ക്ലൈമാക്സിൽ മോഹൻലാൽ അല്ല അഭിനയിച്ചത്, പകരം ഡ്യൂപ്പ്; വ്യക്തത വരുത്തി ആക്ഷൻ ഡയറക്ടർ

ഒക്ടോബർ 15-നാണ് 'ജയിലർ 2' (Jailer 2) റിലീസായത്. രജനീകാന്തിനൊപ്പം എസ്.ജെ.സൂര്യ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലൻ, രമ്യാ കൃഷ്ണൻ എന്നിവരും ചിത്രത്തിലുണ്ട്. മോഹൻലാൽ, ഹൃത്വിക് റോഷൻ, ജാക്കി ഷ്റോഫ്, വിജയ് സേതുപതി, ഷംന കാസിം എന്നിവർ ചിത്രത്തിൽ അതിഥിവേഷങ്ങളിലെത്തി. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ഇതുവരെയായി 325 കോടി രൂപ കളക്ട് ചെയ്തുകഴിഞ്ഞു.
സിനിമ റിലീസായപ്പോൾ തന്നെ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ആദ്യമായി രംഗത്തെത്തിയത് കോസ്റ്റിയൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീനാണ്. മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ പല പ്രധാനരംഗങ്ങളും വെട്ടിമാറ്റിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. മോഹൻലാലിനെപ്പോലൊരു താരത്തിന്റെ സീനുകൾ ഇത്തരത്തിൽ വെട്ടിച്ചുരുക്കിയത് ഉചിതമായില്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ മറ്റൊരു വിവാദവുമുണ്ടായി. ചിത്രത്തിന്റെ ക്ലൈമാക്സിലും എയർപോർട്ട് സീനിലും മോഹൻലാലിനു പകരം ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്നതായിരുന്നുവത്. മിമിക്രി ആർട്ടിസ്റ്റായ ജോബി കൊടകരയാണ് ഡ്യൂപ്പായെത്തിയത്. അദ്ദേഹം സോഷ്യൽമീഡിയയിൽ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. മോഹൻലാലിന്റെ അതേ വസ്ത്രത്തിലും മേക്കപ്പിലുമുള്ള ഈ ചിത്രങ്ങൾ പുറത്തുവന്നപ്പോഴാണ്, ഡ്യൂപ്പ് ചർച്ചയും സജീവമായത്. ചിത്രത്തിൽ തന്റെ കൈകളുടെയും കാലുകളുടെയും ഏതാനും ചില ഷോട്ടുകൾ മാത്രമാണ് കാണിച്ചതെന്നും തന്റെ മുഖം എവിടെയും കാണിച്ചിട്ടില്ലെന്നും ജോബി പിന്നീട് വ്യക്തമാക്കിയിരുന്നു.
''ഈ സിനിമയിൽ എന്നെ ഉൾപ്പെടുത്തിയിട്ടുള്ളത് ഒന്നോ രണ്ടോ ഷോട്ടുകളിൽ മാത്രമാണ്. സത്യത്തിൽ, എന്റെ കൈകളുടെയും കാലുകളുടെയും ചില ഭാഗങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂ. സിനിമയുടെ ക്ലൈമാക്സിലെ എയർപോർട്ട് രംഗത്താണ് ഇവയുള്ളത്. വാഹനം ഓടിക്കുമ്പോൾ ഗിയർ മാറ്റുന്ന ഒരു ഷോട്ടും, ആക്സിലറേറ്റർ അമർത്തുന്ന മറ്റൊരു ഷോട്ടും ഇതിൽ ഉൾപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളാണ് ഇതിൽ അഭിനയിക്കുന്നത്. അതിനാൽ ഷെഡ്യൂളിലോ സമയത്തിലോ ഉണ്ടായ പരിമിതികൾ കാരണമായിരിക്കാം എന്നെ ഇതിനായി കൊണ്ടുവന്നത്. എന്റെ മുഖം ഒരിടത്തും കാണിച്ചിട്ടില്ല. ക്ലൈമാക്സിൽ കാണിക്കുന്ന മുഖം എന്റേതാണെന്ന് ആളുകൾ അവകാശപ്പെടുന്നുണ്ടെങ്കിൽ, അത് തെറ്റാണ്. ഇക്കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്''.
ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ആക്ഷൻ ഡയറക്ടർ ചേതൻ റാംഷി ഡിസൂസ. ചേതൻ റാംഷി ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിജയ് കാർത്തിക് കണ്ണനൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. താൻ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ സ്ക്രീനിൽ മനോഹരമായി പകർത്തിയതിന് അദ്ദേഹം വിജയ് കാർത്തിക് കണ്ണന് നന്ദി അറിയിക്കുകയും ചെയ്തു.
ഈ പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ, മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീൻ വെട്ടിക്കുറച്ചതിനെക്കുറിച്ചും, സിനിമയുടെ ക്ലൈമാക്സിൽ അദ്ദേഹത്തിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും ഒരു ആരാധകൻ ചോദിച്ചു.
ആരാധകൻ ഇങ്ങനെ എഴുതി: ''സർ, എനിക്ക് രണ്ട് സംശയങ്ങളുണ്ട്. മോഹൻലാൽ സാറിന്റെ രംഗം എന്തുകൊണ്ടാണ് വെട്ടിക്കുറച്ചത്? താരങ്ങളുടെ മറ്റ് പല രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നു. രണ്ടാമത്തെ ചോദ്യം, കാറിലുള്ള രംഗത്തിൽ അഭിനയിച്ചത് മോഹൻലാൽ തന്നെയാണോ അതോ ഡ്യൂപ്പ് ആണോ? ആ രംഗത്തിൽ അഭിനയിച്ചത് മറ്റൊരാളാണെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്''. അതിന് ഒറ്റവാക്കിൽ ചേതൻ ഉത്തരം നൽകി, ''അത് അദ്ദേഹമാണ്''. ഇതോടെ താത്കാലികമായി ആ ചർച്ചകൾക്ക് വിരാമമായിരിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Action director Chetan Ramshii D'Souza clarified that Mohanlal himself acted in the climax car scene in jailer 2, debunking body double rumours., Mimicry artist Joby Kodakara earlier posted photos in Mohanlal's costume, sparking discussions about using a duplicate., Joby had clarified that only his hands and legs were used for specific driving shots due to schedule constraints