പ്രതീകാത്മക ചിത്രം
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അല്ലലുകളൊന്നുമില്ലാത്ത സന്തോഷത്തോടെയുള്ള ജീവിതം എന്നത്. എന്താണ് സന്തോഷം, അതെങ്ങനെ കണ്ടെത്തും. എക്കാലത്തെയും ചോദ്യമാണിത്. 'ദുഖവും നിന്നിലാണ്, ദുഖകാരണവും നിന്നിലാണ്, ദുഖത്തില്‍ നിന്നും സന്തോഷത്തിലേക്കുള്ള വഴിയും നിന്നില്‍ തന്നെ... ' സന്തോഷം കണ്ടത്താനുള്ള വഴി തിരയുന്നവനോടുള്ള ബുദ്ധവചനം ഇങ്ങനെ പറയുമ്പോള്‍, സന്തോഷം തോന്നുക എന്നത് സ്ഥാനക്കയറ്റമോ കൂടുതല്‍ പണം നേടുന്നതോ ആയ ബാഹ്യവഴികളിലൂടെയൊന്നും സംഭവിക്കുന്നതല്ല എന്നാണ് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം. സുഖം നല്‍കുന്ന സംവേദനങ്ങള്‍ (pleasant sensatiosn) വഴി ശരീരത്തില്‍ നടക്കുന്ന ജൈവപ്രക്രിയയെന്നാണ് ഇസ്രായേലി ചരിത്രകാരനായ യുവാല്‍ നോഹ ഹരാരി തന്റെ ഹോമോ ഡ്യുസ് എന്ന പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ ഈ സന്തോഷം എന്നത് ശാശ്വതമായ ഒന്നല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
സന്തോഷം കിട്ടാന്‍ എന്താണ് നാം ചെയ്യേണ്ടത്? മനുഷ്യരാശിയുടെ തുടക്കം മുതല്‍ അവനെ ഓരോ കണ്ടെത്തലുകളിലേക്ക് നയിച്ചത് ഈ ചോദ്യമാണ്. തീവ്രമായ മത്സരബുദ്ധി മനുഷ്യരുടെ ഇടയില്‍ വ്യാപകമായതോടെ ഭൗതികമായ നേട്ടങ്ങളിലൂടെ സന്തോഷം കണ്ടെത്തുക എന്ന രീതിയിലേക്ക് അവര്‍ മാറി. ഇതുമൂലം മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നു, ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കുന്നു... ആരോഗ്യം നശിക്കുന്നതോടെ സന്തോഷം ഇല്ലാതാവുന്നു. അതുകൊണ്ടുതന്നെ സന്തോഷത്തോടെയിരിക്കാന്‍ ആദ്യം വേണ്ടത് ജീവിതത്തിലെ മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിക്കുക എന്നതാണ്. ആ മുന്‍ഗണനാക്രമങ്ങളില്‍ ആദ്യത്തേത് ജീവനോടെയിരിക്കുക എന്നത് തന്നെയാണ്. രണ്ട് ആരോഗ്യത്തോടെയിരിക്കുക മൂന്ന് സന്തോഷിക്കുക. ഇത് മൂന്നും കൈവരിച്ചാലെ ജീവിതത്തിലെ മറ്റ് വിജയങ്ങള്‍ നേടാനാവൂ.
അഞ്ച് കാര്യങ്ങള്‍
1938 ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല രസകരമായൊരു പഠനം നടത്തി. അവിടെ ബിരുദവിദ്യാര്‍ത്ഥികളായി വരുന്ന എല്ലാവരുടെയും ജീവിതാനുഭവങ്ങളും പിന്നീട് അവിടെ പഠിക്കുന്ന കാലത്തെ അനുഭവങ്ങളും വിലയിരുത്തി. അവര്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങി മരിക്കുന്നതുവരെയുള്ള അവരുടെ ജീവിതത്തെ നിരന്തരമായി വിലയിരുത്തിക്കൊണ്ടുള്ള ഒരു പഠനമാണ് സര്‍വകലാശാല നടത്തിയത് 84 വര്‍ഷം നീണ്ട 30,000 ത്തിലധികം വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലൂടെ കടന്നുപോയൊരു പഠനം. മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം കൂട്ടുന്ന അഞ്ച് കാര്യങ്ങളാണ് പഠനത്തിലൂടെ കണ്ടെത്തിയത്.
1. ചിട്ടയായ വ്യായാമം
2. ആരോഗ്യകരമായ ഭക്ഷണശീലം
3. പുകവലിയും പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കുക
4. അമിതമായ ലഹരി ഉപയോഗം ഒഴിവാക്കുക.
5. വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരം
അഞ്ചാമത്തെ കാര്യമാണ് ഒരു മനുഷ്യന്റെ ആയുസ്സ് വര്‍ധിപ്പിക്കുന്നതിലെ പ്രധാനഘടകം. കുട്ടിക്കാലം മുതലിങ്ങോട്ട് ഒരു മനുഷ്യന്‍ വികസിപ്പിക്കുന്ന വ്യക്തി ബന്ധങ്ങളുടെ ഗുണനിലവാരമാണ് മനുഷ്യന്റെ ആയുസ്സ് ഏറ്റവും കൂട്ടുന്നത്. ചെറുപ്രായം തൊട്ടു തന്നെ ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ എങ്ങനെ വികസിപ്പിച്ചെടുക്കാം അവയെങ്ങനെ നിലനിര്‍ത്താം അതിര്‍വരമ്പുകള്‍ എങ്ങനെ സൂക്ഷിക്കാം എന്നെല്ലാം അറിഞ്ഞിരിക്കണം. ഓരോ വ്യക്തികള്‍ക്കും അഞ്ച് വിഭാഗം സൗഹൃദങ്ങളെങ്കിലും ഉണ്ടാകണം എന്നാണ് മനശ്ശാസത്രജ്ഞര്‍ പറയുന്നത്.
1. വിദ്യാലയം, കലാലയം തോഴിലിടം എന്നിവിടങ്ങളിലുള്ള സുഹൃത്തുക്കള്‍
2. അയല്‍പ്പക്ക സൗഹൃദം
3. കളിസ്ഥലങ്ങള്‍ പോലെയുള്ള ഇടങ്ങളിലെ സൗഹൃദം
4. ബന്ധുക്കളുടെ ഇടയില്‍ നിന്നുള്ള സൗദൃദം
5. ബാല്യകാല സുഹൃത്തുക്കള്‍
ഇതില്‍ ഏതെങ്കിലും ഒരിടത്തു മാത്രമാണ് സുഹൃത്തുക്കളുള്ളതെങ്കില്‍ അവരുമായി എന്തെങ്കിലും കലഹമുണ്ടായാല്‍ നിങ്ങള്‍ ഒറ്റപ്പെട്ടുപോകാന്‍ ഇടവരും. ഇതൊഴിവാക്കാനാണ് അഞ്ച് തരം സൗഹൃദങ്ങള്‍ സൂക്ഷിക്കണമെന്ന് പറയുന്നത്.
ഹാപ്പി കെമിക്കല്‍സ്
സന്തോഷത്തിന് കാരണമാകുന്നനാല് രാസവസ്തുക്കള്‍ നമ്മുടെ ശരീരം തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. ഡോപ്പമിന്‍, എന്‍ഡോര്‍ഫിന്‍, സെറാടോണിന്‍, ഓക്‌സിടോക്‌സിന്‍ എന്നിവയാണ് തലച്ചോറിലെ ഈ ഹാപ്പിനസ് കെമിക്കല്‍സ്. ഇവയാണ് നമ്മുടെ സന്തോഷം എന്ന് അനുഭൂതിയെ വര്‍ധിപ്പിക്കുന്നത്.
ഡോപമിന്‍- ചിട്ടയായ വ്യായാമം ഡോപമിന്റെ അളവ് കൂട്ടും. ദിവസവും ഒരു നേരമെങ്കിലും സൂര്യപ്രകാശം കൊണ്ട് ശരീരം വിയര്‍ക്കുന്നതുവരെ നന്നായി വ്യായാമം ചെയ്യുക. ഇതിലൂടെ നല്ല ഏകാഗ്രതയും ഊര്‍ജവും ഉണ്ടാവും
എന്‍ഡോര്‍ഫിന്‍- നൃത്തം ചെയ്യുക, പാട്ടു പാടുക, ചിത്രം വരയ്ക്കുക, പാട്ടു കേള്‍ക്കുക... എന്നിങ്ങനെ ദിവസവും ഏറ്റവും ഇഷ്ടമുള്ള വിനോദത്തിനായി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കാം. എന്‍ഡോര്‍ഫിന്‍ വര്‍ധിക്കും.
സെറാടോണിന്‍- സെറട്ടോണിനിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഒരു മനുഷ്യനെ വിഷാദത്തിലേക്ക് തള്ളിവിടുന്നത്. ഇതിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യക്തി ബന്ധങ്ങളുമാണ്. ഒറ്റയ്ക്കാവുന്ന സാഹചര്യങ്ങളും അലസമായി ദീര്‍ഘ നേരം ഇരിക്കുന്നതും ഒഴിവാം.
ഓക്‌സിടോസിന്‍- അമ്മയക്ക് കുഞ്ഞിനോട് വാത്സല്യം തോന്നുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ് എന്നാണ് പൊതുശാസ്ത്രം. അപ്പോള്‍ മാത്രമല്ല സ്‌നേഹവും വാത്സല്യവും തോന്നുന്ന എല്ലാ അവസരങ്ങളിലും ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. മറ്റൊരു വ്യക്തിയെ തന്നെപ്പോലെ തന്നെ പരിഗണിക്കുകയും അയാളെ ചേര്‍ത്തുപിടിക്കുകയു ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
പൊടിക്കൈകള്‍
സ്വന്തം സന്തോഷം തേടി മറ്റുള്ളവരിലേക്ക് ഓടുന്നതിനു മുന്‍പേ സ്വയം ചോദിക്കൂ. നിങ്ങള്‍ സന്തുഷ്ടനാണോ? അല്ലെങ്കില്‍ എന്തുകൊണ്ട്? ജീവിതം സന്തോഷഭരിതമാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍..
1. താരതമ്യം വേണ്ട
അടുത്തയാളുടെ കഴിവുകളിലും നേട്ടങ്ങളിലും അസൂയപ്പെട്ട്, ആകുലപ്പെട്ട് സ്വന്തം സന്തോഷങ്ങള്‍ നശിപ്പിക്കുന്നവരാണ് പലരും. മറ്റുള്ളവരുമായി നമ്മളെയോ മറ്റുള്ളവരെയോ താരതമ്യം ചെയ്യുന്നത് സന്തോഷത്തെ കെടുത്തുന്ന ഒന്നാണ്. നമ്മള്‍ നമ്മളാണെന്നും അവര്‍ അവരാണെന്നും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മനസ്സ് പകുതി സമാധാനത്തിലെത്തും.
2. ചിരി മരുന്നാണ്
ചിരി ആയുസ് വര്‍ധിപ്പിക്കുമെന്നത് ശാസ്ത്രം. ദിവസം ചിരിച്ചുകൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിക്കൂ. ചുറ്റുമുള്ളവര്‍ നിങ്ങള്‍ക്ക് വട്ടാണെന്നു കരുതുമായിരിക്കും. പക്ഷേ, ചിരിച്ചുകൊണ്ടു തുടങ്ങുന്ന ദിവസം ഏറ്റവും സന്തോഷകരമായ ദിവസമായി മാറുമെന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ആളുകളെ കാണുമ്പോള്‍ പുഞ്ചിരിച്ചു കൊണ്ടു വിഷ് ചെയ്യുന്നതും നല്ല ശീലമാണ്.
3. നാട്ടുകാര്‍ എന്തുവിചാരിക്കും
ഈ ചോദ്യം നശിപ്പിച്ചുകളയുന്ന ജീവിതങ്ങള്‍ ഏറെയാണ്.നമ്മള്‍ ഏതൊരു കാര്യം ചെയ്യുന്നതിനു മുന്‍പും ഒരു നൂറു തവണ മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നോര്‍ത്ത് വ്യാകുലപ്പെടാറുണ്ട്. ഈ ചിന്ത സന്തോഷം കെടുത്തുന്ന ഒന്നാണെന്ന് ഓര്‍ക്കുക. സ്വന്തം സന്തോഷത്തെയും സമാധാനത്തെയും മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന ചിന്തയ്ക്കു വിട്ടുകൊടുത്താല്‍ പിന്നെ നമുക്കുവേണ്ടി ജീവിക്കാന്‍ സമയമുണ്ടാവില്ല.
4. സഹജീവികളെ കരുതാം
മറ്റുള്ളവരെ സഹായിക്കുന്നതും അവരോട് നല്ല മനസ്സോടെ ഇടപടുന്നതും മനസ്സില്‍ സന്തോഷം നിറയ്ക്കും. ശത്രുക്കളെ കുറയ്ക്കാനും സുഹൃത്തുക്കളെ സമ്പാദിക്കാനും ഈ വഴി സഹായിക്കും.
5. ഈഗോ വേണ്ട
അസൂയ, അസഹിഷ്ണുത, വെറുപ്പ്, വൈരാഗ്യം, അഹങ്കാരം, ദേഷ്യം... ആനന്ദത്തിന്റെ വഴികളിലെ തടസ്സങ്ങളാണ് ഇവയെല്ലാം. മറ്റുള്ളവരെ അംഗീകരിക്കുന്ന സ്വഭാവം നിങ്ങളുടെ മൂല്യത്തെ ഒട്ടും കുറയ്ക്കില്ലെന്ന് ഓര്‍ക്കാം.
6. നാട്യങ്ങള്‍ നല്ലതല്ല
നിങ്ങള്‍ നിങ്ങളായിരിക്കുന്നതാണ് നല്ലത്. മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ജീവിക്കുന്നത് സന്തോഷം കെടുത്തുകയേ ഉള്ളു. എന്നെ ആരും തിരുത്തേണ്ടതില്ല, ഞാന്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം മാത്രമാണ് ശരിയാണെന്ന ചിന്ത മാറ്റുക.
7. നന്ദി പറയാന്‍ മടി വേണ്ട
ഒരു ചെറിയ സഹായമാണ് ലഭിക്കുന്നതെങ്കില്‍ പോലും നന്ദി പറയാന്‍ മടി വേണ്ട. ആരോടായാലും.
8. സ്വയം മനസ്സിലാക്കുക
നിങ്ങളെക്കുറിച്ച് നിങ്ങളെക്കാള്‍ നന്നായി അറിയാവുന്നവര്‍ വേറാരുമുണ്ടാവില്ല. അതുകൊണ്ടു തന്നെ ചുറ്റുമുള്ളവരുടെ വാക്കുകളില്‍ നിന്ന് സ്വയം കണ്ടെത്തേണ്ടതില്ല.
കുടുംബത്തില്‍ സന്തോഷം
കുടുംബത്തില്‍ സന്തോഷമുണ്ടാവുന്നത് ഒരു മനുഷ്യന്റെ മൊത്തം ജീവിതത്തില്‍ തന്നെ വെളിച്ചം പകരുന്ന ഒരു വഴിയാണ്. ആര്‍ക്കും ആദ്യം എളുപ്പത്തില്‍ സന്തോഷം കണ്ടെത്താനാവുന്ന ഇടം കൂടിയാണ് അത്.
1. കുടുംബാംഗങ്ങള്‍ തമ്മില്‍ തുറന്ന ആശയവിനിമയമാണ് കടുംബസന്തോഷത്തിന്റെ അടിസ്ഥാനം. അതില്‍ വേര്‍തിരിവുകള്‍ പാടില്ല. അത്തരം തുറന്നു പറച്ചിലുകള്‍ വിശ്വാസം വര്‍ധിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളില്‍ ആദ്യ പിന്തുണ കുടുംബത്തില്‍ നിന്നു തന്നെ ലഭിക്കാന്‍ ഇത് സഹായിക്കും. കുടുംബാംഗങ്ങള്‍ക്കായി സമയം ചെലവഴിക്കണം. പരസ്പരം കേള്‍ക്കാന്‍ തയ്യാറാവുകയും വേണം.
2. കുട്ടികളെ കഠിനമായ മത്സരബുദ്ധിയോടെ വളരാന്‍ പ്രേരിപ്പിക്കുന്ന മാതാപിതാക്കളുണ്ട്. അത്തരം കുട്ടികള്‍ ചെറിയ പരാജയങ്ങളില്‍ പോലും മനസ്സുമടുക്കുന്നവരാകുന്നത് കാണാം. വളരും തോറും വിജത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും അവര്‍ സന്തോഷത്തെ കണ്ടെത്തുക. ഇതിന് പകരം സ്വന്തം നേട്ടങ്ങള്‍ക്കൊപ്പം മറ്റുള്ളവരുടെ നേട്ടങ്ങള്‍ കണ്ടും സന്തോഷിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം.
3. സുതാര്യതയില്ലായ്മ പലപ്പോഴും കുടുംബത്തില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഉദാഹരണത്തിന് തന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ജീവിത പങ്കാളിയോട് ചര്‍ച്ച ചെയ്യാത്ത ഒരാള്‍ പെട്ടെന്ന് മരിക്കുന്നു എന്ന് കരുതുക, അല്ലെങ്കില്‍ ഒരു അപകടത്തില്‍ പെടുന്നു. അതോടെ ആ കുടുംബത്തിന്റെ മൊത്തം സാമ്പത്തിക സ്ഥിതിയും താളം തെറ്റും. ഇതിനിടയില്‍ ആരെങ്കിലുമൊക്കെ സാമ്പത്തിക ഇടപാടുകളെപറ്റി അവകാശമുന്നയിച്ച് വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്യും.
4. വീട്ടില്‍ മൊബൈല്‍ ഫോണടക്കമുള്ള ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് എത്രസമയം ഉപയോഗിക്കാം എന്നതിന് ഒരു സമയക്രമീകരണം നടത്താം.
5. ഡിജിറ്റല്‍ സൗഹൃദങ്ങള്‍ കുടുംബബന്ധങ്ങളെ മോശമാക്കുന്ന കാഴ്ചകള്‍ ധാരാളം കാണാറുണ്ട്. ആക്‌സ്മികമായി കിട്ടുന്ന ഇത്തരം ബന്ധങ്ങള്‍ വേഗത്തില്‍ ആഴത്തില്‍ വേരൂന്നുന്നതായാണ് കാണുന്നത്. അതോടെ വ്യക്തി തന്റെ ക്വാളിറ്റി ടൈം മുഴുവന്‍ ഈ ഡിജിറ്റല്‍ വ്യക്തിക്കൊപ്പമാകുന്നു. കുടുംബത്തില്‍ തുറന്നു സംസാരിക്കേണ്ടകാര്യങ്ങള്‍ പോലും അവിടെ ചര്‍ച്ചചെയ്യപ്പെടുന്നു. അവര്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം കുറയുന്നു. ബന്ധങ്ങളില്‍ വലിയൊരു വിള്ളല്‍ വീഴാന്‍ ഇത് കാരണമാകും. പലപ്പോഴും പങ്കാളിയെ ചതിക്കുന്ന തരത്തിലേക്ക് ഇത വളരാം.
6. ആരോഗ്യകരമായ സൗഹൃദങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കണം. നമ്മുടെ സുഹൃത്തിന്റെ പെരുമാറ്റങ്ങള്‍ നമ്മളെ വൈകാരികമായും മാനസികമായും മോശമായി ബാധിക്കുന്നുവെങ്കില്‍ ആ ബന്ധം ആരോഗ്യകരമായ സൗഹൃദത്തിന്റെ പരിധി വിട്ടു എന്ന് മനസ്സിലാക്കണം.
7. കുടുംബബന്ധത്തിലെ രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ ഇത്തരത്തിലുള്ള ബാഹ്യബന്ധങ്ങളുമായി പങ്കുവയ്ക്കുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള വിശ്വാസം തകരാന്‍ ഇടയാക്കും.
8. വീട്ടുത്തരവാദിത്തങ്ങള്‍ എല്ലാവരും ചേര്‍ന്ന് ചെയ്യുക. വീട്ടുജോലികളായാലും, ഭക്ഷണം ഉണ്ടാക്കുക, കുഞ്ഞുങ്ങളെ നോക്കുക, പ്രായമായവരെ പരിചരിക്കുക തുടങ്ങിയ എല്ലാക്കാര്യങ്ങളും ഒന്നിച്ചു ചെയ്യുമ്പോള്‍ ആര്‍ക്കും അമിതഭാരമാവില്ല.
9. കുടുംബത്തിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പങ്കുവയ്ക്കുമ്പോഴും ശ്രദ്ധിക്കണം. എതിര്‍വശത്തുള്ളയാളെ കുറ്റപ്പെടുത്തിയും ശകാരിച്ചും വിലകുറച്ചുമാവരുത് അത്. പരസ്പര ബഹുമാനം എപ്പോഴുമുണ്ടാവണം.
10. തലച്ചോറിലെ ദര്‍പ്പണനാഡീവ്യൂഹങ്ങള്‍ അഥവാ മിറര്‍ ന്യൂറോണ്‍സാണ് എംപതി എന്ന വികാരതിതിനി പിന്നില്‍. മറ്റുള്ളവരുടെ സന്തോഷം അത് കണ്ടുനില്‍ക്കുന്ന നമുക്കും അതേ അളവില്‍ അനുഭവിക്കാന്‍ കഴിയുന്ന പ്രതിഭാസമാണ് ഇത്. സഹജീവികളോട് എംപതിയുള്ളവരാവാന്‍ കുട്ടികളെ ചെറുപ്പത്തിലെ ശീലിപ്പിക്കണം. ഇത് അവരെ എപ്പോഴും സന്തോഷമുള്ളവരായി ജീവിക്കാന്‍ പഠിപ്പിക്കും.
നിദ്രാശുചിത്വ വ്യായാമങ്ങള്‍
.jpg?$p=48405e6&&q=0.8)
1. എന്നും ഒരേ സമയത്ത് ഉറങ്ങാന്‍ കിടക്കുകയും ഉണരുകയും ചെയ്യുക. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ഇത് കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം.
2. എല്ലാ ദിവസവും കൃത്യമായ സ്ഥലത്തു തന്നെ ഉറങ്ങാന്‍ കിടക്കാം. സോഫയിലോ നിലത്തോ ഒക്കെ ഉറങ്ങി, പിന്നെ കിടക്കയില്‍ വന്ന് വീണ്ടും ഉറങ്ങുന്നത് ശരിയായ ഉറക്കത്തിന്റെ ലക്ഷണമല്ല.
3. വൈകുന്നേരങ്ങളില്‍ ചായ, കാപ്പി, കോള പോലുള്ളവ കുടിക്കുന്നത് ഒഴിവാക്കണം. ഇവയിലെല്ലാം തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന കഫീന്‍ എന്ന പദാര്‍ത്ഥമുണ്ട്. ഇത് ഉറക്കത്തെ ബാധിക്കാം.
4. വൈകുന്നേരത്തെ സൂര്യപ്രകാശത്തില്‍ കായികമായി വ്യായാമം ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ശരീരം വിയര്‍ക്കുന്ന രീതിയില്‍ കൈകള്‍ വീശി വേഗത്തില്‍ നടക്കുക, പതിയെ ഓടുക, നീന്തുക, സൈക്കിള്‍ ചവിട്ടുക എന്നിവയൊക്കെ നല്ലതാണ്. വ്യായാമത്തിന് ശേഷം തണുത്തവെള്ളത്തില്‍ ഒന്ന് കുളിക്കുകയും ചെയ്യാം
5. കിടക്കാനുദേശിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ടിവി, മൊബൈല്‍ഫോണ്‍, മറ്റ് ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ് എന്നിവ ഒഴിവാക്കാം.
6. കിടക്കുന്നതിന് തൊട്ടുമുന്‍പ് പതിനഞ്ച് മിനിറ്റ് ഏതെങ്കിലും ഒരു റിലാക്‌സേഷന്‍ എക്‌സര്‍സൈസ് ശീലമാക്കുക. ഏറ്റവും ലളിതം ദീര്‍ഘശ്വസന വ്യായാമമാണ്. തലയും കഴുത്തും നട്ടെല്ലും നേര്‍രേഖയില്‍ വരുന്ന രീതിയില്‍ സ്വസ്ഥമായി ഇരിക്കുക. മൂക്കിലൂടെ ദീര്‍ഘമായി നല്ല ശബ്ദത്തില്‍ ശ്വാസമെടുക്കുക. വളരെ സാവധാനം ഒട്ടും ശബ്ദമില്ലാതെ ശ്വാസം പുറത്തേക്ക് വിടുക. ഒരു സെക്കന്‍ഡ് സമയം കൊണ്ട് ശ്വാസം അകത്തേക്ക് എടുത്താന്‍ അഞ്ച് സെക്കന്‍ഡ് സമയം കൊണ്ടു വേണം ശ്വാസം പുറത്തു വിടാന്‍. 25 തവണ കണ്ണടച്ച് ഇങ്ങനെ ചെയ്യണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..