നുകണ്ടവരൊക്കെ പ്രേമലുവിനുശേഷം ഇങ്ങോട്ട് വിളിക്കാറുണ്ട്. സമയം കിട്ടുമ്പോള്‍ കഥ കേള്‍ക്കാമോ എന്ന് ചോദിക്കാറുണ്ട്. ആ വ്യത്യാസം എനിക്ക് മനസ്സിലാകുന്നു. അതില്‍ സന്തോഷമുണ്ട്. കൂടുതല്‍ പ്രതീക്ഷകളൊന്നുമില്ല  പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന മികച്ച കഥാപാത്രങ്ങള്‍ കിട്ടണം; ഒരു നല്ല നടനാണെന്നു കേട്ടാല്‍ മാത്രം മതി.  


 

Content Highlights: actor shyam mohan talks about his life and cinema