വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ.. സന്ദേശത്തിലെ സന്ദേശം

#ശ്രീകാന്ത് കോട്ടക്കൽ
സന്ദേശം സിനിമയിൽനിന്ന്
സന്ദേശം സിനിമയിൽനിന്ന്

പാട്ടെഴുത്തില്‍ വയലാര്‍-ദേവരാജന്‍ പോലെ; ക്രിക്കറ്റില്‍ ഡെസ്മണ്ട് ഹെയ്ന്‍സ്-ഗോര്‍ഡന്‍ ഗ്രീനിഡ്ജ് കൂട്ടുകെട്ട് പോലെ... ചിലപ്പോള്‍ അതിനുംമുകളിലെന്നു തോന്നിച്ചിരുന്ന കൂട്ടുകെട്ട്. മലയാളസിനിമയിലെ സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ യുഗം. ഇവര്‍ചേര്‍ന്ന് മെനഞ്ഞ സിനിമകള്‍ മലയാളിയുടെ അക്കാല ജീവിതത്തിന്റെ നേര്‍ പകര്‍പ്പുകളായിരുന്നു. തൊഴിലില്ലാത്ത 
ഇടത്തരക്കാരന്റെ ജീവിതം, അഭിമാനം, ദുരഭിമാനം, പ്രണയം, പരിമിതികള്‍, പരിഭവങ്ങള്‍. പുറമേക്ക് ചിരിപ്പിച്ചു കൊണ്ട് അകമേ കരയിപ്പിച്ച കഥകള്‍. 
സത്യനും ശ്രീനിയും ഒന്നിച്ച് പാര്‍ത്ത്, ഒന്നിച്ച് ചിന്തിച്ച്, ഒന്നിച്ചുണ്ട്, ഒന്നിച്ചുറങ്ങി നിര്‍മിച്ച കലാരൂപങ്ങള്‍. 

ശ്രീനിവാസനും സത്യൻ അന്തിക്കാടും (ഫയൽ ചിത്രം)

ഇവ എഴുതാന്‍ ഇരിക്കുന്ന മാസങ്ങളുടെ രാപ്പകലുകളിലെല്ലാം സത്യന്റെയും ശ്രീനിയുടെയും സംഭാഷണങ്ങളില്‍ സിനിമയെക്കാളും സാഹിത്യത്തെക്കാളും കടന്നുവരിക രാഷ്ട്രീയമായിരുന്നു.
രാഷ്ട്രീയം രണ്ടുപേര്‍ക്കും വായിച്ചറിവോ കേട്ടറിവോ ആയിരുന്നില്ല. ഗ്രാമജീവിതത്തിന്റെ ഭാഗമായിരുന്നു. ഭൂരിഭാഗം മനുഷ്യരും കമ്യൂണിസ്റ്റുകാരായ കണ്ണൂരിലെ കടുത്ത പാര്‍ട്ടിഗ്രാമമായിരുന്നു ശ്രീനിവാസന്റേത്. അച്ഛന്‍ അസ്ഥിയില്‍ കമ്യൂണിസം കലര്‍ന്നയാള്‍. അന്തിക്കാടും രാഷ്ട്രീയശാലതന്നെയായിരുന്നു. ജന്മി-കുടിയാന്‍ സമരങ്ങളുടെ പ്രധാന പണിയാല. രണ്ട് ദേശത്തേയും അദൃശ്യമായ ഒരു ചരടിനാല്‍ ആരോ ബന്ധിച്ചിരുന്നു. സത്യന്‍ അന്തിക്കാടിനും ശ്രീനിവാസനും രാഷ്ട്രീയം രക്തത്തിലെ ധാതുതന്നെയാണ്. 

സന്ദേശം പിറക്കുന്നു

രാഷ്ട്രീയം പറഞ്ഞിരിക്കുമ്പോള്‍ ശ്രീനിവാസന്‍ നിത്യവും പറയുന്ന ഒരു ചിന്തയുണ്ടായിരുന്നു. ഒരു വീട്ടില്‍ വിരുദ്ധ പാര്‍ട്ടിയില്‍പ്പെട്ട രണ്ട് സഹോദരന്മാര്‍, പാര്‍ട്ടി രാഷ്ട്രീയം മുഴുവനും കൊണ്ടുനടക്കുന്നതും തീരുമാനിക്കുന്നതും തങ്ങളാണ് എന്ന് കരുതുന്ന ലോക്കല്‍ നേതാക്കള്‍, പഴകിത്തുരുമ്പെടുത്ത പ്രത്യയശാസ്ത്രങ്ങളുമായി സ്ഥലകാലബോധമില്ലാത്ത മനുഷ്യര്‍... പല കാലം പറഞ്ഞുപറഞ്ഞുകഴിഞ്ഞ ആ ആലോചനയെ ട്രിവാന്‍ഡ്രം ക്ലബ്ബ്, എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം, കോഴിക്കോട് മഹാറാണി ഹോട്ടല്‍, കോഴിക്കോട്ടെത്തന്നെ ഹൈസണ്‍ ഹെറിറ്റേജ് എന്നിവിടങ്ങളില്‍ വെച്ചുണ്ട് പാര്‍ത്ത് എഴുതിത്തീര്‍ന്നപ്പോള്‍ 'സന്ദേശം സിനിമയുണ്ടായി.

അതുകണ്ട് പൊതു ജനം ചിന്തിച്ച് ചിരിക്കുകയും ചിരിച്ച് ചിന്തിക്കുകയും ചെയ്തു; ബുദ്ധിയുള്ള രാ ഷ്ടീയക്കാര്‍ അവനവിനിലേക്ക് നോക്കി ലജ്ജിച്ചു. ചിരി അലര്‍ജിയായ വിപ്ലവപ്രത്യയശാസ്ത്രക്കാര്‍ അരാഷ്ട്രീയം എന്ന് പറഞ്ഞ് സിനിമയെ അധിക്ഷേപിച്ചു; ആവനാഴിയില്‍ മറ്റ് അസ്ത്രമൊന്നു മില്ലാത്തവര്‍ അജ്ഞാത കര്‍തൃകമായ തെറിക്കത്തുകള്‍ എഴുതി. ഒരു സിനിമ ഹാസ്യത്തിലൂടെ രാഷ്ട്രീയത്തിലെ എന്ന അപഹാസ്യതകളെ പൊളിച്ചഴുതി. 

തിരക്കഥ; ഒരു വരിപോലും വെട്ടാനില്ലാതെ 'സന്ദേശ'ത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങും മുമ്പേ ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാടിന് ഒരു വാക്ക്‌കൊടുത്തിരുന്നു, ''ഈ സിനിമയില്‍ ഉഗ്രന്‍ ഡയലോഗുകള്‍ ഞാന്‍ നിങ്ങള്‍ക്ക് പ്രോമിസ് ചെയ്യുന്നു''. ആ വാക്ക് സിനിമയുടെ ആദ്യ സീന്‍ മുതല്‍ അവസാനം രംഗം വരെ ശ്രീനിവാസന്‍ പാലിക്കുകയും ചെയ്തു. ഒരു വരിപോലും വെട്ടാനില്ല, എഡിറ്റ് ചെയ്യാനില്ലാത്ത തിരക്കഥയാണ് സന്ദേശത്തിന്റേത്. ഓരോ സംഭാഷണത്തില്‍ നിന്നും ഒരായിരം അര്‍ഥങ്ങള്‍ വിടരുന്നു. അവയില്‍പ്പലതും ഇപ്പോഴും മാരകപ്രഹരശേഷിയുള്ള പരിഹാസ ബോംബുകളുമാണ്. കാലം പഴകുന്തോറും അവയുടെ സ്‌ഫോടനശേഷി വര്‍ധിക്കുകയാണ്. ഈ ബോംബുകള്‍കൊണ്ട് ഇന്നും നമ്മുടെ രാഷ്ട്രീയഭൂമികയെ ഛിന്നഭിന്നമാക്കാം. 
കോട്ടപ്പള്ളി പ്രകാശനും പ്രഭാകരനും രണ്ട് വ്യക്തികള്‍ മാത്രമല്ല രണ്ട് രാഷ്ട്രീയ സംസ്‌കാരങ്ങള്‍ കൂടിയാണ് എന്ന് കൃത്യമായി മനസ്സിലാക്കിയതിന് ശേഷമാണ് ശ്രീനിവാസന്‍ തിരക്കഥ എഴുതിയിരിക്കുന്നത്.

പ്രകാശന്‍ കോണ്‍ഗ്രസ്സുകാരനാണ്, ധാരാളം സംസാരമാവാം, ബൗദ്ധികഭാരങ്ങളേതുമില്ല, ഖദറിന്റെ നിറം പോലെത്തന്നെ ചിരിക്കും, അധികാരത്തിലല്ലാതെ വിപ്ലത്തിലൊന്നും വിശ്വസിക്കുന്നുമില്ല. ''സ്വരാജ്യം'' മാത്രമെ അയാള്‍ സ്വപ്നം കാണുന്നുള്ളൂ. എന്നാല്‍ പ്രഭാകരന്‍ അങ്ങനെയല്ല. അയാള്‍ക്ക് ചിരി നിഷിദ്ധമാണ്, ചിന്തയാണ് മുഖ്യ ഭക്ഷണം, സായുധവിപ്ലവമാണ് ആത്യന്തിക ലക്ഷ്യം, പ്രത്യയശാസ്ത്രത്തിന്റെയും പച്ചയായ ജീവിതത്തിന്റെയും ഇടയിലാണ് അയാളുടെ ജീവിതം. പ്രഭാകരന്റെ മുറിയിലേക്ക് അച്ഛന്‍ രാഘവന്‍ നായര്‍ രാത്രി കടന്നുവരികയാണ്. മകന്‍ പുറം തിരിഞ്ഞിരുന്ന് എന്തോ വായിക്കുന്നു. അച്ഛന്‍ വിളിച്ചപ്പോള്‍ ഞെട്ടിപ്പോയ പ്രഭാകരന്‍ പറയുന്ന മറുപടി ഇങ്ങിനെ: ''ഓ അച്ഛനായിരുന്നോ, ഞാന്‍ കരുതി ഏതോ കുത്തകമുതലാളിയായിരിക്കും എന്ന്''. ഇത് വെറും തമാശയ്ക്ക് വേണ്ടിയുള്ള ഡയലോഗാണ് എന്ന് പറയുന്നവരോട് നല്ല നമസ്‌കാരം പറയുകയെ വഴിയുള്ളൂ. ഒറ്റ ഡയലോഗിലൂടെ ഒരു പ്രസ്ഥാനത്തിന്റെ പെരുപ്പിച്ച് കെട്ടിയ പ്രകടനപരതയുടെ കാറ്റഴിച്ചുവിടുകയാണ് ശ്രീനിവാസന്‍. 

ജയറാം, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവർ ചിത്രീകരണത്തിനിടെ

കോട്ടപ്പള്ളി പ്രഭാകരന് വിവാഹം കഴിക്കാനായപ്പോള്‍ അയാള്‍ താത്വികാചാര്യന്‍ കുമാരപ്പിള്ള സാറിനോടാണ് ചോദിക്കുന്നത്. ആ സംഭാഷണം ഇങ്ങനെ: 
'പ്രകൃതിനിയമങ്ങള്‍ക്ക് നമ്മള്‍ കുറച്ചൊക്കെ വഴിപ്പെടേണ്ടതല്ലേ?'' 
'വഴങ്ങരുത്. ലൗകികമായ തൃഷ്ണകളെ നമ്മള്‍ അതിജീവിക്കണം' 
'മാനവരാശിയുടെ നിലനില്‍പ്പ് തന്നെ കുടുംബം എന്ന എസ്റ്റാബ്ലിഷ്‌മെന്റെിലല്ലേ? 
'എല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്കും എതിരേയാണ് നമ്മുടെ യുദ്ധം....ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ പാര്‍ട്ടിക്ക് വിവാഹം ഇഷ്ടമല്ല' 
''അപ്പോ സാറ് കല്ല്യാണം കഴിച്ചതോ?? 
''അതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു.''
വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍.

'അവരത്രയും കാലം എങ്ങിനെ ഒളിവില്‍ കഴിയും ഈശ്വരാ''
''ഈശ്വരനോ? എന്താ കോട്ടപ്പള്ളി ഇത്? നമ്മുടെ പാര്‍ട്ടിക്ക് ഈശ്വരന്‍ ഇല്ല എന്ന് പറഞ്ഞിട്ട്?'' 
''സോറി, ഒരബദ്ധം പറ്റിപ്പോയതാണ്.''
ഏത് സമയവും വിപ്ലവം സംഭവിച്ചേക്കാം എന്ന് കരുതി ജീവിക്കുന്ന സഖാവ് ഇങ്ങിനെയൊക്കെയല്ലാതെ എങ്ങനെയാണ് സംസാരിക്കുക? ഇങ്ങനെയൊക്കെയല്ലേ വിപ്ലവപ്പാര്‍ട്ടികള്‍ സംസാരിക്കുന്നത്? 

സന്ദേശം സിനിമയിൽനിന്ന്

ഖദറിട്ട ഐ.എന്‍.എസ്.പിയുടെ മണ്ഡലം പ്രസിഡണ്ട് പൊതുവാള്‍ജി അഖിലേന്ത്യാ നേതാവ് യശ്വന്ത് സഹായിയുടെ ഹിന്ദി കേട്ടിട്ട് മനസ്സിലാവാഞ്ഞപ്പോള്‍ അണികളോട് വിളിച്ചുചോദിക്കുന്നത് വിദ്യാഭ്യാസമുള്ള ഒരുത്തനുമില്ലേ നമ്മുടെ പാര്‍ട്ടിയില്‍? എന്നാണ്. 
കൊടിമരജാഥയുടെ കവുങ്ങ് മുറിച്ചിട്ട ഉടനെ പൊതുവാള്‍ജി പറയുന്നുണ്ട്. ആ അടയ്ക്ക എടുത്ത് പാര്‍ട്ടി ഓഫീസില്‍ കൊണ്ടുവയ്ക്കാന്‍'. ആ അടയ്ക്ക എങ്ങോട്ടാണ് പോകുക എന്ന് രാഷ്ട്രീയ കേരളത്തിന് ആരെങ്കിലും പഠിപ്പിച്ചുകൊടുക്കണോ? എങ്ങനെയാണ് നമ്മള്‍ ബന്ദ് നടത്തേണ്ടത് എന്ന് വിശദീകരിക്കുന്നതിന്റെ അവസാനമായി കുമാരപ്പിള്ള സാര്‍ പറയുന്നുണ്ട്: 
'പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്തും. ഇതിലൊക്കെ എന്താ ഇപ്പം സംശയിക്കാനുള്ളത്' എന്ന്. ശ്രീനിവാസന്‍ എന്ന എഴുത്തുകാരനേക്കാള്‍ കേരള ത്തില്‍ ജനിച്ചുവളര്‍ന്ന, ഇവിടുത്തെ രാഷ്ട്രീയത്തെ പഠിക്കുകയും സഹിക്കുകയും ചെയ്ത സാധാരണക്കാരനാണ് 'സന്ദേശം' എഴുതിയത്. അതുകണ്ടിട്ടും കേട്ടിട്ടും ഈ പാര്‍ട്ടികളും അതിന്റെ അവസ്ഥകളും ഒരു മാറ്റവുമില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നത് കൊണ്ടാണ് സന്ദേശത്തിലെ ഒരു വരിപോലും വെട്ടിക്കളയേണ്ടിവരാത്തത്. ഏറ്റവും പുതിയ തലമുറയ്ക്ക് പോലും 'സന്ദേശ'ത്തിലെ സംഭാഷണങ്ങള്‍ എളുപ്പത്തില്‍ പിടികിട്ടുകയും ചെയ്യുന്നു. 

മണ്ണുദയഭാനുവിന്റെ വരവ് 
സന്ദേശത്തിലെ ഏറ്റവും ഹൃദയ സ്പര്‍ശിയായ കഥാപാത്രമാണ് സിദ്ധിഖ് അവതരിപ്പിച്ച മണ്ണുദയഭാനു. ഇയാള്‍ കൃഷി ഓഫീസറാണ് എന്നത് മാത്രമേ എഴുതാനിരിക്കുമ്പോള്‍ സത്യനും ശ്രീനിയും തീരുമാനിച്ചിരുന്നുള്ളൂ. തിരക്കഥ പൂര്‍ത്തിയാവാനായിട്ടും കഥാപാത്രത്തിന് ഒരു ഭൂതകാലം ലഭിച്ചില്ല. ആ സമയത്താണ് എഴുത്ത് മുറിവിട്ട് ഒരുനാള്‍ വസ്ത്രങ്ങള്‍ മാറിയെടുക്കാനായി സത്യന്‍ വീട്ടിലെത്തിയത്. അപ്പോള്‍ മൂത്ത ജ്യേഷ്ഠന്റെ സഹപാഠിയും സത്യന്റെ സുഹൃത്തുമായ ഒരാളുടെ അമ്മ മരിച്ച വിവരം അറിയുന്നത്. ജ്യേഷ്ഠനും സത്യനും കൂടി മരണ വീട്ടിലേക്ക് പോയി. തിരിച്ചുവരുമ്പോള്‍ ആ അമ്മയെക്കുറിച്ച് ജ്യേഷ്ഠന്‍ സത്യനോട് പറഞ്ഞു: 

''അമ്മയ്ക്ക് ഒറ്റ മകനേയുള്ളു. വയലില്‍ കൂലിപ്പണിയെടുത്താണ് അവര്‍ മകനെ പഠിപ്പിച്ചിരുന്നത്. രാവിലെ സ്‌കൂളില്‍ ഫീസടയ്ക്കണം. നിശ്ചിത ദിവസം അടച്ചില്ലെങ്കില്‍ ഒരു ദിവസം ക്ലാസ്സില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തും. എന്നിട്ടും അടച്ചില്ലെങ്കില്‍ ബെഞ്ചില്‍ കയറ്റിനിര്‍ത്തും. മൂന്നാം ദിവസം പുറത്താക്കും. ഇതായിരുന്നു രീതി. ഈ സഹപാഠിയ്ക്ക് ഒരിക്കലും കൃത്യസമയത്ത് ഫീസടയ്ക്കാന്‍ സാധിച്ചിരുന്നില്ല. അടുത്ത ദിവസം മുഴുവന്‍ നില്‍ക്കും. മൂന്നാം ദിനം പകല്‍ മുഴുവന്‍ ബെഞ്ചില്‍ക്കയറിനിന്ന് ശിക്ഷ വാങ്ങും. ആ ദിവസം വൈകുന്നേരം സ്‌കൂള്‍ വിടുന്നതിന് മുമ്പ് അമ്മ ഓടിക്കിതച്ച് ക്ലാസ് മുറിയുടെ ജനലിനപ്പുറം വന്ന് നില്‍ക്കും. വയല്‍ച്ചെളിപുരണ്ട കൈകള്‍ മരയഴികള്‍ക്കിടയിലൂടെ കടത്തി മകനെ വിളിച്ച് പണം കയ്യില്‍ക്കൊടുക്കും. ആ നിമിഷം അവര്‍ രണ്ടുപേരും കരയും. അമ്മ ഒന്നും മിണ്ടാതെ, കണ്ണുതുടച്ച് വയലിലേക്ക് തന്നെ പോകും. മകന്‍ ചളി പുരണ്ടനോട്ടുമായി ഓഫീസ് മുറിയിലേക്കോടും. എല്ലാ മാസവും ഈ കാഴ്ച തുടര്‍ന്നു. ദാരിദ്ര്യത്തിലും മകന്‍ നന്നായിരിച്ചു, നല്ല ജോലി നേടി. അമ്മയെ നന്നായി നോക്കി. ആ അമ്മയാണ് മരിച്ചത്. 

തിരിച്ച് എഴുത്തുമുറിയിലെത്തി സത്യന്‍ ഈ സംഭവം ശ്രീനിവാസനോട് പങ്കുവെച്ചു. അത് കേട്ട് ശ്രീനി പറഞ്ഞു: മണ്ണുദയഭാനുവിന്റെ ഭൂതകാലം കിട്ടി. ഇതാണ്. ഇതിന് വേണ്ടിയാണ് നാം ഇത്രകാലം കാത്തത്. ജനലഴികള്‍ക്കപ്പുറത്ത് ആ അമ്മയെ എനിക്ക് കാണാന്‍ സാധിക്കുന്നു. പ്രേക്ഷകര്‍ക്കും അതിന് സാധിക്കും' മലയാള സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഹൃദയ സ്പര്‍ശിയായ ഒരു രംഗം അങ്ങനെ പിറന്നു. ജീവിതത്തില്‍നിന്ന് അയാള്‍ ക യറിവന്നു. അങ്ങനെയൊരു കാര്‍ഷിക ഓഫീസറെ സൃഷ്ടിച്ച ശ്രീനിവാസന്‍ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു ജൈവ കര്‍ഷകനാണ്. അത് സംവിധാ നം ചെയ്ത സത്യന്‍ അന്തിക്കാട് സിനിമ കഴിഞ്ഞാല്‍ കൃഷിയിടങ്ങളിലേക്കാണ് മടങ്ങുന്നത്. സൃഷ്ടി സ്രഷ്ടാക്കള്‍ക്ക് വഴി കാണിക്കുന്നുവോ? 

അഭിനയത്തിന്റെ പാഠശാല 
കാസ്റ്റിങ്ങും അതിനൊത്ത അഭിനയവും കൂടിച്ചേര്‍ന്നാണ് സന്ദേശം എന്ന സിനിമയെ എല്ലാം തികഞ്ഞ കലാ സൃഷ്ടിയായത്. 'ഗോഡ്ര്‌ഫാദർ' എന്ന സിനിമയില്‍ അഭിനയിക്കുന്ന അതേ അവസരത്തിലാണ് തിലകന്‍ രാഘവന്‍ നായരായും അഭിനയിച്ചത്. രണ്ടും കോഴിക്കോട്ടുതന്നെയായിരുന്ന ഷൂട്ടിങ്ങ്. അല്‍പ്പം പോലും തമ്മില്‍ കലരാതെ തിലകന്‍ രണ്ട് കഥാപാത്രങ്ങളെയും കാത്തു. ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമുക്കോയ, കെ.പി.എ.സി ലളിത, മാള, ജയറാം, സിദ്ധിഖ് എന്നിവരെല്ലാം ഏറ്റവും സൂക്ഷ്മമായി അഭിനയിച്ച സിനിമ കൂടിയാണ് സന്ദേശം. പെണ്ണുകാണാന്‍ കോട്ടപ്പള്ളി പ്രഭാകരനെക്കൊണ്ടുപോകുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്റെ അച്ചു എന്ന അമ്മാവന്‍ പ്രഭാകരന്‍ പ്രതിശ്രുത വധുവിനോട് വിപ്ലവത്തിന്റെ കെട്ടഴിച്ചപ്പോള്‍ ഒന്നും പറയാതെ മുഖം കൊണ്ട് ഒരു ഭാവം കാണിക്കുന്നുണ്ട്. ആ ഒരവസരത്തില്‍ അതല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ല. അത് ചെയ്യാന്‍ ഒടുവിലിന് മാത്രമേ സാധിക്കുകയുമുള്ളൂ. അഭിനയത്തിന്റെ സൂക്ഷ്മകല പഠിക്കുന്നവര്‍ക്ക് പാഠശാലകൂടിയാവുന്നു സന്ദേശം. 

രണ്ടാം ഭാഗത്തിന് രാഷ്ട്രീയക്കാര്‍ സമ്മതിക്കണം
സന്ദേശം പോലുള്ള ഒരു രൂക്ഷ ആക്ഷേപഹാസ്യ സിനിമയ്ക്ക് എന്തു കൊണ്ടാണ് രണ്ടാം ഭാഗമില്ലാത്തത് എന്ന് എത്രയോ കാലമായി മലയാളി ചോദിക്കുന്നു. ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഇതിന് പറയുന്ന ഉത്തരം ഒന്ന് തന്നെയാണ്. അതിന് നമ്മുടെ രാഷ്ട്രീയക്കാര്‍ സമ്മതിക്കുന്നില്ല. ഇരുപത്തഞ്ച് വര്‍ഷം മുമ്പ് എങ്ങനെയാണോ ജീവിച്ചതും ചിന്തിച്ചതും അതേപോലെ തന്നെയാണ് വിപ്ലവപ്പാര്‍ട്ടിയും അഹിംസാപ്പാര്‍ട്ടിയും ഇന്നും ജീവിക്കുന്നതും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതും. ടി.വി. ചാനലിലെ ചര്‍ച്ചകള്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ച ഏക വിപ്ലവം. കോട്ടപ്പള്ളി രാഘവന്‍ നായര്‍ പ്രകാശനും കോട്ടപ്പള്ളി പ്രഭാകരനും നമുക്കിടയില്‍ പരിഹാസ്യമായി വര്‍ത്തിക്കുന്നു. അവര്‍ വിചാരിച്ചാല്‍ മാത്രമേ സന്ദേശം എന്ന സിനിമയ്ക്ക് ഒരു രണ്ടാംഭാഗം കാണാന്‍ മല യാളിയ് ഭാഗ്യമുണ്ടാകൂ. 


 

Content Highlights: sandesham movie, malayalam movies, 32rd year of sandesham